സമോരി ടൂറ
19-ാം ശതകത്തിന്റെ രണ്ടാം പകുതിയിൽ പശ്ചിമ ആഫ്രിക്കയിൽ ഒരു രാജ്യം സ്ഥാപിക്കുകയും ഫ്രഞ്ചുകാരുടെ കൊളോണിയൽ മുന്നേറ്റത്തെ എതിർക്കുകയും ചെയ്ത മാഡിൻഗോ (Madingo) ഗോത്രവർഗ നേതാവാണ് സമോരി ടൂറ. ഇപ്പോഴത്തെ ഉത്തര ഗിനിയിലെ സനാൻകൊറോയിൽ ഇദ്ദേഹം ജനിച്ചു (സു. 1830). ഒരു മികച്ച യോദ്ധാവായിത്തീർന്ന ഇദ്ദേഹം 1860-കളുടെ ഒടുവിലും 70-കളുടെ തുടക്കത്തിലുമായി തന്റെ നാട്ടിലെ ഭരണാധിപനായി. പശ്ചിമ ആഫ്രിക്കയിൽ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരുമായി 1883 മുതൽ യുദ്ധം ചെയ്തു. 1886-ൽ ഫ്രഞ്ചുകാർ വിജയിച്ചപ്പോൾ ഇദ്ദേഹം ഫ്രഞ്ചു സംരക്ഷണം സ്വീകരിച്ചുവെങ്കിലും 1891-ൽ വീണ്ടും അവരുമായി ശത്രുതയിലായി. തുടർന്ന് ഐവറി കോസ്റ്റിലേക്കും ലൈബീരിയയിലേക്കും പിൻവാങ്ങേണ്ടിവന്ന ഇദ്ദേഹത്തെ 1898 സെപ്റ്റംബറിൽ പിടികൂടി നാടുകടത്തി. 1900 ജൂൺ 2-ന് ഗാബണിൽ മരണമടഞ്ഞു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സമോരി ടൂറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |