വിജയകാന്ത്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മുതിർന്ന ഡി.എം.ഡി.കെ നേതാവും പ്രശസ്തനായ തമിഴ് ചലച്ചിത്ര അഭിനേതാവുമായിരുന്നു വിജയകാന്ത്. (1952-2023) രണ്ട് തവണ (2011, 2006) തമിഴ്നാട് നിയമസഭാംഗമായിരുന്ന വിജയകാന്ത് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഡിസംബർ 28ന് അന്തരിച്ചു.[1][2][3]

വിജയകാന്ത്
നിയമസഭയിലെ പ്രതിപക്ഷനേതാവ്
ഓഫീസിൽ
2011-2016
മുൻഗാമിജയലളിത
പിൻഗാമിഎം.കെ.സ്റ്റാലിൻ
നിയമസഭാംഗം
ഓഫീസിൽ
2011, 2006
മണ്ഡലം
  • ഋഷിവന്ദ്യം
  • വിരുദാചലം
വ്യക്തിഗത വിവരങ്ങൾ
ജനനം
നാരായണൻ വിജയരാജ് അളകർ സാമി

1952 ഓഗസ്റ്റ് 25
മധുര ജില്ല, തമിഴ്നാട്
മരണംഡിസംബർ 28, 2023(2023-12-28) (പ്രായം 71)
ചെന്നെ, തമിഴ്നാട്
രാഷ്ട്രീയ കക്ഷി
  • ഡി.എം.ഡി.കെ
പങ്കാളിപ്രേമലത
കുട്ടികൾ2
As of ഡിസംബർ 28, 2023
ഉറവിടം: ഹിന്ദുസ്ഥാൻ ടൈംസ്

ജീവിതരേഖ

തിരുത്തുക

തമിഴ്നാട്ടിലെ മധുര ജില്ലയിൽ കെ.എൻ.അളകർ സാമിയുടേയും ആണ്ടാളിന്റെയും മകനായി 1952 ഓഗസ്റ്റ് 25ന്‌ ജനനം. ചെറുപ്രായത്തിലെ സിനിമ അഭിനയമോഹവുമായി നടന്ന വിജയരാജ് പത്താം ക്ലാസിനു ശേഷം പഠിപ്പ് നിർത്തി. സിനിമയിലെത്തിയതിനെ തുടർന്ന് വിജയകാന്ത് എന്ന പുതിയ പേരിലറിയപ്പെട്ടു. 1979-ൽ റിലീസായ ഇനിക്കും ഇളമൈ എന്ന സിനിമയിൽ വില്ലൻ വേഷത്തിലൂടെ തമിഴ് സിനിമയിലെത്തി. 1981-ൽ റിലീസായ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിൽ നായകനായി അഭിനയിച്ചത് കരിയറിൽ വഴിത്തിരിവായി. തുടർന്ന് സിവപ്പ് മല്ലി, ജാതിക്കൊരു നീതി, എന്നി സിനിമകളിലൂടെ തമിഴ് സിനിമയിലെ പ്രധാന നടനായി മാറി. 1984-ൽ മാത്രം വിജയകാന്തിന്റെ 18 സിനിമകളാണ് തമിഴിൽ റിലീസായത്. 1980, 1990 കാലഘട്ടത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യമായിരുന്ന വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ഊമൈ വിഴികൾ, കൂലിക്കാരൻ, നിനൈവൈ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, പുലൻ വിചാരണൈ, സിന്ദുരപ്പൂവൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, വാനത്തെപ്പോലെ, സേതുപതി ഐ.പി.എസ് തുടങ്ങിവയാണ് വിജയകാന്തിന്റെ പ്രധാന സിനിമകൾ. 2010-ൽ റിലീസായ വിരുദഗിരി എന്ന സിനിമയിൽ അവസാനമായി നായകനായും 2015-ൽ അവസാനമായി വിജയകാന്ത് അഭിനയിച്ച് റിലീസായ സതാബ്ദം എന്ന സിനിമയിൽ അതിഥി വേഷവും ചെയ്തു. തമിഴിൽ ഇതുവരെ ഏകദേശം 150 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[4][5]

