നിരായുധീകരണ പ്രവർത്തകനും ജയിൻ സന്ന്യാസിയും ഗാന്ധിയനും പത്രാധിപരുമാണ് രാജസ്ഥാൻ സ്വദേശിയായ സതീഷ് കുമാർ (ജനനം: 1936 ആഗസ്ത് 9 [3]). ബ്രിട്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'റിസർജൻസ് ആൻഡ് ഇക്കോളജിസ്റ്റ്' മാസികയുടെ പത്രാധിപരാണ് [4]. നിലവിൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന സതീഷ്, ഷൂമാക്കർ കോളേജ് ഇന്റർനാഷണൽ സെന്റർ ഫോർ ഇക്കോളജിക്കൽ സ്റ്റഡീസ്, 'ദി സ്മാൾ സ്‌കൂൾ' എന്നിവയുടെ ഡയറക്ടറാണ്. ആണവനിരായുധീകരണമെന്ന മുദ്രാവാക്യവുമായി മലയാളിയായ സുഹൃത്ത് ഇ.പി. മേനോനോടൊപ്പം 1960 കളുടെ ആദ്യം ന്യൂഡൽഹിയിൽ നിന്ന് വാഷിങ്ടൺ വരെ കാൽനടയായി നടത്തിയ 'സമാധാന മാർച്ച്' ആണ് സതീഷിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി [5]. രാഷ്ട്രീയമാകട്ടെ, സാമൂഹികമാകട്ടെ, ഏത് സംവാദത്തിന്റെയും കേന്ദ്രബിന്ദു പ്രകൃതിയോടുള്ള അർച്ചനയാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സതീഷ്.

സതീഷ് കുമാർ
Satish Kumar (2009)
ജനനം (1936-08-09) 9 ഓഗസ്റ്റ് 1936  (88 വയസ്സ്)
തൊഴിൽപത്രാധിപർ
സംഘടന(കൾ)റീസർജൻസ് & ഇക്കോളജിസ്റ്റ്
അറിയപ്പെടുന്നത്Founder, Schumacher College & The Small School
പ്രസ്ഥാനംNuclear disarmament;
Environmental Sustainability
ബോർഡ് അംഗമാണ്; 
RSPCA[2]
പങ്കാളി(കൾ)June Mitchell
കുട്ടികൾമുക്തി കുമാർ മിഷേൽ,മായാ കുമാർ മിഷേൽ
പുരസ്കാരങ്ങൾHonorary Doctorate in Education, Plymouth University; Honorary Doctorate in Literature, University of Lancaster; Honorary Doctorate in Law, University of Exeter; Jamnalal Bajaj International Award[2]

ജീവിതരേഖ

തിരുത്തുക

രാജസ്ഥാനിലെ ശ്രീ ദുൻഗർഗഡിലാണ് സതീഷ് ജനിച്ചത്[3]. ഒൻപത് വയസ്സുള്ളപ്പോൾ വീടുവിട്ട് പോയി ജയിൻ സന്ന്യാസിയായി. പതിനെട്ടാം വയസ്സിൽ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകം സതീഷ് വായിച്ചു. അത് വലിയ സ്വാധീനം ചെലുത്തി. സന്ന്യാസി ജിവിതം ഉപേക്ഷിച്ച് വിനോബ ഭാവെയുടെ വിദ്യാർഥിയായി സതീഷ് മാറുന്നത് അങ്ങനെയാണ്. ഗാന്ധിജിയുടെ പ്രമുഖ ശിക്ഷ്യനായിരുന്നു വിനോബ ഭാവെ. അഹിംസ, ഭൂപരിഷ്‌ക്കരണ ആശയങ്ങൾ തുടങ്ങിയവ ഗാന്ധിയൻ രീതിയിൽ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി [6]

