സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി

സീറോ-മലബാർ സഭയുടെ ഒരു മേജർ സെമിനാരിയാണ് സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി അഥവാ മംഗലപ്പുഴ സെമിനാരി. കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവയ്ക്ക് അടുത്ത സ്ഥിതി ചെയ്യുന്ന മംഗലപ്പുഴ എന്ന സ്ഥലത്താണ് ഈ സെമിനാരി നിലകൊള്ളുന്നത്.[1] സീറോ-മലബാർ സഭയുടെ നിലവിലുള്ള സെമിനാരികളിൽ പ്രമുഖവും ഏറ്റവും പഴയതും ആണ് ഇത്.

സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി
തരംമേജർ ആർക്കി-എപിസ്കോപ്പൽ മേജർ സെമിനാരി
സ്ഥാപിതം1867; 157 വർഷങ്ങൾ മുമ്പ് (1867)
സ്ഥാപകൻപാറയിൽ അവിരായി വർക്കി തരകൻ
ചാൻസലർറാഫേൽ തട്ടിൽ
റെക്ടർസെബാസ്റ്റ്യൻ പാലുമ്മൂട്ടിൽ
സ്ഥലംമംഗലപ്പുഴ, 7
ആലുവ, എറണാകുളം, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്mangalapuzha.org

ചരിത്രം

തിരുത്തുക

മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ ചരിത്രം സീറോ-മലബാർ സഭയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള വിവിധ സെമിനാരികളുടെ പിന്തുടർച്ച ഈ സെമിനാരി അവകാശപ്പെടുന്നു.[2]

സീറോ-മലബാർ സഭയുടെ വൈദികപരിശീലനവും സെമിനാരി സംവിധാനത്തിന്റെ തുടക്കവും

തിരുത്തുക

വൈദിക പരിശീലനത്തിനുള്ള വ്യവസ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെമിനാരികൾ. 16ാം നൂറ്റാണ്ടിന് മുൻപ് സീറോ മലബാർ സഭയിൽ മല്പാന്മാർ എന്നറിയപ്പെട്ടിരുന്ന പണ്ഡിതരായ മുതിർന്ന വൈദികരുടെ കീഴിലാണ് വൈദിക പരിശീലനങ്ങൾ നടന്നിരുന്നത്. ഇത്തരം സംവിധാനം മൽപ്പാനേറ്റ് സംവിധാനം എന്നറിയപ്പെടുന്നു. കേരളത്തിൽ പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ സെമിനാരി സംവിധാനം കൊണ്ടുവന്നത് പോർച്ചുഗീസ് മിഷനറിമാരാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നു. എന്നാൽ ഈ വിലയിരുത്തലിന് വ്യത്യസ്തമായി അങ്കമാലി കേന്ദ്രീകരിച്ച് പതിനാറാം നൂറ്റാണ്ടിൽ തന്നെ ഒരു വൈദിക പരിശീലന കേന്ദ്രം നിലനിന്നിരുന്നതിന് രേഖകൾ ഉണ്ട്. മെൽക്കിയോർ കെർണയിറോ എന്ന പോർച്ചുഗീസ് പുരോഹിതൻ ഇതിനെ ഒരു സർവ്വകലാശാലയായി വിവരിച്ചിരിക്കുന്നു. അങ്കമാലിക്ക് സമീപമുള്ള അകപ്പറമ്പിൽ ഒരു സന്യാസ ആശ്രമം നിലനിന്നിരുന്നതായി ഫ്രാൻസിസ്കോ റോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സന്യാസ ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് കിഴക്കിന്റെ സഭയിൽ വൈദിക പരിശീലനം പ്രധാനമായും നടന്നിരുന്നത്. എന്നിരുന്നാലും സഭയ്ക്ക് മുഴുവനും ആയി കേന്ദ്രീകരണ സെമിനാരി എന്ന രീതി കൊണ്ടുവന്നത് പോർച്ചുഗീസ് മിഷനറിമാരാണ് എന്നതിൽ തർക്കമില്ല.

