ജോക്കോമോ ഫെനിഷ്യോ

കേരളത്തിലെ പോർച്ചുഗീസ് മിഷനറി. അർത്തുങ്കൽ പള്ളിയിലെ ആദ്യകാല വികാരി.
(വെളുത്തച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചി, പുറക്കാട് എന്നീ സ്ഥലങ്ങളിൽ മത പ്രചാരത്തിനായെത്തിയ പാതിരിയായിരുന്നു ജോക്കോമോ ഫെനിഷ്യോ(1558 - 1632). അർത്തുങ്കൽ പള്ളിയിലെ ആദ്യകാല വികാരിമാരിൽ ഒരാളായിരുന്ന ഇദ്ദേഹത്തെ തദ്ദേശവാസികൾ അർത്തുങ്കൽ വെളുത്തച്ചൻ എന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. പോർച്ചുഗീസ് ഭാഷയിൽ ഇദ്ദേഹം കേരളത്തെപ്പറ്റി രചിച്ച കൃതിയാണ്ʻʻലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്ˮ (Livroda Seitados Indios Orientalis - The Book of the Religious Systems of the East Indies). ഫെനിഷ്യോ മലയാളം പഠിച്ചിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. പാക്കനാർ തൊള്ളായിരം എന്നൊരു ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിർക്കുന്നു.[1]

1584-ൽ അർത്തുങ്കൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ "വെളുത്ത അച്ചൻ" എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 'വെളുത്തച്ചൻ' എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനിഷ്യോ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. (808-ൽ കൊച്ചിയിൽവെച്ചു മരിച്ചെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.)

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കേരള സാഹിത്യ ചരിത്രം (1964). പാക്കനാർ തൊള്ളായിരം. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=ജോക്കോമോ_ഫെനിഷ്യോ&oldid=3754577" എന്ന താളിൽനിന്ന് ശേഖരിച്ചത്