ലോകപര്യടനം

തിരുത്തുക

ആണവവിമുക്തലോകത്തിനായി യുവാക്കൾ രംഗത്ത് വരണമെന്ന പ്രമുഖ ചിന്തകൻ ബെർട്രാൻഡ് റസ്സലിന്റെ ആഹ്വാനം ചെവിക്കൊണ്ടാണ് മലയാളിയായ ഇ.പി.മേനോനൊടൊപ്പം സതീഷ് കാൽനടയായി ലോകപര്യടനം ആരംഭിച്ചത്. അന്ന് ആണവശക്തിയായിരുന്ന നാല് രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ (മോസ്‌കോ, പാരിസ്, ലണ്ടൻ, വാഷിങ്ടൺ ഡിസി) ബന്ധിപ്പിച്ചുകൊണ്ട് കാൽനടയായുള്ള സമാധാന മാർച്ചാണ് ഇരുവരും പദ്ധതിയിട്ടത്. 'സമാധാനത്തിനുള്ള തീർഥാടനം' ('Pilgrimage for peace') എന്നാണ് തങ്ങളുടെ കാൽനട യാത്രയ്ക്ക് സതീഷും മേനോനും പേരിട്ടത്.

ലോകപര്യടനം തുടങ്ങുന്നതിന് മുമ്പ് ഇരുവരും തങ്ങളുടെ ആചാര്യനായ വിനോബ ഭാവെയെ സന്ദർശിച്ച് അനുഗ്രഹം തേടി. യാത്രയിലുടനീളം പാലിക്കാൻ രണ്ട് നിർദ്ദേശങ്ങളാണ് ആചാര്യം അവർക്ക് നൽകിയത്. മനുഷ്യരിലും അവരുടെ ആതിഥ്യമര്യാദയിലും വിശ്വാസമർപ്പിച്ച് യാത്രചെയ്യുക. അതിനാൽ പണമോ മുൻകൂട്ടി തയ്യാറാക്കിയ യാത്രാപരിപാടിയോ കൈവശം വേണ്ട. ഇതായിരുന്നു ആദ്യ ഉപദേശം. രണ്ടാമത്തേത്, യാത്രയിലുടനീളം സസ്യഭക്ഷണം മാത്രം ശീലമാക്കുക.[7]

ഗാന്ധിസമാധിയിൽനിന്ന് തുടക്കം

തിരുത്തുക
 
ഇ.പി. മേനോനും സതീഷ് കുമാറും 1962ൽ ന്യൂഡൽഹിയിൽ ഗാന്ധി സമാധിയിൽ നിന്ന് ലോകസമാധാന യാത്ര തുടങ്ങുന്നു

ന്യൂഡൽഹിയിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി 1962 ജൂൺ ഒന്നിനാണ് ലോകയാത്ര ആരംഭിച്ചത്. കാൽനടയായി ചെന്ന് വൻശക്തി രാഷ്ട്രങ്ങളിലെ ഭരണതലവൻമാരോട് മനുഷ്യരാശിയുടെ നന്മയെ കരുതി ആണവായുധങ്ങൾ ഉപേക്ഷിക്കാൻ നേരിട്ട് അഭ്യർഥിക്കുക, ലോകമെങ്ങും സമാധാന സന്ദേശം എത്തിക്കുക ഇതായിരുന്നു യാത്രയുടെ ലക്ഷ്യം. ഇരുവരും ആദ്യം നടന്നെത്തിയത് പാകിസ്താനിലേക്കാണ്. ഹൃദയപൂർവമായ സ്വീകരണമാണ് ആ സമാധാന പോരാളികൾക്ക് പാകിസ്താനിൽ ലഭിച്ചത്. നടന്നെത്തുന്നത് എവിടെയാണോ, അവിടെ ആര് അഭയം കൊടുക്കുന്നോ അവിടെ -ഒരു പോലീസ് സ്‌റ്റേഷനാകാം, ഗ്രാമീണഭവനമാകാം, സമ്പന്നനായ ഒരാളുടെ ബംഗ്ലാവാകാം- രാത്രി അവർ നൽകുന്നത് കഴിച്ച് അവിടെ തലചായ്ച്ച് പിറ്റേന്ന് വീണ്ടും യാത്ര തുടരുകയായിരുന്നു രീതി. വെജിറ്റേറിയനിസം മുറുകെ പിടിച്ചത് ചില പ്രശ്‌നങ്ങൾ യാത്രികർക്കും ആതിഥേയർക്കും സൃഷ്ടിച്ചു എന്നത് വാസ്തവം.