ലത്തീൻ ആധിപത്യത്തിന് കീഴിലെ സെമിനാരികൾ

തിരുത്തുക

കൊടുങ്ങല്ലൂർ സെമിനാരി

തിരുത്തുക

1541ൽ പോർച്ചുഗീസ് ഫ്രാൻസിസ്കൻ മിഷനറിമാർ കൊടുങ്ങല്ലൂരിൽ സ്ഥാപിച്ച സെമിനാരിയാണ് ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ സെമിനാരി. കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ വൈദിക പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അവരുടെ ഇടയിൽ കത്തോലിക്കാ സഭയുടെ ത്രെന്തോസ് സൂനഹദോസ് തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനും അവരിൽ ലത്തീൻവത്കരിച്ച് ലത്തീൻ കത്തോലിക്കാ സഭയുടെ ഭാഗമാക്കി തീർക്കുന്നതിനും ആണ് ഈ സെമിനാരി സ്ഥാപിതമായത്. എന്നാൽ മാർത്തോമാ നസ്രാണികൾ ഈ സെമിനാരിയുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഗോവയിലെ പദ്രുവാദോ ആർച്ച് ബിഷപ്പിന് കീഴിലാണ് ഈ സെമിനാരി പ്രവർത്തിച്ചിരുന്നത്. കൊടുങ്ങല്ലൂരിലെ സുറിയാനി മെത്രാപ്പോലീത്ത ആയിരുന്ന മാർ യാക്കോബ് ഈ സെമിനാരിയെ പിന്തുണച്ചിരുന്നുവെങ്കിലും അവിടെ പരിശീലിക്കപ്പെട്ട വൈദികരെ സ്വീകരിക്കാൻ മാർത്തോമാ നസ്രാണികളുടെ ഇടവകകൾ തയ്യാറായിരുന്നില്ല. പിന്നീട് മെത്രാപ്പോലീത്തയായ മാർ യൗസേപ്പ് കൊടുങ്ങല്ലൂർ പരിശീലനം നേടിയ വൈദികർക്ക് പട്ടം കൊടുക്കാനും വിസമ്മതിച്ചിരുന്നു. കൊടുങ്ങല്ലൂർ സെമിനാരിയിൽ നസ്രാണികളുടെ ആരാധനാക്രമ ഭാഷയായ സുറിയാനിയുടെ പരിശീലനം കൊടുത്തിരുന്നില്ല. നസ്രാണികളുടെ ഇടയിൽ സ്വീകാര്യത ഇല്ലാതിരുന്നതിനാൽ ഈ സെമിനാരി കാലക്രമേണ ഉപേക്ഷിക്കപ്പെടുകയും കൊടുങ്ങല്ലൂരിലെ പോർച്ചുഗീസ് സ്വാധീനം ഇല്ലാതായതോടെ നാമാവശേഷമാവുകയും ചെയ്തു.

