അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായുള്ള പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സാമൂഹ്യപ്രവർത്തകയായിരുന്നു സിന്ധുതായി സപ്കാൽ(ജനനം: 14 നവംബർ 1948). അനാഥരുടെ അമ്മ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു[2].2021ൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

സിന്ധുതായി സപ്കാൽ
Sapkal in 2018
ജനനം14 നവംബർ 1948
മരണം4 ജനുവരി 2022(2022-01-04) (പ്രായം 73)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഅനാഥരുടെ അമ്മ
ജീവിതപങ്കാളി(കൾ)ശ്രീഹരി സപ്കാൽ
കുട്ടികൾ4
1042 കുട്ടികളെ ദത്തെടുത്തു

ആദ്യകാലജീവിതം തിരുത്തുക

1948 നവംബർ 14-ന് മഹാരാഷ്ട്രയിൽ വാർധ ജില്ലയിൽ പിംപ്രി മേഘെീന്ന ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു. അമ്മയുടെ എതിർപ്പുണ്ടായിട്ടും അച്ഛൻ അഭിമാൻജി സാഠെ മകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു. കാലി മേയ്ക്കാൻ എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങുകയും സ്കൂളിലെത്തി സ്ലേറ്റിന് പണമില്ലാത്തതിനാൽ മരത്തിന്റെ ഇലകളിലെഴുതി പഠിക്കുകയും ചെയ്തു. ദാരിദ്ര്യം, കുടുംബത്തിലെ ചുമതലകൾ, നേരത്തേയുള്ള വിവാഹം എന്നീ കാരണങ്ങളാൽ നാലാം തരത്തിന് ശേഷം പഠനം നിർത്തേണ്ടിവന്നു[3].

പത്താം വയസ്സിൽ തന്നെ മുപ്പത്കാരനായ ശ്രീഹരി സപ്കാലുമായുള്ള വിവാഹം നടന്നു. 20 വയസ്സായപ്പോഴേക്കും 3 ആൺകുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു.

തെരുവിലേക്ക് തിരുത്തുക

ഗ്രാമവാസികളിൽ നിന്നും ശേഖരിച്ച ചാണകവറളികൾ, അവർക്ക് പണം നൽകാതെ, വനം വകുപ്പുമായി ഒത്തുചേർന്ന് കച്ചവടമാക്കിയിരുന്ന ഒരു പ്രമാണിക്കെതിരെ സിന്ധുതായി പ്രക്ഷോഭം നടത്തി. ഇതേത്തുടർന്ന് പ്രശ്നത്തിൽ ജില്ലാകളക്ടർ ഇടപെടുകയുണ്ടായി. ഇതിൽ കുപിതനായ പ്രമാണി, 9 മാസം ഗർഭിണിയായിരുന്ന സിന്ധുതായിയെ ഉപേക്ഷിക്കുവാൻ ഭർത്താവ് ശ്രീഹരിയെ നിർബന്ധിതനാക്കി. 1973 ഒക്റ്റോബർ 14-ന് ഒരു കാലിത്തൊഴുത്തിൽ അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കിലോമീറ്ററുകക്കകലെയുള്ള തന്റെ അമ്മയുടെ വീട്ടിലേക്ക് തനിയെ നടന്നെത്തിയെങ്കിലും തിരസ്ക്കരിക്കപ്പെട്ടു.

തുടർന്ന് ജീവിക്കാനായി റെയിൽ‌വേ പ്ലാറ്റ്ഫോമിലും മറ്റും ഭിക്ഷയെടുത്തു തുടങ്ങിയ അവർ തെരുവിലുപേക്ഷിക്കപ്പെട്ട കുട്ടികളുടെ കഷ്ടതകൾ നേരിട്ടറിഞ്ഞു. അനാഥക്കുട്ടികളെ അവർ ദത്തെടുക്കുകയും ഭിക്ഷാടനത്തിലൂടെ അവരെ കൂടി പോറ്റുകയും ചെയ്തു. തന്റെ സ്വന്തം മകളോട് പക്ഷപാതം തോന്നുന്നത് ഒഴിവാക്കാനായി ആ കുട്ടിയെ അവർ ശ്രീമന്ത് ദഗ്ദു സേഠ് ഹല്‌വായി എന്ന ട്രസ്റ്റിന് നൽകി[4].

