സൈപ്രസിലെ ലാർനാക്ക നഗരത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, വ്യത്യസ്ത വലുപ്പത്തിലുള്ള നാല് ഉപ്പ് തടാകങ്ങളുടെ ഒരു ശൃംഖലയാണ് ലാർനാക്ക ഉപ്പ് തടാകം (ഗ്രീക്ക്: Αλυκή Λάρνακας).

ലാർനാക്ക ഉപ്പ് തടാകം
ലാർനാക്ക ഉപ്പ് തടാകം, ലാർനാക്ക പട്ടണത്തിന്റെ പശ്ചാത്തലത്തിൽ
Location of Larnaca Salt Lake in Cyprus.
Location of Larnaca Salt Lake in Cyprus.
ലാർനാക്ക ഉപ്പ് തടാകം
നിർദ്ദേശാങ്കങ്ങൾ34°54′N 33°37′E / 34.900°N 33.617°E / 34.900; 33.617
Basin countriesസൈപ്രസ്
ഉപരിതല വിസ്തീർണ്ണം1,585 ഹെ (3,920 ഏക്കർ)[1]
ശരാശരി ആഴം1 മീ (3 അടി 3 ഇഞ്ച്)
ഉപരിതല ഉയരം0 മീ (0 അടി)
അധിവാസ സ്ഥലങ്ങൾLarnaca
അവലംബം[1]

ഭൂമിശാസ്ത്രം

തിരുത്തുക

ഈ തടാകങ്ങളിൽ മൂന്നെണ്ണം പരസ്പരം ബന്ധപ്പെട്ട നിലയിലാണ്. വലിപ്പത്തിന്റെ ക്രമത്തിൽ, ഈ തടാകങ്ങൾ അലിക്കി, ഒർഫാനി, സോറോസ്, സ്പിറോ എന്നീ പേരുകളിൽ അറിയപ്പെടുന്നു.[2] ലിമാസോൾ സാൾട്ട് തടാകത്തിന് ശേഷം സൈപ്രസിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പ് തടാകമാണ് ലാർനാക്ക. തടാകങ്ങളുടെ ആകെ ഉപരിതല വിസ്തീർണ്ണം 2.2 ചതുരശ്ര കിലോമീറ്റർ ആണ്. ലാർനാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ അരികിലായതിനാൽ ഈ തടാകം ഏറ്റവും വ്യതിരിക്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. ശൈത്യകാലത്ത് തടാകത്തിൽ വെള്ളം നിറയും. വേനൽക്കാലത്ത് ഈ വെള്ളം ബാഷ്പീകരിക്കപ്പെടുകയും തടാകത്തിൽ ഉപ്പ് കൊണ്ടുള്ള ഒരു പാളിയും ചാരനിറത്തിലുള്ള പൊടിയും അവശേഷിപ്പിക്കുകയും ചെയ്യുന്നു.

പ്രാധാന്യം

തിരുത്തുക

സൈപ്രസിലെ ഏറ്റവും പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇത് റാംസർ സൈറ്റായും, നാച്ചുറ 2000 സൈറ്റായും, ബാഴ്‌സലോണ കൺവെൻഷനു കീഴിലുള്ള പ്രത്യേക സംരക്ഷിത പ്രദേശമായും ഒരു പ്രധാന പക്ഷി സങ്കേതമായും(IBA) പ്രഖ്യാപിക്കപ്പെട്ടു.[3][4] തടാകത്തിന്റെ തീരത്ത് ഒട്ടോമൻ ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ പുണ്യസ്ഥലങ്ങളിലൊന്നായ ഹാല സുൽത്താൻ ടെക്കെ സ്ഥിതിചെയ്യുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ മാതുലയായ ഉമ്മു ഹാരമിൻ്റെ ശവകുടീരം ഇവിടെയുണ്ട്.

ജൈവവ്യവസ്ഥ

തിരുത്തുക

തടാകത്തിന് ചുറ്റുപാടും ലവണാംശം കൂടിയ പ്രദേശങ്ങളിൽ വളരുന്ന ചെടികളുടെ (ഹാലോഫൈറ്റിക്) ഒരു ആവാസവ്യവസ്ഥയാൽ ചുറ്റപ്പെട്ടിരിക്കുന്നു. 20,000 നും 38,000 നും ഇടയിൽ എണ്ണം വരുന്ന 85 ഇനം ജലപക്ഷികളുടെ വിഹാരകേന്ദ്രമാണ് തടാകം. 2,000 മുതംൽ 12,000 വരെ വലിയ അരയന്നക്കൊക്കുകൾ (ഫീനികോപ്റ്റെറസ് റോസസ്) ഇവിടെ കാണപ്പെടുന്നു.[5] ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവിവർഗ്ഗമായ ആർട്ടെമിയ സലീന ഭക്ഷണമാക്കിക്കൊണ്ട് ഈ അരയന്നങ്ങൾ മഞ്ഞുകാലം ഇവിടെ ചിലവഴിക്കുന്നു. മുൻകാല വിശ്വാസത്തിന് വിരുദ്ധമായി, വലിയ അരയന്നക്കൊക്ക് (ഫീനികോപ്റ്റെറസ് റോസസ്) ഈ തണ്ണീർത്തടത്തിൽ നിൽക്കുക മാത്രമല്ല പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് സമീപകാല തെളിവുകൾ സൂചിപ്പിക്കുന്നത്.[6]