വൈപ്പിക്കോട്ട സെമിനാരി

തിരുത്തുക

1581ൽ ജെസ്യൂട്ട് മിഷണറിമാർ സ്ഥാപിച്ച സെമിനാരിയാണ് ഇത്. സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രഹാമിന്റെ അധികാരപരിധിക്ക് കീഴിലായിരുന്നു ഈ സെമിനാരി എങ്കിലും പോർച്ചുഗീസ് മിഷനറിമാരാണ് ഇതിനെ ഭരിച്ചിരുന്നത്. സുറിയാനി പണ്ഡിതൻ കൂടിയായിരുന്ന ഫ്രാൻസിസ്കോ റോസ് ഈ സെമിനാരിയുടെ റെക്ടർ ആയിരുന്നു. മാർത്തോമാ നസ്രാണികളുടെ ഇടയിൽ ഈ സെമിനാരിക്ക് വലിയ സ്വീകാര്യത ലഭിച്ചു. നസ്രാണികളുടെ ഇടവക പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മൽപ്പാനേറ്റുകൾ ഈ സെമിനാരിക്ക് വഴിമാറി. ലത്തീൻ ഭാഷയും കത്തോലിക്കാ ദൈവശാസ്ത്രവും സഭാവിജ്ഞാനീയവും പഠിപ്പിക്കുന്നതിനോടൊപ്പം കൽദായ സുറിയാനി ഭാഷയും ഇവിടെ പരിശീലിപ്പിക്കപ്പെട്ടിരുന്നു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകിൽ നിന്ന് കൊച്ചി കീഴടക്കിയതോടെ വൈപ്പിക്കോട്ട സെമിനാരിയിൽനിന്ന് ജെസ്യൂട്ട് മിഷണറിമാർ പുറത്താക്കപ്പെടുകയും സെമിനാരി കുഷ്ഠരോഗികൾക്ക് വേണ്ടിയുള്ള ഒരു അഭയകേന്ദ്രമായി മാറുകയും ചെയ്തു. ഇതിനോടകം അമ്പഴക്കാട് കേന്ദ്രീകരിച്ച് ജെസ്യൂട്ടുകൾ തങ്ങളുടെ സെമിനാരിയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 1773ൽ അമ്പഴക്കാട്ട് സെമിനാരി നിർത്തലാക്കപ്പെടുകയും 1789ൽ ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശകാലത്ത് തകർക്കപ്പെടുകയും ചെയ്തു.

കർമ്മലീത്ത മിഷനറിമാർക്ക് കീഴിലെ സെമിനാരികൾ

തിരുത്തുക

കൂനൻ കുരിശ് സത്യത്തിന് ശേഷം കത്തോലിക്കാ പക്ഷത്തുനിന്ന പഴയകൂർ മാർത്തോമാ നസ്രാണികളുടെ സഭാപരമായ ഭരണാധികാരം നേടിയെടുത്ത നിഷ്പാദുക കർമ്മലീത്താ മിഷനറിമാർ 1682ഓടെ വരാപ്പുഴ കേന്ദ്രീകരിച്ച് ഒരു സെമിനാരിക്ക് തുടക്കം കുറിച്ചു. ഇന്ത്യയിൽ ഇവർ സ്ഥാപിച്ച ആദ്യ സെമിനാരി ഇതായിരുന്നു. മാർത്തോമ നസ്രാണികൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സെമിനാരിയിൽ സുറിയാനി പരിശീലനം നൽകുന്നതിന് മോറോനായ വൈദികനായ ബർത്തലോമേവ് അന്ന പ്രത്യേകം നിയോഗിക്കപ്പെട്ടു. അക്കാലത്ത് സുറിയാനി കത്തോലിക്കരുടെ മേലുള്ള അധികാരത്തിന് പോർച്ചുഗീസ് പദ്രുവാദോയ്ക്ക് കീഴിലുള്ള കൊടുങ്ങല്ലൂർ അതിരൂപതയും റോമൻ സംഘമായ പ്രൊപ്പഗാന്ദായുടെ കീഴിൽ കർമ്മലീത്താ മിഷനറിമാർ ഭരിച്ചിരുന്ന വരാപ്പുഴ വികാരിയാത്തും പരസ്പരം തർക്കത്തിൽ ആയിരുന്നു. ഈ കലഹത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും ഇടയിൽ അധികം വൈകാതെ വരാപ്പുഴ സെമിനാരി ഇല്ലാതായി.

