വൃദ്ധസദനം
മറ്റ് ആശ്രയമില്ലാത്ത പ്രത്യേകിച്ച് രോഗികളായ വൃദ്ധർക്ക് താമസവും ഭക്ഷണവും ചിലപ്പോൾ ചികിത്സയും നൽകുന്ന സ്ഥലമാണ് വൃദ്ധസദനം. റിട്ടയർമെന്റ് ഹോം, റെസിഡൻഷ്യൽ ഹോം, നഴ്സിംഗ് ഹോം, കെയർ ഹോം എന്നി പേരുകൾ ആണ് പൊതുവേ വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചു കാണാറുള്ളത്. പൊതുവേ വൃദ്ധ സദനം എന്ന വാക്ക് ആശാസ്ത്രീയമായി കണക്കാക്കപ്പെടുന്നു. വാർദ്ധക്യം എന്നത് ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയല്ല. പൊതുവേ നല്ല ആരോഗ്യമുള്ള വൃദ്ധരെ ഉദ്ദേശിച്ചു കൊണ്ടല്ല കെയർ ഹോമുകൾ പ്രവർത്തിക്കാറുള്ളത്. രോഗികൾ ആയവരുടെയോ സ്വയം കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത ആളുകളെയോ ഉയർന്ന കൂടുതൽ സഹായം ആവശ്യമുള്ളവരെയോ താമസിപ്പിച്ചു ഭക്ഷണവും ചികിത്സയും ചിലപ്പോൾ മരുന്നുകളും നൽകുന്ന ഇടങ്ങൾ ആണിവ. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയും അണുകുടുംബങ്ങളുടെ ആവിർഭാവവും നിമിത്തം രോഗികളായ വൃദ്ധരുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ആതുര ശുശ്രൂഷാ രംഗത്ത് വന്ന അത്ഭുത പൂർണമായ വളർച്ചനിമിത്തം വൃദ്ധജനങ്ങളുടെ എണ്ണത്തിൽ വന്ന വർദ്ധന മറ്റൊരു കാരണമാണ്.
മതസംഘടനകൾ, സന്നദ്ധ സംഘങ്ങൾ, സർക്കാർ തുടങ്ങിയവരാണ് സാധാരണയായി വൃദ്ധസദനങ്ങൾ നടത്തുന്നത്. സർക്കാർ നടത്തുന്ന വൃദ്ധസദനങ്ങളിൽ 55 വയസിനുമേൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. കേരളത്തിൽ സർക്കാർ നടത്തുന്ന 11 വൃദ്ധസദനങ്ങളാണുള്ളത്. ഇവിടെ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ നൽകണം. ജില്ലാ പ്രബേഷൻ ഓഫീസർ നൽകുന്ന അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം പ്രവേശനകാര്യത്തിൽ തീരുമാനമുണ്ടാകും.
വൃദ്ധസദനങ്ങൾക്ക് പുറമേ വൃദ്ധജനങ്ങൾക്കുള്ള ഡേകെയർ സെന്ററുകളും സർക്കാർ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ഇത്തരം മൂന്ന് ഡേകെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇവിടെ പകൽ സമയങ്ങളിൽ ലക്ഷുഭക്ഷണം, ആതുരശൂശ്രൂഷ, സംരക്ഷണം, അഭയം എന്നിവ നൽകപ്പെടുന്നു.
അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിൽ റെസിഡൻഷ്യൽ ഹോം, റിട്ടയർമെന്റ് ഹോം, കെയർ ഹോം, നഴ്സിംഗ് ഹോം തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമുള്ള ആളുകൾക്ക് താമസവും ചികിത്സയും നൽകുന്നുണ്ട്. നഴ്സിംഗ് ഹോമുകളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ആണ് രോഗികൾക്ക് പരിചരണം നൽകി വരുന്നത്. ആരോഗ്യമുള്ള വൃദ്ധർക്ക് പരിചരണം ആവശ്യമില്ലാത്തതിനാൽ വൃദ്ധ സദനം എന്ന വാക്ക് അവിടെ ഉപയോഗിച്ച് കാണപ്പെടുന്നില്ല. എന്നിരുന്നാലും വൃദ്ധരായ രോഗികളാണ് ഇവിടങ്ങളിൽ കൂടുതലായി താമസിക്കുന്നത്. പോഷക സമൃദ്ധമായ ഭക്ഷണം, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവ നടത്താനുള്ള സൗകര്യങ്ങൾ എന്നിവ പ്രത്യേകം ഏർപ്പെടുത്തിട്ടിട്ടുണ്ട്.