എടത്തിൽ പ്രഭാകരൻ മേനോൻ (ഇ.പി.മേനോൻ. ജനനം: 1936[1]) പ്രമുഖ ഗാന്ധിയനും നിരായുധീകരണ പ്രവർത്തകനും ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരനുമാണ്. ആണവനിരായുധീകരണമെന്ന മുദ്രാവാക്യവുമായി സുഹൃത്ത് സതീഷ് കുമാറിനൊപ്പം 1960 കളുടെ ആദ്യം ന്യൂഡൽഹിയിൽനിന്ന് വാഷിങ്ടൺ വരെ കാൽനടയായി സഞ്ചരിച്ച വ്യക്തിയാണ് മേനോൻ.[1]

എടത്തിൽ പ്രഭാകരൻ മേനോൻ
2015ൽ കോഴിക്കോട് വെച്ച് എടുത്ത ചിത്രം
ജനനം1936
സംഘടന(കൾ)ഫ്രണ്ട്‌സ് ഓഫ് വേൾഡ് കോളേജ്
പ്രസ്ഥാനംഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിൽ ചെറുവത്തേരിയിലെ പോലീസ് ഓഫീസറായ എടത്തിൽ ഈശ്വരമേനോന്റെയും പാർവതി അമ്മയുടെയും മകനായി 1936ലാണ് ഇ.പി.മേനോൻ ജനിച്ചത്. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പതിനാറാം വയസ്സിൽ 1952 ൽ നാടുവിട്ട് വാർധയിലെ ഗാന്ധി ആശ്രമത്തിലെത്തി. അവിടെ വെച്ച് വാർധ കൊമേഴ്‌സ് കോളേജിലെ കോട്ടയത്തുകാരനായ ഇംഗ്ലീഷ് പ്രൊഫസർ എസ്.കെ.ജോർജിന്റെ പ്രേരണ പ്രകാരം മേനോൻ ഇന്റർമീഡിയറ്റിന് ആ കോളേജിൽ ചേർന്നു.

കോളേജ് പഠനകാലത്ത് ആചാര്യ വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിൽ മേനോൻ ആകൃഷ്ടനായി. 18 വയസ്സുള്ളപ്പോൾ തുടർപഠനം ഉപേക്ഷിച്ച് കൊൽക്കത്തയിലെത്തി വിനോബ ഭാവെയുടെ പ്രവർത്തനത്തിൽ പങ്കാളിയായി. രാജ്യത്തെ പാവങ്ങൾക്കായി ഭൂമി സമാഹരിക്കാൻ ഭാവെ നടത്തിയ അഞ്ചുവർഷം നീണ്ട പദയാത്രയിൽ പങ്കെടുത്തു. അതിന് ശേഷം വിനോബ ഭാവെയുടെ നിർദ്ദേശപ്രകാരം ബാംഗ്ലൂരിൽ സർവോദയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.[1]

ലോകപര്യടനം

തിരുത്തുക

ആ സമയത്താണ് ആണവമുക്തലോകത്തിനായി യുവാക്കൾ മുന്നോട്ടു വരണമെന്ന പ്രമുഖ ചിന്തകൻ ബെർട്രാൻഡ് റസ്സലിന്റെ ആഹ്വാനം മേനോൻ വായിക്കുന്നത്. റസ്സലിന്റെ ആഹ്വാനം ശിരസ്സാവഹിച്ച് മേനോനും രാജസ്ഥാൻ സ്വദേശിയായ സതീഷ് കുമാറും കൂടി കാൽനടയായി ലോകപര്യടനം തുടങ്ങുകയായിരുന്നു. അന്ന് ആണവശക്തിയായിരുന്ന നാല് രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ (മോസ്‌കോ, പാരിസ്, ലണ്ടൻ, വാഷിങ്ടൺ ഡിസി) ബന്ധിപ്പിച്ചുകൊണ്ട് കാൽനടയായുള്ള സമാധാന മാർച്ചാണ് ഇരുവരും പദ്ധതിയിട്ടത്. 'സമാധാനത്തിനുള്ള തീർഥാടനം' ('Pilgrimage for peace') എന്നാണ് തങ്ങളുടെ കാൽനട യാത്രയ്ക്ക് സതീഷും മേനോനും പേരിട്ടത്.[2]

