ബംഗ്ലാദേശിലെ ഒരു ശക്തിപീഠമാണ് സുഗന്ധ ശക്തിപീഠം ( Sugandha Shaktipeeth, ബംഗാളി: সুগন্ধা শক্তিপীঠ)[1]. സുനന്ദ ദേവിയുടെ ക്ഷേത്രമായ ഇത് ബാരിസാൽ നിന്നും പതിനാറ് കിലോമീറ്റർ വടക്കായി ശിഖർപൂറിൽ സ്ഥിതി ചെയ്യുന്നു .[2].സതിയുടെ മൂക്ക് പതിച്ച സ്ഥലം ഇവിടെയാണ് എന്നാണ് ഐതിഹ്യം. ഇവിടെ ശക്തി, സുഗന്ധ ദേവിയായും കാലഭൈരവൻ ത്രയംബക് രൂപത്തിലുമായും നിലകൊള്ളുന്നു[3]ബ്രഹ്മാവ്, വിഷ്ണു, ശിവൻ, കാർത്തികേയൻ , ഗണപതി എന്നീ ഉപദേവന്മാരുടെ വിഗ്രഹങ്ങളും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്[4]. ശിവ ചതുർദശി, നവരാത്രി, ജന്മാഷ്ടമി, ദുർഗ്ഗാ പൂജ, കാളീ പൂജ എന്നിവ ഇവിടത്തെ പ്രധാന ഉൽസവങ്ങളിൽ ചിലതാണ്[4]

സുഗന്ധ ശക്തിപീഠം
সুগন্ধা শক্তিপীঠ
സുഗന്ധ ശക്തിപീഠം is located in Bangladesh
സുഗന്ധ ശക്തിപീഠം
Shown within Bangladesh
അടിസ്ഥാന വിവരങ്ങൾ
സ്ഥലംശിഖർപൂർ
നിർദ്ദേശാങ്കം22°50′37″N 90°15′34″E / 22.84354°N 90.25931°E / 22.84354; 90.25931
മതവിഭാഗംഹിന്ദുയിസം
ശിവ ചതുർദശി
ജില്ലബാരിസാൽ ജില്ല
രാജ്യംബംഗ്ലാദേശ്

ചരിത്രം

തിരുത്തുക

സുഗന്ധ നദിയുടെ സമീപമായാണ് ബംഗാളി വാസ്തുവിദ്യയിൽ പണി തീർത്ത സുഗന്ധ ശക്തിപീഠം സ്ഥിതി ചെയ്യുന്നത് [4]. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ മുഗളരുടെ കാലത്ത് തകർക്കപ്പെട്ടു. ഇന്ന് നിലവിലുള്ള ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. ചുവന്ന ഇഷ്ടികകൾ ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രധാന മണ്ഡപം കോൺ ആകൃതിയിലാണ്[5]ഈ ക്ഷേത്രത്തിലെ യഥാർത്ഥ വിഗ്രഹം മോഷ്ടിക്കപ്പെട്ടെങ്കിലും പിന്നീട് ബുദ്ധമത സമ്പ്രദായവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന പുതിയ വിഗ്രഹം സ്ഥാപിക്കപ്പെട്ടു[4]. ഭാരത് ചന്ദ്ര റായ് രചിച്ച അന്നദാമംഗൾ എന്ന കാവ്യത്തിൽ നിന്നുമാണ് ക്ഷേത്രത്തിനു സുഗന്ധ ശക്തിപീഠം എന്ന പേർ ലഭിച്ചത്, ഉഗ്രതാരാ ദേവിയുടെ വിഗ്രഹമാണ് ഇപ്പോൾ ഇവിടെയുള്ളത്[6]