സാമൂഹ്യപ്രവർത്തനം തിരുത്തുക

അനാഥർക്കായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച സിന്ധുതായി 'മായി' (അമ്മ) എന്ന് വിളിക്കപ്പെട്ടു. 1050-ൽല്പരം കുട്ടികളെ അവർ ദത്തെടുത്ത് സംരക്ഷിച്ചു. ഇന്ന് 243 മരുമക്കളും 1000-ൽല്പരം ചെറുമക്കളുമടങ്ങുന്ന കുടുംബമാണ് അവരുടേത്. അവർ വളർത്തിയ കുട്ടികളിൽ ഡോക്ടർമാർ, വക്കീലന്മാർ തുടങ്ങി നിരവധി അഭ്യസ്തവിദ്യരുണ്ട്. അവരിൽ ചിലർ - സിന്ധുതായിയുടെ സ്വന്തം മകളടക്കം - സ്വന്തമായി അനാഥാലയങ്ങളും നടത്തുന്നു.

മഹാരാഷ്ട്രാ സംസ്ഥാന ഗവണ്മെന്റിന്റെ അഹില്യാബായി ഹോൾക്കർ[5] പുരസ്ക്കാരമടക്കം 270-ലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഇവരുടെ ജീവിതത്തെ ആധാരമാക്കി 2010-ൽ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മീ സിന്ധുതായി സപ്കാൽ (ഞാൻ സിന്ധുതായി സപ്കാൽ) എന്ന മറാഠി ചലച്ചിത്രം പുറത്തിറങ്ങി[6].

സ്ഥാപനങ്ങൾ തിരുത്തുക

  • സന്മതി ബാൽ നികേതൻ, ഹഡപ്സർ, പൂന
  • മമത ബാൽ സദൻ, കുംഭാർവാലൻ, സാസ്‌വാഡ്
  • മായി'സ് ആശ്രം, ചിഖൽദാര, അമരാവതി
  • അഭിമാൻ ബാൽ ഭവൻ, വാർധ
  • ഗംഗാധർ ബാബ ഛത്രാലയ, ഗുഹ
  • സപ്തസിന്ധു മഹിളാ ആധാർ, ബൽസൻഗോപൻ ആണി ശിക്ഷൺ സംസ്ഥാ, പൂന

അവലംബം തിരുത്തുക

  1. "പുണെയിലെ 'അമ്മ' സിന്ധുതായ് അന്തരിച്ചു". ManoramaOnline. Retrieved 2022-01-06.
  2. അനാഥരുടെ അമ്മ
  3. "സിന്ധുതായി സപ്കാൽ". ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷൻ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫണ്ടമെന്റൽ റിസർച്ച്.
  4. "അനാഥരുടെ അമ്മ - സിന്ധുതായി സപ്കാൽ -- ഭാഗം1". ഇന്ത്യ അൺലിമിറ്റഡ്. 9 മാർച്ച് 2011. Archived from the original on 2016-09-20. Retrieved 2014-03-01.
  5. "സിന്ധുതായി സപ്കാൽ റ്റു റിസീവ് ദി സ്റ്റേറ്റ് അവാർഡ് ഫോർ ചൈൽഡ് വെൽഫെയർ". ഇന്ത്യ ടൈംസ്. 28 നവംബർ 2002.
  6. "മീ സിന്ധുതായി സപ്കാൽ". ദി ടൈംസ് ഓഫ് ഇന്ത്യ. 03 ജൂൺ 2011. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിന്ധുതായി_സപ്കാൽ&oldid=3703350" എന്ന താളിൽനിന്ന് ശേഖരിച്ചത്