വർഗ്ഗസമരം
സമൂഹത്തിലെ, വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെടുന്ന ജനവിഭാഗങ്ങളുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയെയുമാണ് വർഗ്ഗസമരം അഥവാ വർഗ്ഗവൈരുദ്ധ്യം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. "നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം (ലിഖിത ചരിത്രം) വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്" എന്ന മാനിഫെസ്റ്റോയിലെ പ്രസ്താവനയിൽ അധിഷ്ഠിതമായി വികസിച്ചുവന്നതാണ് വർഗ്ഗസമരത്തെക്കുറിച്ചുള്ള കാൾ മാർക്സിന്റെ കാഴ്ചപ്പാട്.[1] സാമൂഹിക മാറ്റത്തിന്റെ കാതലായ കാരണം വർഗ്ഗ സമരമാണെന്ന് കാൾ മാർക്സ് തന്റെ കൃതികളിലൂടെ വിവരിക്കുന്നു.
വർഗ്ഗ സമരം എന്ന ആശയം മാർക്സിന് മുന്നേ നിലനിന്നിരുന്നെങ്കിലും അതിന് ശാസ്ത്രീയവും യുക്തിഭദ്രവുമായ വിശദീകരണം നൽകിയത് മാർക്സാണ്. മാർക്സിന്റെ വിശദീകരണ പ്രകാരം തൊഴിലാളികൾ ബൂർഷ്വാകൾ എന്ന് രണ്ട് വർഗ്ഗമാണുള്ളത്. എല്ലാ ജനങ്ങളും വളരെ വേഗത്തിൽ ഇതിലേതെങ്കിലും വർഗ്ഗത്തിലേക്ക് മാറികൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ പൊതുതാൽപര്യവും ബൂർഷ്വാകളുടെ പൊതുതാൽപര്യവും നിരന്തരം സമരത്തിൽ ഏർപ്പട്ടിരിക്കുന്നു.
"പ്രാകൃത കമ്മ്യൂണിസ്റ്റ് സാമൂഹ്യ വ്യവസ്ഥയ്കുശേഷമുള്ള ഘട്ടങ്ങളിൽ, ജനങ്ങൾക്കിടയിൽ സമൂഹത്തെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം. ഇവർ ഒറ്റപ്പെട്ട വ്യക്തികളായല്ല, മറിച്ച് വ്യത്യസ്ത വർഗ്ഗങ്ങൾ ആയാണ് പെരുമാറുന്നത്" എന്ന് മാർക്സിസ്റ്റ് ചിന്തകനായ എമിൽ ബേൺസ് തന്റെ എന്താണ് മാർക്സിസം എന്ന പുസ്തകത്തിൽ വിവരിക്കുന്നു. [2]
ഒരേ നിലയ്കുള്ള ജീവിതം സാധിക്കുന്ന ഒരുവിഭാഗം ജനങ്ങളെയാണ് ഒരു വർഗ്ഗമെന്നുദ്ദേശിക്കുന്നത്. സ്വകാര്യ സ്വത്തിൻമേലുള്ള അവകാശവും നിയന്ത്രണവുമാണ് പ്രധാനമായും മനുഷ്യർ തമ്മിൽ വേർതിരിഞ്ഞ് പോരടിക്കുവാനിടയാക്കിയത്. അടിമത്ത കാലഘട്ടത്തിൽ പ്രധാനമായും സമൂഹം 'അടിമയെന്നും ഉടമയെന്നും' നാടുവാഴിസമൂഹത്തിൽ 'ഭൂപ്രഭുവെന്നും കുടിയാനെന്നും' മുതലാളിത്തത്തിൽ 'മുതലാളിയെന്നും തൊഴിലാളിയെന്നും' പ്രധാന ശത്രുതാത്മക വർഗ്ഗങ്ങളായി പരസ്പരം വൈരുദ്ധ്യത്തിലേർപ്പെടുന്നുവെന്ന് മാർക്സ് തന്റെ വിശകലനത്തിലൂടെ സമർത്ഥിക്കുന്നു. [3]
സ്വഭാവം
