റോമൻ ഹോളിഡേ
വില്യം വൈലർ സംവിധാനം ചെയ്ത് നിർമ്മിച്ച 1953 ലെ അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ് റോമൻ ഹോളിഡേ. റോമാ നഗരം സന്ദർശിക്കുന്ന രാജകുമാരിയായി ഓഡ്രി ഹെപ്‌ബേണും റിപ്പോർട്ടറായി ഗ്രിഗറി പെക്കും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ മികച്ച അഭിനയമാണു് അക്കൊല്ലത്തെ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ഹെപ്ബേണിനു് നേടിക്കൊടുത്തത്.
റോമൻ ഹോളിഡേ | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | വില്യം വൈലർ |
നിർമ്മാണം | വില്യം വൈലർ |
രചന | ജെയിംസ് ഡാൾട്ടൺ ട്രംബോ |
കഥ | ജെയിംസ് ഡാൾട്ടൺ ട്രംബോ |
തിരക്കഥ | ജെയിംസ് ഡാൾട്ടൺ ട്രംബോ |
അഭിനേതാക്കൾ | ഗ്രിഗറി പെക്ക്, ഓഡ്രി ഹെപ്ബേൺ, എഡ്ഡീ ആൽബർട്ട |
സംഗീതം | ഗ്യോർഗീസ് ഓറിൿ, വിക്തോർ യങ് |
ഛായാഗ്രഹണം | ഹെൻറി അലേകൻ, ഫ്രാൻസ് പ്ലാനർ |
ചിത്രസംയോജനം | റോബർട്ട് സ്വിങ്ക് |
വിതരണം | പാരാമൗണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി | 27 ആഗസ്റ്റ് 1953 |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | 1.5 മില്യൺ ഡോളർ |
സമയദൈർഘ്യം | 118 മിനിട്ട് |
ആകെ | 12 മില്യൺ ഡോളർ |
ജെയിംസ് ഡാൽട്ടൺ ട്രംബോയാണു് യഥാർത്ഥത്തിൽ കഥയും തിരക്കഥയും രചിച്ചതെങ്കിലും അദ്ദേഹം ആ കാലഘട്ടത്തിൽ ഹോളിവുഡ് കരിമ്പട്ടികയിൽപെട്ടതിനാൽ ഇയാൻ മൿലേലൻ ഹണ്ടർ, ജോൺ ഡിറ്റൺ എന്നിവരുടെ പേരാണ് സിനിമയിൽ തിരക്കഥയുടെ ക്രെഡിറ്റായി നൽകിയിരിക്കുന്നതു്.[1] അക്കൊല്ലത്തെ മികച്ച തിരക്കഥയ്ക്ക് ഈ സിനിമ അർഹമായെങ്കിലും ഇയാൻ മൿലേലൻ ഹണ്ടർ പുരസ്കാരം സ്വീകരിക്കാനെത്തിയില്ല. പിന്നീടു് 2011-ലാണു് ഡാൽട്ടൺ ട്രംബോയുടെ പേരിൽ തിരക്കഥയുടെ ക്രെഡിറ്റ് പുനഃസ്ഥാപിച്ചത്. കരിമ്പട്ടികയിൽ പെട്ട സഹസംവിധായകൻ ബെർണാഡ് വോർഹോസിൻറെ ക്രെഡിറ്റും ട്രംബോയ്ക്കൊപ്പം തന്നെ പുനഃസ്ഥാപിക്കപ്പെടുകയുണ്ടായി.