1766ൽ വരാപ്പുഴ വികാരിയത്തിലെ ലത്തീൻ കത്തോലിക്കർക്ക് മാത്രമായി വരാപ്പുഴ കേന്ദ്രീകരിച്ച് ഒരു സെമിനാരിയും സുറിയാനി കത്തോലിക്കർക്കായി ആലങ്ങാട് കേന്ദ്രീകരിച്ച് ഒരു സെമിനാരിയും പ്രൊപ്പഗാന്ദ സംഘം സ്ഥാപിച്ചു. എന്നാൽ 1774ഓടെ സുറിയാനി കത്തോലിക്കരെ വരാപ്പുഴ സെമിനാരിയിലേക്ക് മാറ്റി. ലത്തീൻകാരായ കർമ്മലീത്താ വൈദികരും സുറിയാനിക്കാരായ പുരോഹിതരും തമ്മിലുള്ള കലഹം കാരണം ഈ സെമിനാരി ലയനം വിജയം കണ്ടില്ല. അക്കാലത്ത് സുറിയാനി കത്തോലിക്കരുടെ ഇടയിൽ മൽപ്പാനേറ്റുകൾ വീണ്ടും ഉയർന്നുവരാൻ തുടങ്ങി. ആലങ്ങാട് സെമിനാരിയിൽ തന്നെ പരിശീലനം തുടർന്ന വൈദിക വിദ്യാർഥികളും ഉണ്ട്. 1854ഓടെ മൽപ്പാനേറ്റുകൾ വീണ്ടും നിർത്തലാക്കപ്പെടുകയും തദ്ദേശീയരായ സുറിയാനി കർമ്മലീത്താ വൈദികരുടെ കീഴിൽ മാന്നാനം, പള്ളിപ്പുറം, പുളിങ്കുന്ന്, വാഴക്കുളം, ഏൽത്തുരുത്ത് എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന സെമിനാരികളിലേക്ക് സുറിയാനി കത്തോലിക്ക വൈദിക വിദ്യാർഥികളെ മാറ്റുകയും ചെയ്തു.

1866ൽ പുത്തൻപള്ളിയിലേക്ക് കൂടുതൽ വിപുലമായ രീതിയിൽ സെമിനാരി മാറ്റി സ്ഥാപിക്കപ്പെടുന്നത് വരെ വരാപ്പുഴ സെമിനാരി പ്രവർത്തനം തുടർന്നു.

മംഗലപ്പുഴ സെമിനാരിയുടെ ആരംഭം

തിരുത്തുക

മംഗലപ്പുഴ സെമിനാരിയുടെ സ്ഥാപനം

തിരുത്തുക

കൂനൻ കുരിശ് സത്യത്തിനുശേഷം സുറിയാനി കത്തോലിക്കരുടെ സഭാഭരണം കൈപ്പിടിയിൽ ഒതുക്കിയ കർമ്മലീത്താ മിഷനറിമാർ സുറിയാനി പുരോഹിതരെ അടിച്ചമർത്തിയിരുന്നു. മാർത്തോമ നസ്രാണികളുടെ സ്വയംഭരണ അവകാശം അനുവദിക്കാതിരുന്ന അവർ പുത്തങ്കൂർ വിഭാഗവുമായുള്ള സുറിയാനി കത്തോലിക്കരുടെ ഐക്യ ശ്രമങ്ങളെ ശക്തമായി എതിർത്തിരുന്നു. 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ കർമ്മലീത്ത മിഷനറിമാരുടെ അടിച്ചമർത്തലിനെതിരെ നിലപാടെടുത്ത സുറിയാനി കത്തോലിക്കർ കരിയാറ്റിൽ യൗസേപ്പ്, പാറേമ്മാക്കൽ തോമാ എന്നിവരുടെ നേതൃത്വത്തിൽ പോർച്ചുഗീസ് പാദ്രുവാദോയുടെ കീഴിലുള്ള കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭാഗമായി. ഈ സുറിയാനി കത്തോലിക്ക നേതാക്കളുടെ കാലശേഷം ക്രമേണ ഒരു വിഭാഗം പഴയതുപോലെ വരാപ്പുഴ വികാരിയത്തിന്റെ ഭാഗമായി എങ്കിലും അവശേഷിച്ച വിഭാഗം കൊടുങ്ങല്ലൂർ അതിരൂപതയിൽ തുടർന്നു.[3][4]