തിരുത്തുകവർഗ്ഗസമരത്തിന്റെ സ്വഭാവം എന്തെന്ന് സാമാന്യമായി ഇപ്രകാരം വിശദീകരിക്കാം : മുതലാളിത്ത വ്യവസ്ഥയിലെ ചൂഷക വർഗ്ഗത്തിന്റെ, മുതലാളിയുടെ, കൈവശമാണ് സ്വത്തിന്റെ ഉടമസ്ഥതയും ഉത്പാദനോപാധികളുടെ നിയന്ത്രണവും. ചൂഷിതവർഗ്ഗമായ തൊഴിലാളിക്ക് ഇവയുടെ ഉടമസ്ഥതയും നിയന്ത്രണവും ഉണ്ടാവുന്നുമില്ല. എന്നാൽ മുതലാളിക്ക് തന്റെ കൈവശമുള്ള സ്വത്ത് വർദ്ധിപ്പിക്കുന്നതിന് ലാഭം വർദ്ധിപ്പിക്കുന്നതിന് തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മറുവശത്ത് തൊഴിലാളികളെ സംബന്ധിച്ച് തന്റെ അദ്ധ്വാനം വിറ്റ്, പ്രാഥമിക ജീവിതാവശ്യങ്ങൾ നേടുന്നതിനാവശ്യമായ, ഉപജീവനത്തിനാവശ്യമായവ നേടുന്നതിന് മുതലാളിയുടെ നിയന്ത്രണത്തിലുള്ള ഉത്പാദനപ്രക്രിയയിൽ പങ്കെടുക്കേണ്ടതുമുണ്ട്. ഇതിനായി ഇരുകൂട്ടരും തമ്മിൽ അദൃശ്യമായ ഒരു സാമൂഹ്യകരാറിലേർപ്പെടുന്നുണ്ട്. ഈ കരാറിലെ പ്രധാനവ്യവസ്ഥ, അതായത് മുതലാളിക്ക് ലാഭം കിട്ടണമെന്നും തൊഴിലാളിക്ക് കൂലി കിട്ടണമെന്നുമുള്ള വ്യവസ്ഥ, നിരന്തരം പുതുക്കണമെന്നാണ് ഓരോകൂട്ടരും ആഗ്രഹിക്കുന്നത്. മുതലാളിമാർക്ക് കൂടുതൽ ലാഭം കിട്ടുന്നതിനായി അവർ കൂലി കുറയ്കാനോ, അദ്ധ്വാനത്തെ കൂടുതൽ ഫലപ്രദമായി ചൂഷണം ചെയ്യാനോ ശ്രമിക്കുന്നു. അദ്ധ്വാനിക്കുന്നവരുടെ ജീവിതാവശ്യങ്ങൾ അധികമധികം സാധിപ്പിക്കാറാകുന്നതിന് കൂലി വർദ്ധിപ്പിച്ച് ലാഭം കുറയ്കണമെന്ന് തൊഴിലാളികളും ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമായി ഇരുകൂട്ടരും തമ്മിൽ സദാസംഘട്ടനം നടക്കുകയും ഓരോ സംഘട്ടനവും ഒരു ഘട്ടത്തിലെത്തുമ്പോൾ അതിലൊരു ഒത്തുതീർപ്പുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയാണ് മുതലാളിത്തകാലഘട്ടത്തിൽ വർഗ്ഗസമൂഹം വികസിക്കുന്നത്. [4]
അവലംബങ്ങൾ
തിരുത്തുക- ↑ Marxists Internet Archive, retrieved 2013 ജൂലൈ 10
{{citation}}
: Check date values in:|accessdate=
(help) - ↑ എമിൽ, ബേൺസ് (1984). എന്താണ് മാർക്സിസം. ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം. p. 13.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help) - ↑ MARX AND CLASS CONFLICT, retrieved 2013 ജൂലൈ 10
{{citation}}
: Check date values in:|accessdate=
(help) - ↑ നമ്പൂതിരിപ്പാട്, ഇ.എം.എസ് (1990). മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം. സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം. p. 126.
{{cite book}}
: Cite has empty unknown parameters:|1=
and|coauthors=
(help); Unknown parameter|month=
ignored (help)