ലോകപര്യടനം തുടങ്ങുന്നതിന് മുമ്പ് ഇരുവരും തങ്ങളുടെ ആചാര്യനായ വിനോബ ഭാവെയെ സന്ദർശിച്ച് അനുഗ്രഹം തേടി. വിനോബ ഭാവ അവരോട് പറഞ്ഞ വാക്കുകൾ ഇതായിരുന്നു:

'മനുഷ്യവർഗത്തിൽ പൂർണ വിശ്വാസമർപ്പിക്കുക. നിങ്ങൾ വിജയിക്കും. എല്ലാ ആശംസകളും'.[3]

യാത്രയിലുടനീളം പാലിക്കാൻ രണ്ട് നിർദ്ദേശങ്ങൾ വിനോബ ഭാഭ അവർക്ക് നൽകി. മനുഷ്യരിലും അവരുടെ ആതിഥ്യമര്യാദയിലും വിശ്വാസമർപ്പിച്ച് യാത്രചെയ്യുക. അതിനാൽ പണമോ മുൻകൂട്ടി തയ്യാറാക്കിയ യാത്രാപരിപാടിയോ കൈവശം വേണ്ട. ഇതായിരുന്നു ആദ്യ ഉപദേശം. യാത്രയിലുടനീളം സസ്യഭക്ഷണം മാത്രം ശീലമാക്കുക എന്നതായിരുന്നു രാണ്ടാമത്തെ ഉപദേശം.[2]

തുടക്കം ഗാന്ധിസമാധിയിൽനിന്ന്

തിരുത്തുക
 
ഇ.പി. മേനോനും സതീഷ് കുമാറും 1962ൽ ന്യൂഡൽഹിയിൽ ഗാന്ധി സമാധിയിൽ നിന്ന് ലോകസമാധാന യാത്ര തുടങ്ങുന്നു

ന്യൂഡൽഹിയിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി 1962 ജൂൺ ഒന്നിന് മേനോനും സതീഷും ലോകയാത്ര ആരംഭിച്ചു. കാൽനടയായി ചെന്ന് വൻശക്തി രാഷ്ട്രങ്ങളിലെ ഭരണതലവൻമാരോട് മനുഷ്യരാശിയുടെ നന്മയെ കരുതി ആണവായുധങ്ങൾ ഉപേക്ഷിക്കാൻ നേരിട്ട് അഭ്യർഥിക്കുക, ലോകമെങ്ങും സമാധാന സന്ദേശം എത്തിക്കുക ഇതായിരുന്നു യാത്രയുടെ ലക്ഷ്യം.

ഇരുവരും ആദ്യം നടന്നെത്തിയത് പാകിസ്താനിലേക്കാണ്. ഹൃദയപൂർവമായ സ്വീകരണമാണ് ആ സമാധാന പോരാളികൾക്ക് പാകിസ്താനിൽ ലഭിച്ചത്. നടന്നെത്തുന്നത് എവിടെയാണോ, ആര് അഭയം കൊടുക്കുന്നോ അവിടെ -അതൊരു പോലീസ് സ്‌റ്റേഷനാകാം, ഗ്രാമീണഭവനമാകാം, സമ്പന്നന്റെ ബംഗ്ലാവാകാം- അവർ നൽകുന്നത് കഴിച്ച് രാത്രി അവിടെ തലചായ്ച്ച് പിറ്റേന്ന് വീണ്ടും യാത്ര തുടരുക. ഇതായിരുന്നു രീതി. വെജിറ്റേറിയനിസം മുറുകെ പിടിച്ചത് ചില പ്രശ്‌നങ്ങൾ യാത്രികർക്കും ആതിഥേയർക്കും സൃഷ്ടിച്ചു.