നാല് 'സമാധാന തേയിലപാക്കറ്റുകൾ'

തിരുത്തുക

പാകിസ്താനിൽനിന്ന് അഫ്ഗാനിസ്താൻ, ഇറാൻ, അർമേനിയ, ജോർജിയ, കാക്കാസസ് പർവ്വതമേഖല എന്നിവ പിന്നിട്ട് യാത്ര തുടർന്ന സതീഷും മേനോനും മോസ്‌കോയിലെത്തി. പിന്നീട് പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ്. പാരിസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ ആണവവിരുദ്ധ പ്രകടനം നടത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും ഇംഗ്ലണ്ടിലേക്ക് അധികൃതർ 'നാടുകടത്തി'. ഇംഗ്ലണ്ടിൽ നിന്ന് കപ്പർമാർഗ്ഗം അമേരിക്കയിലെത്തിയ ആ യുവാക്കൾ നടന്നു താണ്ടിയത് 15,000 കിലോമീറ്റർ.[7]

ജോർജിയയിൽ വെച്ചുണ്ടായ ഒരനുഭവം മേനോൻ ആ ലോകപര്യടനത്തെക്കുറിച്ചെഴുതിയ 'Footprints on Friendly Roads' (പേജ് 171-172) എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളത് ഇങ്ങനെ:

""വഴിയിൽ വലിയൊരു തേയില സംസ്‌ക്കരണ ഫാക്ടറിയുണ്ടായിരുന്നു. നൂറുകണക്കിന് തൊഴിലാളികൾ അതിന്റെ ഗേറ്റിലെത്തി ഞങ്ങളെ അഭിവാദ്യം ചെയ്തു. ഫാക്ടറി സന്ദർശിക്കാൻ ക്ഷണിച്ചു. അന്നത്തെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുമെന്ന വേവലാതിയുണ്ടായിരുന്നെങ്കിലും, സ്‌നേഹപൂർവമായ ആ ക്ഷണം ഞങ്ങൾക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഫാക്ടറിക്കുള്ളിൽ ഒരുസംഘം കുട്ടികൾ ഞങ്ങൾക്കൊരു ഗാർഡ് ഓഫ് ഓണൽ നൽകി....പെട്ടെന്ന് ഒരു മനുഷ്യൻ മുന്നോട്ട് വന്ന് നാലുപാക്കറ്റ് തേയില ഞങ്ങളെ ഏൽപ്പിച്ചിട്ട് പറഞ്ഞു: 'പ്രിയ സഖാക്കളേ, ഏറ്റവും മികച്ച സമാധാന പോരാളികളാണ് നിങ്ങൾ. ബോംബുകളുപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഈ കുട്ടികൾ നമ്മളെ കുറ്റപ്പെടുത്തും. ഈ നാലുപാക്കറ്റ് തേയില നിങ്ങൾ വാഷിങ്ടണിലേക്ക് കൊണ്ടുപോകണം. മോസ്‌കോയിലെത്തുമ്പോൾ ഇതിൽ ആദ്യ പാക്കറ്റ് സഖാവ് ക്രൂഷ്‌ച്ചേവിന് നൽകുക, രണ്ടാമത്തേത് ഫ്രാൻസിൽ ഡി ഗോളിക്ക് നൽകണം. മൂന്നാമത്തേത് ബ്രിട്ടനിലെ മാക്മില്ലണും, അടുത്തത് വൈറ്റ്ഹൗസിലും നൽകുക. എന്നിട്ട് ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ അഭ്യർഥിക്കുക: 'ആണവബട്ടണിൽ വിരലമർത്തുംമുമ്പ് ഇതുകൊണ്ട് ചായയിട്ട് കുടിക്കുക' അപ്പോഴവരുടെ തലച്ചോർ ശാന്തമാകും, മനുഷ്യവർഗം സുരക്ഷിതമായിരിക്കും."" രാത്രാവേളയിൽ ആ 'സമാധാനതേയില പാക്കറ്റു'കൾ നാല് ആണവശക്തി രാജ്യങ്ങളിലെ തലവൻമാർക്ക് നൽകാൻ യാത്രികർ മറന്നില്ല.

