റൂത്തിന്റെ പുസ്തകം

(രൂത്തിന്റെ പുസ്തകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈജിപ്തിൽ നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം (ഇംഗ്ലീഷ്: Book of Ruth). കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തിൽ ഈ പുസ്തകം, ന്യായാധിപൻ‌മാരുടെ പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന ശമുവേലിന്റെ ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജെറോമിന്റെ ലത്തീൻ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകൾ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാൽ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിൽ, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നിൽ, മറ്റു നാലുലഘുഗ്രന്ഥങ്ങളായ ഉത്തമഗീതം, വിലാപങ്ങൾ, സഭാപ്രസംഗകൻ, എസ്തേർ എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നത്.

പ്രവാസം

തിരുത്തുക

താരതമ്യേന അക്രമാസക്തമായ ഒരു കാലഘട്ടമാണ് ഈ കഥയുടെ പശ്ചാത്തലം. രാജ്യത്ത് രാജാവോ വ്യവസ്ഥാപിതമായ മറ്റേതെങ്കിലും ഭരണസം‌വിധാനമോ ഉണ്ടായിരുന്നില്ല. ന്യായാധിപന്മാരെന്നറിയപ്പെടുന്ന ജനനേതാക്കാൾ ചില ഇടവേളകളിൽ ജനങ്ങളെ ഒന്നിച്ചുനിർത്തിയെങ്കിലും, പൊതുവേ പറഞ്ഞാൽ സമൂഹം പേശീബലത്തിന്റെ യുക്തിയിലാണ് പ്രവർത്തിച്ചിരുന്നത്.[1] അക്കാലത്ത് ഇസ്രായേലിൽ ഒരു കൊടിയ ക്ഷാമമുണ്ടായപ്പോൾ ബേത്‌ലഹേംകാരൻ എലീമെലെക്ക് എന്നൊരാൾ ഭാര്യ നവോമിയും രണ്ടാൺ‌മക്കളുമായി അയൽ നാടായ മൊവാബിൽ കുടിയേറി. അവിടെ എലീമെലെക്ക് മരിച്ചു. പിന്നീട് അവരുടെ രണ്ടു മക്കളും‍ മൊവാബുകാരി പെൺകുട്ടികളെ വിവാഹം ചെയ്തു. എന്നാൽ താമസിയാതെ ആ ചെറുപ്പക്കാർ രണ്ടുപേരും മരിച്ചതോടെ നവോമിയും പുത്രഭാര്യമാരായ ഒർപ്പാ റൂത്ത് എന്നിവരും മാത്രമായി.

ദൈവം ഇസ്രായേലിനെ ദുർദ്ദിനങ്ങൾ മാറ്റി അനുഗ്രഹിച്ചിരിക്കുന്നുവെന്നറിഞ്ഞ നവോമി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവൾ മരുമക്കളോട് ഇങ്ങനെ പറഞ്ഞു: "നിങ്ങൾ ഇരുവരും മാതൃഭവനത്തിലേക്ക് മടങ്ങിപ്പോകുക. മരണമടഞ്ഞവരോടും എന്നോടും നിങ്ങൾ പെരുമാറിയതുപോലെ, നിങ്ങളോടു കർത്താവ് കരുണാപൂർ‌വം പെരുമാറട്ടെ. നിങ്ങൾ ഭത്തൃഗൃഹങ്ങളിലെത്തി സ്വസ്ഥത കണ്ടെത്താൻ കർത്താവ് ഇടവരുത്തട്ടെ". അവർ അവളെ വിട്ടുപോകാൻ വിസമ്മതിച്ചപ്പോൾ നവോമി പറഞ്ഞു: "എന്റെ പുത്രിമാരേ, തിരിച്ചുപൊയ്ക്കൊള്ളുക. നിങ്ങൾ എന്തിന് എന്നോടൊത്തു വരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിത്തീരാൻ പുത്രന്മാർ ഇനിയും എന്റെ ഉദരത്തിലുണ്ടോ? വേണ്ട, നിങ്ങളുടെ വഴിക്കു പൊയ്ക്കൊള്ളുക. കർത്താവിന്റെ കരം എനിക്കെതിരെ വന്നിരിക്കുന്നതുകൊണ്ടു ഞാൻ നിങ്ങളെക്കുറിച്ചു കഠിനമായി വ്യസനിക്കുന്നു." ഇതുകേട്ട് ഒർപ്പാ നവോമിമിയെ ചുംബിച്ച് യാത്ര പറഞ്ഞെങ്കിലും റൂത്ത് അവളോട് ഒട്ടിച്ചേർന്നു നിന്ന് പറഞ്ഞു.