വരാപ്പുഴ വികാരിയാത്തിന് കിഴിൽ ലത്തീൻ കത്തോലിക്കർക്കായി വരാപ്പുഴ സെമിനാരിയും സുറിയാനി കത്തോലിക്കർക്കായി ആലങ്ങാട് സെമിനാരിയും പ്രവർത്തിച്ചിരുന്നു. എന്നാൽ കൊടുങ്ങല്ലൂർ അതിരൂപതയിൽ തുടർന്ന സുറിയാനി കത്തോലിക്കർക്ക് കർമ്മലീത്താ മിഷനറിമാർ വൈദിക പരിശീലനം നിഷേധിച്ചു. അമ്പഴക്കാട് സെമിനാരി നിർത്തലായതിനുശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ വൈദിക പരിശീലനത്തിന് അക്കാലത്ത് സെമിനാരികൾ ഒന്നും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭാഗമായി നിൽക്കുന്ന സുറിയാനി കത്തോലിക്കർ വൈദിക പരിശീലനം ലക്ഷ്യമാക്കി ഒരു പുതിയ സെമിനാരി തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി സുറിയാനി കത്തോലിക്കരുടെ 55 ഇടവകകൾ ചേർന്ന് തൈക്കാട്ടുശ്ശേരിക്കാരനായ പാറയിൽ അവിരായി വർക്കി തരകന്റെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് മംഗലപ്പുഴയിൽ 40 ഏക്കർ സ്ഥലം വാങ്ങി. ഇടവകകളിൽ നിന്നുള്ള പിരിവ് മതിയാകാത്തതിനാൽ പാറയിൽ തരകൻ തൻറെ മുതുമുത്തശ്ശൻ ഇക്കാര്യസാധ്യത്തിനായി നീക്കിവെച്ച 2000 രൂപ കൂടി നിക്ഷേപിച്ചാണ് സെമിനാരിക്ക് സ്ഥലം വാങ്ങിയത്. പോർട്ട് കൊച്ചിക്കാരനായ ഷൂട്ട്ലെയർ എന്ന വിദേശിയുടെ നിയന്ത്രണത്തിൽ അവിടെ ഉണ്ടായിരുന്ന രണ്ടുനില ബംഗ്ലാവും സെമിനാരി ആവശ്യത്തിന് ആയി അവർ വാങ്ങി.[3]

സെമിനാരി തുടങ്ങുന്നതിന് അംഗീകാരം നൽകുന്നതിന് അക്കാലത്ത് കൊടുങ്ങല്ലൂരിൽ മെത്രാപ്പോലീത്ത ഉണ്ടായിരുന്നില്ല എന്നതിനാൽ ഇന്ത്യയിലെ പോർച്ചുഗീസ് പദ്രുവാദോയുടെ തലവനായിരുന്ന ഗോവയിലെ മെത്രാപ്പോലീത്തയ്ക്ക് അവർ അപേക്ഷ സമർപ്പിച്ചു. ഗോവ മെത്രാപ്പോലീത്ത വെച്ച വ്യവസ്ഥ അനുസരിച്ച് സെമിനാരിയുടെ ഉടമസ്ഥത 1866ൽ അവർ ഗോവ മെത്രാപ്പോലീത്തക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകാരം 1867ൽ മംഗലപ്പുഴ സെമിനാരി പ്രവർത്തനം ആരംഭിച്ചു.[5]

പദ്രുവാദോ നിർത്തലാക്കപ്പെടുന്നു; സെമിനാരിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ

തിരുത്തുക

1886 ജൂൺ 23ന് ലിയോ 13ാമൻ മാർപാപ്പ പോർച്ചുഗീസ് ഭരണകൂടവുമായുള്ള പദ്രുവാദോ ഉടമ്പടി നിർത്തലാക്കുകയും തുടർന്ന് സെപ്റ്റംബർ 1ന് ഇന്ത്യയിലെ ലത്തീൻ അധികാരശ്രേണി സ്ഥാപിക്കുകയും ചെയ്തു. ഇതോടെ പദ്രുവാദോയുടെ കീഴിൽ അതുവരെ പ്രവർത്തിച്ചുവന്ന മംഗലപ്പുഴ സെമിനാരി അവതാളത്തിലായി. സെമിനാരിയുടെ സ്വത്തുവകകളുടെ ഭരണം കൊച്ചി ബിഷപ്പിന് ഭരമേൽപ്പിക്കപ്പെട്ടുവെങ്കിലും സെമിനാരി സ്വത്തുക്കളുമായി ബന്ധപ്പെട്ട് നിയമപരമായി ഒരു വിനിമയവും നടത്താൻ അദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് സെമിനാരിയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച അസാധാരണ കാര്യങ്ങൾക്കുള്ള റോമൻ സംഘം സെമിനാരി സുറിയാനി കത്തോലിക്കർ സ്ഥാപിച്ചത് ആയതിനാൽ അത് പൗരസ്ത്യ സഭകൾക്കായുള്ള റോമൻ സംഘത്തിന് കീഴിലാണ് പ്രവർത്തിക്കേണ്ടത് എന്ന് വിലയിരുത്തി.[6]

മംഗലപ്പുഴ സെമിനാരി പ്രധാന കേന്ദ്ര സെമിനാരി

തിരുത്തുക

1866ൽ വരാപ്പുഴ ആർച്ചുബിഷപ്പ് ആയിരുന്ന ബർണ്ണദീൻ ബച്ചിനെല്ലി പുത്തൻപള്ളിയിൽ ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ച് വരാപ്പുഴയിലെ സെമിനാരിയുടെ പ്രവർത്തനം അവിടേക്ക് മാറ്റുകയും സെമിനാരി കൂടുതൽ വിപുലമാക്കുകയും ചെയ്തു. 1888ൽ ഈ സെമിനാരിയെ റോം കർമ്മലീത്താ മിഷനറിമാരുടെ ഭരണത്തിൽ നിന്ന് മാറ്റുകയും പ്രൊപ്പഗാന്ദാ റോമൻ സംഘത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മലബാറിന് മുഴുവനും ആയുള്ള പ്രധാന കേന്ദ്ര സെമിനാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.[7]

1932 ജൂൺ 1ന് മംഗലപ്പുഴയിൽ പഴയ സെമിനാരി സ്ഥലത്ത് സ്ഥാപിച്ച പുതിയ കെട്ടിടത്തിലേക്ക് പുത്തൻപള്ളി സെമിനാരിയുടെ ദൈവശാസ്ത്ര വിഭാഗവും തുടർന്ന് തത്വശാസ്ത്ര വിഭാഗവും മാറ്റി സ്ഥാപിച്ചു. പുത്തൻപള്ളിയിലെ സൗകര്യക്കുറവുകളും വിദ്യാർഥികളുടെ വർദ്ധിച്ചു വരുന്ന സംഖ്യയുമാണ് ഇതിന് കാരണമായത്. 1933 ജനുവരി 28ന് സെമിനാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്ന ലിയോ കീർക്കൽസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. അന്ന് 274 വിദ്യാർത്ഥികൾ സെമിനാരിയിൽ പഠിച്ചിരുന്നു.[2]

പൊന്തിഫിക്കൽ പദവി

തിരുത്തുക

1954ഓടെ മംഗലപ്പുഴ സെമിനാരിയിലെ വിദ്യാർത്ഥികളുടെ അംഗബലം 486 ആയി. ഇക്കാരണത്താൽ സമീപത്ത് പുതിയ കെട്ടിടം സ്ഥാപിച്ച് 1955 നവംബർ 24ന് പുതിയ തത്വശാസ്ത്ര സെമിനാരി അവിടെ പ്രവർത്തനം ആരംഭിച്ചു. കർമ്മലഗിരി പൊന്തിഫിക്കൽ കോളേജ് എന്ന് ഇത് അറിയപ്പെട്ടു.[2]

