ഒരു ആഫ്രിക്കൻ-അമേരിക്കൻ ചിന്തകനായിരുന്നു വില്യം എഡ്വേഡ് ദുബോയ്സ്. 1890കളിൽ അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കിടയിലെ ഏറ്റവും പ്രമുഖനായ വിപ്ളവചിന്തകനും നേതാവുമായിരുന്നു ദുബോയ്സ്.

വില്യം എഡ്വേഡ് ദുബോയ്സ്
Formal photograph of an African-American man, with beard and mustache, around 50 years old
വില്യം എഡ്വേഡ് ദുബോയ്സ് 1918ൽ
ജനനം
വില്യം എഡ്വേഡ് ദുബോയ്സ്

(1868-02-23)ഫെബ്രുവരി 23, 1868
മരണംഓഗസ്റ്റ് 27, 1963(1963-08-27) (പ്രായം 95)
അക്ര, ഘാന
കലാലയം
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)Nina Gomer Du Bois, Shirley Graham Du Bois
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCivil rights, സമൂഹശാസ്ത്രം, ചരിത്രം
സ്ഥാപനങ്ങൾAtlanta University, NAACP
സ്വാധീനങ്ങൾAlexander Crummell, വില്യം ജെയിംസ്
ഒപ്പ്

ജീവിതരേഖ

തിരുത്തുക

1868 ഫെബ്രുവരിയിൽ മസാച്യുസെറ്റ്സിലെ ഗ്രേറ്റ് ബാരിങ്ടണിൽ ജനിച്ചു. പൂർവ്വികർ ഡച്ച് അടിമകളായിരുന്നു. ഗ്രേറ്റ് ബാരിങ്ടണിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ആഫ്രിക്കൻ-അമേരിക്കൻ പ്രസിദ്ധീകരണമായ ന്യൂയോർക്ക് ഗ്ലോബിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി. 1888ൽ ഫിസ്ക് (Fisk) sarവകലാശാലയിൽ നിന്ന് ബിരുദം നേടി.

ഹാർവാഡ് സർവകലാശാലയിലെ പഠനത്തിനുശേഷം ജർമനിയിലെ ബർലിൻ സർവകലാശാലയിൽ ഗവേഷണത്തിനു ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പൂർത്തിയാക്കാനായില്ല. തുടർന്ന് അമേരിക്കയിലെ വിൽബർ ഫോർസ് സർവകലാശാലയിൽ ഗ്രീക്ക്-ലാറ്റിൻ സാഹിത്യ പ്രൊഫസറായി ചേർന്നു. 1895-ൽ ഹാർവാഡ് സർവകലാശാലയിൽനിന്ന് ഗവേഷണബിരുദം നേടി.

1963 ആഗസ്റ്റിൽ ഇദ്ദേഹം അന്തരിച്ചു. മരിക്കുന്നതിനുമുമ്പ് ഘാനയിലെ പൗരത്വം സ്വീകരിച്ചിരുന്നു.

പ്രവർത്തനങ്ങൾ

തിരുത്തുക

വർണ-വംശീയ വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനുവേണ്ടി 1905ൽ 'നയാഗര' പ്രസ്ഥാനത്തിന് ദുബോയ്സ് രൂപംനല്കി. 1909ൽ 'നാഷണൽ അസോസിയേഷാൻ ഫോർ ദ് അഡ്വാൻസ്മെന്റ് ഒഫ് കളേർഡ് പീപ്പിൾ' (NAACP) എന്ന സംഘടന രൂപവത്കരിച്ചു. 20-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിൽ 'അഖില ആഫ്രിക്കൻ വാദം' എന്ന ആശയത്തിന്റെ പ്രധാന വക്താവായിരുന്നു ദുബോയ്സ്. 1897ൽ പ്രമുഖരായ 17 ആഫ്രിക്കൻ-അമേരിക്കൻ ബുദ്ധിജീവികളുമായി ചേർന്ന് 'അമേരിക്കൻ നീഗ്രോ അക്കാദമി'ക്ക് രൂപംനല്കി.

