വധശിക്ഷ ദക്ഷിണകൊറിയയിൽ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. പ്രസിഡന്റ് കിം ഡേ-ജുങ് 1998 ഫെബ്രുവരിയിൽ അധികാരത്തിൽ വന്ന ശേഷം വധശിക്ഷകളൊന്നും നടപ്പിലാക്കിയിട്ടില്ല. ഏറ്റവുമവസാനം വധശിക്ഷ നടപ്പാക്കിയത് 1997 ഡിസംബർ 31-നായിരുന്നു. അന്ന് 23 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. [1] ഏറ്റവുമവസാന വധശിക്ഷ വിധിച്ചത് 2009 ഏപ്രിൽ 21-നാണ്.

പത്തു പേരെ കൊന്ന കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കാങ് ഹോ-സുൺ എന്നയാളിനെയായിരുന്നു ഏറ്റവുമവസാനം ശിക്ഷിച്ചത്. ഇയാൾ 2006-നും 2008-നുമിടയിൽ 8 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വധിക്കുകയും തന്റെ 2005-ൽ തന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും തീവച്ചുകൊല്ലുകയും ചെയ്തു എന്ന കുറ്റാരോപണമായിരുന്നു തെളിഞ്ഞത്. 38 വയസുകാരനായ കാങിനെ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്തത്. മറ്റ് ഏഴു സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയകാര്യം അയാൾ പോലീസിനോട് സമ്മതിക്കുകയായിരുന്നു. [2]

ഇപ്പോൾ വധശിക്ഷ കാത്തു കഴിയുന്നവരിൽ മനുഷ്യമാംസം കഴിക്കുന്ന ഒരു ഗൂഢസംഘത്തിലെ (ചിജോൺ കുടുംബം) അംഗങ്ങളായിരുന്നവർ, യൂ യൂങ്-ചുൾ എന്നിവരും ഉൾപ്പെടും.

വധശിക്ഷ നിർത്തലാക്കാനുള്ള നീക്കങ്ങൾ

തിരുത്തുക

ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്ന വികസിതവും ജനാധിപത്യ ഭരണകൂടമുള്ളതുമായ നാലു രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. അമേരിക്കൻ ഐക്യനാടുകളും, ജപ്പാനും, തായ്‌വാനുമാണ് മറ്റു രാജ്യങ്ങൾ. ഇതിൽ വധശിക്ഷ നിർത്തിവച്ചിരിക്കുന്നത് ദക്ഷിണ കൊറിയ മാത്രമാണ്.

ആംനസ്റ്റി ഇന്റർനാഷണൽ ദക്ഷിണകൊറിയയെ ഇപ്പോൾ പ്രായോഗികമായി വധശിക്ഷ നിർത്തലാക്കിയ രാജ്യം (abolitionist in practice) എന്നാണ് കണക്കാക്കുന്നത്. 1998-ൽ പ്രസിഡന്റ് കിം ഡേ-ജുങ് (ഇദ്ദേഹം മുൻപ് വധശിക്ഷ നടപ്പാക്കുന്നതും കാത്തു കഴിഞ്ഞിട്ടുണ്ട്) അധികാരത്തിലെത്തിയപ്പോൾ വധശിക്ഷകൾ നടപ്പിലാക്കുന്നത് തടഞ്ഞു.

വധശിക്ഷ നിർത്തലാക്കാനുള്ള മൂന്നു ബില്ലുകൾ 2011-ൽ ദക്ഷിണ കൊറിയൻ ജനപ്രതിനിധി സഭയുടെ നിയമനിർമ്മാണത്തിനായുള്ള കമ്മിറ്റിയുടെ മുന്നിൽ നിലവിലുണ്ടായിരുന്നു.

2010 ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിലെ പരമോന്നത കോടതി നാലിനെതിരേ അഞ്ചു ന്യായാധിപരുടെ അഭിപ്രായത്തിന്റെ ഭൂരിപക്ഷത്തോടെ ഒരു വധശിക്ഷ ശരിവയ്ക്കുകയുണ്ടായി. പക്ഷേ വധശിക്ഷ പുനരാരംഭിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു നിരീക്ഷകരുടെ വിശകലനം [3]

2010 മാർച്ചിൽ പ്രതീക്ഷകൾക്കെതിരായി വധശിക്ഷ പുനരാരംഭിക്കുമെന്ന് നിയമമന്ത്രി ലീ ക്വി-നാം സൂചിപ്പിച്ചു. 13 വർഷത്തെ താൽക്കാലിക നിരോധനം ഇതോടെ നീങ്ങിയേക്കും. [4] ഒരു 15 വയ്സുകാരി സ്കൂൾക്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കിം കിൽ-ടേയെ വധശിക്ഷയ്ക്കു വിധിച്ചശേഷമായിരുന്നു മേൽപ്പറഞ്ഞ പ്രസ്താവനയുണ്ടായത്.

2010 ഡിസംബറിൽ കിം കിൽ-ടേയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കപ്പെട്ടു. അപ്പീലിനു പോകുന്നില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം[5]

  1. "South Korea must not resume use of the death penalty". amnesty international. 16 February 2009. Archived from the original on 2012-09-11. Retrieved 11 September 2009.
  2. "Korean killer gets death penalty". BBC News. 2009-04-21.
  3. "South Korea court rules death penalty legal". BBC News. February 25, 2010. Retrieved February 25, 2010.
  4. "Minister Hints at Resuming Death Row Execution". March 16, 2010. Retrieved March 16, 2010.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2012-06-22.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

http://www.koreaherald.com/opinion/Detail.jsp?newsMLId=20110608000910 Archived 2012-04-22 at the Wayback Machine.