സാകി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ബ്രിട്ടീഷ് സാമൂഹ്യസ്ഥിതിയേയും സംസ്കാരത്തേയും, ഫലിതവും കുസൃതിയും, ചിലപ്പോഴൊക്കെ ബീഭത്സതയും നിറഞ്ഞ കഥകളിലൂടെ അവതരിപ്പിച്ച ഇംഗ്ലീഷ് എഴുത്തുകാരൻ ഹെക്ടർ ഹുഗ് മൺറോ-യുടെ(18 ഡിസംബർ1870 – 13 നവംബർ 1916) തൂലികാനാമമായിരുന്നു സാകി (Saki). ചെറുകഥകളിൽ പ്രകടിപ്പിച്ച മികവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തെ ഒ. ഹെൻറി, ഡോറത്തി പാർക്കർ തുടങ്ങിയ പ്രസിദ്ധ കഥാകൃത്തുക്കളുമായി താരതമ്യം ചെയ്യാറുണ്ട്. ഓസ്കാർ വൈൽഡും, ലൂവീസ് കാരലും, റുഡ്യാഡ് കിപ്ലിങ്ങും മറ്റും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. നോയൽ കോവാർഡ്, പി.ജി.വോഡ്‌ഹൗസ് തുടങ്ങിയ പിൽക്കാലകഥാകൃത്തുക്കളെ അദ്ദേഹം സ്വാധീനിച്ചിട്ടുമുണ്ട്.[1]
ഹെക്ടർ ഹുഗ് മൺറോ | |
---|---|
ജനനം | അക്യാബ്, ബർമ്മ | 18 ഡിസംബർ 1870
മരണം | 13 നവംബർ 1916 ഫ്രാൻസ് | (പ്രായം 45)
തൂലികാ നാമം | സാകി |
തൊഴിൽ | ചെറുകഥാകൃത്ത്, നാടകകൃത്ത് |
ദേശീയത | ബ്രിട്ടീഷ് |
ജീവിതം
തിരുത്തുകബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബർമ്മയിൽ അക്യാബ് എന്ന സ്ഥലത്ത്, ചാൾസ് അഗസ്റ്റസ് മൺറോയുടേയും മേരി ഫ്രാൻസിസ് മെൻസെറുടേയും മകനായാണ് ഹെക്ടെർ ഹുഗ് മൺറോ ജനിച്ചത്. ബർമ്മ പോലീസിൽ ഇൻസ്പെക്ടർ ജനറൽ ആയിരുന്നു ചാൾസ് മൺറോ. 1872-ൽ ഇംഗ്ലണ്ടിൽ സന്ദർശനത്തിനു പോയ മേരി മെൻസെറെ ഒരു പശു കുത്തി. ഗർഭിണിയായിരുന്ന അവർക്ക് അത് ഗർഭപാതത്തിനു കാരണമാകുകയും തുടർന്ന് നില വഷളായി അവർ മരിക്കുകയും ചെയ്തു. [2] അതോടെ ചാൾസ് മുൺറോ രണ്ടു വയസ്സുണ്ടായിരുന്ന ഹെക്ടറേയും സഹോദരിയേയും ഇംഗ്ലണ്ടിലേക്കയച്ചു. അവിടെ മുത്തച്ഛിയും രണ്ട് അമ്മായിമാരും ചേർന്ന് കർക്കശവും യാഥാസ്ഥിതികവുമായ ചുറ്റുപാടുകളിൽ അവരെ വളർത്തി.
ഡെവണിൽ എക്സ്മൗത്തിലെ പെൻകാർവിക്ക് സ്കൂളിലും ബെഡ്ഫോർഡ് സ്കൂളിലുമായിരുന്നു മുൺറോയുടെ പഠനം. ഇടയ്ക്ക് പിതാവ് നാട്ടിലെത്തിയപ്പോഴൊക്കെ മക്കളൊന്നിച്ച് അദ്ദേഹം യൂറോപ്പിലെ ഉല്ലാസകേന്ദ്രങ്ങളും വിനോദസഞ്ചാരസ്ഥലങ്ങളും സന്ദർശിച്ചു. 1893-ൽ പിതാവിനെപ്പോലെ ഇന്ത്യൻ ഇമ്പീരിയൽ പോലീസിൽ ചേർന്ന ഹെക്ടർക്കും, ഒരു തലമുറ കഴിഞ്ഞ് ജോർജ്ജ് ഓർവെലിനു ലഭിച്ചതു പോലെ, നിയമനം കിട്ടിയത് ബർമ്മയിലായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് മലമ്പനി പിടിപെട്ട അദ്ദേഹം ജോലി രാജിവച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി.
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ 43 വയസ്സുണ്ടായിരുന്ന മൺറോ, മുൻനിരയിലെ സൈനികസേവനത്തിനു ഔദ്യോഗിക ബാദ്ധ്യത ഇല്ലായിരുന്നിട്ടും, അതിനു തയ്യാറായി. സാധാരണസൈനികനായി തുടങ്ങിയ അദ്ദേഹം 22-ആം റോയൽ ഫ്യൂസിലിയേഴ്സ് എന്നറിയപ്പെട്ട ബറ്റാലിയനിൽ ലാൻസ് സെർജന്റ് പദവിയിലെത്തി. പരിക്കു പറ്റിയോ രോഗാവസ്ഥയിലോ ആയിരിക്കുമ്പോഴും, ഒന്നിലേറെ തവണ അദ്ദേഹം യുദ്ധരംഗത്തേക്കു മടങ്ങി. 1916 നവംബർ 16-ന് ഫ്രാൻസിലെ ബീമൗണ്ട് ഹാമെലിൽ ഷെൽ ആക്രമണത്തിൽ നിന്നൊഴിയാനായി ഒളിച്ചിരുന്ന ആഴം കുറഞ്ഞ കിടങ്ങിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന്റെ അന്തിമമൊഴി "ആ നശിച്ച സിഗരറ്റ് കെടുത്തൂ (Put that bloody cigarette out) എന്നായിരുന്നതായി പല രേഖകളും പറയുന്നു[3] സഹോദരന്റെ മരണത്തിനു ശേഷം മൺറോയുടെ സഹോദരി ഈഥൽ, അദ്ദേഹത്തിന്റെ കടലാസുകൾ അധികവും കത്തിച്ചു കളയുകയും, അവരുടെ ബാല്യകാലത്തിന്റെ കഥ സ്വന്തമായി എഴുതുകയും ചെയ്തു.
മൺറോയുടെ ലൈംഗികചായ്‌വ് സ്വവർഗ്ഗമായിരുന്നു; അതേസമയം അക്കാലത്തെ ബ്രിട്ടണിൽ സ്വവർഗ്ഗരതി കുറ്റകരവുമായിരുന്നു. 1889-ലെ ക്ലീവ്‌ലാൻഡ് തെരുവു വിവാദവും, പിന്നീടുണ്ടായ ഓസ്കാർ വൈൽഡിന്റ് വിചാരണയും തടവും എല്ലാം മൂലം, "മൺറോയുടെ ജീവിതത്തിന്റെ ഈ വശം രഹസ്യമായിരിക്കാതെ വയ്യെന്നായി."[4] രാജനീതിയിൽ യാഥാസ്ഥിതിക കക്ഷിയോട് ആഭിമുഖ്യം കാട്ടിയ മുൺറോയുടെ പല നിലപാടുകളും 'പിന്തിരിപ്പൻ' ആയിരുന്നു.
