സമൃദ്ധിയുടേയും ഉർവരതയുടേയും ദേവതയാണു ലജ്ജാ ഗൗരി. ശൈവ-വൈഷ്‌ണവശക്തികളെ ആരാധിക്കുന്നതിനോടൊപ്പം തന്നെ ശക്തിയായി അമ്മദൈവങ്ങളേയും ആരാധിച്ചു വന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ലജ്ജാ ഗൗരിയുടെ കണ്ടെത്തൽ. സിന്ധു-നദീതട സംസ്‌കാരത്തിൽ തന്നെ ലജ്ജാ ഗൗരിയുടെ വിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ലജ്ജാ ഗൗരിയുടെ സാന്നിദ്ധ്യം കാണുന്നത് ഡക്കാൺ‌ പ്രദേശങ്ങളിലാണ്. ഹൈന്ദവസംസ്‌കാരത്തിൽ അമ്മ ദൈവം പല പേരിൽ അറിയപ്പെടുന്നുണ്ട്, അതിലൊന്നാണു ലജ്ജാ ഗൗരി. അദിതി, ആദ്യ ശക്തി, രേണുക (ജമദഗ്നി മഹർഷിയുടെ പത്നി - ഇവർ മാതങ്കി എന്നപേരിലും യെല്ലാമ്മ എന്ന പേരിലും അറിയപ്പെടുന്നു) [1] തുടങ്ങി നിരവധി പേരുകളിൽ അമ്മ ദൈവങ്ങൾ അറിയപ്പെടുന്നു.

അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഡക്കാൻ പ്രദേശത്ത് താമസിച്ചിരുന്ന ബദാമി ചാലൂക്യരുടെ പ്രധാന ദേവതാ മൂർത്തിയായിരുന്നു ലജ്ജാ ഗൗരി. കർണാടകയിലെ ബദാമിയിൽ ബദാമി ചാലൂക്യർ ആരാധിച്ചു വന്നിരുന്ന ലജ്ജാ ഗൗരിയുടെ പ്രതിമ ഒരു മ്യൂസിയത്തിൽ സംരക്ഷിച്ചു വെച്ചിട്ടുണ്ട്. നഗ്നയായി കാലുകൾ വിടർത്തിവെച്ച രീതിയിൽ ഉള്ള ഒരു രൂപമാണ് ലജ്ജാ ഗൗരിയുടേത്. തലയുടെ സ്ഥാനത്ത് ഒരു താമരപ്പൂവ് വിടർന്നിരിക്കുന്ന രീതിയിലാണുള്ളത്. പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവസംബന്ധിച്ച പഠനം നടത്തി വരുന്നവർ ഇത് ഉർവരതയുടെ അടയാളമായി കാണുന്നു.

അവലംബം തിരുത്തുക

  1. അദ്ധ്യായം 1 - ഇന്ത്യയിലെ അമ്മ ദൈവങ്ങൾ, The Goddess in India: The Five Faces of the Eternal Feminine By Devdutt Pattanaik
"https://ml.wikipedia.org/w/index.php?title=ലജ്ജാ_ഗൗരി&oldid=1909685" എന്ന താളിൽനിന്ന് ശേഖരിച്ചത്