ഇതിവൃത്തം
തിരുത്തുകവ്യക്തമല്ലാത്ത ഏതോ ഒരു യൂറോപ്യൻ രാജ്യത്തിൽ നിന്നുള്ള കിരീടാവകാശിയായ ആൻ രാജകുമാരിയുടെ റോമിലേക്കുള്ള ഒരു സൗഹൃദ സന്ദർശനമാണു് സിനിമയുടെ സന്ദർഭം. കർശനമായി ഷെഡ്യൂൾ ചെയ്ത ജീവിതത്തോടുള്ള നിരാശയുടെ ഫലമായി ആൻ രഹസ്യമായി അവളുടെ രാജ്യത്തിന്റെ എംബസിയിൽ നിന്ന് ഒളിച്ചോടുന്നു. പോകുന്നതിനു മുമ്പ് അവളെ ശാന്തയാക്കാൻ ഡോക്ടർ കൊടുത്ത ഒരു ഡോസ് മയക്കുമരുന്നിന്റെ ആലസ്യത്തിൽ ആൻ രാജകുമാരി തെരുവിൽ കണ്ട ഒരു ബെഞ്ചിൽ കിടന്നുറങ്ങവേ അതുവഴിവന്ന "അമേരിക്കൻ ന്യൂസ് സർവീസിന്റെ" റോം കറസ്പോണ്ടന്റായ ജോ ബ്രാഡ്‌ലി അവളെ കണ്ടുമുട്ടുന്നു. അവൾ ലഹരിയിലാണെന്ന് മനസ്സിലാക്കിയ ജോ അവൾ ആരാണെന്ന് തിരിച്ചറിയാതെ ആ രാത്രി തന്റെ അപ്പാർട്ട്മെന്റിൽ ചെലവഴിക്കാൻ അവളെ അനുവദിക്കുന്നു.
പിറ്റേന്നു് രാജകുമാരിയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ട വ്യക്തിയായിരുന്നു ജോ ബ്രാഡ്‍ലി. വൈകിയുണർന്നതിനാൽ ആ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തുവെന്നു് നുണ പറഞ്ഞുകൊണ്ടു് തെറ്റായ വിവരങ്ങൾ എഡിറ്റർ മിസ്റ്റർ ഹെന്നസിയെ ധരിപ്പിക്കുന്നു. ഇവന്റ് റദ്ദാക്കപ്പെട്ടുവെന്ന് ഹെന്നസി അറിയിക്കുകയും രാജകുമാരിയുടെ "പെട്ടെന്നുള്ള അസുഖത്തെ" കുറിച്ചുള്ള ഒരു ചിത്രം അന്നത്തെ പത്രത്തിൽ കാണിക്കുകയും ചെയ്തപ്പോൾ മാത്രമാണു് തന്റെ അപ്പാർട്ട്മെന്റിൽ ആരാണ് ഉറങ്ങുന്നതെന്ന് ജോ മനസ്സിലാക്കുന്നതു്. പെട്ടെന്നു പണമുണ്ടാക്കാനുള്ള ഒരു അസുലഭാവസരം മുന്നിൽ കണ്ട ജോ തന്റെ ഫോട്ടോഗ്രാഫർ സുഹൃത്തായ ഇർവിംഗ് റഡോവിച്ചിനെ രഹസ്യമായി ചിത്രമെടുക്കാൻ വിളിക്കുന്നു. രാജകുമാരിയുമായി ഒരു അസാധാരണമായ അഭിമുഖം ലഭിക്കുമെന്നും അതിനായി ജോ ഹെന്നസിയോട് വിലപേശുകയും ഒടുവിൽ സ്റ്റോറിയ്ക്കായി 5000 ഡോളർ നൽകാമെന്ന് ഹെന്നസി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ജോ വീട്ടിലേക്ക് തിടുക്കത്തിൽ പോകുന്നു. താൻ ഒരു റിപ്പോർട്ടറാണെന്ന വസ്തുത മറച്ചുവെച്ച് തന്റെ അതിഥിയായ "ആന്യ"യെ റോമാനഗരം ചുറ്റിനടന്നു കാണിക്കാമെന്നു് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ആൻ ജോയുടെ വാഗ്ദാനം നിരസിക്കുന്നു. സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു് അവൾ റോമാനഗരത്തിലൂടെ ചുറ്റിത്തിരിഞ്ഞുനടക്കുന്നു. റോമിലെ ആളുകളെയും ദൈനംദിന ജീവിതത്തെയും നിരീക്ഷിക്കുന്നു. ഒപ്പം അവളുടെ നീണ്ട മുടി ചെറുതാക്കി വെട്ടിക്കളയുന്നുമുണ്ടു്. ആനിനെ രഹസ്യമായി പിന്തുടരുന്ന ജോ ബ്രാഡ്‍ലി ആകസ്മികമെന്നോണം നാടകീയമായി ആനിനെ വീണ്ടും കണ്ടുമുട്ടുന്നു. ഈ സമയം, അയാൾ തന്നോടൊപ്പം ദിവസം മുഴുവൻ ചെലവഴിക്കാമെന്നു് അവളെ ബോധ്യപ്പെടുത്തുകയും അവളെ ഒരു വഴിയോര കഫേയിലേക്ക് കൊണ്ടുപോകുകയും അവിടെ ഇർവിംഗുമായി കണ്ടുമുട്ടുകയും ചെയ്യുന്നു. പിന്നീടു് റോമാനഗരത്തിലൂടെ മൂവരും പലയിടങ്ങളിലും കറങ്ങുകയും ഇർവിംഗ് രഹസ്യമായി രാജകുമാരിയുടെ ചിത്രങ്ങളെടുക്കുകയും ചെയ്യുന്നു.
