വിവാഹമുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം

ഷാബാനു കേസ് ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുവാൻ എന്നവകാശപ്പെട്ട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം -The Muslim Women (Protection of Rights on Divorce) Act. 1986 മെയ് മാസം 19- ആം തിയ്യതി ഈ നിയമം നിലവിൽ വന്നു[1]. ജമ്മു-കാശ്മീർ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഈ നിയമം ബാധകമാണ്. മുസ്‌ലിം മതാചാരപ്രകാരം വിവാഹിതരാവുകയും അപ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തവരെയാണ് ഈ നിയമപ്രകാരം പരിഗണിക്കുന്നത്[2]. പരസ്പര സമ്മതത്തോടെയോ, ഭർത്താവിന്റെ ഇഷ്ടത്തിനോ (Talaq) അല്ലെങ്കിൽ മുസ്‌ലിം വിവാഹമോചന നിയമപ്രകാരമോ വിവാഹബന്ധം വേർപ്പെടുത്തിയവർക്കും ഈ നിയമം ബാധകമാണ്.

അവകാശങ്ങൾ

തിരുത്തുക

ഈ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം, വിവാഹമുക്തയായ മുസ്‌ലിം സ്ത്രീയ്ക്ക്, ഇദ്ദാകാലത്തേക്കുള്ള ന്യായമായ ചെലവുകൾ(Maintenance), ഭാവി സംരക്ഷണത്തിലേക്ക് മൊത്തമായൊരു സംഖ്യ (Reasonable and fair provision) അഥവാ മതാഅ്, വിവാഹ സമയത്തുള്ള കരാർ പ്രകാരം ബാക്കി കിട്ടുവാനുള്ള മഹർ, വിവാഹ സമയത്തോ അതിനു ശേഷമോ ലഭിച്ച വസ്തുവകകൾ എന്നിവ ഇദ്ദാ (iddat) കാലത്തിനുള്ളിൽ തന്നെ നൽകുവാൻ ഭർത്താവ് ബാധ്യസ്ഥനാണ്.[3] കൂടാതെ വിവാഹബന്ധത്തിൽ കുട്ടി ജനിക്കുകയും കുട്ടിയെ സംരക്ഷിക്കുന്നത് വിവാഹമുക്തയായ സ്ത്രീ ആണെങ്കിൽ കുട്ടിക്ക് 2 വയസ്സാകുന്നത് വരെയുള്ള ന്യായമായ ചെലവുകൾ നൽകുവാൻ ഭർത്താവ് ബാധ്യസ്ഥനാണ്[4]. ഇദ്ദാ കാലാവധി എന്നാൽ ആർത്തവമുണ്ടാകുന്ന സ്ത്രീകളിൽ 3 തവണ ആർത്തവമുണ്ടാകുന്നത് വരെയോ, ആർത്തവം നിലച്ചതോ അല്ലെങ്കിൽ തീരെ ഉണ്ടാവാത്ത സ്ത്രീകളുടെ കാര്യത്തിൽ 3 ചന്ദ്രമാസമാണ്. വിവാഹമോചനസമയത്ത് ഗർഭിണികളായ സ്ത്രീകളുടെ കാര്യത്തിൽ അവർ പ്രസവിക്കുന്നത് വരെയോ അല്ലെങ്കിൽ ഗർഭം അലസുന്ന സന്ദർഭം വരെയോ ആകുന്നു.[5] വിവാഹമുക്തയായ സ്ത്രീയ്ക്ക് സ്വന്തം കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ, ഭർത്താവോ, ഭർത്താവിന്റെ ബന്ധുക്കളോ, സ്നേഹിതന്മാരോ വിവാഹസമയത്തോ അതിനു മുമ്പോ നൽകിയ എല്ലാ വസ്തുക്കളും അവളെ ഏൽപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു[6].

