വീരശൈവമതം
ശൈവമതത്തിന്റെ ഒരു രൂപമാണ് വീരശൈവമതം. ചില പണ്ഡിതന്മാർ വീരശൈവമതത്തെ ഒരു സ്വതന്ത്ര മതമായി കരുതുമ്പോൾ പൊതുവേ ഹിന്ദുമതത്തിലെ ഒരു വിഭാഗമായി തന്നെയാണ് ഈ മതത്തെ പരിഗണിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവേശ്വരനാണ് ഈ മതത്തിന്റെ പ്രചാന ആചാര്യൻ. താത്വികമായി വീരശൈവ മതത്തിന് ശൈവമതത്തിൽ നിന്നും ഗണ്യമായ വ്യത്യാസങ്ങളില്ല.വീരശൈവർ ഒരു ചെറിയ ശിവലിംഗത്തെ പേടകത്തിലാക്കി കഴുത്തിലണിയുന്നു.ഇതിനാൽ ഈ മതസ്ഥരെ ലിംഗായത്തുകൾ (കന്നഡ: ಲಿಂಗಾಯತರು) അഥവാ 'ലിംഗവാഹകർ' എന്നു കൂടി അറിയപ്പെടുന്നു.[1] ജപവും പൂജയും നടത്തുന്നത് ഈ ശിവലിംഗത്തെ ഇടതു കൈവെള്ളയിൽ പിടിച്ചു കൊണ്ടാണ്. പരബ്രഹ്മ തത്ത്വം തന്നെയാണ് ശിവലിംഗാരനയുടെ പൊരുൾ. വീരശൈവം ഇതിനെ 'പരാശിവബ്രഹ്മം' എന്നു വിളിക്കുന്നു. പരാശിവത്തിന്റെ സകാര നിരാകാര ഭാവങ്ങളുടെ സങ്കലിത രൂപമായണ് ഇവർ ശിവലിംഗത്തെ കാണുന്നത്. ശിവലിംഗം ശരീരത്തിൽ ധരിക്കുക എന്നത് വീരശൈവമതത്തിലെ ഒരു പ്രധാന ആചാരമാണ്. 'ധാരണാദീക്ഷ' അഥവാ 'ഇഷ്ടലിംഗധാരണം' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണ്ണാടകയിലാണ് ഈ മതാനുയായികൾ കൂടുതലുള്ളത്. ഇവർ കർണ്ണാടകയിലെ ഏറ്റവും അധികം അംഗസംഖ്യയുള്ള സമുദായമാണ്. കർണ്ണാടകത്തിന് പുറമേ കർണ്ണാടക അതിർത്തിയോടു ചേർന്ന ആന്ധ്രയുടെയും മഹാരാഷ്ട്രയുടെയും പ്രദേശങ്ങളിലും ഗണ്യമായ വിഭാഗം വീരശൈവരുണ്ട്. കൂടാതെ തമിഴ്നാട്ടിലും കേരളത്തിലും വീരശൈവ സാന്നിദ്ധ്യമുണ്ട്.
പേരിനു പിന്നിൽതിരുത്തുക
വീരശൈവ എന്ന പദത്തിലെ 'വീര' എന്നത് ഒരു വിശേഷണ പദമാണ്. വിശിഷ്ടം, ശ്രേഷ്ഠം, വീരത്വമുള്ളത് എന്നൊക്കെ എന്ന് ഈ പദത്തിന് അർത്ഥം കല്പിക്കാം. അപ്രകാരം വീരശൈവമെന്നതിനെ ശ്രേഷ്ഠമായ ശിവവിശ്വാസമെന്നു വിവക്ഷിക്കാം. ശിവയോഗി ശിവാചാര്യരുടെ 'സിദ്ധാന്ത ശിഖാമണി' എന്ന സംസ്കൃത ഗ്രന്ഥത്തിൽ 'വി' എന്നാൽ വിജ്ഞാനം 'ര' എന്നാൽ രമിപ്പിക്കുന്നത് എന്ന് അർത്ഥം പറഞ്ഞു കാണുന്നു. അങ്ങനെയെങ്കിൽ 'വീര' എന്നാൽ വിജ്ഞാനത്തെ രമിപ്പിക്കുന്നത് എന്നർത്ഥം. മഗ്ഗേയാ മയീദേവയുടെ വിശേഷാർത്ഥ പ്രകാശിക എന്ന സംസ്കൃത ഗ്രന്ഥത്തിൽ "വി" എന്നാൽ വികല്പം എന്നും 'ര' എന്നാൽ രഹിതം എന്നും പറഞ്ഞിരിക്കുന്നു. അതിനാൽ വികല്പരഹിതമായ ചിന്തയുളവാക്കുന്ന വിശ്വാസമാണ് വീരശൈവ വിശ്വാസമെന്നു സൂചിപ്പിക്കാം.[2]
അടിസ്ഥാനഗ്രന്ഥങ്ങൾതിരുത്തുക
28 ശൈവാഗമങ്ങളും 205 ഉപാഗമങ്ങളും ശൈവോപനിഷത്തുക്കളും ശിവപുരാണം,ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളും ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്. ഇതു കൂടാതെ 12-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട വചനസാഹിത്യവും വീരശൈവമതത്തിന്റെ സമഗ്രദർശനമായി പരിഗണിക്കുന്നു.
പ്രശസ്തരായ ലിംഗായത് വിശ്വാസികൾതിരുത്തുക
ആചാര്യന്മാർതിരുത്തുക
- രേണുകാചാരൃ
- ബസവേശ്വരൻ
- അല്ലമപ്രഭു
- അക്ക മഹാദേവി
- ചന്നബസവണ്ണ
സാഹിത്യകാരന്മാർതിരുത്തുക
- സർവ്വജ്ഞ - കവിയും ചിന്തകനും
- ജി.എസ്. ശിവരുദ്രപ്പ - കവിയും സാഹിത്യവിമർശകനും
രാഷ്ട്രീയ നേതാക്കൾതിരുത്തുക
- ശിവരാജ് പാട്ടീൽ - മുൻ കേന്ദ്രആഭ്യന്തരമന്ത്രി
- ബി.എസ്. യെഡിയൂരപ്പ - മുൻ കർണാടക മുഖ്യമന്ത്രി
- എസ്. നിജലിംഗപ്പാ - മുൻ കർണാടക മുഖ്യമന്ത്രി
- എസ്.ആർ. ബൊമ്മെ - മുൻ കർണാടക മുഖ്യമന്ത്രി
- ജെ.എച്ച്. പാട്ടേൽ - മുൻ കർണാടക മുഖ്യമന്ത്രി
- ജഗദീഷ് ഷെട്ടാർ - കർണാടക മുഖ്യമന്ത്രി
ബാസപ്പ ദാനപ്പ ജട്ടി - മുൻ ഇന്ത്യൻ പ്രസിഡന്റ് (ആക്ടിംഗ് )
അവലംബംതിരുത്തുക
- ↑ എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്
- ↑ കെ.പ്രസന്നകുമാർ, വീരശൈവ ധർമ്മപരിചയം, ബസവസമിതി, ബാഗ്ലൂർ, 2004 ഒക്ടോബർ