കമ്മാരൻ നമ്പ്യാർ എന്ന അയാസ്‌ ഖാൻ

(വെള്ളുവ കമ്മാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈസൂർ ഭരണാധിപനായിരുന്ന ഹൈദർ അലി, 1766-ൽ മലബാറിലേക്ക് വന്നപ്പോൾ മൈസൂരിലേക്ക് ആദ്ദേഹത്തിന്റെ കൂടെ പോയ ചിറക്കൽ ( ഇപ്പോൾ കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന ) കോവിലകത്തെ ഒരു രാജകുമാരനായിരുന്നു കമ്മാരൻ നമ്പ്യാർ[1] എന്ന അയാസ്‌ ഖാൻ. ഇദ്ദേഹത്തെ "കുമാരൻ നമ്പ്യാർ," "വളളുവ കമ്മാരൻ" തുടങ്ങിയ നാമങ്ങളിലും ചരിത്ര രേഖകൾ പരിചയപ്പെടുത്തിയത്‌ കാണാം. ഏതായാലും ഈ കുമാരൻ നമ്പ്യാർ പിന്നീട്‌ ഇസ്‌ലാം മതം സ്വീകരിക്കുകയും തന്റെ പേര് മുഹമ്മദ് അയാസ് ഖാൻ എന്നാക്കി മാറ്റുകയും ഉണ്ടായി. ഹൈദർ അലി, അയാസിനെ ദത്തെടുക്കുകയും, തന്റെ സ്വന്തം പുത്രനായ ടിപ്പുവിന് നൽകി വന്നിരുന്ന അതേ പരിഗണനയും സ്നേഹവും വാത്സല്യവും നൽകിയതിനു[1] പുറമേ, പ്രഗൽഭരായ ഫ്രഞ്ച്‌ ഓഫീസർമാരുടെ കീഴിൽ അയോധന കലകളിലും യുദ്ധ, രാഷ്ട്രമീമാംസകളിലും ഉന്നത വിദ്യാഭ്യാസവും അയാസ് ഖാനും നൽകി.

അയാസ്‌ ഖാൻ മുതിർന്നപ്പോൾ, ഹൈദരലി അദ്ദേഹത്തിന് "ശൈഖ്‌" പദവി നൽകി ആയ്യായിരം പടയുടെ അധിപനായി നിയമിക്കുകയും വിവിധ സ്ഥാനമാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പിന്നീട്‌ ആറായിരം പടയുടെ അധിപനാക്കി ഉയർത്തിയ അയാസിന് നിരവധി ജാഗീറുകളും ഹൈദരലി സമ്മാനിക്കുകയുണ്ടായി.

ഹൈദരലിയുടെ കീഴിൽ തന്നെ നിരവധി ഉയർന്ന സ്ഥാനമാനങ്ങൾ കരസ്ഥമാക്കിയ അയാസിനെ ഹൈദരിലെ തന്റെ രാജ്യത്തിന്റെ തന്ത്രപ്രദാനമായ ബിദനൂർ കോട്ടയുടെ അധിപനായും[2], പിന്നീട്‌ ബിദനൂർ സൂബ ( സംസ്ഥാനം ) യുടെ ഗവർണ്ണറായി ( സുബേദാർ / നവാബ് ) നിയമിക്കുകയും ചെയ്തു. ടിപ്പു ഉൾപ്പെടെയുളളവർ അദ്ദേഹത്തെ വളരെയേറെ ബഹുമാനത്തോടെ "ഹയാത് സാഹെബ്" എന്നാണ് അഭിസംബോധനം ചെയ്തിരുന്നത്‌. അതിന് കാരണം ഹൈദർ അയാസിനെ അത്രക്കധികം ഇഷ്ടപ്പെട്ടിരുന്നു/വിശ്വസിച്ചിരുന്നു എന്നതാണ്.