ഈ നിയമത്തിലെ മൂന്നാം വകുപ്പിൽ പറഞ്ഞ മേൽ അവകാശങ്ങൾ ഇദ്ദാകാലത്ത് ഭർത്താവ് നൽകിയില്ല എങ്കിൽ, വിവാഹമുക്തയ്ക്ക് ബഹു: മജിസ്ട്രേറ്റ് കോടതിയിൽ ആയത് ലഭിക്കുവാനായി ഹർജി ബോധിപ്പിക്കാവുന്നതാണ്. ഇപ്രകാരമുള്ള ഹർജിയിൽ മജിസ്ട്രേറ്റ് എതിർകക്ഷിക്ക് സമൻസയച്ച് മറുപടി ബോധിപ്പിക്കുവാൻ സമയം അനുവദിക്കുകയും അതിനു ശേഷം ഇരു കൂട്ടരുടെയും തെളിവുകളും വാദങ്ങളും രേഖപ്പെടുത്തി വിധി പ്രസ്താവിക്കുന്നതാണ്. ഹർജി ബോധിപ്പിച്ച് 1 മാസത്തിനുള്ളിൽ മജിസ്ട്രേട് വിധി പറയണമെന്നുണ്ടെങ്കിലും പ്രത്യേക കാരണം രേഖപ്പെടുത്തി അന്തിമവിധി പുറപ്പെടുവിക്കുന്നത് നീട്ടി വയ്ക്കാവുന്നതാണ്. വിവാഹമുക്തയുടെ ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, ഭർത്താവിനോട് ഇദ്ദാ കാലത്തേക്കുള്ള ചെലവ്, ഭാവി സംരക്ഷണത്തിലേക്കുള്ള സംഖ്യ തുടങ്ങിയവ നൽകുവാൻ മജിസ്ട്രേറ്റ് ഉത്തരവിടുന്നതാണ്. ഇപ്രകാരമുള്ള ഉത്തരവ് ഭർത്താവ് ലംഘിക്കുന്ന പക്ഷം ടിയാളെ 1 വർഷം വരേയുള്ള തടവു ശിക്ഷയ്ക്ക് വിധിക്കുവാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടായിരിക്കും.ഇപ്രകാരമുള്ള തുകകൾ വിധിക്കുന്ന സന്ദർഭത്തിൽ, ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി, ഇരുവരും ഒന്നിച്ച് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ജീവിത നിലവാരം, കുടുംബ മഹിമ തുടങ്ങിയ കാര്യങ്ങൾ മജിസ്ട്രേറ്റ് പരിഗണിക്കേണ്ടതാണ്.

മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ബാദ്ധ്യത

തിരുത്തുക

വിവാഹമുക്തയായ സ്ത്രീ പുനർവിവാഹം ചെയ്യാതിരിക്കുകയും അവർക്ക് ഇദ്ദാകാലത്തിന് ശേഷം സ്വന്തമായി കഴിയുവാൻ മാർഗ്ഗമില്ലാതെയിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ വിവാഹമുക്തയ്ക്ക് ന്യായമായ സംരക്ഷണച്ചെലവ് ലഭിക്കുവാൻ അവകാശമുണ്ടെന്ന് 4-ആമത്തെ വകുപ്പ് പ്രസ്താവിക്കുന്നു. ഈ നിയമപ്രകാരം ഇദ്ദാ കാലത്തിനു ശേഷമുള്ള ചെലവുകൾ കൊടുക്കുവാനുള്ള ബാദ്ധ്യത മുൻ ഭർത്താവിനില്ല. ഇപ്രകാരമുള്ള ചെലവുകൾ കൊടുക്കുവാൻ മക്കളുണ്ടെങ്കിൽ അവർക്കായിരിക്കും ബാദ്ധ്യത. മക്കൾക്ക് കഴിവില്ലെങ്കിൽ വിവാഹമുക്തയുടെ മാതാപിതാക്കൾക്കാണ് ബാദ്ധ്യത. ഇവർക്കും കഴിവില്ലെങ്കിൽ, നിയമപ്രകാരം ഇവരുടെ സ്വത്തവകാശം ലഭിക്കുവാൻ സാധ്യതയുള്ള മറ്റവകാശികൾക്കാണ്. അവകാശികൾക്ക് അവളുടെ പിന്തുടർച്ച വഴി ലഭിക്കാവുന്നതിന്റെ അനുപാതത്തിലാണ് ബാദ്ധ്യതയുണ്ടാവുക.[7] ഇപ്രകാരമുള്ള കുടുംബാംഗങ്ങൾ ഇല്ലാതെയോ അവർക്ക് തങ്ങളുടെ പങ്ക് കൊടുക്കുവാൻ കഴിവില്ലാതെയോ വരുന്ന പക്ഷം, സ്ത്രീ താമസിക്കുന്ന സ്ഥലത്തുള്ള വഖ്ഫ് ബോർഡിനോട് സംരക്ഷണച്ചെലവ് ആവശ്യപ്പെടാവുന്നതാണ്.[8] എന്നാൽ തുടർന്നുള്ള സുപ്രീം കോടതിവിധികൾ ഇദ്ദ കാലത്തിനു ശേഷമുള്ള ചെലവുകളും വിവാഹമുക്തയ്ക്ക് നൽകാൻ മുൻ ഭർത്താവ് ബാദ്ധ്യസ്ഥനാണെന്ന് വിധിക്കുകയുണ്ടായി.1986ൽ മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണ നിയമം വന്നെങ്കിലും അതോടെ ക്രിമിനൽ നടപടി നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം ചെലവിനുള്ള അവകാശം തീർത്തും ഇല്ലാതാകുന്നില്ല[9].