അമ്മയെ വേർപിരിയാനോ അമ്മയെ അനുഗമിക്കുന്നതിൽ നിന്നു പിന്തിരിയാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നിടത്ത് ഞാനും വരും. അമ്മ വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ജനം എന്റെ ജനം; അമ്മയുടെ ദൈവം എന്റെ ദൈവം. അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് സംസ്കരിക്കപ്പെടും. മരണത്താലല്ലാതെ ഞാൻ അമ്മയിൽ നിന്ന് വേർപിരിഞ്ഞാൽ‍ കർത്താവ് ഇതും ഇതിലധികവും എന്നോടു ചെയ്യട്ടെ.[2]

റുത്തും ബോവസും

തിരുത്തുക

യാത്ര ചെയ്ത് നവോമിയും റൂത്തും യവം കൊയ്യുന്ന കാലത്ത് ‍ബേത്‌ലഹേമിൽ എത്തി. നയോമിയുടെ ഭർത്താവിന്റെ ബന്ധുവായി ബോവസ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. റൂത്ത് നയോമിയോടു പറഞ്ഞു. "ഞാൻ വയലിലെക്ക് പോകട്ടെ, എന്നിൽ ദയാദൃഷ്ടിയുള്ളവന്റെ അടുക്കൽ കാലാ പെറുക്കട്ടെ."[൧] അനുമതി കിട്ടിയ അവൾ എന്നും അയാളുടെ വയലിൽ കാലാ പെറുക്കാൻ പോയി. ബോവസ് അവളോട് കരുണാപൂർ‌വം പെരുമാറി. "ഞാൻ ഒരു പരദേശിയായിരിക്കെ, കാഴ്ചയിൽ തന്നെ എന്നോട് അങ്ങേക്ക് മതിപ്പുതോന്നാനും, എന്നെ ശ്രദ്ധിക്കാനും കാരണമെന്ത്" എന്ന് അവൾ അന്വേഷിച്ചപ്പോൾ "നീ നിന്റെ ശ്വശ്രുവിനുവേണ്ടി ചെയ്ത എല്ലാക്കാര്യങ്ങളും ഞാൻ വിശദമായി കേട്ടിരിക്കുന്നു" എന്നാണ് ബോവസ് മറുപടി പറഞ്ഞത്. ഇതൊക്കെയറിഞ്ഞ നവോമിയുടെ സാഹസബുദ്ധി, കഥയ്ക്ക് അമ്പരപ്പുണ്ടാക്കുന്ന ഒരു തിരിവു കൊടുത്തു.