രാഷ്ട്രീയ ജീവിതം

തിരുത്തുക

2005 സെപ്റ്റംബർ 14ന്‌ ഡി.എം.ഡി.കെ (ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബലമായ രണ്ട് പാർട്ടികളായ ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നീ പാർട്ടികൾക്ക് ബദലാവും എന്നു പ്രഖ്യാപിച്ചാണ് ഡി.എം.ഡി.കെ രൂപീകരിച്ചതെങ്കിലും 2021-ൽ തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവിയോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒന്നുമാവാൻ കഴിയാതെ വിജയകാന്തിന്റെ പാർട്ടി അപ്രസക്തമാവുകയായിരുന്നു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും 8.5 % വോട്ടും നേടി വരവറിയിച്ചെങ്കിലും അണ്ണാ ഡി.എം.കെക്ക് ഭൂരിപക്ഷം കിട്ടിയ 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു പാർട്ടിയുടെ മികച്ച പ്രകടനം. ആകെ 40 സീറ്റിൽ മത്സരിച്ച പാർട്ടി 7.88 % വോട്ടും 29 സീറ്റും നേടി തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല കക്ഷിയായി മാറി. 2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്.

2011 വരെ അധികാരത്തിലിരുന്ന ഡി.എം.കെക്കെതിരെ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചതിനെ തുടർന്നാണ് ഡി.എം.ഡി.കെ മികച്ച പ്രകടനം നടത്തിയതെന്നും വിലയിരുത്തുന്നു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉലുന്തർപേട്ട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച വിജയകാന്ത് പരാജയപ്പെട്ടപ്പോൾ ഡി.എം.ഡി.കെ പാർട്ടിക്ക് ഒരു സീറ്റ് നേടാൻ പോലും കഴിഞ്ഞില്ല. പാർട്ടിയുടെ വോട്ടു ശതമാനം 2.88 % ലേക്ക് കൂപ്പുകുത്തി.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ വീണ്ടും മുന്നണി സംവിധാനത്തിന്റെ ഭാഗമായി 2021 നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പിന്നീട് ഒരിക്കൽ പോലും ഡി.എം.ഡി.കെയ്ക്ക് ഒരു സീറ്റിലെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.

പൊതുജന മധ്യത്തിലെ പെരുമാറ്റത്തിന്റെ പേരിൽ വിജയകാന്ത് പലപ്പോഴായി വിമർശിക്കപ്പെട്ടു. സ്വന്തം പാർട്ടി അണികളുമായും മാധ്യമ പ്രവർത്തകരുമായും നിരന്തരം കലഹത്തിൽ ഏർപ്പെട്ടു. നിയമസഭാംഗമായിരിക്കെ സഭയിൽ എത്താതിരുന്ന വിജയകാന്തിന്റെ പാർട്ടിയിൽ ഭാര്യയും ഭാര്യാ സഹോദരനും പിടിമുറുക്കിയതോട് കൂടെ പാർട്ടിയിൽ വിഭാഗീയത ആരംഭിച്ചതിനെ തുടർന്ന് അണികൾ കൂട്ടത്തോടെ പാർട്ടി വിട്ടത് വിജയകാന്തിന് വൻ തിരിച്ചടിയായി.

2016 ഓടെ സ്വന്തം നിലയ്ക്ക് സ്ഥാനമുറപ്പിക്കാൻ കഴിയാതെ പോയ വിജയകാന്തിന്റെ പാർട്ടി പിന്നീട് മറ്റ് ചില പാർട്ടികളുമായും സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അണ്ണാ ഡി.എം.കെയുമായി മാത്രമാണ് അടുത്തത്. ഡി.എം.കെയുമായുള്ള ചർച്ചകൾ പാതിവഴിയിൽ തെറ്റിപ്പിരിഞ്ഞു.[6][7]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2023 ഡിസംബർ 28ന് രാവിലെ 9 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഡിസംബർ 29ന് വൈകിട്ട് ഏഴു മണിയോടെ പാർട്ടി ആസ്ഥാനത്തെ വളപ്പിൽ നടന്നു.[8]

സ്വകാര്യ ജീവിതം

തിരുത്തുക

പിതാവ് കെ. എൻ. അഴഗർസ്വാമി, മാതാവ് ശ്രീമതി. ആണ്ടാൾ. പ്രേമലതയാണ് ഭാര്യ. ഷണ്മുഖ പാണ്ഡ്യൻ വിജയ് പ്രഭാകർ എന്നിവർ മക്കൾ. ക്യാപ്റ്റൻ പ്രഭാകരൻ എന്ന തന്റെ നൂറാമത്തെ ചിത്രത്തിലെ അഭിനയത്തിനു ശേഷം ക്യാപ്റ്റൻ എന്ന പേരിലും വിജയകാന്ത് അറിയപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിജയകാന്ത്&oldid=4071881" എന്ന താളിൽനിന്ന് ശേഖരിച്ചത്