ക്രിമിനൽ നടപടി നിയമവും ഈ നിയമവും

തിരുത്തുക

സ്വയം സംരക്ഷിക്കപ്പെടാൻ ശേഷിയില്ലാത്ത ഭാര്യ, മൈനർമാരായ മക്കൾ, മാനസിക ശാരീരിക അവശതകളനുഭവിക്കുന്ന പ്രായപൂർത്തിയായവരുൾപ്പെടെയുള്ള മക്കൾ, മാതാപിതാക്കൾ തുടങ്ങിയവർക്ക് സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പാണ് ക്രിമിനൽ നടപടിനിയമത്തിലെ 125-)0 വകുപ്പ്. പിന്നീട്, 1973-ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്യുകയും "ഭാര്യ" എന്ന വിഭാഗത്തിൽ "വിവാഹമോചിത" എന്ന വിഭാഗവും ഉൾപ്പെടുമെന്ന് വ്യവസ്ഥ ചെയ്തു. സ്വന്തമായി ജീവിക്കുവാൻ ശേഷിയില്ലാത്ത ഭാര്യയ്ക്കും, പുനർവിവാഹം നടത്തിയിട്ടില്ലാത്ത വിവാഹമോചിതയ്ക്കും സംരക്ഷണം നൽകാനുള്ള ബാദ്ധ്യത ഭർത്താവിനാണെന്ന് ക്രിമിനൽ നടപടി നിയമപ്രകാരം വ്യവസ്ഥ ചെയ്തു.[10] കൂടാതെ ക്രിമിനൽ നടപടി നിയമം 127 (3) (b) പ്രകാരം, ഭാര്യ ഭർത്താക്കന്മാർ ബന്ധം ഉപേക്ഷിക്കുമ്പോൾ ഭാവി ജീവിതച്ചെലവ് കണക്കാക്കി ഒരു തുക കൊടുത്തിട്ടുണ്ടെങ്കിൽ ഭർത്താവ് പിന്നീട് ജീവനാംശം കൊടുക്കേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്തു.[11] അപ്രകാരം ഒരു വിവാഹമോചിതയായ, പുനർവിവാഹം ചെയ്യാത്ത സ്ത്രീക്ക് സ്വയം സംരക്ഷിക്കപ്പെടാൻ ശേഷിയില്ല എങ്കിൽ തന്റെ മുൻഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാവുന്നതാണ്. മുൻ ഭർത്താവ് ചിലവിനു കൊടുക്കാത്തപ്പോൾ അതു ലഭിക്കുവാനായി വിവാഹമുക്തയ്ക്ക് ഇതിനായുള്ള അപേക്ഷ അധികാരപരിധിയിലുള്ള കുടുംബ കോടതികളിൽ നൽകാവുന്നതും പ്രതിമാസം ഒരു നിശ്ചിത തുക കൊടുക്കുവാൻ മുൻ ഭർത്താവിനെതിരെ ഉത്തരവിടാനും കുടുംബകോടതിക്ക് അധികാരമുണ്ട്. ഓർഡറാക്കിയ തുക നൽകാൻ വിസമ്മതിക്കുന്ന ഭർത്താവിനെ ജയിലടയ്ക്കാനും വ്യവസ്ഥയുണ്ട്. ക്രിമിനൽ നടപടി നിയമം മതേതരവും എല്ലാ വിഭാഗത്തിലുള്ളവർക്കും ബാധകവുമാണ്.