ഒരു ദിവസം ശ്വശ്രുവായ നവോമി റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, നിന്റെ നന്മക്കായി നിനക്കൊരു ഭവനം ഞാൻ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, ഇന്നു രാത്രി ബോവസ് മെതിക്കളത്തിൽ യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. നീ കുളിച്ചു സുഗന്ധം പൂശി നല്ല വസ്ത്രങ്ങൾ ധരിച്ച് മെതിക്കളത്തിലെക്കു ചെല്ലുക. നീ അവിടെ ഉണ്ടെന്ന് അയാൾ അറിയരുത്. അയാൾ കിടന്നു കഴിയുമ്പോൾ ചെന്ന് കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക. നീ എന്തു ചെയ്യണമെന്ന് അയാൾ പറഞ്ഞുതരും.
പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു: 'നീ അരാണ്?' അവൾ മറുപടി പറഞ്ഞു: "അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാൻ. അങ്ങ് ഏറ്റവും അടുത്ത ചാർച്ചക്കാരനാണല്ലോ. അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് ഈ ദാസിയുടെമേൽ വിരിക്കുക." ബോവസ് മറുപടി പറഞ്ഞു: "എന്നേക്കാൾ അടുപ്പമുള്ള മറ്റൊരു ചാർച്ചക്കാരനുണ്ട്. ഈ രാത്രി കഴിയട്ടെ. ഉറ്റ ചാർച്ചക്കാരനു നിന്നോടുള്ള കടമ [൨]നിറവേറ്റാൻ അയാൾ ഒരുക്കമല്ലെങ്കിൽ, നിന്നോടുള്ള കടമ ഞാൻ നിറവേറ്റും".[3]

കഥാന്ത്യം

തിരുത്തുക
 
"ഓർപ്പാ നവോമിയെ ചുംബിച്ച് യാത്ര പറഞ്ഞു. എന്നാൽ റൂത്ത് അവളോട് ഒട്ടിച്ചേർന്ന് നിന്നു"(റൂത്ത് 1:14) - വില്യം ബ്ലേക്കിന്റെ 1795-ലെ രചന
 
റൂത്ത് ബോവസിന്റെ വയലിൽ, ജൂലിയസ് ഷ്നോർ വോൺ കരോൾസ്ഫീൽഡിന്റെ 1828-ലെ രചന

പിറ്റേന്ന് പ്രഭാതത്തിൽ നഗരകവാടത്തിൽ വിളിച്ചുകൂട്ടപ്പെട്ട അടുത്ത ചാർച്ചക്കാരന്റേയും സമൂഹനേതാക്കളുടേയും സമ്മതം വാങ്ങി ബോവസ് റുത്തിനെ ഭാര്യയായി സ്വീകരിച്ചു. അവരുടെ പുത്രൻ ഒബേദ് ഇസ്രായേലിന്റെ രാജാക്കാന്മാരിൽ ഏറ്റവും പ്രസിദ്ധനായ ദാവീദിന്റെ പിതാമഹനായിത്തീർ‍ന്നു. ദാവീദിന്റെ വംശാവലിയോടെയാണ് റുത്തിന്റെ പുസ്തകം സമാപിക്കുന്നത്. നസ്രായനായ യേശു ദാവീദ് വംശജനായിരുന്നു എന്നാണ് പുതിയ നിയമം പറയുന്നത്. മത്തായിയുടെ സുവിശേഷത്തിലുള്ള യേശുവിന്റെ വംശാവലിയിൽ റുത്ത് പരാമര്ശിക്കപ്പെടുന്നുണ്ട്[4].

വിലയിരുത്തൽ, ആസ്വാദനം

തിരുത്തുക

നാല് അദ്ധ്യായങ്ങൾ മാത്രമുള്ള റൂത്തിന്റെ പുസ്തകത്തിന് ആധുനിക കാലത്തെ ഒരു ചെറുകഥയുടെ വലിപ്പമാണ്. ചെറുകഥയെന്ന് അതിനെ വിശേഷിപ്പിക്കാറുമുണ്ട്. ആ കഥയുടെ സൗന്ദര്യം ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. അതിന്റെ ഏതാണട് മൂന്നിൽ രണ്ടോളം ഭാഗം സംഭാഷണമാണ്. "ഹെബ്രായ ബൈബിളിലെ ഏറ്റവും സുന്ദരമായ ലഘുശില്പം" എന്നാണ് ജർമ്മൻ കവി ഗെയ്ഥേ അതിനെ വിശേഷിപ്പിച്ചത്. [൩]ദാന്റേയും ബന്യനും [൪]ഒക്കെ റൂത്തിന്റെ പ്രഭാവത്തിൽ വന്നിട്ടുണ്ട്.