1964ൽ മംഗലപ്പുഴ സെമിനാരിയെ മാർപാപ്പ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തി. 1964 ജൂൺ 14ന് മാർപാപ്പയുടെ സ്ഥാനപതി റോബെർട്ട് നോക്സ് സെമിനാരിയിൽ വെച്ച് ഈ പ്രഖ്യാപനം വിളംബരം ചെയ്തു.[2]

ദൈവശാസ്ത്രത്തിൽ ബിരുദം നൽകുന്നതിനുള്ള അധികാരം 1972ൽ സെമിനാരിക്ക് നൽകപ്പെട്ടു.[2]

കെ. സി. ബി. സി.യുടെ കീഴിൽ

തിരുത്തുക

1976 ജൂൺ 12ന് സെമിനാരിയുടെ ഭരണവും നിയന്ത്രണവും കർമ്മലീത്താ സന്യാസസഭയിൽ നിന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് വത്തിക്കാൻ കൈമാറി. കേരളത്തിലെ ലത്തീൻ, സുറിയാനി ആചാരക്രമങ്ങളിൽ ഉൾപ്പെട്ട കത്തോലിക്കരുടെ പൊതുവായ വൈദിക പരിശീലനവും സെമിനാരിയുടെ വളർച്ചയും മുൻനിർത്തി പൗരസ്ത്യ സഭകൾക്കായുള്ള റോമൻ സംഘവും ജനതകളുടെ സുവിശേഷ വൽക്കരണത്തിനുള്ള സംഘവും ആണ് ഈ തീരുമാനം എടുത്തത്. സെമിനാരിക്ക് വേണ്ടി ഈ റോമൻ സംഘങ്ങൾ രൂപപ്പെടുത്തിയ പുതിയ ചട്ടങ്ങൾ ഇപ്രകാരം പറയുന്നു: സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര എന്നിങ്ങനെ മൂന്ന് ആചാരക്രമങ്ങൾക്കും പൊതുവായുള്ള ഒരു ബഹുസ്വര-ആചാരക്രമ സ്ഥാപനമാണ് സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി. സെമിനാരി പരിശുദ്ധ സിംഹാസനത്തിന്റേതാണ് ഒപ്പം, പൗരസ്ത്യ സഭകളുടെയും ജനതകളുടെ സുവിശേഷവൽക്കരണത്തിന്റെയും സംഘങ്ങളുടെ ഉന്നത അധികാരത്തിന് വിധേയമായി, ഇതിൻറെ നിയന്ത്രണവും ഭരണവും കേരളത്തിലെ മൂന്ന് ആചാരക്രമങ്ങളുടെയും ബിഷപ്പുമാരുടെ സമിതിക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതും ആണ്.[2]

മംഗലപ്പുഴ സെമിനാരി സീറോ-മലബാർ സഭയുടെ കീഴിൽ

തിരുത്തുക

കെസിബിസിയിൽ നടന്ന ദീർഘമായ ചർച്ചകൾക്കും പൊതു ധാരണക്കും ശേഷം ആചാര ക്രമങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാരിയുടെ പ്രവർത്തനം പുനക്രമീകരിക്കാൻ കെഎസ്ഇബിസി വത്തിക്കാന് അപേക്ഷ സമർപ്പിച്ചു. 1996ൽ വത്തിക്കാൻ ഇത് അംഗീകരിക്കുകയും 1998ഓടെ സെമിനാരിയുടെ മംഗലപ്പുഴയിലെ വിഭാഗം സീറോ മലബാർ സഭയുടെ മേജർ സെമിനാരിയായി മാറുകയും ചെയ്തു. അതേസമയം കർമ്മലഗിരിയിലെ വിഭാഗം കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിനും ഭരണത്തിനും കീഴിലുള്ള മേജർ സെമിനാരിയായും പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ സഭകൾക്കായുള്ള റോമൻ സംഘത്തിന്റെ മേൽ അധികാരത്തിന് കീഴിൽ സീറോ മലബാർ സഭാ സിനഡിന്റെ നിയന്ത്രണത്തിനും ഭരണത്തിനും കീഴിൽ അന്നുമുതൽ മംഗലപ്പുഴ സെമിനാരി പ്രവർത്തിച്ചുവരുന്നു.[2]

വിവിധ സീറോ മലബാർ രൂപതകളിൽ നിന്നുള്ള വൈദിക വിദ്യാർഥികൾക്ക് വൈദിക രൂപീകരണം നൽകുക എന്നതാണ് സെമിനാരിയുടെ ലക്ഷ്യം. സന്യാസ സമൂഹങ്ങൾ, അപ്പസ്തോലിക ജീവിതത്തിനുള്ള സമൂഹങ്ങൾ, ഇതര പൗരസ്ത്യ സഭകൾ എന്നിവയിൽ നിന്നുള്ള വൈദിക വിദ്യാർഥികളെയും ഈ സെമിനാരിയിൽ സ്വീകരിക്കുന്നു. ആത്മീയത, ബൗദ്ധികത, അജപാലകത്വം, പ്രേഷിതത്വം എന്നിങ്ങനെയുള്ള വൈദിക പരിശീലനത്തിന്റെ ബഹുമുഖമാനങ്ങൾ ഒരുപോലെ പരിഗണിച്ച് പുരോഹിതരുടെ രൂപീകരണം നടത്തുന്ന ഈ സെമിനാരി മാർത്തോമാ നസ്രാണികളുടെ പാരമ്പര്യത്തിനും മറ്റു പൗരസ്ത്യ സഭകളുടെ പൈതൃകത്തിനും അതോടൊപ്പം ഭാരതീയ സംസ്കാരത്തിനും പ്രത്യേക പ്രാമുഖ്യം കൊടുക്കുന്നു.[2]

  1. "Syro Malabar Church | St Josephs Pontifical Seminary". Retrieved 2024-09-20.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Seminary of the Syro-Malabar Catholic Church". Retrieved 2024-09-20.
  3. 3.0 3.1 പുതിയകുന്നേൽ (1968), p. 16-22.
  4. Nidhiry (1971), p. 48.
  5. പുതിയകുന്നേൽ (1968), p. 22-38..
  6. പുതിയകുന്നേൽ (1968), p. 59-70.
  7. പുതിയകുന്നേൽ (1968), p. 38-59..

സ്രോതസ്സുകൾ

തിരുത്തുക
  • പുതിയകുന്നേൽ, തോമസ് (1968). കേരളത്തിലെ സെമ്മിനാരികൾ. ജനതാ പ്രസിദ്ധീകരണങ്ങൾ. p. 16-59.
  • Nidhiry, Abraham M. (1971). George John Nidhiry (ed.). Father Nidhiry, 1842-1904: A History of His Times.
  • Journal of Indian History. Vol. 87. Department of Modern Indian History. 2008. p. 194.
  • Vellilamthadam, Thomas; Kurianal, James (1986). The Freedom Fighters of Thomas Christians: 200th Death Anniversary of Mar Joseph Cariattil and 250th Birth Anniversary of Cathanar Thomman Paremmakkal. Denha Services. p. 107.
  • Urumpackal, Alex Paul. Vocations in India: The clergy. Issue 107; Issue 118 of Oriental Institute of Religious Studies, India. Vol. 2.
  • Monasticism and religious orders for women. Oriental Institute of Religious Studies, India. 1988. pp. 281–303.
  • Mangalapuzha Seminary
  • "Establishment of Churches". keralatourism.org.