സംവാദം:യേശുക്രിസ്തുവിന്റെ കുരിശുമരണം

സംവാദം ചേർക്കുക
There are no discussions on this page.

ഈ ലേഖനം പൂർത്തീകരിക്കുവാൻ 2 ദിവസം സമയം ആവശ്യമാണ്.-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:49, 21 ഡിസംബർ 2010 (UTC)

"യഹൂദമത നേതൃത്വത്തിന്റെ കാപട്യവും കപടഭക്തിയും യേശു തന്റെ പ്രസംഗങ്ങളിലൂടെ തുറന്നു കാണിച്ചു. യേശുവിന്റെ ഉപദേശങ്ങളിലും താൻ ചെയ്ത അത്ഭുതങ്ങളിലും അടയാളങ്ങളിലും രോഗസൌഖ്യത്തിലുമെല്ലാം ആകൃഷ്ടരായ ഒരു വലിയ സമൂഹം യേശുവിൽ വാഗ്ദത്ത മശിഹയെ ദർശിച്ചു. ഇത് യഹൂദാ മതമേലധികാരികളെ ചൊടിപ്പിക്കുകയും യേശുവിനെ കൊന്നുകളയുവാൻ തക്കം പാർത്തിരിക്കുകയും ചെയ്തു." രണ്ടു സഹസ്രാബ്ദക്കാലം യഹൂദവിരോധത്തിന്റെ തീയിൽ എണ്ണയൊഴിച്ചിരുന്ന version, മറുവശം കാണാതെ ആവർത്തിച്ചിരിക്കുകയാണ് ഇവിടെ. യേശുവിന്റെ കുരിശുമരണത്തിന്റെ മത-രാഷ്ട്രീയ-ചരിത്രസാഹചര്യങ്ങൾ അതിസങ്കീർണ്ണമാണെന്ന് ഇന്ന് മിക്കവരും സമ്മതിക്കുന്നുണ്ട്. അതിനെക്കുറിച്ച്, പ്രബുദ്ധതയുള്ള വേദപ്രചാരകർ പോലും ഇന്ന് ഇങ്ങനെയൊന്നും എഴുതില്ല. വിജ്ഞാനകോശത്തിൽ ഇത്തരം ഏകപക്ഷീയമായ വിവരണത്തിന് ഒരു സ്ഥാനവുമില്ല. ലേഖനം മുഴുവൻ ഇങ്ങനെയാണ്.Georgekutty

യഹൂദ മത നേതാക്കന്മാരുടെ കപട ഭക്തിക്കും പാരമ്പര്യങ്ങൾക്കും നേരെ യേശു വിമർശനം നടത്തിയെന്നത് സത്യമാണ്. "വെള്ളയടിച്ച ശവകല്ലറകളെ" എന്ന കഠിനമായ പദം വരെ യേശു ഉപയോഗിച്ചു. റോമൻ നുകത്തിൽ നിന്ന് തങ്ങളെ മിശിഹാ രക്ഷിക്കുമെന്ന യഹൂദന്മാരുടെ പ്രതിക്ഷക്കൊത്ത് യേശു ഉയരാത്തതും, രാജാവാകാൻ ഭാവിക്കാതെ എളിയ ജീവിതം നയിക്കാൻ യേശു തീരുമാനിച്ചതും അവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. പക്ഷെ മിശിഹാ യെശയ്യാവ് 53-അം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതുപോലെ മരിക്കേണ്ടതാണ് എന്ന പ്രവചനം അവർ മറന്നു.

കുടാതെ ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്ത് ഫലം കയ്ക്കുന്ന മറ്റൊരു ജനതയ്ക്ക് കൊടുക്കപെടുമെന്നും യേശു പറഞ്ഞു. അങ്ങനെയാണ് യഹൂദരല്ലാത്ത വിജാതിയർക്കും യേശുവിന്റെ മരണത്തിന്റെ പ്രയോജനം ലഭിക്കാനിടയായത്. പക്ഷേ യേശുവിനെ ക്രുശിചെന്ന പേരിലാണ് യഹൂദന്മാരെ ഇന്നോളം പീഡിപ്പിക്കുന്നത്. ആദിമ ക്രൈസ്തവരിൽ ഭൂരിഭാഗവും യഹൂദരായിരുന്നെന്ന വസ്തുത ഈ ലേഖനത്തിൽ നൽകണം. കൂടാതെ നുറ്റാണ്ടുകളോളം യഹൂദർ പിഡിപ്പിക്കപെട്ടെന്ന വസ്തുതയും. അല്ലെങ്കിൽ ലേഖനം സന്തുലിതമല്ലാതാവും--സ്നേഹശലഭം:സം‌വാദം 18:21, 21 ഡിസംബർ 2010 (UTC)

