നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്നു സി.എം.എസ്. ചന്തേര (1933 - ഓഗസ്റ്റ് 26 2012[1] ). നാടൻകലാ ഗവേഷണരംഗത്തെ സേവനങ്ങളെ മുൻനിർത്തി 1998-ൽ കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോഷിപ്പും, 1987-ൽ കേരള ഫോക്‌ലോർ അക്കാദമി പ്രശസ്തിപത്രവും നൽകി ആദരിച്ചിട്ടുണ്ട്[2].

സി.എം.എസ്. ചന്തേര
സി.എം.എസ്. ചന്തേര
ജനനം1933
മരണം2012 ഓഗസ്റ്റ് 26
അഴീക്കോട് അക്ലിയത്ത്
അറിയപ്പെടുന്നത്നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനും

ജീവിതരേഖ തിരുത്തുക

കാസർകോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്തിലെ ചന്തേര മടിയൻ തറവാട്ടിൽ 1933-ൽ സംസ്‌കൃത പണ്ഡിതനായ മങ്കത്തിൽ കുഞ്ഞമ്പു എഴുത്തച്ഛന്റെയും മടിയൻ അക്കുവമ്മയുടെയും മകനായി ജനിച്ചു. ഉദിനൂർ സെൻട്രൽ സ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഗുരുവായൂർ പാവറട്ടി സംസ്കൃത കോളെജിൽനിന്നു വിദ്വാൻ ബിരുദം കരസ്ഥമാക്കി. കോൺഗ്രസിലും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. വിമോചന സമര കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള സ്വാതന്ത്ര്യവിദ്യാർഥി സംഘടനയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. കണ്ണൂർ ജില്ലയിലെ കരിവെളളൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ 1960-ൽ അദ്ധ്യാപകജീവതം ആരംഭിച്ചു. പിന്നീട്‌ ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകനായി മുപ്പത്‌ വർഷക്കാലം പ്രവർത്തിച്ചു[2]. ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ 1987-ൽ അദ്ധ്യാപക അവാർഡിലെ അനീതിയെക്കുറിച്ച് പത്രങ്ങളിൽ ലേഖനമെഴുതി. ഇതിനെ തുടർന്ന് സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നീട് ഒരു വർഷത്തിനു ശേഷം കോടതി വിധി പ്രകാരമാണു ജോലിയിൽ തിരിച്ചെത്തിയത്[3]. നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവം, ചിറക്കൽ രാജവംശ പരമ്പരകൾ എന്നിവയെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്[3].

അഴീക്കോടൻ വീട്ടിൽ വിമലയാണു ഭാര്യ. മാദ്ധ്യമ പ്രവർത്തകനും നാടൻ കലാ ഗവേഷകനുമായ സഞ്ജീവൻ അഴീക്കോട് ഏക മകൻ[1] .

തെയ്യം തിറകളുടെ പശ്ചാത്തലത്തിൽ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരിൽ നോവലെഴുതിയത് സി.എം.എസ്. ചന്തേരയാണു്[2]. കളിയാട്ടം, കണ്ണകിയും ചീർമക്കാവും, പൂരക്കളി എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1984-ൽ കേസരി വാരിക നടത്തിയ നോവൽ രചനാ മത്സരത്തിൽ ചന്തേരയുടെ ആലയകാണ്ഡം എന്ന ആത്മകഥാംശം അടങ്ങിയ നോവലിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്[2] .

2012 ഓഗസ്റ്റ് 26-നു ഞായറാഴ്ച രാവിലെ 11-മണിയോടെ അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിന് സമീപത്തെ വരപ്രസാദത്തിൽ വെച്ച് അന്തരിച്ചു[1] .

ഗ്രന്ഥങ്ങൾ തിരുത്തുക

 • പൂരക്കളി
 • അത്യുത്തരകേരളത്തിന്റെ അജ്ഞാത ചരിത്രം
 • മഞ്ഞാസുരമർദനം (കവിത)
 • ആലയകാണ്ഡം (നോവൽ)
 • സത്യകല്ല് (നോവലുകൾ)
 • ചെറുശ്ശേരിയുടെ ചമ്പുഗദ്യം
 • തെയ്യത്തിന്റെ ആദിരൂപം
 • കണ്ണകിയും ചീർമക്കാവും
 • ശാക്തേയക്കാവുകൾ
 • വടക്കെ മലബാറിലെ പാട്ടുത്സവം
 • വെളിച്ചത്തിലേക്ക് (നാടകം)
 • ത്യാഗവേദി (നാടകം)
 • ദേവീദർശനം (നാടകം)

അവലംബം തിരുത്തുക

 1. 1.0 1.1 1.2 "സി.എം.എസ് ചന്തേര അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 മാർച്ച് 2013.
 2. 2.0 2.1 2.2 2.3 "നാടൻകലാ ഗവേഷകൻ സി.എം.എസ്. ചന്തേര നിര്യാതനായി". മാധ്യമം ദിനപത്രം. ശേഖരിച്ചത് 6 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
 3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mv എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സി.എം.എസ്._ചന്തേര&oldid=3792459" എന്ന താളിൽനിന്ന് ശേഖരിച്ചത്