യഹൂദേതരരെ വളരെ സഹതാപപൂർ‌വം വീക്ഷിക്കുന്ന ഹെബ്രായ ബൈബിളിലെ രണ്ടു ഗ്രന്ഥങ്ങൾ പ്രവാചകനായ യോനായുടെ പുസ്തകവും റൂത്തിന്റെ പുസ്തകവുമാണ്. [5]ജാതി-ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കുചിത വീക്ഷണം തീരെയില്ലെന്നതാണ് റൂത്തിന്റെ കഥയുടെ ഒരു പ്രത്യേകത. യഹൂദരുടെ ശത്രുക്കളും അവർ വെറുപ്പോടെ നോക്കിയിരുന്നവരുമായ ഒരു ജനത ആയിരുന്നു മൊവാബുകാർ. മൊവാബിയരുടെ ഉത്ഭവം തന്നെ അഗമ്യഗമനത്തിൽ (incest) അണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു കഥ പോലും ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ കടന്നുകൂടിയിട്ടുണ്ട്. [൫] എന്നിട്ടും, ആ ജനതക്കിടയിൽ‍ നിന്നൊരുവളെ വിശ്വസ്തയും സുകൃതിനിയും ഇസ്രായേലിലെ ഏറ്റവും മഹാനായ രാജാവിന്റെ പൂർ‌വികയും ആയി ചിത്രീകരിക്കുന്ന കഥ എങ്ങനെ എഴുതപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്.

പേർഷ്യൻ ഭരണകാലത്ത് പ്രവാസം അവസാനിപ്പിച്ച് ജറുസലേമിൽ മടങ്ങിയെത്തിയ നവീകരണവാദികളായ ജനനേതാക്കൾ എസ്രായും നെഹമിയയും, ഇസ്രായേൽക്കാർ മറ്റു ജാതികളിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ എതിർക്കുകയും അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ പരിത്യജിക്കാൻ ഭർത്താക്കന്മാരെ നിർബ്ബന്ധിക്കുകയും ചെയ്തു. ആധുനികകാലത്തെ മൗലികവാദികളുടേതിന് സമാനമായ ഒരു നവീകരണസംരംഭമായിരുന്നു അവരുടേത്. സങ്കുചിതമായ ഈ നിലപാടിനെ വിമർശിച്ച് എഴുതപ്പെട്ടതാണ് റൂത്തിന്റെ പുസ്തകം എന്ന് വാദിക്കുന്നവരുണ്ട്.[6] എന്നാൽ സങ്കുചിത നിലപാടിനെ വിമർശിച്ചെഴുതിയ ഒരു കല്പിത കഥയിലെ കഥാപാത്രങ്ങളല്ല ജീവിച്ചിരുന്ന മനുഷ്യരാണ് റൂത്തും നവോമിയും ബോവസുമൊക്കെയെന്നും വാദമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ യഹൂദജനതയുടെ ചരിത്രം എഴുതിയ ഫ്ലാവിയസ് ജോസഫ് തന്റെ കൃതിയിൽ, റൂത്തിന്റെ പുസ്തകത്തിലെ വിവരങ്ങൾ, ഹെബ്രായ ബൈബിളിലെ മറ്റു ചരിത്രഗ്രന്ഥങ്ങളിൽ നിന്നെടുത്ത വിവരങ്ങൾ പോലെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[7]

