വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-10-2008
തെങ്ങ് പ്രായപൂർത്തിയാകുന്ന കാലം മുതൽക്ക് തുടർച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാൽ പിന്നീട് തുടർച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലിൽ നിന്നാണ് പൂക്കുലകൾ പൊട്ടിപ്പുറപ്പെടുന്നത്. പുഷ്പങ്ങൾ മൊട്ടായിരിക്കുമ്പോൾ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളിൽ ആൺപൂക്കൾ മാത്രമായോ പെൺപൂക്കൾ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയിൽ കൂടുതലും ആൺപൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയിൽ പെൺപൂക്കൾ കൂടുതലായുണ്ടാവും.
പരപരാഗണമാണ് തെങ്ങിൽ സാധാരണ നടക്കുന്നത്. അനേകം പൂക്കൾ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകൾ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോൾ തെങ്ങിൽ സ്വയംപരാഗണവും നടക്കാറുണ്ട്.
തെങ്ങിൻ പൂക്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി. ദാസ്