ഈ ലേഖനത്തിന്റെ സന്തുലിത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. യേശുവിന്റെ കുരിശുമരണത്തിന്റെ ജൂത കാഴ്ചപാടും , ഇസ്ലാമിക വീക്ഷണവും, മറ്റ് ക്രൈസ്തവേതര വീക്ഷണവും പരാമർശിക്കാത്ത ലേഖനം വിക്കി നിലവാരം പുലർത്തുന്നതേയില്ല എന്ന പറയേണ്ടി വരുന്നതിൽ വ്യസനമുണ്ട്.--Fuadaj 18:45, 21 ഡിസംബർ 2010 (UTC)

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് വിക്കിയിൽ ലേഖനമെഴുതുമ്പോൾ സുവിശേഷങ്ങളിലെ അത്മാർത്ഥതയുള്ള ആഖ്യാനങ്ങളുടെ വികൃതമായ ഒരു കോമ്പിനേഷൻ ഉണ്ടാക്കിയാൽ പോര. സുവിശേഷങ്ങളെ പ്രസക്തമായിടത്ത് ഉദ്ധരിക്കാം. അവയിലെ പീഡാനുഭവകഥയെ ആശ്രയിക്കുകയും ചെയ്യാം. എന്നാൽ കുരിശുമരണത്തെ മനുഷ്യചരിത്രത്തിലെ ഒരു സംഭവമായി അവതരിപ്പിക്കുമ്പോൾ സുവിശേഷങ്ങളെ മാത്രം ആശ്രയിച്ചാൽ പോരാ. സുവിശേഷഭാഷ്യങ്ങളുടെ വിമർശനാത്മകമായ വിശകലനങ്ങളേയും മറ്റു പഠനങ്ങളേയും കൂടി ആശ്രയിക്കണം. സുവിശേഷങ്ങൾ ചരിത്രരേഖകളല്ല. അവ അടിസ്ഥാനപരമായി വിശ്വാസത്തിന്റെ രേഖകളാണ്. ചരിത്രത്തിനൊപ്പം ഭക്തിയുടേയും സാഹിത്യഭാവനയുടേയും കണ്ടെത്തലുകൾ കൂടി വലിയ അളവിൽ ചേർന്നതാണ് അവ. സുവിശേഷാഖ്യാനത്തെ അപ്രമാദിത്വമുള്ള ദൈവവെളിപാടായി വിശ്വാസിക്ക് കാണാം. എന്നാൽ വൈജ്ഞാനികസ്വഭാവമുള്ള ഒരു ലേഖനം എഴുതാൻ ശ്രമിക്കുമ്പോൾ, സുവിശേഷങ്ങളേയും വിമർശനബുദ്ധിയോടെ കാണേണ്ടി വരും. പഴയനിയമം യേശുവിന്റെ പീഡാനുഭവം പ്രവചിച്ചിട്ടുണ്ടെന്നൊക്കെപ്പറയുന്നത് വിശ്വാസത്തിന്റെ ഭാഷ്യമാണ്. അതു തെറ്റാണെന്നല്ല. എന്നാൽ അതിനെ വിശ്വാസത്തിന്റേയും ഭാഷ്യമെന്ന നിലയിൽ മാത്രം അവതരിപ്പിക്കുന്നതാണു സത്യസന്ധത. ഇത് എന്റേയോ മറ്റൊരാളുടേയോ വ്യക്തിപരമായ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ല. ബൗദ്ധികസത്യസന്ധതയുടെ പ്രശ്നമാണ്.Georgekutty 14:46, 22 ഡിസംബർ 2010 (UTC)