1779-ൽ ചിത്രദുർഗ കീഴടക്കിയ ശേഷം ഹൈദർ അവിടം മുഹമ്മദ് അയാസ് ഖാന്റെ സേനയ്ക്ക് കീഴിലാണ് നിലനിർത്തിയത്. ഒരിക്കൽ ആയോധന പരിശീലത്തിൽ ഏർപ്പെട്ടിരുന്ന അയാസിനെ നോക്കി ഹൈദരലി, "നീ അവനെ കണ്ടു പഠിക്കണമെന്ന്" പറഞ്ഞതായി ഒരു കഥ പ്രചാരത്തിലുണ്ട്‌. എന്നാൽ ഇതു സംബന്ധിച്ച രേഖകളൊന്നും ഇതു വരേയും ലഭ്യമായിട്ടില്ല. ഈ കഥ വെച്ചാണ് ടിപ്പുവും അയാസും ഹൈദറിന്റെ മരണ ശേഷം ശത്രുതയിലായിരുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്നത്‌. എന്നാൽ ഹൈദരലിയുടെ കാല ശേഷവും അയാസ്‌ ടിപ്പുവിന്റെ കീഴിൽ തന്നെ സുബേദാറായി കുറച്ച്‌ കാലം പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ടിപ്പുവിന്റെ ഏറ്റവും വലിയ ട്രഷറികളിൽ ഒന്ന് നിലനിന്നിരുന്ന ബിദനൂർ കോട്ട കീഴടക്കാൻ ബ്രിട്ടിഷ് പക്ഷത്തേക്ക് കൂറുമാറി അവരെ സഹായിച്ചിട്ടും , ആ കോട്ട ടിപ്പു തിരികെ പിടിച്ചെടുത്തപ്പോൾ ബ്രിട്ടീഷുകാരോടൊപ്പം അയാസ്‌ ഖാനും മാപ്പു നൽകി. അദ്ദേഹത്തെ അവരോടൊപ്പം പോകാൻ അനുവദിക്കുകയാണ് ടിപ്പു ചെയ്തത്‌.

(ബിദനൂറിനെ സ്വതന്ത്ര സ്റ്റേറ്റാക്കി നിർത്താമെന്നും , അവിടുത്തെ ഭരണാധികാരിയാക്കി അയാസ്‌ ഖാനെ വാഴിക്കാമെന്നും, ബിദനൂർ ട്രഷറിയിലുളള വിലമതിക്കാനാവാത്ത മൈസൂരിന്റെ സമ്പത്തിൽ നിന്ന് വലിയൊരു ഭാഗം അദ്ദേഹത്തിന് നൽകാമെന്നും ഉറപ്പ്‌ നൽകിയാണ് അയാസിനെ ബ്രിട്ടീഷുകാർ തങ്ങളുടെ പക്ഷത്തേക്കടുപ്പിച്ചതെന്നും പറയപ്പെടുന്നു).

പിന്നീട് അയാസ്‌ ഖാൻ ബോംബെയിൽ ബ്രിട്ടീഷുകാരിൽ നിന്ന് ചെറിയ അടുത്തൂൺ (പെൻഷൻ) പറ്റി ജീവിത കാലം മുഴുവൻ ചെലവഴിക്കുകയാണുണ്ടായത്‌[3]. പിന്നീടുളള അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന രേഖകളൊന്നും ലഭ്യമല്ല.

ഇതും കാണുക

തിരുത്തുക

കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം

  1. 1.0 1.1 കെ.എൻ.വി ശാസ്ത്രി (1945). The Proceedings Of The Indian History Congress Ninth Session,annamalai University. p. 373. Retrieved 3 സെപ്റ്റംബർ 2019.
  2. നായർ, കെ.കെ. By Sweat and Sword: Trade, Diplomacy and War in Kerala Through the Ages. p. 307. Retrieved 25 ജൂലൈ 2019.
  3. കെ.എൻ.വി ശാസ്ത്രി (1945). The Proceedings Of The Indian History Congress Ninth Session,annamalai University. p. 375. Retrieved 3 സെപ്റ്റംബർ 2019.