വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല ലത്തീൻ അതിരൂപതയായ വരാപ്പുഴ അതിരൂപതയിൽ പെട്ട ഒരു ഇടവക ദേവാലയം[1] ആണ്. കടമക്കുടി ദ്വീപ് സമൂഹത്തിൽപ്പെട്ട പിഴലയിലാണ് സ്ഥിതി ചെയ്യുന്നത്. വരാപ്പുഴയിലെ തന്നെ ചെറിയ ഒരു ഇടവക കൂട്ടായ്മയാണ് ഈ ദേവാലയം.
സെന്റ് ഫ്രാന്സിസ് സേവ്യർ ദേവാലയം പിഴല ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കാതോലിക്ക ദേവാലയം ആണ്. സെന്റ് ഫ്രാന്സിസ് സേവ്യർ ദേവാലയത്തിനു വേണ്ടി 125 വർഷങ്ങൾക്കുള്ളിൽ മൂന്ന് പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
1859 ലെ വരാപ്പുഴ വികാരിയത്ത് മെത്രാപൊലീത്ത ആയിരുന്ന ആർച്ച് ബിഷപ്പ് ബെർണാഡ് ബെല്ലനോച്ചി ഒ സിഡി[2] യുടെ പള്ളിക്കൂടം വേണം എന്ന കൽപ്പനയാണ് പിഴല കാതോലിക്ക ദേവാലയത്തിൻറെ മൂലക്കല്ല്. പിഴലയിൽ ആദ്യമായി മിഷണറിമാരുടെ നേത്രത്വത്തിൽ ഉള്ള കത്തോലിക്കാ ഒരു സ്ഥാപനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പിഴലയുടെ വിദ്യാഭ്യാസ പുരോഗതിയുടെ ആരംഭവും. ഈ പള്ളിക്കൂടം തകർന്നു വീണപ്പോൾ പുതിയ ഒരു പാഠശാല നിർമ്മിക്കാൻ കളത്തിപറമ്പിൽ വസ്സ്യോൻ മനീക് അനുമതി നൽകി. ഇപ്പോഴുള്ള വൈദിക മന്ദിരത്തിൻറെ മുൻപിലായിട്ടാണ് രണ്ടാമത്തെ പാഠശാല നിർമ്മിച്ചത്. കളത്തിപറമ്പിൽ വസ്സ്യോൻ മനീക് എഴുപുന്നയിലെ പാറയിൽ അവര തരകൻറെ കാര്യസ്ഥൻ ആയിരുന്നു. കൊച്ചി രാജാവിൻറെ അധീനതയിൽ ഉള്ള ഭൂമി പാട്ടത്തിനു എടുത്തു കൃഷി ചെയ്തിരുന്ന കുടുംബമായിരുന്നു പാറയിൽ അവര തരകൻ കുടുംബം. രണ്ടാമത്തെ പാഠശാല നിർമ്മിച്ചത് അന്നത്തെ പാഠശാല ആശാൻ ആയിരുന്ന ദേവസി ആശാൻ തന്നെയായിരുന്നു. രണ്ടാമത്തെ പാഠശാലയിൽ പകൽ പഠനവും വൈകുന്നേരം സമയങ്ങളിൽ സമീപവാസികൾ പ്രാർത്ഥനയും നടത്തിയിരുന്നു.
ഒരിക്കൽ പിഴലയിൽ ഭാരമുള്ള സഞ്ചിയും ആയി കയറി വന്ന ശൌര്യാർ എന്ന് പേരുള്ള കോട്ടാർ സ്വദേശിയായ ഒരു തമിഴ് കച്ചവടക്കാരൻ കൊടുത്ത ഒരു ഫ്രാൻസിസ് സേവ്യർ ചിത്രവും, അയാൾ പറഞ്ഞു കൊടുത്ത ഈ കത്തോലിക്കാ വിശുദ്ധൻറെ ചരിതത്തിലും ആകൃഷ്ട്ടനായ ദേവസി ആശാൻ വരാപ്പുഴ പള്ളിയിലെ മർസലിനോസ് വൈദികൻറെ സഹായത്താൽ വലിയ ചടങ്ങോടെ രണ്ടാം പാഠശാലയിൽ പ്രതിഷ്ടിച്ചു. അന്ന് മുതൽ ആ പാഠശാലയും പിന്നീടു നിർമ്മിക്കപ്പെട്ട പള്ളിയും വിശുദ്ധ ഫ്രാൻസിസ് സേവ്യർ -ൻറെ നാമത്തിൽ അറിയപെടാൻ തുടങ്ങി.
