വിശ്വേശ്വരയ്യ

ഭാരതരത്ന അവാർഡ് ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവു

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.

മോക്ഷഗുണ്ടം വിശ്വേശരയ്യ
ജനനം1860 സെപ്റ്റംബർ 15
മുദനഹള്ളി, കോലാർ, കർണാടകം
മരണം1962 ഏപ്രിൽ 14
തൊഴിൽമൈസൂർ ദിവാൻ, സാങ്കേതികവിദഗ്ദ്ധൻ

കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേരയ്യ ജനിച്ചത്. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം.

വിദ്യാഭ്യാസം

തിരുത്തുക

കോളാറിലെ ചിക്കാബെല്ലാപൂർ ടൗണിലാണ് സ്കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.

ജോലി, സേവനങ്ങൾ

തിരുത്തുക

അന്നത്തെ ബോംബെ സർക്കാർ അദ്ദേഹത്തെ നാസിക്കിലെ അസിസ്ററൻറ് എൻജിനീയറായി നിയമിച്ചു. തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എൻജിനീയറുടെ പക്വതയാർന്ന രൂപകല്പന ഇദ്ദേഹത്തിന് കുറഞ്ഞകാലയളവിൽ തന്നെ സിന്ധ് പ്രവിശ്യയിലെ (ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന് അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ് പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്പനയ്ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എൻജിനീയറുടെ പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു.

ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചന്ദനതൈലം, സോപ്പുൽപ്പനങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. കൃഷ്ണരാജസാഗർ അണക്കെട്ട്, വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

രാഷ്‌ട്രീയധികാരത്തിലേക്ക്‌

തിരുത്തുക

കൃഷ്‌ണരാജ സാഗർ അണക്കെട്ട്ന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ്‌ സയൻസ്ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്ത്രത്തിലും പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്പ്പാദനം നടത്തിയിരുന്നെന്ന് മാത്രമല്ല അമേരിക്കയിലേക്ക് പിഗ് അയൺ കയറ്റുമതി ചെയ്യുകയും ചെയ്തു. വ്യോമയാനരംഗത്തും ഒരു ഫാക്ടറി ആരംഭിച്ചു പിൽക്കാലത്ത് ഇത് ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത് ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന് ലോകപ്രസിദ്ധമായ മൈസൂർ സോപ്പ്‌ ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു.

1952-ൽ പട്‌നയിൽ ഗംഗനദിയുടെ കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി. ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക് മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച് കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത് ഓർക്കണം.

ട്രെയിൻ സംഭവം

തിരുത്തുക

പകലിൻ്റെ അർദ്ധരാത്രിയായിരുന്നു. രാത്രിയുടെ നിശബ്ദതയിൽ ഒരു അലർച്ചയോടെ ഒരു ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്നു. ട്രെയിനിൻ്റെ വശത്തെ ജനാലയിൽ തലവെച്ച് ഒരാൾ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു. അവൻ സീറ്റിൽ നിന്ന് ചാടി, തലയിൽ തൂങ്ങിക്കിടന്ന ചങ്ങല വലിച്ചു. ചങ്ങല അപകട ശൃംഖലയല്ലാതെ മറ്റൊന്നുമായിരുന്നില്ല. ട്രെയിൻ കുറച്ചു ദൂരം കൂടി നീങ്ങി പെട്ടെന്ന് നിന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ട്രെയിനിലെ ജീവനക്കാരും മറ്റ് യാത്രക്കാരും കമ്പാർട്ടുമെൻ്റിലേക്ക് ഓടി. ഉറക്കച്ചടവിലാണ് ആ മനുഷ്യൻ ഇത് ചെയ്തതെന്ന് ആരോ പോലും സംശയിച്ചു. അതുകൊണ്ട് അവർ ഈ മനുഷ്യനോട് ദേഷ്യപ്പെട്ടു. എല്ലാവരും ആ മനുഷ്യനെ വളഞ്ഞ് ചങ്ങല വലിച്ചതിൻ്റെ കാരണം ചോദിച്ചു. “ഇവിടെ നിന്ന് കുറച്ച് മീറ്റർ കൂടി കഴിഞ്ഞപ്പോൾ പാളത്തിൽ ഒരു വിള്ളൽ ഉണ്ട് !!! ട്രെയിൻ അതിനു മുകളിലൂടെ പോയാൽ അപകടം സംഭവിക്കാം.” ആ മനുഷ്യൻ നിശബ്ദമായി പറഞ്ഞു.

“എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ പറയുന്നത്. ഈ ഇരുണ്ട രാത്രിയിൽ എത്ര ദൂരെ മുന്നിലുള്ള വിള്ളൽ നിങ്ങൾ കണ്ടു? നീ ഞങ്ങളെ കളിയാക്കുകയാണോ? അതായിരുന്നു ജനങ്ങളുടെ പ്രതികരണം.

“ഇല്ല. നിങ്ങളെയെല്ലാം പരിഹസിക്കുകയും എല്ലാവരെയും ശല്യപ്പെടുത്താൻ ട്രെയിൻ നിർത്തുകയും ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾ അത് പരിശോധിച്ച് എന്നോട് സംസാരിക്കൂ ” ആ മനുഷ്യൻ വളരെ സൗമ്യമായി മറുപടി പറഞ്ഞു.

റെയിൽവേ ജീവനക്കാർ പാളത്തിലേക്ക് ഇറങ്ങി. ടോർച്ചിൻ്റെ സഹായത്തോടെ റെയിൽവേ ട്രാക്ക് പരിശോധിച്ചു. നിർത്തിയ ട്രെയിനിൽ നിന്ന് ഏതാനും മീറ്റർ അകലെ പാളത്തിൽ ഒരു വലിയ വിള്ളൽ കണ്ടത് അവരെ അത്ഭുതപ്പെടുത്തി! വിള്ളലിനു മുകളിലൂടെ ട്രെയിൻ കടന്നുപോയാൽ, ആ ഇരുണ്ട ഗ്രാമത്തിലെ രാത്രിയിൽ എന്തെങ്കിലും അപകടം വ്യക്തമായിരുന്നു.

അത് ശരിയായി പ്രവചിച്ച ആളുടെ ചുറ്റും എല്ലാ ആളുകളും വീണ്ടും ഒത്തുകൂടി. ഉറങ്ങുമ്പോൾ ട്രാക്കിൽ നിന്ന് ശബ്ദം കേട്ടെന്നും അത് എവിടെയോ മാറിയെന്നും അദ്ദേഹം പറഞ്ഞു. വൈബ്രേറ്റിംഗ് ശബ്ദം വളരെ ശക്തമായി മാറി, അത് റെയിൽവേ ലൈനിലെ വിള്ളൽ മൂലമാണെന്ന് ആ മനുഷ്യൻ തിരിച്ചറിഞ്ഞു.

അംഗീകാരങ്ങൾ, ബഹുമതികൾ

തിരുത്തുക

ദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറേറ്റ് ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനും ഇദ്ദേഹത്തോടൊപ്പമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്.

  • 1904 - ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിൽ അംഗത്വം.
  • 1915 - ബ്രിട്ടീഷ് സർക്കാരിന്റെ സർ പദവി
  • 1953 - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സിൽ നിന്നും ഫെല്ലോഷിപ്പ്
  • 1955 - ഭാരതരത്നപുരസ്കാരം
  • 1959 - ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫെല്ലോഷിപ്പ്

കൂടാതെ ഇന്ത്യയിലെ എട്ടു സർവ്വകലാശലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

വിശ്വേശ്വരയ്യ വിഭാവനം ചെയ്ത പ്രമൂഖ സ്ഥാപനങ്ങൾ

തിരുത്തുക

101 വർഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

  1. Reconstructing India (1920)
  2. Pllanned Econony for India( 1934)
  3. Memoirs of my Working Life

എഞ്ചിനിയേഴ്സ് ദിനം

തിരുത്തുക

വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=വിശ്വേശ്വരയ്യ&oldid=4069341" എന്ന താളിൽനിന്ന് ശേഖരിച്ചത്