1800 കളുടെ അവസാനത്തിൽ ഇംഗ്ലണ്ടിലും ഇന്ത്യയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി വാദിച്ച ഒരു ഡോക്ടറും വിദ്യാഭ്യാസ വിചക്ഷണയും വോട്ടവകാശ വാദിയുമായിരുന്നു സുശീല അനിത ബാനർജി (മരണം 25 സെപ്റ്റംബർ 1920).[1]

ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഡബ്ല്യു.സി. ബാനർജിയുടെയും (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റും) ഹേമാംഗിനി മോത്തിലാലിൻറെയും ആറ് മക്കളിൽ ഒരാളായി ആണ് സുശീല ജനിച്ചത്. അവർ, അവരുടെ മാതാപിതാക്കൾക്ക് ഒരു വീട് ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ക്രോയ്ഡണിൽ താമസിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. കൊൽക്കത്തയിലെ തറവാട്ടു വീട്ടിലേക്കും അവർ ഇടയ്‌ക്കിടെ യാത്ര ചെയ്‌തിരുന്നു.[1] 1920 [1]പാക്കിസ്ഥാനിലെ ലാഹോറിൽ (അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു) വെച്ച് അവർ മരണമടഞ്ഞു.

വിദ്യാഭ്യാസവും തൊഴിലും തിരുത്തുക

ക്രോയ്ഡൻ ഹൈസ്കൂൾ ഫോർ ഗേൾസിൽ പഠിച്ച സുശീല പിന്നീട് കേംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ ചേർന്ന് പ്രകൃതി ശാസ്ത്രം പഠിച്ചു.[2] ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ മെഡിസിൻ പഠിക്കാൻ പോയ അവർ 1899 [2] ൽ എംബി ബിരുദം നേടി. 1800-കളിൽ ഇംഗ്ലണ്ടിൽ വൈദ്യശാസ്ത്രത്തിൽ പരിശീലനം നേടിയ ഇന്ത്യൻ സ്ത്രീകളുടെ ചെറിയ കൂട്ടായ്മയിൽ (രുഖ്മബായി, ആലീസ് സൊറാബ്ജി, മെർബായി വക്കീൽ എന്നിവരുൾപ്പെടെ) ഉണ്ടായിരുന്ന അവർ പിന്നീട് സ്ത്രീകൾക്കായി മെഡിക്കൽ തൊഴിൽ സ്ഥാപിക്കുന്നതിനും സ്ത്രീകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുമായി ഇന്ത്യയിൽ തിരിച്ചെത്തി.[3]

റോയൽ ഫ്രീ ഹോസ്പിറ്റലിലാണ് സുശീല ആദ്യം മെഡിസിൻ പരിശീലിച്ചത്. പിന്നീട് അവർ ഇന്ത്യയിലെ കൊൽക്കത്തയിലെ കുടുംബ വീട്ടിലേക്കും ഡൽഹിയിലെ കേംബ്രിഡ്ജ് മിഷൻ ഹോസ്പിറ്റലിലേക്കും മടങ്ങി.[1] പ്ലേഗ് പകർച്ചവ്യാധിയുടെ സമയത്ത് തന്റെ മിഷൻ സ്റ്റേഷനിൽ ലഭ്യമായ ഒരേയൊരു ഡോക്ടർ സുശീല മാത്രമായിരുന്നെന്നും ഈ സമയത്ത് രോഗികളെ ചികിത്സിച്ചത് സ്വന്തം ആരോഗ്യത്തെ ബാധിച്ചുവെന്നും അവരുടെ സഹോദരി ജാനകി തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[2] സ്വന്തം പ്രാക്ടീസ് സ്ഥാപിക്കാനുള്ള ആഗ്രഹത്തെച്ചൊല്ലി കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിട്ട അവർ 1906-ൽ കേംബ്രിഡ്ജിലേക്ക് മടങ്ങി, പക്ഷേ അവിടെയും ഒരു സ്വതന്ത്ര പരിശീലനം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞില്ല.[4] സുശീല പിന്നീട് ന്യൂൻഹാം കോളേജിലെ ബാൽഫോർ ലബോറട്ടറിയിൽ ചേർന്നു, അവിടെ അവർ ഗവേഷണം നടത്തുകയും ഗിർട്ടൺ, ന്യൂൻഹാം കോളേജുകളിലെ വിദ്യാർത്ഥികളെ ഫിസിയോളജി പഠിപ്പിക്കുകയും ചെയ്തു.[1]

1911-ൽ സുശീല,ഇംഗ്ലണ്ടിലെ ഇന്ത്യൻ സ്ത്രീകളെ പഠിപ്പിക്കാൻ ധനസമാഹരണത്തിനായി പ്രവർത്തിച്ചുവന്നിരുന്ന ഇന്ത്യൻ വിമൻസ് എജ്യുക്കേഷൻ അസോസിയേഷൻ എന്ന ഒരു സ്വകാര്യ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ സഫ്രജിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായിരുന്ന അവർ 1913-ൽ ഇംഗ്ലണ്ടിലെ ഈലിങ്ങിലെ ചർച്ച് ലീഗ് ഫോർ വിമൻസ് സഫ്രേജിന്റെ ബ്രാഞ്ച് പ്രസിഡന്റായി.[5] ഒന്നാം ലോകമഹായുദ്ധസമയത്ത്, ബ്രിസ്റ്റോളിലെ ഒരു ഹോസ്പിറ്റലിൽ ഹോം സർജനായി അവർക്ക് താൽക്കാലിക തസ്തിക നൽകി.[2] 1920[1] ൽ മരിക്കുന്നത് വരെ മെഡിസിൻ പഠിപ്പിക്കാനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ധനസമാഹരണം നടത്താനും അവർ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഇടയിൽ യാത്ര തുടർന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Susila Anita Bonnerjee". Making Britain: Croyden. Retrieved 2020-10-15.
  2. 2.0 2.1 2.2 2.3 "Newly-discovered photograph highlights the role of Indian suffragists – Newnham's Dr Susila Bonnerjee (NC 1891) – Newnham College". www.newn.cam.ac.uk. Retrieved 2020-10-15.
  3. Burton, Antoinette; Sinha, Mrinalini; Bayly, C. A. (2011-05-03). Empire in Question: Reading, Writing, and Teaching British Imperialism (in ഇംഗ്ലീഷ്). Duke University Press. p. 170. ISBN 978-0-8223-4902-0.
  4. Majumdar, Janaki Agnes Penelope (2003). Family History (in ഇംഗ്ലീഷ്). Oxford University Press. ISBN 978-0-19-566360-0.
  5. Science, London School of Economics and Political. "Unearthed photograph highlights important role of Indian suffragettes". London School of Economics and Political Science (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-10-15.
"https://ml.wikipedia.org/w/index.php?title=സുശീല_അനിത_ബാനർജി&oldid=3727576" എന്ന താളിൽനിന്ന് ശേഖരിച്ചത്