ശക്തി പീഠം

തിരുത്തുക
പ്രധാന ലേഖനം: ശക്തി പീഠങ്ങൾ

ദക്ഷയാഗവും തുടർന്ന് യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തതും സംബന്ധിച്ച ഐതിഹ്യങ്ങൾ സംസ്കൃത സാഹിത്യത്തിലും ഹൈന്ദവ സംസ്കാരത്തിലും ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശക്തി പീഠങ്ങൾ സ്ഥാപിക്കപ്പെട്ടതിന്റെ പിന്നിലെ ഐതിഹ്യമായ ഈ സംഭവങ്ങൾ ശാക്തേയാരാധന പോഷിപ്പിക്കുകയുണ്ടായി. സതീദേവിയുടെ സ്ഥാനത്ത് പാർവതി അവതരിച്ച് ശിവനെ ഗൃഹസ്താശ്രമിയാക്കിയതും ഗണപതി, സുബ്രഹ്മണ്യൻ എന്നീ അവതാരങ്ങളുടെ ആവിർഭാവവും ദക്ഷയാഗത്തിന്റെ പരിണാമങ്ങളാണ്. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. സംസ്കൃതത്തിലെ അക്ഷരമാലയിലെ 51 അക്ഷരങ്ങളുമായി ബന്ധിപ്പിക്കുന്ന 51 ശക്തിപീഠങ്ങളുണ്ട്. ഓരോ ക്ഷേത്രത്തിലും ശക്തിയുടെയും കാലഭൈരവന്റെയും പ്രതിഷ്ഠകളുണ്ട്. മിക്കവാറും ഓരോ ക്ഷേത്രവും ആ ക്ഷേത്രത്തിലെ ശക്തിക്കും കാലഭൈരവനുമായി വ്യത്യസ്ത പേരുകളാൽ ബന്ധപ്പെടുത്തിയിരിക്കുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥമാമാണ് പരമശിവൻ രൗദ്രമായ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നത് എന്നാണ് വിശ്വാസം. നവരാത്രി ദിവസം ഭക്തർ ഇവിടങ്ങളിൽ ആരാധന നടത്തിവരുന്നു[1]

എത്തിച്ചേരുവാൻ

തിരുത്തുക

180 കിലോമീറ്ററോളം അകലെയുള്ള ധാക്ക വിമാനത്താവളമാണ് ഇതിനടുത്ത പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. ബിമാൻ ബംഗ്ലാദേശ്, നോവോ എയർ, യു.എസ്-ബംഗ്ലാ എയർലൈൻസ് എന്നിവ ബാരിസാലിൽ സ്ഥിതിചെയ്യുന്ന പ്രാദേശിക വിമാനത്താവളത്തെ ധാക്കയുമായി ബന്ധിപ്പിക്കുന്നു. ധാക്കയിൽ നിന്നും പടുവാഖാലി വരെ പോകുന്ന എൻ. 8 ദേശീയപാത ബാരിസാലിൽക്കൂടെ കടന്ന് പോകുന്നു [7]. ഏറ്റവും അടുത്ത തീവണ്ടീ നിലയം എട്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഝാലോകടി തീവണ്ടീ നിലയം ആണ് [4].

  1. 1.0 1.1 https://www.rudrakshahub.com/blogs/The-Story-of-51-Shakti-Peeth
  2. "Explained: What is the significance of the places on PM Modi's Bangladesh itinerary?". The Indian Express (in ഇംഗ്ലീഷ്). 2021-03-20. Retrieved 2021-03-21.
  3. https://www.samakalikamalayalam.com/deseeyam-national/2021/oct/04/motherlodes-of-power-the-story-of-indias-shakti-peethas-part--5-132251.html
  4. 4.0 4.1 4.2 4.3 4.4 https://www.alightindia.com/sugandha-shaktipeeth
  5. https://famoustemplesofindia.com/sugandha-shaktipeeth-shikarpur-bangladesh/
  6. https://www.festivalsdatetime.co.in/2020/09/sugandha-shaktipeeth-barisal-bangladesh.html
  7. https://ttelangana.com/sugandha-shakti-peeth-temple-bangladesh-full-details/
"https://ml.wikipedia.org/w/index.php?title=സുഗന്ധ_ശക്തിപീഠം&oldid=3993352" എന്ന താളിൽനിന്ന് ശേഖരിച്ചത്