അമേരിക്കയിലെ കറുത്ത വംശജരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിനുപോൽബാലകമായ നിരവധി ഗവേഷണ പഠനങ്ങൾ നടത്തി. പക്ഷേ, ഇത്തരം ഗവേഷണപഠനങ്ങൾ കൊണ്ടുമാത്രം വെള്ളക്കാരുടെ വംശീയ മുൻവിധികളെ പരിഷ്കരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ദുബോയ്സ്, സംഘടിതവും ആസൂത്രിതവുമായ പ്രക്ഷോഭ-പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. പൂർണസമത്വത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം ബുക്കർ.ടി. വാഷിങ്ടണിന്റെ പരിഷ്കരണവാദാശയങ്ങളെ നിരാകരിച്ചു. 1910-മുതൽ കാൽ നൂറ്റാണ്ടുകാലത്തോളം അമേരിക്കൻ നീഗ്രോകളുടെ ഏറ്റവും വലിയ നേതാവായിരുന്ന ദുബോയ്സ്, വെള്ളക്കാരിൽനിന്ന് ഭൗതികവും ആശയപരവുമായ സ്വാതന്ത്ര്യം നേടാനും സ്വന്തം വിചാരമാതൃകകൾക്കു രൂപംനല്കാനും കറുത്തവരെ ആഹ്വാനം ചെയ്തു.

അഖില ആഫ്രിക്കൻ വാദം പ്രചരിപ്പിക്കുന്നതിനുവേണ്ടി ദുബോയ്സ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1919-ൽ പാരിസിലാണ് ആദ്യത്തെ അഖില ആഫ്രിക്കൻ സമ്മേളനം നടന്നത്. 1940-കളിൽ അമേരിക്കൻ ഗവണ്മെന്റിന്റെ നയങ്ങളിലും നീഗ്രോ നേതൃത്വത്തിന്റെ നിലപാടുകളിലും നിരാശനായ ഇദ്ദേഹം സോവിയറ്റ് യൂണിയനോട് അനുഭാവം പ്രകടിപ്പിച്ചു. ലോകത്ത് സമാധാനവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് സോവിയറ്റ് യൂണിയന് നേതൃത്വപരമായ പങ്കു വഹിക്കാൻ കഴിയുമെന്ന് ദുബോയ്സ് വിശ്വസിച്ചു. 1959-ൽ ലെനിൻ സമാധാന പുരസ്കാരം നല്കി സോവിയറ്റ് യൂണിയൻ ഇദ്ദേഹത്തെ ആദരിച്ചു. 1960-ൽ ഘാനയിൽ തുടങ്ങിയ പ്രഥമ ആഫ്രിക്കൻ എൻസൈക്ളോപീഡിയയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1961-ൽ അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

അഞ്ച് നോവലുകൾ ഉൾപ്പെടെ 22 കൃതികൾ രചിച്ചിട്ടുണ്ട്.

1903ൽ ദ് സോൾസ് ഒഫ് ബ്ളാക്ക് ഫോക്ക് എന്ന പേരിൽ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. കറുത്ത വംശജരുടെ ദുരിതപൂർണമായ ജീവിതാവസ്ഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 1897ൽ പ്രസിദ്ധീകൃതമായ 'ദ് കൺസർവേഷൻ ഒഫ് റെയ്സസ്' ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. കറുത്തവരുടെ വംശീയാഭിമാനം നിലനിർത്തേണ്ടത് അവരുടെ വ്യതിരിക്തമായ സ്വത്വം രൂപവത്കരിക്കുന്നതിനാവശ്യമാണെന്ന് ദുബോയ്സ് വാദിച്ചു. 1899ൽ പ്രസിദ്ധീകരിച്ച 'ദ് ഫിലാഡെൽഫിയ നീഗ്രോ' എന്ന കൃതിയിൽ ഫിലാഡെൽഫിയയിലെ നീഗ്രോകളുടെ സാമൂഹിക-സാമ്പത്തിക ജീവിതസാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വില്യം എഡ്വേഡ് (1868 - 1963) ദുബോയ്സ്, വില്യം എഡ്വേഡ് (1868 - 1963) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.