എന്നാൽ വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശസംരക്ഷണ നിയമത്തിൽ, മുകളിൽ പ്രസ്താവിച്ചതുപോലെ, ഇദ്ദാ കാലത്തേക്കുള്ള സംരക്ഷണ ചെലവും, ഭാവി സംരക്ഷണത്തിലേക്ക് മൊത്തമായൊരു സംഖ്യയും (മതാഅ്) ഇദ്ദ കാലത്തിനുള്ളിൽതന്നെ മുൻഭർത്താവ് നൽകേണ്ടതാണെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ മുസ്‌ലിം വിവാഹമുക്തയ്ക്ക് പൊതുനിയമമായ ക്രിമിനൽ നടപടി നിയമപ്രകാരം സംരക്ഷണാവകാശം കിട്ടണമെങ്കിൽ മുൻ ഭർത്താവിന്റെ സമ്മതം ആവശ്യമാണെന്നും ഈ നിയമത്തിലെ 5-)0 വകുപ്പ് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇദ്ദാ കാലത്തിനു ശേഷം സംരകഷണം നൽകേണ്ടത് മുൻ ഭർത്താവല്ലെന്നും മക്കൾ, മാതാപിതാക്കൾ, മറ്റവകാശികൾ, വഖ്ഫ് ബോർഡ് എന്നിവരാണെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വിവാഹമുക്തയായ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവും കോടതിവിധികളും

തിരുത്തുക

ഷാബാനു കേസിൽ ( (1985) 2 SCC 556) വിവാഹമുക്തകളായ മുസ്‌ലിം സ്ത്രീകൾക്ക് മുൻ ഭർത്താവ് ക്രിമിനൽ നടപടി നിയമത്തിലെ 125-)0 വകുപ്പ് പ്രകാരം ചിലവിനു കൊടുക്കുവാൻ ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതിവിധിക്കുകയുണ്ടായി.[12] ഈ വിധി തങ്ങളുടെ വ്യക്തി നിയമത്തിനെതിരാണെന്ന് സമുദായത്തിലെ ഒരു വിഭാഗം വാദിക്കുകയും വാദങ്ങളും പ്രതിവാദങ്ങളും ചൂടുപിടിക്കുകയും അങ്ങനെ വിവാഹമുക്തകളായ സ്ത്രീകളെ സംരിക്ഷിക്കുക എന്ന ഉദ്ദേശ്യം ലക്ഷ്യമാക്കിയെന്നവകാശപ്പെട്ട് വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശസംരക്ഷണ നിയമം പാസ്സാക്കുകയുണ്ടായി.

ഈ നിയമത്തിനെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് റിട്ട് ഹരജികൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടു. 28-9-2001 നു സുപ്രീം കോടതിവിധി പ്രസ്താവിച്ച ഡാനിയൽ ലതീഫി (Danial Lathifi and another V Union of India )[13] എന്ന കേസിൽ വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക് ഇദ്ദാകാലത്ത് മാത്രമല്ല അതിനു ശേഷവും സംരക്ഷണം നൽകുവാൻ മുൻ ഭർത്താവ് ബാധ്യസ്ഥനാണെന്നും എന്നാൽ ഭാവി സംരക്ഷണത്തിനായുള്ള ഈ സംഖ്യ ഇദ്ദാകാലത്ത് തന്നെ നൽകേണ്ടതാണെന്നും വിധിക്കുകയും ഈ നിയമം ഭരണഘടനപ്രകാരം അസാധുവല്ലെന്നും വിധി പ്രസ്താവിക്കുകയുണ്ടായി.