അക്കാലത്തെ പാറയിൽ കുടുംബ കാരണവർ അവരാ വർക്കി ആയിരുന്നു. അദ്ദേഹത്തിന് ഷെവലിയർ പട്ടം കിട്ടിയത്തിനു ശേഷം ഉണ്ടായ അനുമോദന സമ്മേളനത്തിൽ പിഴലയിൽ ഒരു പള്ളിക്കും പള്ളികൂടത്തിനും വേണ്ടി സൗജന്യമായി സ്ഥലവും(രണ്ടാം പാഠശാല സ്ഥിതി ചെയ്യുന്ന ഭൂമി) കുറച്ചു പണവും നൽകണം എന്ന് പിഴലയിലെ ജനങ്ങൾക്ക് വേണ്ടി ദേവസ്സി ആശാൻ ഒരു യാചന പത്രം സമർപ്പിച്ചു. പാറയിൽ അവരാ വർക്കി യാചന പത്രം സ്വീകരിച്ചു സ്ഥലവും പണവും നൽകി പിഴലയെ സഹായിച്ചു.
1892 ജനുവരി 15 ന് പിഴലയിലുള്ള ജനങ്ങൾ രേഖ മൂലം അതിരൂപത കച്ചേരിയിൽ അവരാ വർക്കി തരകൻ സ്ഥലത്തിൻറെ തീറു എഴുതുന്ന മുറയ്ക്കും, കൊച്ചി സർക്കാരിൽ നിന്ന് ദേവാലയം പണിയാൻ അനുവാദം കിട്ടുന്ന മുറയ്ക്കും, പിഴലയിൽ പള്ളി നിർമ്മിക്കണം എന്ന് അപേക്ഷ സമർപ്പിച്ചു. 1892 മാർച്ച് 21 ന് ഷെവലിയർ വർക്കി തരകൻ പിഴലയിൽ തൻറെ പേരിൽ ഉള്ള കിഴക്കേ മാടത്തിങ്കൽ പറമ്പ് പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി ആർച്ച് ബിഷപ്പ് ലിയനോര്ദ് മെല്ലാനോയുടെ പേർക്ക് തീറു എഴുതി. ഈ സ്ഥലത്ത് ആണ് രണ്ടാമത്തെ പിഴലയിലെ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. 1892 ഏപ്രിൽ 18 ന് പിഴലയിൽ പള്ളി സ്ഥാപിക്കാനുള്ള അനുവാദം ലഭിച്ചു.
അന്നത്തെ വികാരി ജനറൽ ആയിരുന്ന കാന്തിയൂസ് ഒ സി ഡി വൈദികൻ അദ്ദേഹം പിഴലയിൽ വന്നു ദേവസ്സി ആശാനേയും പ്രധിനിധികളെയും കണ്ടു 1892 ജൂലൈ 16 നു പിഴലയിൽ വിശുദ്ധ കുർബാന അർപ്പിക്കാനും, പുതിയ ദേവാലയ നിർമ്മാണത്തിൻറെ ശില സ്ഥാപനവും നടത്താനും വേണ്ടിയുള്ള സജ്ജീകരണം നടത്തണം എന്നും ആവിശ്യപെട്ടു. അങ്ങനെ പിഴലയിൽ ആദ്യമായി 1892 ജൂലൈ 16 നു കുർബാന അർപ്പിക്കപ്പെട്ടു. അത്കൊണ്ട് ഈ ദിവസം ആണ് പിഴലയിലെ കത്തോലിക്കർ ഇടവക സ്ഥാപനം ആയി കണക്കാക്കുന്നത്. അതിൻറെ ജുബിലീ 1992 ഇൽ ആഘോഷിക്കുകയും ചെയ്തു.
പിഴല സെന്റ്. ഫ്രാൻസിസ് ദേവാലയത്തിന് മൂന്നു പ്രധാന കാലഘട്ടങ്ങൾ ഉണ്ട്. വരാപ്പുഴ പള്ളിയുടെ കീഴിൽ ഉള്ള കാലഘട്ടം കോതാട് ഇടവകയുടെ കീഴിൽ ഉള്ള കാലഘട്ടം മൂന്നു സ്വതന്ത്ര ഇടവക.