തൂലികാനാമം
തിരുത്തുകമൺറോ തൂലികാനാമമായി തെരഞ്ഞെടുത്ത 'സാകി' ഒമർ ഖയ്യാമിന്റെ റൂബയ്യാത്തിലെ പാനപാത്രവാഹകന്റെ പേരാണ്. "റെജിനാൾഡ് ഓൺ ക്രിസ്മസ് പ്രസന്റ്സ്" എന്ന കഥയിലെ റെജിനാൾഡ് നിന്ദാഭാവത്തിൽ പരാമർശിക്കുന്ന ഒമർഖയ്യാമിന്റെ പ്രസിദ്ധരചന, സാകിയുടെ മറ്റു ചില കഥകളിലും സൂചിതമാകുന്നുണ്ട്. 'സാകി' എന്ന തൂലികാനാമത്തിന്റെ പ്രേരണ ഒമർ ഖയ്യാം വഴിയാണെന്ന്, 'സാകി'-കഥകളുടെ 1978-ലെ സമാഹാരത്തിനെഴുതിയ അവതാരികയിൽ എംലിൻ വില്യംസ് ഉറപ്പു പറയുന്നു.[5] റിമൗൾഡിങ്ങ് ഓഫ് ഗ്രോബി ലിങ്ടൻ എന്ന കഥയിൽ സൂചിപ്പിക്കപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരിനം കുരങ്ങിന്റെ പേരിനെ സൂചിപ്പിക്കുന്നതാകാം ഈ തൂലികാനാമം എന്നാണ് മറ്റൊരു വാദം.[6]
എഴുത്ത്
തിരുത്തുകസാകിയുടെ രചനാജീവിതത്തിന്റെ തുടക്കം ഇംഗ്ലണ്ടിൽ വെസ്റ്റ്മിൻസ്റ്റർ ഗസറ്റ്, ഡെയ്ലി എക്സ്പ്രസ്, ബൈസ്റ്റാൻഡർ, മോണിങ്ങ് പോസ്റ്റ്, ഔട്ട്ലുക്ക് തുടങ്ങിയ പത്രങ്ങളിലൂടെ ആയിരുന്നു. 1900-ത്തിൽ "റഷ്യൻ സാമ്രാജ്യത്തിന്റെ ഉയർച്ച" എന്ന പേരിൽ മൺറോയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ഗിബ്ബന്റെ "റോമാസാമ്രാജ്യത്തിന്റെ തകർച്ചയും തളർച്ചയും" എന്ന പ്രസിദ്ധരചനയുടെ മാതൃകയിലുള്ള ഒരു ചരിത്രപഠനമായിരുന്നു അത്.
1902 മുതൽ 1908 വരെ മൺറോ, ബാൾക്കൻ ഉപദ്വീപിലും, പോളണ്ടിലെ വാർസാ നഗരത്തിലും റഷ്യയിലും, ഫ്രാൻസിലെ പാരിസിലും "മോണിങ്ങ് പോസ്റ്റ്" പത്രത്തിന്റെ വിദേശകാര്യലേഖകൻ ആയിരുന്നു. റഷ്യയിൽ അദ്ദേഹം 1905-ൽ പീറ്റേഴ്സ്ബർഗ്ഗിൽ നടന്ന "ബ്ലഡി സൺഡേ" എന്നറിയപ്പെടുന്ന കൂട്ടക്കുരുതിക്കു സാക്ഷിയായി. ഈ പ്രവാസജീവിതത്തിനൊടുവിൽ അദ്ദേഹം പത്രപ്രവർത്തനം മതിയാക്കി ലണ്ടനിൽ താമസം തുടങ്ങി. ഇക്കാലത്തെഴുതിയ പല കഥകളിലേയും പ്രസിദ്ധകഥാപാത്രങ്ങളാണ് റെജിനാൾഡും ക്ലോവിസും. നഗരത്തിലെ പൊങ്ങച്ചക്കാരും യാഥാസ്ഥിതികരുമായ മാന്യന്മാർക്കു വന്നുപെടുന്ന 'അസൗകര്യങ്ങൾ' കണ്ടാസ്വദിക്കുന്ന ചെറുപ്പകാരാണിവർ.
ഇംഗ്ലീഷ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച്, മദ്ധ്യലണ്ടണിലെ മോർത്തിമർ തെരുവിൽ മൺറോ ഒരിക്കൽ ജീവിച്ച കെട്ടിടത്തിൽ ഒരു സ്മാരകഫലകം സ്ഥാപിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.oxforddnb.com/view/article/35149
- ↑ "AJLangguth.com - "Saki: A Life of Hector Hugh Munro, with six short stories never before collected." (Hamish Hamilton, London, 1981)". Archived from the original on 17 ഒക്ടോബർ 2013. Retrieved 9 ഓഗസ്റ്റ് 2012.
- ↑ "The Square Egg," pg. 102
- ↑ [1] Dominic Hibberd's essay in the Oxford Dictionary of National Biography
- ↑ Saki: Short Stories I (1978, ISBN 0-460-01105-7) Williams cites Rothay Reynolds, "his friend".
- ↑ Clark, Neil (18 നവംബർ 2006). "The short story king with a sting". The Telegraph. Retrieved 15 ഓഗസ്റ്റ് 2009.