വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പത്രക്കുറിപ്പ്/ഫോട്ടോവാക്ക്

ആലപ്പുഴയുടെ സ്വതന്ത്ര ചിത്രങ്ങളുമായി വിക്കിമീഡിയർ

“ആലപ്പുഴ വിക്കിമീഡിയയെ സ്‌നേഹിക്കുന്നു” എന്ന പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിന്റെ അനവധി ചിത്രങ്ങൾ ലോകത്തിന് സ്വതന്ത്രമായി ലഭ്യമാകുന്നു. വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കിൽ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫർമാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങൾ ക്യാമറകളിൽ പകർത്തിയത്. ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ആലപ്പുഴയുടെ ചിത്രളെല്ലാം പകർപ്പവകാശമുള്ളവയാണ്. എന്നാൽ ഈ പരിപാടിയിലൂടെ പകർത്തുന്ന ചിത്രങ്ങൾ ഫോട്ടോഗ്രാഫർക്ക് കടപ്പാട് രേഖപ്പെടുത്തി ആർക്കും ഏതുവിധത്തിലുമുള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കാം. http://commons.wikimedia.org എന്ന വിക്കിമീഡിയ വൈബ്‌സൈറ്റിൽ ഛായാഗ്രാഹരുടെ പേരിലും പരിപാടിയുടെ പേരിലുമാണ് ചിത്രങ്ങൾ ലഭ്യമാക്കുക. ഫോട്ടോവാക്കിലൂടെ പകർത്തി അപ് ലോഡ് ചെയ്യുന്ന ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിശദമായ ലേഖനങ്ങൾ ഇനി വിക്കിപീഡിയയിലെത്തും. അങ്ങനെ ആലപ്പുഴയിലെ പാലങ്ങളെയും പള്ളികളെയും അമ്പലങ്ങളെയും കനാലുകളെയും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇതുവഴിയൊരുക്കും. ഇത്തരത്തിൽ തയ്യാറാക്കുന്ന വിക്കിപീഡിയ ലേഖനങ്ങളുടെ ക്യു. ആർ. കോഡുകൾ സൃഷ്ടിച്ച് അതത് സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കും. ഇതുവഴി സഞ്ചാരികൾക്കും ചരിത്രാന്വേഷകർക്കും ആലപ്പുഴയെ സംബന്ധിച്ച വിശദവിവരങ്ങൾ അനായസേന ലഭ്യമാകുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഫോട്ടോവാക്കിന് മുന്നോടിയായി നടന്ന പരിശീലനത്തിൽ ഛായാഗ്രഹണം, ക്രിയേറ്റീവ് കോമൺസ പകർപ്പനുമതി, വിക്കിമീഡിയ കോമൺസ് ഉപയോഗം എന്നിവയിൽ ക്ലാസ്സുകളെടുത്തു. വിക്കിനിഘണ്ടു അഡ്മിനിസ്‌ട്രേറ്റർ വിശ്വപ്രഭ, അഡ്വ. ടി.കെ സുജിത്ത് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. എം. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. സാനു, ആർ. രഞ്ജിത്ത്, അഡ്വ. എം.പി. മനോജ്കുമാർ, തുടങ്ങിയവർ സംസാരിച്ചു. ഇരുതോളം ഫോട്ടോഗ്രാഫർമാർ അഞ്ഞൂറിൽപരം ചിത്രങ്ങൾ ഇതുവഴി പകർത്തി. മലയാളം വിക്കിപീഡിയയിലെ ഏഴുത്തുകാരുടെയും വായനക്കാരുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം ഡിസംബർ 21, 22 തീയതികളിൽ രാധാ കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്
അഡ്വ. ടി.കെ. സുജിത്ത്
(9846012841)