കാൽനടയായി താണ്ടിയത് 15000 കിലോമീറ്റർ

തിരുത്തുക

പാകിസ്താനിൽനിന്ന് അഫ്ഗാനിസ്താൻ, ഇറാൻ, അർമേനിയ, ജോർജിയ, കാക്കാസസ് പർവ്വതമേഖല എന്നിവ പിന്നിട്ട് യാത്ര തുടർന്ന സതീഷും മേനോനും മോസ്‌കോയിലെത്തി. പിന്നീട് പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ്. പാരിസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ ആണവവിരുദ്ധ പ്രകടനം നടത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും മൂന്നുദിവസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് അധികൃതർ 'നാടുകടത്തി'. ഇംഗ്ലണ്ടിൽ നിന്ന് കപ്പർമാർഗ്ഗം അമേരിക്കയിലെത്തിയ ആ യുവാക്കൾ നടന്നു താണ്ടിയത് 15,000 ലേറെ കിലോമീറ്റർ.[2]

'സമാധാന തേയിലപാക്കറ്റുകൾ'

തിരുത്തുക

ജോർജിയയിൽ വെച്ചുണ്ടായ ഒരനുഭവം മേനോൻ ആ ലോകപര്യടനത്തെക്കുറിച്ചെഴുതിയ 'Footprints on Friendly Roads' (പേജ് 171-172) എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളത് ഇങ്ങനെ:

'വഴിയിൽ വലിയൊരു തേയില സംസ്‌ക്കരണ ഫാക്ടറിയുണ്ടായിരുന്നു. നൂറുകണക്കിന് തൊഴിലാളികൾ അതിന്റെ ഗേറ്റിലെത്തി ഞങ്ങളെ അഭിവാദ്യം ചെയ്തു. ഫാക്ടറി സന്ദർശിക്കാൻ ക്ഷണിച്ചു. അന്നത്തെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുമെന്ന വേവലാതിയുണ്ടായിരുന്നെങ്കിലും, സ്‌നേഹപൂർവമായ ആ ക്ഷണം ഞങ്ങൾക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഫാക്ടറിക്കുള്ളിൽ ഒരുസംഘം കുട്ടികൾ ഞങ്ങൾക്കൊരു ഗാർഡ് ഓഫ് ഓണൽ നൽകി....പെട്ടെന്ന് ഒരു മനുഷ്യൻ മുന്നോട്ട് വന്ന് നാലുപാക്കറ്റ് തേയില ഞങ്ങളെ ഏൽപ്പിച്ചിട്ട് പറഞ്ഞു: 'പ്രിയ സഖാക്കളേ, ഏറ്റവും മികച്ച സമാധാന പോരാളികളാണ് നിങ്ങൾ. ബോംബുകളുപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഈ കുട്ടികൾ നമ്മളെ കുറ്റപ്പെടുത്തും. ഈ നാലുപാക്കറ്റ് തേയില നിങ്ങൾ വാഷിങ്ടണിലേക്ക് കൊണ്ടുപോകണം. മോസ്‌കോയിലെത്തുമ്പോൾ ഇതിൽ ആദ്യ പാക്കറ്റ് സഖാവ് ക്രൂഷ്‌ച്ചേവിന് നൽകുക, രണ്ടാമത്തേത് ഫ്രാൻസിൽ ഡി ഗോളിക്ക് നൽകണം. മൂന്നാമത്തേത് ബ്രിട്ടനിലെ മാക്മില്ലണും, അടുത്തത് വൈറ്റ്ഹൗസിലും നൽകുക. എന്നിട്ട് ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ അഭ്യർഥിക്കുക: 'ആണവബട്ടണിൽ വിരലമർത്തുംമുമ്പ് ഇതുകൊണ്ട് ചായയിട്ട് കുടിക്കുക' അപ്പോഴവരുടെ തലച്ചോർ ശാന്തമാകും, മനുഷ്യവർഗം സുരക്ഷിതമായിരിക്കും.'