ഗ്രൂസ് ഗ്രസ്, ചരാഡ്രിയസ് അലക്‌സാൻഡ്രിനസ്, ലാറസ് റിഡിബുണ്ടസ്, ഹിമാൻ്റോപസ് ഹിമാന്തോപസ്, ബർഹിനസ് ഒഡിക്‌നെമസ്, ഹോപ്‌ലോപ്റ്റെറസ് സ്‌പിനോസസ്, ഓനാന്തെ സൈപ്രിയാക്ക, സിൽവിയ മെലനോത്തോറാക്‌സ് എന്നിവയാണ് ഈ പ്രദേശത്ത് കാണപ്പെടുന്ന മറ്റ് പ്രധാന പക്ഷി ഇനങ്ങൾ. തടാകത്തിൽ വസിക്കുന്ന പക്ഷികളേയും സീസണിൽ വരുന്ന ദേശാടനപ്പക്ഷികളെയും നിരീക്ഷിക്കാനായി പക്ഷിനിരീക്ഷകർ ഇവിടം സന്ദർശിക്കാറുണ്ട്.

ഐതിഹ്യം

തിരുത്തുക

ലാർനാക്ക ഉപ്പ് തടാകം രൂപം കൊണ്ടതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. അതുപ്രകാരം, ഒരിക്കൽ ഇവിടെയെത്തിയ സെന്റ് ലാസറസ് ഒരു വൃദ്ധയായ സ്ത്രീയോട് ഭക്ഷണവും ദാഹജലവും അഭ്യർത്ഥിച്ചു. ജലദൗർലഭ്യം മൂലം തൻ്റെ മുന്തിരിവള്ളികൾ ഉണങ്ങിപ്പോയതായി പറഞ്ഞ വൃദ്ധ ലാസറസിന്റെ അഭ്യർത്ഥന നിരസിച്ചു. കുപിതനായ സെന്റ് ലാസറസ്, "നിങ്ങളുടെ മുന്തിരിവള്ളികൾ ഉണങ്ങി എന്നെന്നേക്കുമായി ഇവിടം ഒരു ഉപ്പ് തടാകമായിരിക്കട്ടെ." എന്നു ശപിക്കുകയും അതേത്തുടർന്ന് ലാർനാക്ക ഒരു ഉപ്പു തടാകമായി മാറിയെന്നും ഐതിഹ്യം പറയുന്നു.[7]

തടാകത്തിനും കടലിനും ഇടയിലുള്ള സുഷിരങ്ങൾ നിറഞ്ഞ പാറകളിലൂടടെ കടലിലെ ഉപ്പുവെള്ളം തടാകത്തിലേക്ക് എത്തുന്നു എന്നതാണ് ഈ ഉപ്പ് തടാകത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണം.

ഉപ്പ് ശേഖരണം

തിരുത്തുക

ഈ തടാകത്തിൽ നിന്ന് ശേഖരിക്കുന്ന ഉപ്പ് സൈപ്രസിന്റെ പ്രധാന കയറ്റുമതികളിലൊന്നായിരുന്നു. കഴുതകളെ ഉപയോഗിച്ച് ശേഖരിക്കുകയും തടാകത്തിൻ്റെ അരികിലേക്ക് കൊണ്ടുപോയി വലിയ കൂമ്പാരങ്ങളായി കൂട്ടുകയും ചെയ്തിരുന്നു. കാലക്രമേണയുണ്ടായ കൂലിവർദ്ധനവോടെ ഇവിടെ നിന്നുള്ള ഉപ്പ് ശേഖരണം ഗണ്യമായി കുറയുകയും 1986-ൽ ഇത് പൂർണ്ണമായും നിർത്തുകയും ചെയ്തു.[2]

  1. 1.0 1.1 "The Annotated Ramsar List: Cyprus". Ramsar Convention Secretariat. 24 August 2001. Archived from the original on 29 June 2008. Retrieved 6 June 2016.
  2. 2.0 2.1 "Report of the environmental audit of the city of Larnaca" (PDF). Medcities. May 1999. Archived from the original (PDF) on 2013-05-22. Retrieved 2007-03-29.
  3. Kassinis, Nicolaos; Michalis Antoniou (October 2006). "Proceedings of the first symposium on the Mediterranean action plan for the conservation of marine and coastal birds (p94)" (PDF). Archived from the original (PDF) on September 29, 2007. Retrieved 2007-03-29.
  4. Hadjichristoforou, Myroula (8 December 2004). "5th European Regional Meeting on the implementation and effectiveness of the Ramsar Convention" (PDF). Ramsar. Archived from the original (PDF) on January 6, 2006. Retrieved 2007-03-25.
  5. "BirdLife IBA Factsheet - Larnaca salt-lake". BirdLife International. 2006. Retrieved 2007-03-25.
  6. Hadjisterkotis, E.; M. Charalambides (September 30, 2005). "The first evidence for the breeding of the Greater Flamingo Phoenicopterus ruber on Cyprus (Erster Brutnachweis des Flamingos Phoenicopterus ruber auf Zypern)". Zeitschrift für Jagdwissenschaft. 48 (Supplement 1): 72–76. doi:10.1007/BF02192394. S2CID 21090604.
  7. "Saint Lazare in Larnaca". Damianos Foundation. Archived from the original on 2007-09-30. Retrieved 2007-04-16.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാർനാക്ക_ഉപ്പ്_തടാകം&oldid=4137435" എന്ന താളിൽനിന്ന് ശേഖരിച്ചത്