ലോംഗിനസ്
അരിസ്റ്റോട്ടിലിനു ശേഷം ജീവിച്ചിരുന്ന യവനവിമർശകരിൽ ഏറ്റവും പ്രഥമഗണനീയനായിരുന്നു ലോംഗിനസ്. ഉദാത്തതാ സമീക്ഷ (the treatise On the Sublime) എന്ന ശൈലീവിജ്ഞാനപരമായ വിമർശനകൃതി അദ്ദേഹത്തിന്റെതാണെന്നു കരുതപ്പെടുന്നു. കേകിലിയൂസ് (caecilius) എന്നൊരാൾ ഉദാത്തതയെ സംബന്ധിച്ചു മുൻപുനടത്തിയ സമീക്ഷയോടുള്ള ഒരു പ്രതികരണമായാണ് ഇതെഴുതിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ രചിച്ചിരിക്കുന്ന ഈ പ്രബന്ധം സ്നേഹിതനായ പോസ്തുമിസ് ടെറൻ്റിയാനസിനോട് പറയുന്ന മട്ടിലാണ് ലോംഗിനസ് സംവിധാനം ചെയ്തിരിക്കുന്നത്. ലോംഗിനസിൻ്റെ കാലവും മറ്റുവിവരങ്ങളും ഇപ്പോഴും അജ്ഞാതമാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ആവും അദ്ദേഹത്തിന്റെ ജീവിതകാലം എന്നുകരുതപ്പെടുന്നു.അതേസമയം മൂന്നാം ശതകത്തിൽ സിറിയയിലെ പൽ മിറ (Palmyra) എന്ന യവനനഗരത്തിലെ രാജ്ഞിയായിരുന്ന സെനോബിയയുടെ (Queen zenobia)മന്ത്രിയായിരുന്നു ലോംഗിനസ് എന്ന് ഗിബ്ബൺ അഭിപ്രായപ്പെടുന്നുണ്ട്.
'മഹത്തായ മനസ്സിൻ്റെ പ്രതിധ്വനിയാണ് ഉദാത്തത' (Sublimity is the echo of the great soul) എന്ന് നിർവ്വചിച്ചുകൊണ്ടാണ് ലോംഗിനസ് ആരംഭിക്കുന്നത്. ഒരു കൃതി മഹത്തരമാണെന്ന് സംശയരഹിതമായി പറയാൻ കഴിയുന്നത് ആവർത്തിച്ചുള്ള പാരായണത്തിന്ന് അതു നമ്മെ പ്രേരിപ്പിക്കുമ്പോഴാണ്. എക്കാലത്തും എല്ലാവരെയും രസിപ്പിക്കുന്ന കൃതികളിൽ ഉദാത്തഭാവം അതിൻ്റെ സമ്പൂർണ സത്യത്തിലും തികഞ്ഞ സൗന്ദര്യത്തിലും അടങ്ങിയിട്ടുണ്ട് എന്ന് ലോംഗിനസ് പറയുന്നു. ഉത്തമ കലാസൃഷ്ടി കാലാതീതവും സാർവ്വലൗകികവുമാണെന്നാണ് അദ്ദേഹം പറയുന്നത്. മഹത്തായ സങ്കല്പം ( Grand Conception) തീവ്ര വികാരം (Passion) ആവിഷ്കരണശക്തി (power of expression) എന്നിവ ഉദാത്തഭാവത്തിന് ജന്മം നൽകുന്നു. രചനയിലെ ഉദാത്തഭാവത്തെ നശിപ്പിക്കുന്ന ഘടകങ്ങളെയും ലോംഗിനസ് ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായ ആർഭാടം (Bombast) ബാലിശത്വം (affectation) കല്പനാഭാസം (Conceit) ശുഷ്കത (Frigidity) എന്നിവ ഉദാത്തതയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു.
ഉദാത്തതയ്ക്ക് അഞ്ച് ഉറവിടങ്ങൾ ലോംഗിനസ് കല്പിക്കുന്നു (The Five source of sublimity)
1. മഹത്തായ കാര്യങ്ങൾ സങ്കല്പിക്കാനുള്ള കഴിവ് (The Power of conceive great thoughts)
2 തീവ്രവും ഉത്തേജിതവുമായ വികാരങ്ങൾ(vehement and inspired passion)
3.ചിന്തയുടെയും ഭാഷണത്തിൻ്റെയും അലങ്കാരകല്പനകൾ(Figures of thought of speech)
4. വിശിഷ്ടമായ പദശൈലി(Noble Diction)
5.അന്തസ്സുറ്റതും സമുന്നതവുമായ രചന (സമഗ്രശില്പം)Dignified and elevated word arrangement