പക്ഷേ, ആ നാല് രാഷ്ട്രതലവൻമാരെയും തങ്ങളുടെ സമാധാന പര്യടനവേളയിൽ നേരിൽ കാണാൻ മേനോനും സതീഷിനും കഴിഞ്ഞില്ല. ഓരോ തലസ്ഥാനത്തും ദൂതൻമാർ മുഖേന അവർ ആ തേയിലപാക്കറ്റുകൾ രാഷ്ട്രതലവൻമാർക്ക് എത്തിച്ചുകൊടുത്തു.[2]

ഹിരോഷിമയും നാഗസാക്കിയും

തിരുത്തുക

കാൽനടയായുള്ള ആ ലോകപര്യടനത്തിനിടെ ബർട്രാൻഡ് റസ്സൽ, ലൈനസ് പോളിങ്, മാർട്ടിൻ ലൂതർ കിങ് ജൂനിയർ, പേൾ എസ്.ബക്ക്, ഗായിക ജോൺ ബേസ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖ വ്യക്തികളെ നേരിൽ കാണാനും ലോകസമാധാനത്തെക്കുറിച്ച് ചർച്ച നടത്താനും ഇരുവർക്കും കഴിഞ്ഞു.

1964 ജനവരി 7 ന് വാഷിങ്ടൺ ഡിസിയിലെ ആർലിങ്ടണിൽ കെന്നഡിയുടെ ശവകുടീരത്തിൽ ഔപചാരികമായി ആ സമാധാന യാത്ര അവസാനിച്ചു. യാത്ര അവസാനിച്ചതിനെക്കുറിച്ച് തൻറെ യാത്രാവിവരണത്തിൽ (പേജ് 381) മേനോൻ ഇങ്ങനെ കുറിച്ചു:

'ഗാന്ധിജിയുടെ സമാധിയിൽനിന്ന് കെന്നഡിയുടെ കല്ലറയിലേക്കാണ് സമാധാന മാർച്ച് എത്തിയത്. രാജ്ഘട്ടിൽനിന്ന് ആർലിങ്ടണിലേക്ക്! സമാധാനത്തിന്റെ വിത്തുകൾ തേടി രാജ്യഹൃദയങ്ങളിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചെത്തിയത്. ഞങ്ങൾ പക്ഷേ, കണ്ടത് അക്രമത്തിന്റെ വൻമരങ്ങളാണ്! എങ്കിലും, മനുഷ്യവംശത്തിന്റെ ഇരുണ്ട ഭാവിയിൽ പ്രതീക്ഷയുടെ ചില ജ്വാലകൾ കാണാം'.

ആറ്റംബോംബിന്റെ ഭീകരത നേരിട്ടനുഭവിച്ച ഹിരോഷിമയും നാഗസാക്കിയും സന്ദർശിക്കാതെ ആ ദൗത്യം പൂർത്തിയാക്കരുതെന്ന ജപ്പാനിലെ സമാധാന പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് മേനോനും സതീഷും അമേരിക്കയിൽനിന്ന് വിമാനമാർഗ്ഗം ജപ്പാനിലെത്തി. ടോക്യോയിൽനിന്ന് ഹിരോഷിമയിലെക്ക് കാൽനടയായി മാർച്ച് നടത്തി. 1964 ആഗസ്ത് 4 ന് ഹിരോഷിമയിലെത്തി. ആ ആഗസ്ത് 9 ന് നാഗസാക്കിയിലും സന്ദർശനം നടത്തി.

യാത്ര പൂർത്തിയാക്കി വീണ്ടും ന്യൂഡൽഹിയിൽ ഗാന്ധി സമാധിയിലെത്തിയ കാര്യം വിവരിക്കുമ്പോൾ മേനോൻ ഇങ്ങനെ രേഖപ്പെടുത്തി: 'ഭൂമി ഉരുണ്ടതാണെന്ന് ഞങ്ങളുടെ പാദങ്ങൾ കണ്ടെത്തി, ഭൂമിയിൽ എല്ലായിടത്തും മനുഷ്യർ ഒരുപോലെയാണെന്ന് ഞങ്ങളുടെ ഹൃദയങ്ങളും'.[4]