ഹിരോഷിമയിലും നാഗസാക്കിയിലും

തിരുത്തുക

കാൽനടയായുള്ള ആ ലോകപര്യടനത്തിനിടെ ബർട്രാൻഡ് റസ്സൽ, ലൈനസ് പോളിങ്, മാർട്ടിൻ ലൂതർ കിങ് ജൂനിയർ, പേൾ എസ്.ബക്ക്, ഗായിക ജോൺ ബേസ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖ വ്യക്തികളെ നേരിൽ കാണാനും ലോകസമാധാനത്തെക്കുറിച്ച് ചർച്ച നടത്താനും ഇരുവർക്കും കഴിഞ്ഞു. 1964 ജനവരി 7 ന് വാഷിങ്ടണിലെ ആർലിങ്ടണിൽ കെന്നഡിയുടെ ശവകുടീരത്തിൽ ഔപചാരികമായി ആ സമാധാന യാത്ര അവസാനിച്ചു.

ആറ്റംബോംബിന്റെ ഭീകരത നേരിട്ടനുഭവിച്ച ഹിരോഷിമയും നാഗസാക്കിയും സന്ദർശിക്കാതെ ആ ദൗത്യം പൂർത്തിയാക്കരുതെന്ന ജപ്പാനിലെ സമാധാന പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് മേനോനും സതീഷും അമേരിക്കയിൽനിന്ന് വിമാനമാർഗ്ഗം ജപ്പാനിലെത്തി. ടോക്യോയിൽനിന്ന് ഹിരോഷിമയിലെക്ക് കാൽനടയായി മാർച്ച് നടത്തി. 1964 ആഗസ്ത് 4 ന് ഹിരോഷിമയിലെത്തി. ആ ആഗസ്ത് 9 ന് നാഗസാക്കിയിലും സന്ദർശനം നടത്തി.[8]

  1. Kumar, Satish. 2000. "Path without destination: The long walk of a gentle hero", Belief.net. Accessed: 20 July 2012.
  2. 2.0 2.1 "About Satish", Resurgence. Accessed: 16 June 2012.
  3. 3.0 3.1 "Path Without Destination. The Long Walk of a Hero. Accessed: 2 Jan 2016.
  4. "Resurgence & Ecologist Magzine. About Satish. Accessed: 2 Jan 2016.
  5. "നടന്ന് താണ്ടിയ വൻകരകൾ. Archived 2014-10-15 at the Wayback Machine. കെ.വിശ്വനാഥ്, മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ 12, 2014
  6. "Walking The World For Peace. Reflections from the editor of Resurgence. Accessed: 2 Jan 2016.
  7. 7.0 7.1 Footprints on Friendly Roads, by E P Menon. 2001. Minerva Press, New Delhi.
  8. "ഡൽഹി-മോസ്‌കോ-വാഷിങ്ടൺ: ഒരു നടത്തത്തിന്റെ കഥ". ജോസഫ് ആന്റണി, കുറിഞ്ഞി ഓൺലൈൻ, മെയ് 13, 2015
"https://ml.wikipedia.org/w/index.php?title=സതീഷ്_കുമാർ&oldid=3646647" എന്ന താളിൽനിന്ന് ശേഖരിച്ചത്