വാൽവെട്ടിതുറൈ കൂട്ടക്കൊല 1989

1989 ഓഗസ്റ്റ് രണ്ടു, മൂന്നു തീയതികളിൽ ജാഫ്നയിലെ ഒരു തീരപ്രദേശമായ വാൽവെട്ടിതുറൈയിൽ 64 ശ്രീലങ്കൻ തമിഴ് വംശജരെ ഇന്ത്യൻ സമാധാന സംരക്ഷണ സേന കൊലപ്പെടുത്തിയ സംഭവമാണ് വാൽവെട്ടിതുറൈ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ ഇന്ത്യൻ സൈന്യത്തിനു നേരെ നടത്തിയ ഒരു ആക്രമണത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ, ആറു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടി എന്നോണമായിരുന്നു വാൽവെട്ടിതുറൈ കൂട്ടക്കൊല നടന്നത്. സാധാരണ ജനങ്ങളുടെ നേർക്കു നടന്ന ക്രൂരത എന്നായിരുന്നു മാധ്യമങ്ങൾ ഈ നടപടിയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ മൈ ലായ് എന്നാണ് പിന്നീട് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആയ ജോർജ് ഫെർണാണ്ടസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.[1][2]

1989 ലെ വാൽവെട്ടിതുറൈ കൂട്ടക്കൊല
LocationSriLanka.png
ശ്രീലങ്കയുടെ ഭൂപടം
സ്ഥലംവാൽവെട്ടിതുറൈ, ശ്രീലങ്ക
തീയതിഓഗസ്റ്റ് 2–3, 1989 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴർ
ആക്രമണത്തിന്റെ തരം
വെടിവെപ്പ്, തീവെപ്പ്, ബോംബിങ്
ആയുധങ്ങൾതോക്കുൾ, പീരങ്കികൾ
മരിച്ചവർ64
മുറിവേറ്റവർ
43
ആക്രമണം നടത്തിയത്ഇന്ത്യൻ സമാധാന സംരക്ഷണ സേന

പശ്ചാത്തലംതിരുത്തുക

ശ്രീലങ്ക ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, ഈ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.[3]

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം നിറുത്തലാക്കി തമിഴർക്കും സമാധാനപൂർണ്ണമായ ജീവിതം വാഗ്ദാനം ചെയ്തുകൊണ്ടു നയപരമായും, സൈനികപരമായും പ്രശ്നത്തിൽ ഇടപെടാൻ ഇന്ത്യ തയ്യാറായി. ഇതിന്റെ ഫലമായി ശ്രീലങ്കൻ-ഇന്ത്യ ഉടമ്പടി രൂപപ്പെട്ടു. [4] ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനെയുമാണ് കരാറിൽ ഒപ്പു വെച്ചത്.

ആക്രമണംതിരുത്തുക

1989 ഓഗസ്റ്റ് രണ്ടാം തീയതി വാൽവെട്ടിതുറൈ ചന്തയിലുണ്ടായ ഒരു ആക്രമണത്തിൽ ഇന്ത്യൻ സമാധാന സംരക്ഷണസേനയിലെ ഒരു ഓഫീസർ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. സ്ഥലത്തു പട്രോൾ നടത്തിയിരുന്ന ഇന്ത്യൻ സൈന്യത്തിനുനേരെ അപ്രതീക്ഷിതമായ ആക്രമണമായിരുന്നു എൽ.ടി.ടി.ടി പുറത്തെടുത്തത്. ആക്രമണത്തെത്തുടർന്ന് കൂടുതൽ സേന സംഭവസ്ഥലത്തെത്തിയെങ്കിലും തീവ്രവാദികൾ അവിടെ നിന്നും പിൻവാങ്ങി. ഇതിനെ തുടർന്ന് ഏതാണ്ടു മുന്നൂറോളം ആളുകൾ സമീപത്തുള്ള രണ്ടു വീടുകളിലായി അഭയം തേടി. സുബ്രഹ്മണ്യം,ശിവഗണേഷ് എന്നിവരുടെ വീടുകളായിരുന്നു ഇത്.[5]