നേരത്തേ അവളുടെ മുടി വെട്ടിയ ബാർബർ ക്ഷണിച്ചതനുസരിച്ചു് അന്നു രാത്രിയിൽ അവർ ഒരു ബോട്ടിലെ നൃത്തപരിപാടിയിൽ പങ്കെടുക്കുന്നു. അതിനിടയിൽ രഹസ്യപ്പോലീസ് ഏജന്റുകൾ ആനിനെ കണ്ടെത്തുകയും അവളെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ജോയും ഇർവിംഗും ബാർബറും അവളെ തട്ടിക്കൊണ്ടുപോകുന്നവരെ ചെറുക്കാൻ ശ്രമിക്കുന്നു. ഒപ്പം പൊട്ടിപ്പുറപ്പെടുന്ന ലഹളയിൽ രാജകുമാരിയും ഒപ്പം ചേരുന്നു. പോലീസ് വന്ന് ഏജന്റുമാരെ കീഴ്പ്പെടുത്തുമ്പോൾ, ജോയും ആനും ഓടിപ്പോകുന്നു, അതിനിടയിൽ ജോ നദിയിൽ വീഴുന്നു, അവനെ രക്ഷിക്കാൻ രാജകുമാരിയും ഒപ്പം ചാടുന്നു. നദിയിൽ നിന്നു് കരകയറി തീരത്ത് തണുത്തു വിറച്ചിരിക്കുമ്പോൾ അവർ പരസ്പരം ചുംബിക്കുന്നു. അവർക്കിടയിൽ അനുരാഗം പിറവിയെടുക്കുന്നു. പിന്നീട് ജോയുടെ അപ്പാർട്ട്മെന്റിൽ, അവരുടെ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കുമ്പോൾ, അവർ വളരെ വികാരനിർഭരമായി സംസാരിക്കുന്നു. തന്റെ രാജകീയ ഉത്തരവാദിത്തങ്ങൾ വിസ്മരിക്കരുതെന്ന് തിരിച്ചറിഞ്ഞ ആൻ, തന്നെ എംബസിക്ക് സമീപമുള്ള ഒരു കോണിലേക്ക് കൊണ്ടുപോകാൻ ബ്രാഡ്‍ലിയോടു് ആവശ്യപ്പെടുന്നു, അവിടെ അവർ അനുരാഗബദ്ധരെന്നോണം വീണ്ടും ചുംബിക്കുന്നു. അവൾ കണ്ണീരോടെ വിടവാങ്ങുകയും രാജകുമാരിയെന്ന നിലയിൽ തന്റെ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യുന്നു.
