വ്യവസായസ്ഥാപനങ്ങളിൽ ജോലിയിൽ വ്യാപൃതരായിരിക്കെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങളെയാണ് വ്യാവസായിക അപകടങ്ങൾ എന്നു പറയുന്നത്. വ്യവസായ വിപ്ലവാനന്തരം പാശ്ചാത്യനാടുകളിൽ തൊഴിലാളിക്ഷേമം ആധുനികജനതയുടെ പരിഗണനയെ ക്രമാതീതമായി ആകർഷിക്കുവാൻ തുടങ്ങി. തൊഴിലാളിയുടെ ആരോഗ്യവും തൊഴിൽസൌകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റുതലത്തിലും മറ്റു സാമ്പത്തികസാമൂഹികതലങ്ങളിലും വിവിധ സംഘടനകൾ രൂപംകൊള്ളുകയുണ്ടായി. അപകടങ്ങളുടെ സാധ്യത, നിവാരണം എന്നിവയെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കുവാനും വിലയിരുത്തുവാനും പഠനഫലങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുവാനുമായി ശ്രദ്ധേയമായ ചില ഉദ്യമങ്ങൾ നടന്നിട്ടുണ്ട്. നിവാരണമാർഗങ്ങളെ മുൻനിറുത്തി വികസിതരാജ്യങ്ങളിൽ ദേശീയതലത്തിലും വ്യക്തിപരമായ മേൽനോട്ടത്തിലുമായി പല സംഘടനകളും പ്രവർത്തിച്ചുവരുന്നു. യു.എസ്സിലെ നാഷണൽ സേഫ്റ്റി കൌൺസിൽ ഇതിനു ദൃഷ്ടാന്തമാണ്.

പ്രത്യേക നിയമനിർമ്മാണം തിരുത്തുക

അപകടങ്ങളിൽപ്പെട്ട് യാതന അനുഭവിക്കുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് പല രാഷ്ട്രങ്ങളിലും പ്രത്യേക നിയമനിർമ്മാണങ്ങൾ ഉണ്ടായിട്ടുണ്ട്. കാലാകാലങ്ങളിൽ നിയമസാധുത കൈവരിക്കുന്ന സംരക്ഷണനടപടികൾക്ക് നിയമപണ്ഡിതന്മാർ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളും നൽകിവരുന്നുണ്ട്. ആകയാൽ അവയുടെ അർഥവിവേചനത്തിന് വളരെ പ്രാധാന്യമുണ്ടെന്നുവരുന്നു. ഗ്രേറ്റ് ബ്രിട്ടനിലും യു.എസ്സിലും ആദ്യകാലങ്ങളിൽ രൂപവത്കരിച്ചിട്ടുള്ള ഇത്തരം നഷ്ടപരിഹാരനിയമാവലി പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന തൊഴിലാളികൾക്ക് അതിന്റെ മധ്യേ പറ്റുന്ന അപകടം വരുത്തുന്ന പരിക്കുകൾക്ക് ശുശ്രൂഷയും തന്മൂലമുണ്ടാകുന്ന അവശതകൾക്ക് പരിഹാരവും ഉറപ്പുവരുത്തിയിരുന്നു. അപകടം ആകസ്മികമായിത്തന്നെ സംഭവിച്ചതാകണമെന്ന് ഊന്നിപ്പറഞ്ഞിരുന്നു. കാലക്രമത്തിൽ ഇതുസംബന്ധമായ വിധിയെഴുത്തുകളിൽ പല അനീതികളും വൈരുദ്ധ്യങ്ങളും കടന്നുകൂടി. അവശതയുടെ സ്വഭാവവും വിശേഷിച്ചും അതുമൂലം വന്നുപെടാവുന്ന രോഗങ്ങളുടെ സ്വരൂപവും കൂടുതൽ വ്യക്തമായിത്തുടങ്ങിയപ്പോൾ മേല്പറഞ്ഞ പ്രവണതയ്ക്കു ആക്കംകൂടി. വ്യവസായത്തിലെ അപകടം എന്ന പ്രയോഗം തൊഴിലിൽ വ്യാപരിക്കുന്നതിൽനിന്നുതന്നെ ഉത്പന്നമാകുന്ന അവശത എന്ന് വ്യക്തമായ ശൈലിയിൽ ഇന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്.