ഉച്ചകഴിഞ്ഞ് ഒന്നരമണിയായപ്പോഴേക്കും, ഇന്ത്യൻ സൈന്യം സുബ്രഹ്മണ്യത്തിന്റെ വീട്ടിലേക്കു കടന്നു ചെന്ന് അദ്ദേഹത്തെ ഉൾപ്പെടെ എട്ടു പേരെ കൊലപ്പെടുത്തി.[6] വൈകീട്ടു നാലുമണിയോടെ, ശിവഗണേഷിന്റെ വീട്ടിലേക്കു കടന്നു ചെന്ന സൈന്യം അവിടെയുണ്ടായിരുന്ന എട്ടുപേരെ പിടിച്ചുകൊണ്ടുപോയി കാലിത്തൊഴുത്തിൽ വച്ചു വെടിവെച്ചു കൊല്ലാൻ ശ്രമിച്ചുവെങ്കിലും, നാലുപേർ രക്ഷപ്പെട്ടു. അന്നു വൈകീട്ടോടെ, സൈന്യം കൊലപ്പെടുത്തിയവരുടെ എണ്ണം അമ്പതായി.[7]

ഓഗസ്റ്റ് മൂന്നാം തീയതി ഇന്ത്യൻ സൈന്യം പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. നിശാനിയമം പ്രഖ്യാപിച്ചതറിയാതെ അവിടെ വന്നു പെട്ട ചിലരെ സൈന്യം അറസ്റ്റു ചെയ്തു. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പെട്ട് ആറു പേരോളം കൊല്ലപ്പെട്ടു. കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞ അവിടേക്കു ആംബുലൻസും, അടിയന്തര വൈദ്യ സഹായവും അയക്കാനൊരുങ്ങിയ പെഡ്രോ ആശുപത്രി അധികൃതരെ ഇന്ത്യൻ സൈന്യം തടഞ്ഞു. കർഫ്യൂ പിൻവലിച്ചതിനുശേഷം മാത്രമാണ്, ഗുരുതരമായി പരുക്കേറ്റവർക്കു പോലും വൈദ്യ സഹായം ലഭ്യമായത്.

പ്രതികരണങ്ങൾതിരുത്തുക

ഇന്ത്യൻ സമാധാന സംരക്ഷസേനയുടെ പ്രതിഛായ മോശമാക്കി, ശ്രീലങ്കൻ ദ്വീപിൽ നിന്നും അവരെ പുറത്താക്കാൻ എൽ.ടി.ടി.ടി മനപൂർവ്വം നടത്തിയ ഒരു ആക്രമണമായിരുന്നു ഇതെന്നാണ് ഇന്ത്യയിലെ ചില ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ 24 സാധാരണ മനുഷ്യർ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 18 എൽ.ടി.ടി.ഇ തീവ്രവാദികളും, 12 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് ഓൾ ഇന്ത്യാ റേഡിയോ അറിയിച്ചു.[8]

അവലംബംതിരുത്തുക

  1. "Indias My Lai". Tamil nation. ശേഖരിച്ചത് 2016-10-16.
  2. Ajith, Pillai (1999-06-12). "By George, He's Still An Activist". Outlook. Missing or empty |url= (help); |access-date= requires |url= (help)
  3. "Tamil Alienation". countrystudies.us. ശേഖരിച്ചത് 2016-08-23.
  4. "Looking back at the Indo-Sri Lanka Accord". The Hindu. 2010-07-29. ശേഖരിച്ചത് 2016-08-25.
  5. "Vadamaratchi: April/August 1989". University Teachers for Human Rights (Jaffna) Srilanka. ശേഖരിച്ചത് 2016-10-16.
  6. Rita, Sebastien (1989-08-24). "Massacre at point pedro" (PDF). Indian Express. ശേഖരിച്ചത് 2016-10-16.
  7. "A Parlous Quest to Live in Truth". University Teachers for Human Rights (Jaffna) Srilanka. ശേഖരിച്ചത് 2016-10-16.
  8. "Vadamaratchi: April/August 1989". University Teachers for Human Rights (Jaffna) Srilanka. ശേഖരിച്ചത് 2016-10-16.