ഷാവൂത്ത്
യഹൂദമതത്തിലെ ഒരു പ്രമുഖ വിശേഷദിനമാണ് ഷാവൂത്ത് (Shavuot). ഹീബ്രൂ കലണ്ടറിലെ സിവാൻ മാസത്തിലെ ആറാം ദിവസം ഇത് ആഘോഷിക്കപ്പെടുന്നു. സീനായി മലയിൽ വെച്ച് യഹോവ ഇസ്രായേൽ ജനത്തിന് ന്യായപ്രമാണ ഗ്രന്ഥമായ തോറ നൽകിയതിനെ ഈ ദിനത്തിൽ അനുസ്മരിക്കുന്നു.
ഷാവൂത്ത് | |
---|---|
ഇതരനാമം | വാരോത്സവം |
ആചരിക്കുന്നത് | യഹൂദമതം |
പ്രാധാന്യം | മൂന്ന് തീർത്ഥാടകപ്പെരുന്നാളുകളിലൊന്ന്. തോറയിലെ അഞ്ച് പുസ്തകങ്ങളുടെ വെളിപ്പെടുത്തൽ , ഈജിപ്തിൽ നിന്നുള്ള ഇസ്രയേല്യരുടെ മോചനത്തിന്റെ 49-ആം ദിനം (ഏഴ് ആഴ്ചക്കാലം). ഇസ്രായേലിലെ ഗോതമ്പു വിളവെടുപ്പ് കാലം. |
ആഘോഷങ്ങൾ | പെരുന്നാൾ സദ്യ. രാത്രി മുഴുവനുള്ള തോറ പഠനം, രൂത്തിന്റെ പുസ്തകം പാരായണം ചെയ്യുക. പാലുൽപ്പന്നങ്ങൾ ഭക്ഷിക്കുക. ഭവനങ്ങളും സിനഗോഗുകളും സസ്യങ്ങൾ കൊണ്ട് അലങ്കരിക്കുക |
ആരംഭം | സിവാൻ മാസത്തിലെ 6-ആം തീയതി |
അവസാനം | സിവാൻ മാസത്തിലെ 7-ആം തീയതി(ഇസ്രായേലിൽ: 6-ആം തീയതി) |
തിയ്യതി | 6 Sivan |
2024-ലെ തിയ്യതി | |
ബന്ധമുള്ളത് | പെസഹാ |
ഷാവൂത്തിന്റെ തീയതി പെസഹയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒമേറിന്റെ(കറ്റകളുടെ) എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനമാണിത്. പെസഹയുടെ രണ്ടാം ദിവസം മുതൽ ആരംഭിക്കുന്ന കറ്റകളുടെ എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനം ഷാവൂത്ത് പെരുന്നാളായി ആചരിക്കണമെന്ന് തോറ അനുശാസിക്കുന്നു. തോറ ലഭിക്കുന്നതിനായി 49 ദിവസം (7 ആഴ്ചവട്ടം)കാത്തിരുന്നതിനെ പുനരാവിഷ്കരിക്കുന്നതിനാണ് ഈ കറ്റയെണ്ണൽ നടത്തുന്നത്. ഷാവൂത്ത് എന്ന വാക്കിന്റെ അർത്ഥം ആഴ്ചകൾ എന്നാണ്. പെസഹായ്ക്കു അൻപതാം ദിവസം (49 ദിവസങ്ങൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാൽ 'അൻപതാം ദിനം' എന്നർത്ഥമുള്ള പെന്തിക്കൊസ്തി എന്ന പേരിലും ഷാവൂത്ത് അറിയപ്പെട്ടിരുന്നു.
പെസഹായെ വീണ്ടെടുപ്പിന്റെയും വിമോചനത്തിന്റെയും അനുസ്മരണമെന്ന നിലയിൽ ആചരിക്കുന്ന യഹൂദർ ഷാവൂത്തിനെ ഒരു ദേശമായുള്ള ദൈവസമർപ്പണത്തിന്റെ അനുസ്മരണമായി കരുതുന്നു. യഹൂദരുടെ മൂന്ന് തീർത്ഥാടകപ്പെരുന്നാളുകളിൽ ഒന്നാണ് ഷാവൂത്തെങ്കിലും മറ്റ് രണ്ടു പെരുന്നാളുകളുടെ അത്ര വലിയ ആഘോഷങ്ങൾ ഇതിനില്ല. തീവ്രമതനിയമങ്ങൾ പാലിക്കാത്ത ജൂത സമൂഹങ്ങൾ ഷാവൂത്തിന് വലിയ പ്രാധാന്യം കൊടുത്ത് കാണുന്നില്ല. പൊതുവേ ഇസ്രായേലിൽ ഇത് ഒരു ദിനവും ബാഹ്യ ഇസ്രായേൽ ജൂതരുടെയിടെയിൽ രണ്ടുനാൾ നീണ്ടു നിൽക്കുന്ന ആഘോഷവുമാണിത്.