ഗ്രന്ഥങ്ങൾ

തിരുത്തുക

ആ സമാധാന മർച്ചിനെക്കുറിച്ച് ഇ.പി.മേനോൻ ഇംഗ്ലീഷിൽ രചിച്ച യാത്രാവിവരണമാണ് 'Footprints on Friendly Roads'. ഒരു ഡയറിക്കുറിപ്പിന്റെ ഘടനയാണ് 508 പേജുള്ള ഈ ഗ്രന്ഥത്തിനുള്ളത്. ന്യൂഡൽഹിയിലെ മിനർവ പ്രസ്സ് 2001ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ, 28 മാസവും 10 ദിവസവും നീണ്ട ലോകയാത്രയിലെ അനുഭവങ്ങളാണ് കുറിപ്പുകളുടെ രൂപത്തിൽ സമാഹരിച്ചിരിക്കുന്നത്. കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചും തങ്ങളോട് ഇടപഴകുന്ന ജനങ്ങളെപ്പറ്റിയും ആണവനിരായുധീകരണത്തെക്കുറിച്ചുമുള്ള വിവരണങ്ങളാണ് ഏറെയും.[4] യാത്രാവിവരണം കൂടാതെ ഇംഗ്ലീഷിൽ മൂന്ന് ലഘുനോവലുകളും മേനോൻ രചിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ പ്രവർത്തനം

തിരുത്തുക

ലോകപര്യടനം കഴിഞ്ഞെത്തിയ മേനോൻ സർവോദയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി ബാംഗ്ലൂരിൽ താമസമാക്കി. ഒപ്പം, ഒരു ബദൽ വിദ്യാഭ്യാസരീതി വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിലും വ്യാപൃതനായി. ക്രിസ്ത്യൻ അനുഷ്ഠാനസംഘമായ 'ക്വാക്കേഴ്‌സു'മായുള്ള കൂടിക്കാഴ്ചയാണ് ബദൽവിദ്യാഭ്യാസ മേഖലയിലേക്ക് മേനോനെ ആകർഷിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 'ലോകപൗരൻമാരുമായി ചേർന്ന് 'ഫ്രണ്ട്‌സ് ഓഫ് വേൾഡ് കോളേജ്' എന്ന പ്രസ്ഥാനം മേനോൻ ആരംഭിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡ് ആസ്ഥാനമായുള്ള ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം, വിദ്യാഭ്യാസത്തിലൂടെ ഒരു ആഗോളസംസ്‌ക്കാരം പ്രചരിപ്പിക്കുക എന്നതായിരുന്നു. ദക്ഷിണേഷ്യയിലെ ആ പ്രസ്ഥാനത്തിന്റെ മേധാവിയായി മേനോൻ 20 വർഷം പ്രവർത്തിച്ചു.[5] നിലവിൽ ഇന്ത്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരനാണ് അവിവാഹിതനായ മേനോൻ.[6]. 50 വർഷത്തിലേറെയായി ബാംഗ്ലൂരിലാണ് മേനോന്റെ താമസം.

പുരസ്കാരം

തിരുത്തുക

2015 ലെ ജി. കുമാരപിള്ള - ഐ.എം. വേലായുധൻ മാസ്റ്റർ പുരസ്‌കാരത്തിന് ഇ.പി. മോനോൻ അർഹനായി.[7]

  1. 1.0 1.1 1.2 "നടന്ന് താണ്ടിയ വൻകരകൾ. Archived 2014-10-15 at the Wayback Machine. കെ.വിശ്വനാഥ്, മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ 12, 2014
  2. 2.0 2.1 2.2 2.3 Footprints on Friendly Roads, by E P Menon. 2001. Minerva Press, New Delhi.
  3. E.P. Menon Blog
  4. 4.0 4.1 "ഡൽഹി-മോസ്‌കോ-വാഷിങ്ടൺ: ഒരു നടത്തത്തിന്റെ കഥ". ജോസഫ് ആന്റണി, കുറിഞ്ഞി ഓൺലൈൻ, മെയ് 13, 2015
  5. "Long walk for nuclear disarmament" The Hindu, Feb 10, 2003
  6. India Development Foundation Archived 2016-01-17 at the Wayback Machine. Web Site
  7. "ജി.കുമാരപിള്ള - ഐ.എം.വേലായുധൻ മാസ്റ്റർ പുരസ്‌കാരം ഇ.പി.മോനോന് Archived 2016-03-04 at the Wayback Machine. മാതൃഭൂമി, സെപ്തംബർ 11, 2015
"https://ml.wikipedia.org/w/index.php?title=ഇ.പി._മേനോൻ&oldid=3924663" എന്ന താളിൽനിന്ന് ശേഖരിച്ചത്