രാജകുടുംബം അവകാശപ്പെട്ടതുപോലെ രാജകുമാരിയ്ക്കു് അസുഖമൊന്നുമുണ്ടായില്ലെന്നും അഭിമുഖത്തെക്കുറിച്ച് ജോ പറഞ്ഞതു് സത്യം തന്നെയായിരിക്കുമെന്നും ഉറപ്പിച്ച് ഹെന്നസി ജോയുടെ അപ്പാർട്ട്മെന്റിൽ വരുന്നു. ഇർവിംഗും അതേ സമയത്തു് അവിടെയെത്തുന്നു. രാജകുമാരിയെ വഞ്ചിക്കാൻ കഴിയാതെ ജോ അഭിമുഖം ലഭിച്ചില്ലെന്നും സ്റ്റോറി ഇല്ലെന്നും ഹെന്നസിയെ വിശ്വസിപ്പിക്കുന്നു. എന്നിരിക്കിലും തന്റെ ഫോട്ടോകൾ വിൽക്കാൻ ഇപ്പോഴും സ്വാതന്ത്ര്യമുണ്ടെന്ന് ജോ ഇർവിംഗിനോട് പറയുന്നു. പിറ്റേന്നു കാലത്തു് ജോയും ഇർവിംഗും എംബസിയിൽ നടന്ന രാജകുമാരിയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയും അവരിരുവരും ചേർന്നു് ആൻ രാജകുമാരിയെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
അവ്യക്തമായ ഗൂഢസന്ദേശത്തിലൂടെ, അവരുടെ പത്രത്തിൽനിന്നു് നിന്ന് ഒരു വാർത്തയും വരില്ലെന്ന് ജോ ആന്നിന് ഉറപ്പ് നൽകുന്നു. അഭിമുഖത്തിന്റെ അവസാനം, രാജകുമാരി അപ്രതീക്ഷിതമായി മാധ്യമപ്രവർത്തകരെ കാണണമെന്നു് ആവശ്യപ്പെടുന്നു, ഓരോരുത്തരുമായും സംക്ഷിപ്തമായി സംസാരിക്കുന്നു. അവൾ ജോയിയുടേയും ഇർവിംഗിന്റേയും അരികിൽ എത്തുമ്പോൾ, റോമിന്റെ ഒരു മെമന്റോയായി ഇർവിംഗ് താൻ രഹസ്യമായി എടുത്ത അവളുടെ ഫോട്ടോകൾ രാജകുമാരിയ്ക്ക് നൽകുന്നു. ജോയും ആനും സംസാരിക്കുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ രാജകുമാരി നടന്നകലുന്നു. ജോ തനിച്ചാകുന്നു.
ഭാഷ
തിരുത്തുകഭാഷാപരമായ സൗന്ദര്യത്തിന്റെ കാര്യത്തിൽ റോമൻ ഹോളിഡേ എന്ന സിനിമയെ കവച്ചുവയ്ക്കാൻ ലോകസിനിമയിൽത്തന്നെ അധികം കലാസൃഷ്ടികളില്ല. സിനിമയെ വാണിജ്യപരമായ വിജയത്തിലെത്തിക്കാനും അതിലുപരി അതിനെ ഒരു ലോകോത്തര ക്ലാസിക്കായി ഉയർത്താനും സിനിമയിലുപയോഗിച്ച ഭാഷ വലിയൊരു കാരണമാണെന്നു് സിനിമാ ഗവേഷകർ വിശ്വസിക്കുന്നു. അഭിനേതാക്കളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മൂവി ലൈനുകൾ സിനിമയിലേക്ക് സംയോജിപ്പിക്കുമ്പോളാണു് സിനിമയ്ക്ക് ആത്മാവു കൈവരുന്നതെന്നതിനാൽ സിനിമയിലുപയോഗിക്കുന്ന ഭാഷയ്ക്കു് വളരെയേറെ പ്രാധാന്യമുണ്ടു്. മാന്യതയ്ക്കു് മുൻതൂക്കം നൽകുന്ന തികച്ചും ഔപചാരികമായ ഒരു വരേണ്യഭാഷയാണു് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നതു്. ഇംഗ്ലീഷിനുപുറമേ പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയിലുള്ള ധാരാളം ഇറ്റാലിയൻ സംഭാഷണങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. ഇവ കൂടാതെ മറ്റ് യൂറോപ്യൻ ഭാഷകളിലെ സംഭാഷണശകലങ്ങളും സിനിമയിൽ അവിടവിടെയായി കാണാം. പലയിടങ്ങളിലും ഒളിപ്പിച്ചുവച്ച അർത്ഥങ്ങൾ സിനിമയിലെ സംഭാഷണങ്ങളിൽ കാണാം. റോമൻ ഹോളിഡേ എന്ന സിനിമയുടെ പേരുതന്നെ അത്തരത്തിൽ ഒരു വാക്കാണു്. ഗ്ലാഡിയേറ്റർ പോരുപോലെ മറ്റുള്ളവരുടെ കഷ്ടതയും പരാജയവും ഒരു വിനോദമായി ആസ്വദിക്കുക എന്നൊരർത്ഥം റോമൻ ഹോളിഡേ എന്ന വാക്കിനുണ്ടു്. അത്തരത്തിൽ ഇതിലെ ഒളിപ്പിച്ചു വച്ച നിഗൂഢാർത്ഥങ്ങൾ ഇപ്പോഴും ഭാഷാവിദ്യാർത്ഥികൾ പഠനവിധേയമാക്കുന്നുണ്ടു്.[2]
അഭിനേതാക്കൾ
തിരുത്തുക- ജോ ബ്രാഡ്‌ലി ഗ്രിഗറി പെക്ക്
- ആൻ രാജകുമാരി ഓഡ്രി ഹെപ്‌ബർൺ
- ഇർവിംഗ് റാഡോവിച്ച് എഡി ആൽബർട്ട്
- ഹെന്നിസി - ഹാർട്ട്ലി പവർ
- അംബാസഡർ - ഹാർകോർട്ട് വില്യംസ്
- ആന്റെ പ്രിൻസിപ്പൽ ലേഡി-ഇൻ-വെയിറ്റിംഗ് കൗണ്ടസ് വെറെബർഗ് - മാർഗരറ്റ് റൗളിംഗ്സ്
- ജനറൽ പ്രൊവാനോ - ടുള്ളിയോ കാർമിനാറ്റി
- മരിയോ ഡെലാനി - പൗലോ കാർലിനി
- ജിയോവന്നി - ക്ലോഡിയോ എർമെല്ലി
- ചാർവുമൺ - പൗല ബോർബോണി
- സെക്രട്ടറി - ലോറ സോളാരി
- ടാക്സി ഡ്രൈവർ - ആൽഫ്രെഡോ റിസോ
- പൂ വിൽപ്പനക്കാരൻ - ഗോറെല്ല ഗോരി
- ഡോ. ബോണക്കോവൻ - ഹാൻസ് ഹിൻറിക്
കാസ്റ്റിംഗ്
തിരുത്തുകഅക്കാലത്തെ പ്രമുഖ ഹോളിവുഡ് അഭിനേതാവായ കാരി ഗ്രാന്റിനാണു് വൈലർ ആദ്യമായി ഈ വേഷം വാഗ്ദാനം ചെയ്തതെങ്കിലും ഗ്രാന്റ് അതു് നിരസിക്കുകയാണുണ്ടായതു്. ഹെപ്ബർണിന്റെ പ്രണയജോഡിയാകാൻ തനിക്ക് പ്രായം കൂടുതലായിരിക്കുമെന്ന കാരണം കൊണ്ടായിരുന്നു അതു്. പിന്നീടു് പത്ത് വർഷത്തിന് ശേഷമാണു് ഷരാഡ് എന്ന ചിത്രത്തിൽ കാരി ഗ്രാന്റ് ഹെപ്ബേണുമായി ഒരുമിച്ചു് അഭിനയിച്ചതു്. മറ്റ് ചില സ്രോതസ്സുകൾ പറയുന്നത് കഥ മുഴുവനും രാജകുമാരിയെ കേന്ദ്രീകരിച്ചായിരുന്നതിനാലായിരിക്കണം ഗ്രാന്റ് അതു് നിരസിച്ചതെന്നാണു്. ഗ്രിഗറി പെക്ക് ആദ്യം കരാർ ഏൽക്കുമ്പോൾ അദ്ദേഹം മാത്രമേ താരമായി ഉണ്ടായിരുന്നുള്ളൂ എങ്കിലും ചിത്രീകരണത്തിന്റെ പാതിവഴിയിൽ, പെക്ക് വൈലറിനോട് ഹെപ്ബേണിനും തനിക്കൊപ്പം താരമൂല്യം നൽകി തുല്യ ബില്ലിംഗിലേക്ക് ഉയർത്താനും തന്റെയൊപ്പം പോസ്റ്ററുകളിൽ ഹെപ്ബേണിന്റെ പേരുകൂടി ചേർക്കാനും നിർദ്ദേശിച്ചു.
