വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ഒരു കവിതയാണ് സഹ്യന്റെ മകൻ. ഉൽസവത്തിനു എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പനാനയുടെ വിചാരങ്ങളും തുടർന്നുള്ള കാര്യങ്ങളുമാണ് കവിതയുടെ പ്രമേയം. 1944 ആഗസ്റ്റ് 20 -നാണ് ഈ കവിത പ്രസിദ്ധീകരിക്കുന്നത്. [1]

പശ്ചാത്തലം

തിരുത്തുക

ഉൽസവം നടക്കുന്ന അമ്പലമുറ്റത്ത് ദീപ്തപ്രകാശപൂരത്തിൽ ആസ്വദിച്ചു നിൽക്കുന്ന ജനസാഗരത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന കൊമ്പനെ കാണിക്കുന്നതിലൂടെയാണ് കവിത തുടങ്ങുന്നത്. മദപ്പാടു തീരുന്നതിനു മുൻപാണ് ദേവന്റെ തിടമ്പേറ്റാനും എഴുന്നള്ളത്തിനും ഇറക്കിയിരിക്കുന്നത്. കൂച്ചുവിലങ്ങിൽ കെട്ടപ്പെട്ടിരിക്കുകയാണെങ്കിലും സ്വാഭാവികമായ സാഹസികങ്ങളിൽ അഭിരമിക്കാൻ വെമ്പൽകൊള്ളുന്ന കൊമ്പനുമുന്നിൽ ഉൽസവത്തിന് എത്തിയവരുടെ ആർപ്പുവിളികളും ശബ്ദഘോഷവും തീപ്പന്തങ്ങളുടെ പ്രഭയും തിളങ്ങുന്നു.

ആനയുടെ വിചാരധാര

തിരുത്തുക

മദപ്പാട് തീർത്തും മാറിയിട്ടില്ല, കാലിൽ ചങ്ങലയുണ്ട്, തൂണിൽ കെട്ടിയിട്ടുണ്ട്, കൂർത്ത തോട്ടി ദേഹത്ത് ചാരി പാപ്പാൻ അടുത്തുമുണ്ട്. എന്നാൽ ഇതൊന്നും തന്റെ ഭ്രാന്തമായ വിചാരങ്ങൾ അഴിഞ്ഞ് അകലങ്ങളിലേക്ക് പോവുന്നതിൽ നിന്നും ആനയ്ക്ക് തടസ്സമാവുന്നില്ല. സ്വാതന്ത്രമായി ചെവിയും ആട്ടി തന്റെ ചെറുപ്പത്തിൽ സ്വൈരവിഹാരം നടത്തിയ സഹ്യസാനുക്കളിലൂടെ വസന്തത്തിൽ തിളങ്ങി നിൽക്കുന്ന താഴ്വാരങ്ങളിലൂടെ ആന മദിച്ചു നടന്നു. പൂക്കളുടെ ഗന്ധവുമായി വന്ന കാറ്റും പട്ടിനേക്കാൾ മൃദുവായ മുളകളും വെട്ടിത്തിളങ്ങുന്ന അരുവിയിലെ ജലവും ആനയെ സ്നേഹത്തോടെ വിളിച്ചു. കാട്ടിലെ പനകൾ നൽകിയ കള്ളും പാലപ്പൂക്കളുടെ മണവും മെരുവിന്റെ മദഗന്ധവും എന്തെല്ലാമോ വിചാരങ്ങളിൽ നിറഞ്ഞപ്പോൾ ആന ഒന്നു നിന്നു. തന്റെ ശക്തിയെല്ലാം വാർന്നുപോകുന്നതായി അവനു തോന്നി. വല്ല വിഷച്ചെടികളും തിന്നിട്ടാണോ, അതോ കാട്ടിലെ വല്ല അസുഖവും ബാധിച്ചോ, എന്നാലും തന്റെ കരുത്തിൽ കൊമ്പുകളൊടിച്ച് മണ്ണുപറത്തി പാലമരത്തിൽ ശക്തിയായി ഉരച്ചപ്പോൾ ചോരയുടെ മണമുള്ള പാലാണ് ആ മരത്തിൽ നിന്നും വന്നത്. മനസ്സുനിറയെ സ്നേഹമാണെങ്കിലും അരിശത്താൽ ഒക്കെത്തകർക്കാൻ ബലമുള്ള ശരീരത്തിന് തോന്നുന്നു. പൊന്തയിൽ പതുങ്ങുന്ന പുള്ളിപ്പുലി, വഴക്കിനു വരുന്ന കുരങ്ങന്മാർ, കാട്ടിലെ തടാകത്തിൽ നീന്തിത്തുടിക്കുന്ന പോത്തുകൾ, പന്നികൾ, ഏറുമാടത്തിൽ നിന്നും വേടന്മാർ ഉണ്ടാക്കുന്ന ശബ്ദങ്ങൾ, ഇങ്ങനെയിങ്ങനെ ശ്രദ്ധയെ തിരിക്കുന്ന കാര്യങ്ങൾ അനവധിയുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആന നടന്നു.

രാത്രിയായി, നിലാവും മദഗന്ധങ്ങളും ചൂഴ്ന്നുനിൽക്കുന്ന രാത്രി. രാത്രിഞ്ചരന്മാരായ ജീവികൾ ഗർജ്ജിക്കുന്നു, കുറുക്കന്മാർ ഓരിയിടുന്നു, നിശ്ശബ്ദത പിളർന്നുകൊണ്ട് ചീവീടുകളുടെ കരച്ചിൽ രാത്രിയിൽ അലയടിക്കുന്നു. അല്ല, അതു കാട്ടിൽ നിന്നല്ല, ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത്. പക്ഷേ മനസ്സുവീണ്ടും കാട്ടിൽത്തന്നെ തിരികെയെത്തി. അല്ല, ഈ കേൽക്കുന്നത് കാലവർഷത്തിൽ തവളകൾ ഉണ്ടാക്കുന്ന ശബ്ദം തന്നെയാണ്. തീവെട്ടികളുടെ പ്രഭാപൂരമെല്ലാം മരങ്ങളിൽ നിറഞ്ഞുമിന്നുന്ന മിന്നാമിനുങ്ങുകളുടെ വെളിച്ചമാണ്. രാത്രി മായുകയാണ് പ്രഭാതത്തിലെ അരുണകിരണങ്ങൾ കാട്ടിലേക്ക് അരിച്ചെത്തി.

എന്താണ് വനത്തിലെ പുതുതായിക്കാണുന്ന പാതയിൽ ജീവനെ നിർവ്വാണം കൊള്ളിക്കുന്ന ഒരു മദഗന്ധം, മരങ്ങളുടെ ശിഖരങ്ങൾ ഒടിച്ചതായിക്കാണാം, താമര ഇലപോലുള്ള പാദങ്ങളും മണ്ണിൽപ്പതിഞ്ഞു കാണുന്നു. ആ വഴിയിലൂടെ വെള്ളം കുടിക്കാൻ പോയ ആനകളുടെ ചൂടാറാത്ത പിണ്ടവും ഉണ്ട്. ഉൽസവസ്ഥലത്തുനിന്ന് ഒരു കൊമ്പുവിളി ഉയർന്നതാണോ, അതോ ഒരു ചിന്നംവിളിയാണോ. പ്രഭാതത്തിലെ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നപുല്ലുകളുടെ നിഴലുകൾ പുഴവക്കത്ത് ഇളകുന്നു. അതാ അതിനപ്പുറത്ത് സഹ്യന്റെ സൗന്ദര്യവിഗ്രഹങ്ങളായ ആനകളുടെ കൂട്ടം. പെട്ടെന്നു മുന്നോട്ടാഞ്ഞ ആനയുടെ കാലിൽ കുരുങ്ങിയത് ചങ്ങലയാണോ അതോ കാട്ടുവള്ളികളോ? "ആനയോടി" എന്നൊരു ശബ്ദത്തോടെ കോലാഹലങ്ങൾ. ആൾത്തിരക്കാണോ അതോ കൊടുംകാറ്റോ മലവെള്ളപ്പൊക്കമോ, അതോ കാട്ടാളന്മാർ കാടിളക്കി വളഞ്ഞ് ആർക്കുന്നതാണോ? കുരങ്ങന്മാർ തന്റെ പുറത്തുകൂടി കളിക്കുന്നതാണോ അതോ ശാന്തിക്കാരൻ രക്ഷപ്പെടുന്നതോ? കാട്ടുമരങ്ങൾ പേടിച്ചോടുകയാണോ? താൻ ഓടുമ്പോൾ കാൽച്ചുവട്ടിൽ ചതഞ്ഞ ചെടികൾ കരയുന്നുണ്ടോ? താൻ മരക്കൊമ്പു ഉലർത്തിയിടുമ്പോൾ അതിൽ നിന്നും രക്തം കിനിയുന്നുണ്ടോ?

