സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ സ്ഥാപക പ്രസിഡന്റും ആണ്.[1]

സനൽ ഇടമറുക്
ജനനം (1955-05-26) മേയ് 26, 1955  (69 വയസ്സ്)
കേരളം

ജീവചരിത്രം

തിരുത്തുക

പ്രശസ്ത യുക്തിവാദിയും പത്രപ്രവർത്തകനുമായ ജോസഫ്‌ ഇടമറുകിന്റെ മകനായി കേരളത്തിലെ തൊടുപുഴയിൽ ജനിച്ചു.[2] ഹിന്ദു-ക്രിസ്ത്യൻ മിശ്രദമ്പതിമാർക്ക്‌ ജനിചതിനാൽ ഔപചാരികമായി മതവിദ്യാഭ്യാസം ലഭിച്ചില്ല. പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

1977 - ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി. പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 - ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി ഉപേക്ഷിച്ചു.

യുക്തിവാദ പ്രവർത്തനങ്ങൾ

തിരുത്തുക

യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്ക് നിദാനമായ പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുന്ന രീതിയിൽ അന്വേഷണാത്മകമായ കണ്ടെത്തെലുകൾ നടത്തിയിട്ടുണ്ട്[2]. അദേഹത്തിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും പ്രമുഖ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ അദേഹവും കൂട്ടരും സംഘടിപ്പിച്ച ഒരു റോഡ്‌ ഷോയിൽ അതീന്ദ്രമായതെന്നു സന്യാസിമാരും മതഗുരുക്കളും അവകാശപ്പെടുന്ന കാര്യങ്ങൾ ഒരു സാധാരണക്കാരന് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിവരിക്കുന്നതിനെക്കുറിച്ച് "ഗുരു ബസ്റ്റ്‌ർ" എന്ന ഡോകുമെന്ററിയിൽ കാണിക്കുന്നുണ്ട്.[3] ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ആവിശ്യകതയെ പിന്തുണച് അദേഹം പലപ്പോഴും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്[2].

മതനിന്ദ കുറ്റം

തിരുത്തുക

2012 മാർച്ചിൽ മുംബൈയിലെ വിലെ പാർലെയിലെ വേളാങ്കണ്ണി പള്ളിയിൽ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നു എന്ന വാർത്തയെ തുടർന്നു ലക്ഷക്കണക്കിന് ജനങ്ങൾ എത്തി ക്രിസ്തുവിന്റെ കാലിൽ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു. ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനൽ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി.[4] പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ അഥവാ കേശികത്വം എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്ന് അദേഹം വിശദീകരിച്ചുവെങ്കിലും ക്രിസ്ത്യൻ മതമേലധികാരികൾ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നൽകുകയും മുംബൈ പോലീസ്‌ കേസെടുക്കുകയുമാണുണ്ടായത്. മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. ഇത് അദ്ദേഹം നിരസിച്ചതോടെ അവർ കേസുമായി മുന്നോട്ടുപോയി. ഇന്ത്യൻ പീനൽകോഡ് സെക്ഷൻ: 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂഹു സ്‌റ്റേഷനിൽ (കേസ് നമ്പർ: സി.ആർ. 61/2012) മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെർണാണ്ടസ് ആണ് പരാതി നൽകിയത്.[5] ഇതിനെ തുടർന്ന് അദേഹം ഫിൻലാൻഡിലേക്ക് പോയി.[6][7] ഇപ്പൊ മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനായുള്ള യൂറോപ്യൻ പര്യടനത്തിലാണ്.