യേശുവിന്റെ വധത്തിന്റെ മുഖ്യ ഉത്തരവാദിത്വം യഹൂദനേതൃത്വത്തിനല്ല, റോമിന്റെ സാമ്രാജ്യത്വഭരണത്തിനാണെന്ന് ഇന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷങ്ങളിൽ പോലും ഇതിന്റെ സൂചനയുണ്ട്. "അനേകർ നശിക്കാതിരിക്കാനായി ഒരാൾ മരിക്കുന്നതാണു ഭേദമെന്നു" മുഖ്യപുരോഹിതൻ പറയുന്നതു സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട്. മതത്തിന്റെ മേഖലയിലെ പരിഷ്കർത്താക്കളേയും വിമതന്മാരേയും കാര്യമായൊരളവിൽ accommodate ചെയ്യാനുള്ള സഹിഷ്ണുത യഹൂദമതനേതൃത്വത്തിനുണ്ടായിർന്നു. മുൻ‌കാലങ്ങളിലെ പ്രവാചകന്മാർ വിമർശിച്ചതിലും വലിയ വിമർശനമൊന്നും യഹൂദനേതൃത്വത്തിനും പൗരോഹിത്യത്തിനും എതിരേ യേശു നടത്തിയിട്ടില്ല. എന്നാൽ റോമൻ സൈനികശക്തിയുടെ കീഴിൽ കഴിയുമ്പോൾ, സാധാരണദൃഷ്ടിയിൽ രാഷ്ട്രീയമാനങ്ങളുള്ള സന്ദേശം അവതരിപ്പിച്ച ഒരു റിബൽ യഹൂദനേതൃത്വത്തെ ഭയപ്പെടുത്തി. വീണ്ടുവിചാരമില്ലാത്തെ വിമോചനാഹ്വാനങ്ങൾ യഹൂദരെ അതിനു മുൻപും പിൻപും വലിയ വിനാശങ്ങളിൽ എത്തിച്ചിട്ടുണ്ട്. യേശുവിന്റെ മരണത്തിന് നാലു ദശകത്തിനകം ക്രി.വ.70-ൽ അത്തരമൊരു പ്രസ്ഥാനം അവരുടെ ദേവാലയത്തിന്റേയും നഗരത്തിന്റേയും നാശത്തിൽ കലാശിച്ചു. പിന്നെയും അര നൂറ്റാണ്ടിലധികം കഴിഞ്ഞ് ക്രി.വ.135-ൽ ബാർ കൊക്കബ എന്നൊരാളുടെ നേതൃത്വത്തിൽ ഉണ്ടായ ഒരു മുന്നേറ്റം അവരെ സർവനാശത്തിലെത്തിച്ചു. യേശുവിന്റെ ദൗത്യത്തോടുള്ള യഹൂദനേതൃത്വത്തിന്റെ പ്രതികരണത്തെ സ്വാധീനിച്ചത് അതു പിടിവിട്ടുപോയാൽ റോം അതിനെ എങ്ങനെ നേരിടും എന്ന ഭയമാണ്. ഇന്നു മിക്കവാറും പഠനങ്ങൾ ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതൊന്നും സൂചിപ്പിക്കാതെ യഹൂദനേതൃത്വം കുശുമ്പുകുത്തി യേശുവിനെ കൊന്നു എന്ന മട്ടിലൊക്കെ എഴുതുന്നതു ശരിയല്ല.Georgekutty 15:11, 22 ഡിസംബർ 2010 (UTC)

യോജിക്കുന്നു. എഡി 66-ൽ ജനറൽ സെസ്റ്റിയസ് ഗാലസിന്റെ കിഴിലുള്ള റോമൻ സൈന്യം യെരുശലേം നഗരം വളഞു. പിന്നീട് 4 വർഷത്തെ ഇടവേളക്കു ശേഷം എഡീ 70-ൽ യെരുശലേം നശിക്കപെട്ടു. രക്തകലുഷിതമായിരുന്നു ആ യുദ്ധം. എഡി 66 മുതൽ 70 വരെ ഉപരോധവും സാമുഹികയുദ്ധവും യെരുശലേമിനെ വേട്ടയാടി. 10 ലക്ഷം യഹൂദന്മാരാണ് വധിക്കപെട്ടത്. പക്ഷേ "സൈന്യങ്ങൾ യെരുശലേമിനെ വളയുന്നത് കാണുമ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടി പോകട്ടെ" എന്ന് യേശു പറഞ്ഞതനുസരിച്ച ക്രിസ്ത്യാനികൾ രക്ഷപെട്ടിരിക്കണം.--സ്നേഹശലഭം:സം‌വാദം 17:08, 30 ഡിസംബർ 2010 (UTC)
"യേശുക്രിസ്തുവിന്റെ കുരിശുമരണം" താളിലേക്ക് മടങ്ങുക.