ആന ഇടഞ്ഞതിനാൽ അമ്പലം അടയ്ക്കുന്നു, എല്ലാവരും രക്ഷപ്പെടുന്നു. ഉൽസവവും ആഘോഷവും എല്ലാം താറുമാറായി, അവശേഷിച്ചത് ആകെ നാറ്റങ്ങൾ മാത്രം. ആന വീണ്ടും തന്റെ ലോകത്തേക്കു മടങ്ങുന്നു. പുഴയിൽ പിടികളും കിടാങ്ങളും ആർത്തുകളിക്കുകയാണ്. പ്രണയത്തിനായി ചുറ്റും നോക്കുന്ന പിടിയാനകൾ. കള്ളു കുടിച്ചിട്ടാണോ ഇളംകരിമ്പു തിന്നിട്ടാണോ ആകെ മദഭരിതനായ ആന കൂട്ടുകാരിയുടെ മൃദുലകർണ്ണങ്ങളിൽ തന്റെ മനസ്സു തുറന്നോ? ചങ്ങല എന്തെന്നറിയാത്ത പിടിയെ പ്രേമത്തിന്റെ ചങ്ങലയാൽ അവൻ ബന്ധിച്ചോ? ഒരുപക്ഷേ പ്രിയതമയാണെന്നും കരുതി താൻ താലോലിച്ച, അലങ്കാരത്തിനായി ഒരുക്കിയ കുലവാഴയ്ക്ക് അത് അറിയാമായിരിക്കും.ആകെ വേദനയാണ്, മറ്റൊരു കൊമ്പനോട് യുദ്ധം ചെയ്യേണ്ടി വന്നതിന്റെയാണോ? അതിൽ അമ്പരന്ന് പിടികളും കുട്ടികളും നടുങ്ങിയോ? കൊമ്പനോട് നന്നായി പോരാടാൻ തന്റെ അടിമച്ചോറിന്റെ വീര്യത്തിനു കഴിഞ്ഞില്ലേ? ശത്രുവിന്റെ മസ്തകത്തിൽ കുത്തിമറിക്കുമ്പോൾ തനിക്ക് ശക്തിയുടെ പരമാവധി എടുക്കാൻ കഴിഞ്ഞില്ലേ? ഒരുപക്ഷേ ആന എതിരാളിയാണെന്നു വിശ്വസിച്ച് ശക്തിപ്രയോഗിച്ച ക്ഷേത്രത്തിലെ കൽമതിലിന് അതിന് ഉത്തരം തരാനായേക്കും.

പിന്നീട്

തിരുത്തുക

പ്രഭാതമായി. തലേന്ന് രാത്രിയിലെ ഇരുട്ടിൽ പേടിച്ചോടിയ മനുഷ്യർ വെളിച്ചം എത്തിയപ്പോൾ തിരിച്ചുവന്നു, മദമിളകി ഇടഞ്ഞ ആനയെ വെടിവച്ചുകൊല്ലാൻ ഒരു പട്ടാളക്കാരൻ എത്തി. അയാളുടെ തോക്കിൽ നിന്നും ഒരു ഉണ്ട ആനയുടെ നേർക്ക് ചീറിപ്പാഞ്ഞു. ഒരു നിലവിളിയോടെ ആന വീണു മരണമടഞ്ഞു.

കവി ചോദിക്കുകയാണ്:

  1. കന്നിക്കൊയ്ത്ത്, വൈലോപ്പിള്ളി ശ്രീധരമേനോൻ, വൈലോപ്പിള്ളി സമ്പൂർണ്ണ കൃതികൾ, കറന്റ് ബുക്സ്, തൃശൂർ, 2001 ജനുവരി വാല്യം ഒന്ന്, താൾ 69

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സഹ്യന്റെ_മകൻ&oldid=2429650" എന്ന താളിൽനിന്ന് ശേഖരിച്ചത്