ഈ കൃതിയിലെ മുഖ്യകഥാപാത്രങ്ങൾ രണ്ടും സ്ത്രീകളാണെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ വസ്തുത കണക്കിലെടുത്ത് ഇതിനെ സ്ത്രീപക്ഷവായനക്ക്(Feminist reading) വിധേയമാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. പുരുഷമേധാവിത്വസമൂഹം അടിച്ചേല്പ്പിച്ച പരാധീനതകൾ ഉണ്ടായിരുന്നിട്ടും നവോമിയും റൂത്തും ഈ കഥയിൽ പ്രകടിപ്പിക്കുന്ന വിശ്വസ്തതയും ലക്ഷ്യബോധവും ആണ് ഇത്തരം വായനയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.[8] റുത്തിന്റെ കഥ 'സൃഷ്ടിച്ചത്' ഒരു വനിത ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുക വയ്യ.[൬]

കുറിപ്പുകൾ

തിരുത്തുക

^ കൊയ്ത്തിനിടയിൽ താഴെ വീണുപോകുന്ന ധാന്യക്കതിരുകൾ, കൊയ്ത്തുകാർക്ക് പിറകേ നടന്ന് പെറുക്കുന്നതിനാണ് കാലാ പെറുക്കുക എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിന് gleaning എന്നാണ് പറയുക.

^ സന്താനങ്ങൾ ജനിക്കുന്നതിന് മുൻപ് ഭർത്താവു മരിക്കുന്ന സ്ത്രീയെ ഭർത്താവിന്റെ സഹോദരന്മാരിൽ ഒരുവൻ ഭാര്യയായി സ്വീകരിക്കണമെന്ന മോശെയുടെ നിയമത്തിലെ [9]അനുശാസനമാണ് ഇവിടെ ചാർച്ചക്കാരന്റെ കടമയായി പരാമർശിക്കപ്പെടുന്നത്.

^ "The Most beautiful little whole of the Hebrew Bible"

^ സ്വർഗ്ഗത്തിലെ അനുഗൃഹീതാത്മാത്ക്കൾ‍ക്കിടയിൽ റൂത്തിനെ കണ്ടതായി ദാന്റേ ഡിവൈൻ കോമഡിയിൽ പറയുന്നുണ്ട്. "Gleaner-maid, meek ancestress of him, who sang the songs Of sore repentance in his sorrowful mood" എന്നാണ് ദാന്റേ റൂത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. [10]. ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രസിലെ 'ദയ' (Mercy) എന്ന കഥാപാത്രത്തിന്റെ മാതൃക റൂത്താണ്. [11]

^ പൂർ‌വപിതാവായ അബ്രാഹമിന്റെ അനന്തരവനായ ലോത്തിന് സ്വന്തം മകളിൽ ജനിച്ച മകനായിരുന്നുപോലും മൊവാബുകാരുടെ പൂർ‌വികൻ.[12]

^ The audience was probably village people and the story teller a professional bard, quite possibly a wise woman."[13]

  1. ന്യായാധിപന്മാരുടെ പുസ്തകം 19, 20, 21 അദ്ധ്യായങ്ങൾ
  2. റൂത്ത് അദ്ധ്യായം 1 - ഓശാന മലയാളം ബൈബിൾ
  3. റൂത്ത് അദ്ധ്യായം 3 - ഓശാന മലയാളം ബൈബിൾ
  4. മത്തായിയുടെ സുവിശേഷം 1:5
  5. The World of Israel's Sages and Poets - Cambridge Companion to the Bible
  6. Oxford Companion to the Bible
  7. കത്തോലിക്കാ വിജ്ഞാനകോശം
  8. The World of Israel's Sages and Poets - Cambridge Companion to the Bible
  9. നിയമാവർത്തനം 25:5-10
  10. ഡിവൈൻ കോമഡി - പറുദീസ, Canto XXXII
  11. പിൽഗ്രിംസ് പ്രോഗ്രസ് രണ്ടാം ഭാഗം
  12. ഉല്പത്തി 19:30-38
  13. Oxford Companion to the Bible
"https://ml.wikipedia.org/w/index.php?title=റൂത്തിന്റെ_പുസ്തകം&oldid=2370504" എന്ന താളിൽനിന്ന് ശേഖരിച്ചത്