എലിസബത്ത് ടെയ്‌ലറിനെയും ജീൻ സിമ്മൺസിനെയും ആദ്യം ഈ വേഷത്തിനായി പരിഗണിച്ചിരുന്നുവെങ്കിലും രണ്ടു പേരും ആസമയത്തു് മറ്റു ചിത്രങ്ങളുടെ പ്രൊജക്ടുകളിലായിരുന്നതിനാൽ ലഭിച്ചില്ല. റോമൻ ഹോളിഡേ ഹെപ്ബർണിന്റെ ആദ്യ അഭിനയ വേഷമായിരുന്നില്ല, 1948 മുതൽ ഡച്ച്, ബ്രിട്ടീഷ് സിനിമകളിലും സ്റ്റേജിലും അവർ സജീവമായിരുന്നു. 1951 ൽ ജിജിയുടെ ബ്രോഡ്‌വേ അഡാപ്റ്റേഷനിൽ ടൈറ്റിൽ റോൾ അഭിനയിച്ചു. എന്നാൽ റോമൻ ഹോളിഡേ ആയിരുന്നു അവരുടെ ആദ്യത്തെ ഹോളിവുഡ് സിനിമ. ആദ്യ ഹോളിവുഡ് അരങ്ങേറ്റത്തിൽത്തന്നെ അക്കാദമി അവാർഡ് സ്വന്തമാക്കുന്ന അപൂർവ്വം അഭിനേതാക്കളിലൊരാളാണു് ഓഡ്രി ഹെപ്ബേൺ.
പുരസ്കാരങ്ങൾ
തിരുത്തുകഅക്കാദമി അവാർഡ്, ബ്രിട്ടീഷ് അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നിരവധി മേഖലകളിലായി വാരിക്കൂട്ടിയിട്ടുണ്ടു് 1953-ൽ ഇറങ്ങിയ ഈ അമേരിക്കൻ സിനിമ.
മലയാളം സബ്ടൈറ്റിൽ
തിരുത്തുകസിനിമയുടെ ഭാഷയോടു നീതി പുലർത്തുന്ന വിധത്തിൽ റോമൻ ഹോളിഡേ എന്ന ചിത്രത്തിനു് സബ്ടൈറ്റിൽ സ്വതന്ത്ര അനുമതി പത്രത്തോടെ https://freelokam.wordpress.com/2021/03/31/romanholidaymalayalamsubtitle/ എന്ന പേജിൽ നിന്നും ലഭ്യമാണു്.
- ↑ ട്രംബോ, ഡാൾട്ടൺ. "ഡാൾട്ടൺ ട്രംബോയൂടെ പേരു് തിരക്കഥയുടെ അവസാനരൂപത്തിലും ഉണ്ടായിരുന്നില്ല". http://www.script-o-rama.com/movie_scripts/r/roman-holiday-script-transcript.html. http://www.script-o-rama.com. Retrieved 28 മാർച്ച് 2021.
{{cite web}}
: External link in
(help)|publisher=
and|website=
- ↑ അറ്റ്ലാന്റീസ്, പ്രസ്സ്. "The Interpretation to Classic Lines of the Movie Roman Holidayfrom the Perspective of Politeness Principle" (PDF). https://www.atlantis-press.com/article/25906287.pdf. അറ്റ്ലാന്റീസ് പ്രസ്സ്. Retrieved 29 മാർച്ച് 2021.
{{cite web}}
: External link in
(help)|website=