വ്യവസായരംഗം സ്വാതന്ത്ര്യശേഷം തിരുത്തുക

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ വ്യവസായരംഗം ദൂരവ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായിട്ടുണ്ട്. ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങളും വിപുലമായ സാങ്കേതികവിദ്യയും ലോകത്തെവിടെയും എന്നപോലെ ഇന്ത്യയിലും വ്യവസായരംഗത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പരിസരദൂഷണവും അന്തരീക്ഷ മലിനീകരണവും ഇവിടെയും വലിയൊരു ശാപമായി മാറിയിരിക്കുകയാണ്.

ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുമുൻപ് അപകടനിരക്ക് 70 ശ.മാ. വരെയായിരുന്നുവെങ്കിൽ, ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെയും തൊഴിലാളി രക്ഷാ സംവിധാനങ്ങളുടെയും ഫലമായി ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വൻതോതിലുള്ള യന്ത്രവത്കരണം, റോബോട്ടുകളുടെ ഉപയോഗം, അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധ-രക്ഷാകവചങ്ങൾ ആവിഷ്ക്കരിക്കൽ തുടങ്ങിയ നടപടികൾ മൂലം തൊഴിൽ മേഖലയെ ഒരു പരിധിവരെ അപകടമുക്തമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

നഷ്ടപരിഹാരം തിരുത്തുക

1923-ൽ നിലവിൽ വന്ന വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ[1] വ്യവസ്ഥകളനുസരിച്ചാണ് അപകടത്തിനിരയാകുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകുന്നത്. 1910-ലെ ഇന്ത്യൻ വൈദ്യുതി നിയമവും[2] 1948-ലെ ഇന്ത്യൻ ഫാക്ടറി നിയമവും[3] പെട്രോളിയം നിയമാവലി, ഗ്യാസ് സിലിണ്ടർ നിയമാവലി എന്നിവയും തൊഴിലാളി സംരക്ഷാപരമായ നടപടികളെ ഊന്നിപ്പറയുന്നുണ്ട്. മുതലുടമകളും അവരുടേതായ നിയമങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. പരുക്കേറ്റ തൊഴിലാളികളുടെ ശുശ്രൂഷയും നഷ്ടപരിഹാരമാർഗങ്ങളും സംബന്ധിച്ച് ശ്രദ്ധേയമായ നിലയിൽ വ്യവസായരംഗത്ത് സംഘടനകൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും രൂപം കൊടുക്കേണ്ടതുണ്ട്. തൊഴിലിൽ മുഴുകുമ്പോൾ അപകടനിവാരണാർഥം കരുതൽ നടപടി സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. തൊഴിലാളിക്കും കമ്പനിക്കും വ്യവസായത്തിനുപൊതുവെയും ഉണ്ടാകുന്ന നഷ്ടവും പരിഗണനാർഹമാണ്. ഇതുവഴി ദേശീയനഷ്ടവും വൻതോതിൽ ഉണ്ടാകുന്നു.

തൊഴിൽ സുരക്ഷാസംവിധാനങ്ങൾ തിരുത്തുക

ലോകരാജ്യങ്ങളിലെ തൊഴിൽ സുരക്ഷാസംവിധാനങ്ങൾക്കും നിയമാവലികൾക്കും രൂപം നൽകുന്നതിനും അന്താരാഷ്ട്ര തൊഴിൽ സംഘടന നേതൃത്വപരമായ പങ്കുവഹിക്കുന്നു. കാലികമായി നടത്തുന്ന വ്യാവസായികസംരക്ഷണസർവേ, ഗവൺമെന്റുകളുടെ ഗവേഷണപരമ്പര എന്നതെല്ലാം ഇതിന്റെ ഭാഗമാകുന്നു. വിവിധരാജ്യങ്ങളിൽനിന്നു ശേഖരിക്കുന്ന അപകടസംബന്ധിയായ സ്ഥിതിവിവരങ്ങൾ പഠനവിധേയമാക്കി, അവയെപ്പറ്റി പുനർവിചിന്തനം നടത്തി വിജ്ഞാനപ്രദമായ നിഗമനങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-09-15.
  2. http://www.cercind.gov.in/IEA1910.pdf
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-11-11. Retrieved 2011-09-15.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപകടങ്ങൾ, വ്യവസായങ്ങളിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വ്യാവസായിക_അപകടങ്ങൾ&oldid=3808664" എന്ന താളിൽനിന്ന് ശേഖരിച്ചത്