കോടതികളിലോ മറ്റ് അധികാര സ്ഥാനങ്ങളിലോ ഒരാൾ ഒരു വിവാദ സംഭവത്തെക്കുറിച്ചോ, ബോധിപ്പിക്കേണ്ട വസ്തുതകളെകുറിച്ചോ സ്വമേധയാ, സത്യം ചെയ്ത് ബോധിപ്പിക്കുന്ന പ്രസ്താവനയും പ്രഖ്യാപനവും അടങ്ങുന്ന രേഖയാണ് അഫിഡവിറ്റ് അഥവാ സത്യവാങ്മൂലം. [1]

Vasil Levski's affidavit, 16 June 1872, Bucharest, Romania

ഇപ്രകാരം മൊഴികൊടുക്കുന്ന വ്യക്തി പ്രാരംഭമായി അഫിഡവിറ്റ് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മുൻപാകെ "ഞാൻ തീർച്ചയായും സത്യം ബോധിപ്പിക്കുന്നതാണ്" എന്നു പ്രതിജ്ഞ ചെയ്യുന്നു. മൊഴി നല്കുന്ന ആൾ യഥാർഥ വസ്തുതകളെക്കുറിച്ച് ഒരു പ്രസ്താവന ചെയ്യുകയും അതിൽ കൂടുതലായി അറിവില്ലെന്ന് ബോധിപ്പിക്കുകയും ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്യേണ്ടതാണ്. ഈ അഫിഡവിറ്റിൽ സത്യം ചെയ്യിക്കുന്ന ഉദ്യോഗസ്ഥൻ, താൻ അത് ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് രേഖപ്പെടുത്തി ഒപ്പുവെയ്കുന്നു. ഇതിനെ വെരിഫിക്കേഷൻ എന്നു പറയുന്നു. അഫിഡവിറ്റിൽ ഉദ്യോഗസ്ഥൻ തന്റെ പദവികൂടി എഴുതി ചേർക്കണ്ടതുണ്ട്. തന്റെ മുൻപിൽ സത്യം ചെയ്ത് ബോധിപ്പിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പുവയ്ക്കേണ്ടതും മുദ്ര പതിക്കേണ്ടതുമാണ്.[2]

അഫിഡവിറ്റ് നൽകുന്നയാളെ സത്യവാങ്മൂലകൻ (deponent) എന്നു പറയുന്നു. നോട്ടറി പബ്ലിക് എന്ന പദവിയുള്ളവരും, മറ്റുതരത്തിൽ അധികാരപ്പെടുത്തിയവരും, വക്കീലന്മാരുമാണ് സാധാരണയായി പ്രതിജ്ഞ എടുപ്പിക്കുന്നത്.

അഫിഡവിറ്റിനുവേണ്ടിയുള്ള ചടങ്ങുകൾ പ്രസ്തുത രേഖയുടെ തന്നെ സത്യാവസ്ഥയ്ക്ക് ഒരു തെളിവാണ്. പ്രതിജ്ഞ ചെയ്യുന്നതുകൊണ്ട് സത്യവും കളങ്കരഹിതവുമാണെന്ന ഒരു ഉറപ്പ് ഇതിലുണ്ട്. വ്യവഹാരമധ്യേ ഉണ്ടാകാറുള്ള നടപടികളിൽ ഒരു തെളിവായി ഇത് കോടതികൾ അംഗീകരിക്കാറുണ്ട്. ഇന്ത്യയിൽ രേഖകളും മറ്റും കൈമോശം വന്നുപോയി എന്ന തെളിവിലേക്കും മൈനർ ആയ കുട്ടികളെ പ്രത്യേകമായി ഏതെങ്കിലും കാര്യങ്ങളിൽ ഏർപ്പെടാൻ മാതാപിതാക്കൾ അനുമതി നൽകുന്നതിന്റെ ഭാഗമായും ഒക്കെ സാധാരണ അഫിഡവിറ്റുകൾ ഹാജരാക്കാറുണ്ട്.

'അഫിഡവിറ്റും' 'സത്യം ചെയ്യുന്നതും' തമ്മിൽ വ്യത്യാസമുണ്ട്. മനഃപൂർവം കളവു ബോധിപ്പിക്കുമ്പോൾ ദൈവകോപം ഉണ്ടാകുമെന്ന ഭയത്തെ അടിസ്ഥാനമാക്കി വിവാദ സംഗതിയെക്കുറിച്ച് കോടതിയിലോ ട്രൈബ്യൂണലുകളിലോ തെളിവെടുക്കുന്ന മറ്റ് അധികാരസ്ഥാനങ്ങൾക്ക് മുൻപാകെയോ നല്കുന്ന മൊഴിയാണ് 'സത്യം ചെയ്യുക' എന്നത്. സത്യം ചെയ്ത് ഔപചാരികമായി രേഖപ്പെടുത്തുന്നതാണ് അഫിഡവിറ്റ്. ഇവ രണ്ടും ഇന്ത്യ, ഇംഗ്ളണ്ട്, യു.എസ്. എന്നിവിടങ്ങളിൽ പ്രാബല്യത്തിലുണ്ട്. ഇന്ത്യയിൽ ജനറൽ ക്ലോസസ് നിയമം അഫിഡവിറ്റ് എന്നാൽ എന്താണെന്ന് നിർവ്വചിച്ചിരിക്കുന്നു. ഇന്ത്യൻ പ്രതിജ്ഞാ നിയമം 1873 ആണ് അഫിഡവിറ്റുകളുമായി ബന്ധപ്പെട്ട നിയമം പ്രതിപാദിക്കുന്നത് [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-24. Retrieved 2011-10-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2011-10-08.
  3. അഫിഡവിറ്റുകളുമായി ബന്ധപ്പെട്ട നിയമം പ്രതിപാദിക്കുന്നത്
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫിഡവിറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സത്യവാങ്മൂലം&oldid=3646667" എന്ന താളിൽനിന്ന് ശേഖരിച്ചത്