വി.പി. അഹ്മദ്കുട്ടി

(വി.പി അഹ്മദ്കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കെ അമേരിക്കയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് ശൈഖ് വി.പി. അഹ്മദ്കുട്ടി (ഇംഗ്ലീഷ്: Shaikh Ahmad Kutty). 1946ൽ മലപ്പുറം ജില്ലയിലെ എടയൂരിലായിരുന്നു ജനനം. ഇസ്‌ലാമിക ഗവേഷകൻ, പ്രഭാഷകൻ, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയൻ. ഇസ്ലാമിക വിദ്യാഭ്യാസ-സാസംകാരിക മേഖലകളിൽ നേതൃപരമായ പങ്കു വഹിക്കുന്നു. ടൊറണ്ടോയിലെ ഇസ്ലാമിക ഫൗണ്ടേഷന്റെ ഡയറക്ടർ, ഇസ്ലാമിക് ഇൻസ്റ്റിട്ട്യൂട്ടിന്റെ ചാൻസലർ, ടൊറണ്ടോ ഇസ്ലാമിക് ഫൗണ്ടേഷൻ മസ്ജിദ് ഇമാം. 1970 ൽ വിദ്യാർഥിയായി കാനഡയിലെത്തുകയും പിന്നീട് കാനഡയിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ഉറുദു, മലയാളം ഭാഷകളിൽ അവഗാഹമുണ്ട്. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, കുവൈത്ത്, ഇംഗ്ലണ്ട്, സൗത്ത് അമേരിക്ക, യു.എസ്.എ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്[2].

Muslim scholar
Shaikh Ahmad Kutty
വി.പി അഹ്മദ്കുട്ടി
കാലഘട്ടംModern
Regionകാനഡ[1]
പ്രധാന താല്പര്യങ്ങൾIslamic Fatwa

വിദ്യാഭ്യാസം

തിരുത്തുക

സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജിൽ പഠിച്ചു (ഇപ്പോൾ അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം). 1966 ൽ എഫ്.ഡി, ബി.എ.എസ്.സി കോഴ്സുകൾ പാസ്സായ ശേഷം അല്പകാലം പ്രബോധനം വാരികയിൽ ജോലി ചെയ്തു. 1968 ൽ മദീനാ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേർന്നു. 1972 ൽ അവിടെ നിന്നും ബിരുദം നേടി. 1973 ൽ ടൊറണ്ടോ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദം നേടി. 1975 മുതൽ 1981 വരെ മാക്ഗിൽ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി വിദ്യാർഥിയായിരുന്നു[3].

പ്രവർത്തനരംഗം

തിരുത്തുക

1973 മുതൽ വടക്കേ അമേരിക്കയിലെ കാനഡയാണ് പ്രവർത്തനരംഗം. ഇസ്ലാമിനെ പരിചയപ്പെടുത്തുവാൻ വിവിധമാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതിനായി സെമിനാറുകളും സിമ്പോസിയങ്ങളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നു. ഇസ്ലാമിക ഹൊറൈസൻസ്, ദ മെസ്സേജ്, അൽ ബശീർ, വാഷിങ്ടൺ റിപ്പോർട്ട് ഓൺ മിഡിൽഈസ്റ്റ് അഫയർസ് തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങളെഴുതുന്നു. കനേഡിയൻ ടി.വി, റേഡിയോ, പത്രങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ അഭിമുഖങ്ങളും സൃഷ്ടികളും നൽകി വരുന്നു. ടൊറണ്ടോ ഇസ്ലാമിക സെൻറർ അസി. ഡയറക്ടർ(1973-1975), ഇസ്ലാമിക സെൻറർ ഡയറക്ടർ(1979-1981) ഇസ്ലാമിക ഫൗണ്ടേഷൻ ഡയറക്ടർ(1991മുതൽ). ദ ഇസ്ലാമിക് അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ഇൻറർ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് എന്നീ ഇസ്ലാമിക സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.

ഗവേഷണ മേഖല

തിരുത്തുക

ഇബ്നു തൈമിയ്യ തിയോളജി ഇൻ ദ ലൈറ്റ് ഓഫ് അൽ അഖീദ, അൽ വാസ്വിത്വിയ്യ( മാക്ഗിൽ യൂണിവേഴ്സിറ്റി-1978)ഇബ്നുൽ ഖൽദൂൻ ആറ്റിട്ട്യൂട് ടുവാർഡ്സ് സൂഫിസം ഇൻ ദ ലൈറ്റ് ഓഫ് സിഫാഉസ്സഇൽ(1976) ഇബ്നു തൈമിയ്യ ആൻറ് സൂഫിസം (1976) എന്നിവയാണ് പ്രധാന ഗവേഷണ പ്രബന്ധങ്ങൾ. റമദാൻ ബ്ലെസ്സിങ് ആൻറ് റൂൾസ് ഓഫ് ഫാസ്റ്റിങ്, ഇസ്ലാമിക് ഫ്യൂണറൽ റൈറ്റ്സ് അൻറ് പ്രാക്ടീസസ്, ദ മീഡിയ അവർ റെസ്പോൺസിബിലിറ്റി, ദ ഫോർ ഇമാംസ് ആൻറ് ദ സ്കൂൾസ് ഓഫ് ജൂറിസ്പ്രുഡൻസ്, ദ പവർ ഓഫ് പ്രെയർ, ഫിഖ്ഹ് ഇഷ്യൂസ്, ഹ്യൂമൻ റൈറ്റ്സ് ആൻറ് ദ ഇസ്ലാമിക ശരീഅ, ശാഹ് വലിയുല്ലാഹ് ആൻറ് ശരീഅ എന്നീ കൃതികളുടെയും കർത്താവാണ്. സയ്യിദ് ഖുതുബിൻറെ അൽ അദാലതു ഫിൽ ഇസ്ലാം എന്ന പുസ്തകം ഇസ്ലാമിൻറെ സാമൂഹ്യ നീതി എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഓൺലൈൻ ഫത്‌വ സൈറ്റുകൾ

തിരുത്തുക

ആധുനിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക നിവാരണമാണ് ഫത്‌വ. പ്രാമാണികബദ്ധമായി വിഷയങ്ങളെ സമീപിക്കയും യുക്തിപരവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കയും ചെയ്യുന്ന പണ്ഡിതരെയാണ് മുഫ്തി എന്നാണറിയപ്പെടുന്നത്. ഇപ്രകാരം askthescholar.com എന്ന സ്വന്തം വെബ്സൈറ്റ് മുഖേനയും പൊതു ഇസ്ലാമിക സൈറ്റുകൾ(ഉദാ-onislam.net) വഴിയും ആഗോളതലത്തിൽ[4] ഇസ്ലാമിക വിഷയങ്ങളുടെ പരിഹാരം നൽകുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം[5].

  1. The 500 Most Influential Muslims in the World Archived 2017-02-27 at the Wayback Machine., ed. by Professor Exposito & Professor Ibrahim Kalin of Georgetown University
  2. http://www.islamopediaonline.org/content/kutty-ahmed
  3. ഇസ്ലാമിക വിജ്ഞാനകോശം ഭാഗം-3, പേജ്-252,253
  4. Göran Larsson. Muslims and the New Media: Historical and Contemporary Debates. Routledge. p. 66, 130, 138, 141 & 152. Retrieved 8 ഏപ്രിൽ 2020.
  5. André Leysen. Islam & Europe: Crises are Challenges. Lueven University Press. p. 136 & 138. Retrieved 8 April 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.പി._അഹ്മദ്കുട്ടി&oldid=3644969" എന്ന താളിൽനിന്ന് ശേഖരിച്ചത്