ഇൻ്റർപോളിൻ്റെ റെഡ് നോട്ടീസ്

തിരുത്തുക

2020-ൽ, ഫിൻലൻഡിൽ പാർക്കുന്ന സനൽ ഇടമറുകിന് ഇന്ത്യൻ അധികാരികൾ ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കൈമാറ്റം തീർപ്പാക്കിയിട്ടില്ലാത്ത അല്ലെങ്കിൽ പ്രോസിക്യൂഷൻ തീർപ്പുകൽപ്പിക്കാത്ത വ്യക്തികളെ കണ്ടെത്തി താൽകാലികമായി അറസ്റ്റ് ചെയ്യാനുള്ളതാണ് ഈ റെഡ് നോട്ടീസ്. ഇടമറുക് സർക്കാർ ജീവനക്കാരിയായ പ്രമീള ദേവിയെ 15 ലക്ഷം കബളിപ്പിച്ചതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സി.ബി.ഐ) ആവശ്യപ്പെടുന്നത്.[8] പണത്തിന് പകരമായി ഇടമറുക് തനിക്ക് ഫിൻലൻഡിൽ വിസയും ജോലിയും താമസാനുമതിയും വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും തുക സ്വായത്തമാക്കാൻ ബാങ്ക് ലോണിനായി പോലും സമ്മർദ്ദം ചെലുത്തിയെന്നും ഒരു യുക്തിവാദി കൂടിയായ പ്രമീള ആരോപിച്ചു.[9][10] ആലപ്പുഴ നോർത്ത് പോലീസ് 2018-ൽ ഇടമറുകിനെതിരെ വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസലംഘനത്തിനും കേസെടുത്തു. ഫണ്ട് ലഭിച്ചതിന് പിന്നെ ഇടമറുക് ആശയവിനിമയം നിറുത്തിയെന്നും അവരുടെ കോളുകൾ ബ്ലോക്ക് ചെയ്‌തതിനെ തുടർന്നുമാണ് ദേവി കേസ്‌ റെജിസ്ട്രർ ചെയ്പ്പിച്ചത്. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇടമറുക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ദേവി ഫിൻലൻഡിൽ നിന്ന് ഇടമറുകിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടു.[11] ആരോപണങ്ങൾക്ക് മറുപടിയായി, പ്രമീള ദേവിക്ക് താൻ ജോലി വാഗ്ദാനം ചെയ്തിരുന്നതായി സനൽ ഇടമറുക് തൻ്റെ ബ്ലോഗിലൂടെ വ്യക്തമാക്കി, എന്നാൽ പ്രമീള ദേവി അത് അന്ന് നിരസിച്ചുവെന്നും പറഞ്ഞു.[12] അദ്ദേഹത്തിന്മേൽ ചുമത്തിയ കേസിനെ എതിർത്തുകൊണ്ട് മൂന്ന് വർഷത്തിനിടെ പ്രമീളയിൽ നിന്ന് കിട്ടിയ പണം യുക്തിവാദി പ്രസ്ഥാനത്തിനുള്ള സംഭാവനയാണ് എന്നും അല്ലാതെ ഫിൻലൻഡിലെ ജോലിക്കോ വിസയ്ക്കോ ഉള്ള പണം അല്ല എന്നും അദ്ദേഹം വാദിച്ചു. കൂടാതെ, കുറ്റാരോപണങ്ങൾക്കെതിരെ സമർപ്പിച്ച ഒരു റദ്ദാക്കൽ ഹർജി 2018 സെപ്തംബറിൽ കേരള ഹൈക്കോടതി അംഗീകരിച്ചതായും കീഴ്‌ക്കോടതിയിലെ നടപടികൾ നിറുത്തിവച്ചതായും ഇടമറുക് പറയുന്നു. അദ്ദേഹത്തിൻ്റെ അറിവിൽ ആ നിരോധന ഉത്തരവ് തുടരുന്നുവെന്നാണ്, ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത് തനിക്ക് പുതിയ അറിവാണെന്നും. റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ പിന്നിൽ സഭയുടെ പങ്കാളിത്തം ഉണ്ട് എന്ന് കാര്യമായ തെളിവുകളില്ലാതെ തൻ്റെ ബ്ലോഗിലൂടെ ഇടമറുക് ആരോപിച്ചു.[13]

  1. "Rationalist International". Archived from the original on 2001-02-02. Retrieved 2021-08-19.
  2. 2.0 2.1 2.2 Schafer, R (March / April 2013). "Blasphemy, Free Speech, and Rationalism: An Interview with Sanal Edamaruku". The Humanist. Retrieved 2013-02-23. {{cite news}}: Check date values in: |date= (help)"Blasfemia, libertad de expresión, y el racionalismo: Una entrevista con Sanal Edamaruku". The Humanist/Europa Laicismo. March 2013. Archived from the original on 2013-02-23. Retrieved 2013-02-23.
  3. "Eagle & Eagle". Eagletv.co.uk. Archived from the original on 2010-11-30. Retrieved 2010-06-15.
  4. Doctorow, Cory. "Indian skeptic charged with "blasphemy" for revealing secret behind "miracle" of weeping cross". Boing Boing. Retrieved 2 June 2012.
  5. "മാതൃഭൂമി വാർത്ത". Archived from the original on 2013-03-21. Retrieved 2013-03-21.
  6. Intialaisskeptikko pakeni Suomeen
  7. http://zeenews.india.com/news/nation/rationalist-in-forced-exile-over-jesus-miracle_814520.html
  8. archive, From our online (2020-07-08). "Red Notice against prominent rationalist Sanal Edamaruku for conning woman". The New Indian Express (in ഇംഗ്ലീഷ്). Retrieved 2024-06-30.
  9. "Woman accuses rationalist Sanal Edamaruku of cheating". The Times of India. ISSN 0971-8257. Retrieved 2024-06-30.
  10. Today, The Nomad (2020-07-11). ""Sanal Edamaruku spoiled our dream of a better life in Finland"". The Nomad Today (in ഇംഗ്ലീഷ്). Retrieved 2024-07-01.
  11. archive, From our online (2020-07-08). "Red Notice against prominent rationalist Sanal Edamaruku for conning woman". The New Indian Express (in ഇംഗ്ലീഷ്). Retrieved 2024-06-30.
  12. International, Rationalist (2020-07-07). "Why the Catholic Church wants me back in India". Sanal Edamaruku (in ഇംഗ്ലീഷ്). Retrieved 2024-06-30.
  13. International, Rationalist (2020-07-07). "Why the Catholic Church wants me back in India". Sanal Edamaruku (in ഇംഗ്ലീഷ്). Retrieved 2024-06-30.
"https://ml.wikipedia.org/w/index.php?title=സനൽ_ഇടമറുക്‌&oldid=4094841" എന്ന താളിൽനിന്ന് ശേഖരിച്ചത്