M എന്ന സംഖ്യയുടെ ഉചിത ഘടകങ്ങളുടെ തുക N ആവുകയും N ന്റെ ഉചിത ഘടകങ്ങളുടെ തുക M ആവുകയും ചെയ്യുന്ന അവസരത്തിൽ M,N എന്നിവയെ ഒരു അമിക്കബിൾ ജോടി അഥവാ സുഹൃത് ജോടി എന്ന് വിളിക്കുന്നു. ഒരു സംഖ്യയുടെ ആ സംഖ്യയൊഴിച്ചുള്ള ഘടകങ്ങളാണ് ഉചിത ഘടകങ്ങൾ. 220-ന്റെയും 284-ന്റെയും ഉചിത ഘടകങ്ങൾ യഥാക്രമം 1, 2, 4, 5, 10, 11, 20, 22, 44, 55, 110; 1, 2, 4, 71, 142 ആണ്. 220 ന്റെ ഉചിത ഘടകങ്ങളുടെ തുക 284-ഉം 284-ന്റെ ഉചിത ഘടകങ്ങളുടെ തുക 220-ഉം ആയതിനാൽ {220, 284} ഒരു അമിക്കബിൾ ജോടിയാണ്.

അങ്കഗണിതഫലനത്തിൽ σ(m) എന്ന ഫലനം m-ന്റെ ഘടകങ്ങളുടെ ആകെത്തുക സൂചിപ്പിക്കുന്നു.

  • σ(m) = m + n = σ (n) ആണെങ്കിൽ m-ഉം n-ഉം അമിക്കബിൾ നമ്പരുകളാണ്.

ഗ്രീക് ശാസ്ത്രജ്ഞനായ അയംബ്ളിക്കസ് ആണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത് (325) എന്നു കരുതപ്പെടുന്നു. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ നിക്കലോ പഗാനിനി (16-ം വയസ്സിൽ) 1184, 1210 എന്ന ജോടി കണ്ടെത്തി (1866). 2620, 2924; 5020, 5564 എന്നീ ജോടികളും അമിക്കബിൾ നമ്പരുകൾ ആണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിക്കബിൾ നമ്പരുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സുഹൃത്_സംഖ്യകൾ&oldid=3809265" എന്ന താളിൽനിന്ന് ശേഖരിച്ചത്