ഷബാന ബാനു (Shabana Bano V Imran Khan)[14][15] കേസിൽ, മദ്ധ്യപ്രദേശ് ഹൈക്കൊടതി, സിആർ പി സി 125 പ്രകാരം ജീവനാംശം നൽകുവാൻ ഉള്ള കുടുംബ കോടതി ഉത്തരവു ശരിവച്ചുകൊണ്ട് ഉത്തരവിടുകയും അതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ തള്ളി,4-12-2009 തിയ്യതി, ബഹു: സുപ്രീം കോടതി, മുസ്‌ലിം വിവാഹമുക്തയുടെ കാര്യത്തിൽ അവർക്ക് പൊതു നിയമമായ ക്രിമിനൽ നടപടി നിയമം 125[16] പ്രകാരം ചെലവു നൽകാൻ മുൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് വിധിക്കുകയുണ്ടായി. 14-9-1984 നു പാസ്സാക്കിയ കുടുംബ കോടതി നിയമം വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമത്തിനു മുമ്പേ പാസ്സാക്കിയതാണെന്നും കുടുംബ കോടതി നിയമം സമാന വ്യവസ്ഥകളുള്ള നിയമങ്ങൾക്ക് മേൽ പ്രാബല്യമുള്ളതാണെന്നും വിവാഹമുക്തയായ മുസ്‌ലിം സ്തീകൾകൾക്ക് സി ആർ പി സി 125-)0 വകുപ്പ് പ്രകാരം ജീവനാംശം നൽകുവാൻ ഉത്തരവിടാൻ കുടുംബ കോടതികൾക്ക് അധികാരമുണ്ടെന്നും വിധിക്കുകയുണ്ടായി.

ഈ നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനമുണ്ടായി. ഈ നിയമം സ്ത്രീകളെ സംരക്ഷിക്കാനല്ലെന്നും മറിച്ച് പുരുഷന്മാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ജുഡീഷ്യറിക്ക് മേലെ ലജിസ്ലേറ്റീവിന്റെ കടന്നു കയറ്റമാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൊതുസിവിൽ നിയമം എന്ന നിർദ്ദേശക തത്ത്വങ്ങൾക്ക് തിരിച്ചടിയാണെന്നും വാദമുണ്ടായി.[17]

  1. http://www.jeywin.com/wp-content/uploads/2009/12/Muslim-Women-Protection-of-Rights-on-Divorce-Act-1986.pdf
  2. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. സെക്ഷൻ 2(a)ആക്റ്റ്
  3. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. സെക്ഷൻ 3
  4. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. സെക്ഷൻ 3(1) (b) ആക്റ്റ്
  5. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. സെക്ഷൻ 2(b)
  6. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. സെക്ഷൻ 3(1)(d) ആക്റ്റ്
  7. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. Section 4(1) of the Act
  8. http://www.lawsindia.com/Advocate%20Library/c177.htm Archived 2016-03-05 at the Wayback Machine. section 4(2) of the Act
  9. http://www.mathrubhumi.com/online/malayalam/news/story/215067/2010-03-18/kerala[പ്രവർത്തിക്കാത്ത കണ്ണി]
  10. https://sites.google.com/site/lawofwomen/maintenance-under-different-act/maintenance-under-section-125[പ്രവർത്തിക്കാത്ത കണ്ണി] സി ആർ പി സി 125-)0 വകുപ്പ്
  11. http://www.vakilno1.com/bareacts/crpc/criminal-procedure-code-1973.html#127_Alteration_in_allowance Archived 2014-02-09 at the Wayback Machine. സി ആർ പി സി 127-)0 വകുപ്പ്
  12. http://indiankanoon.org/doc/823221/ ഷബാനു ബീഗം കേസ്
  13. http://indiankanoon.org/doc/410660/
  14. http://indiankanoon.org/doc/283310/
  15. http://www.indianlawcases.com/ILC-2009-SC-MAT-Dec-2
  16. http://indiankanoon.org/doc/1056396/ ക്രിമിനൽ നടപടി നിയമം 125-)0 വകുപ്പ്
  17. http://www.jeywin.com/wp-content/uploads/2009/12/Muslim-Women-Protection-of-Rights-on-Divorce-Act-1986.pdf


ഇതും കാണുക

തിരുത്തുക