ഷീല എഫ്. ഇറാനി
ഇന്ത്യൻ അധ്യാപികയും വിദ്യാഭ്യാസ പ്രവർത്തകയും മാനുഷിക പ്രവർത്തകയുമായിരുന്നു ഷീല എഫ്. ഇറാനി (ജീവിതകാലം: 6 ജൂൺ 1922 - 10 ഏപ്രിൽ 2003). രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു നേഴ്സ് എന്ന നിലയിൽ നടത്തിയ വിവിധ സന്നദ്ധപ്രവർത്തനങ്ങൾക്ക് ഷീലക്ക് വൈസ്രോയിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചു. പത്താം ലോകസഭയിലും (1995-96) കർണാടക നിയമസഭയിലും (1969-78) നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു ഷീല.
ഷീല എഫ്. ഇറാനി | |
---|---|
ജനനം | |
മരണം | ഏപ്രിൽ 10, 2003 | (പ്രായം 80)
തൊഴിൽ | അദ്ധ്യാപിക |
ജീവിതപങ്കാളി(കൾ) | ഫറൂക്ക് കെ. ഇറാനി |
കുട്ടികൾ | 3 |
മുൻകാലജീവിതം
തിരുത്തുക1922 ജൂൺ 6 ന് ഉത്തരഖണ്ഡിലെ നൈനിറ്റാളിലാണ് ഷീല ജനിച്ചത്. ജോർജ്ജ് എഗ്ബെർട്ട്, ഉന മൗദ് ഫെർഗൂസൺ എന്നിവരായിരുന്നു ഷീലയുടെ മാതാപിതാക്കൾ. ബോംബെയിലെ (ഇപ്പോഴത്തെ മുംബൈ) സെന്റ് മാർഗരറ്റ് കോളേജിൽ നിന്ന് ഷീല ടീച്ചർ പരിശീലന കോഴ്സ് പൂർത്തിയാക്കി.[1]
കരിയർ
തിരുത്തുകഡൽഹിയിൽ ഒരു നഴ്സറി സ്ക്കൂൾ അദ്ധ്യാപികയായിട്ടാണ് ഷീല തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, സെന്റ് ജോൺസ് ആംബുലൻസ് കോർപ്സിൽ ഒരു നഴ്സായി സന്നദ്ധസേവനം ചെയ്തു. ഈ കാലത്തെ പ്രവർത്തനങ്ങൾക്ക് ഷീലക്ക് വൈസ്രോയിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചു. 1968 ൽ ഷീല കർണാടകയിലെ മൈസൂരിൽ ഐഡിയൽ ജാവ റോട്ടറി ചിൽഡ്രൻസ് സ്കൂൾ സ്ഥാപിച്ചു. ഈ സ്ക്കൂൾ മൈസൂരിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായി പിന്നീട് മാറി. മൈസൂരിൽ ഷീല വിവിധ തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മൈസൂരിലെ കുഷ്‌ഠരോഗികളെ പരിചരിച്ചു. മൈസൂരിലെ ഒരു അനാഥാലയത്തിന്റെ വൈസ് പ്രസിഡന്റായും അവിടെ സ്ഥിതിചെയ്യുന്ന ഒരു മിഷൻ ആശുപത്രിയുടെ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഒരു സാനിറ്റോറിയത്തിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നു. കൂടാതെ ബാംഗ്ലൂരിലെ ദി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിന്റെയും കത്തീഡ്രൽ ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ മൈസൂർ കേന്ദ്രത്തിന്റെ അംഗമായും ഷീല പ്രവർത്തിച്ചിരുന്നു. 1980 - 81 കാലഘട്ടത്തിൽ ഇന്നർ വീൽസ് ക്ലബ് ഓഫ് ഇന്ത്യ ആന്റ് ശ്രീലങ്കയുടെ പ്രസിഡന്റായും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ ബോർഡ് ഓഫ് ഇന്നർ വീൽസിലെ അംഗമായും പ്രവർത്തിച്ചിരുന്നു.
1968 ൽ ഷീല ഇറാനി കർണാടക നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1978 വരെ കർണ്ണാടക നിയമസഭയിൽ അംഗമായി തുടർന്നു. 1993 നും 1995 നും ഇടയിൽ ഷീല ഇറാനി മൈസൂർ സർവകലാശാലയുടെ സെനറ്റിൽ സേവനമനുഷ്ഠിച്ചു. 1995-ൽ, ആംഗ്ലോ-ഇന്ത്യക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലൊന്നിൽ ഷീല പത്താം ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [2] ആൾ ഇന്ത്യ ആംഗ്ലോ-ഇന്ത്യൻ അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു ഷീല ഇറാനി. [3]
ചാമുണ്ഡി ചിൽഡ്രൻസ് ഹോമും അതിനോടനുബന്ധിച്ചുള്ള അനാഥാലയവും സ്ഥാപിച്ചത് ഷീല ഇറാനിയാണ്. [4] 25 വർഷത്തോളം ചാമുണ്ഡി ചിൽഡ്രൻസ് ഹോമിന്റെ പ്രസിഡന്റായിരുന്നു ഷീല.[5]
സ്വകാര്യ ജീവിതം
തിരുത്തുകപ്രശസ്ത യെസ്ഡി ബ്രാൻഡ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാക്കളായ മൈസൂരിലെ ഐഡിയൽ ജാവ മോട്ടോർസൈക്കിൾ ഫാക്ടറിയുടെ സ്ഥാപകരിലൊരാളായ ബിസിനസുകാരനായ ഫറൂക്ക് കെ. ഇറാനിയെ ഷീല വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് പുത്രന്മാരും ഒരു പുത്രിയും ഉണ്ട്.[6] വിവാഹത്തിനു ശേഷം 1951 -ൽ ഷീല കർണാടകയിലെ മൈസൂരിലേക്ക് താമസം മാറ്റി. [3] 2003 ഏപ്രിൽ 10 ന് ഷീല ഇറാനി അന്തരിച്ചു. [7]
അവലംബങ്ങൾ
തിരുത്തുക- ↑ admin (2013-04-16). "Remembering …: Sheila Irani : She brought futuristic change to school education" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-02.
- ↑ "Appointments". Data India. Press Institute of India: 234. 1995.
- ↑ 3.0 3.1 "Former MP Sheila Irani passes away". Zee News. 10 April 2003. Retrieved 6 November 2017.
- ↑ "Sheila Irani remembered by former teachers of IJRS". Archived from the original on 2021-09-02. Retrieved 2021-09-02.
- ↑ admin (2013-04-16). "Remembering …: Sheila Irani : She brought futuristic change to school education" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-02.
- ↑ "Former MP Sheila Irani passes away" (in ഇംഗ്ലീഷ്). 2003-04-10. Retrieved 2021-09-02.
- ↑ "Thirteenth Loksabha Session 14 Date:21-07-2003". Lok Sabha. Retrieved 6 November 2017.