ഇന്ത്യയിലെ ഒരു ചരിത്രകാരിയാണ്‌ റൊമില ഥാപ്പർ(ജനനം:1931). ഭാരതചരിത്രമാണ് ഇവർ പ്രത്യേക പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്.

റൊമില ഥാപ്പർ
ജനനം (1931-11-30) 30 നവംബർ 1931  (93 വയസ്സ്)
ദേശീയതIndian
കലാലയംPanjab University
School of Oriental and African Studies, University of London
തൊഴിൽHistorian, Writer
അറിയപ്പെടുന്നത്Authoring books about Indian history

ചരിത്രപഠനങ്ങൾ

തിരുത്തുക

പഞ്ചാബ് സർ‌വ്വകലാശാലയിൽ നിന്ന് ബിരുദമെടുത്ത ഥാപ്പർ, 1958 ൽ ലണ്ടൻ സർ‌വ്വകലാശാലയുടെ സ്കൂൾ ഓഫ് ഓറിയന്റെ ആൻഡ് ആഫ്രിക്കൻ സ്റ്റ്ഡീസിൽ നിന്ന് ഡോക്ടറേറ്റും നേടി[1]. പിന്നീട് ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയിലെ പ്രാചീന ഭാരതചരിത്ര വിഭാഗത്തിൽ അദ്ധ്യാപികയായി ജോലി ചെയ്തു. ജെ.എൻ.യു വിലെ ജോലിയിൽ നിന്ന് വിരമിച്ച പ്രൊഫസാറാണ്‌ ഇപ്പോൾ ഇവർ (Professor Emerita). അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും(Asoka and the Decline of the Maurya), പ്രാചീന ഇന്ത്യൻ സാമൂഹ്യ ചരിത്രം: ചില വ്യാഖ്യാനങ്ങൾ(Ancient Indian Social History: Some Interpretations), ആദ്യകാല ഇന്ത്യൻ ചരിത്രത്തെകുറിച്ചുള്ള സമീപകാല കാഴ്ചപ്പാടുകൾ -സമാഹരണം-(Recent Perspectives of Early Indian History (editor), ഒരു ഇന്ത്യാചരിത്രം- ഭാഗം ഒന്ന് (A History of India Volume One),പുരാതന ഭാരതം: ഉത്ഭവം മുതൽ എ.ഡി 1300 വരെ(Early India: From the Origins to AD 1300) എന്നിവയാണ് ഥാപ്പറുടെ പ്രധാന കൃതികൾ.

ഇവരുടെ ചരിത്രരചനകൾ ഉപരിവർഗ്ഗത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതാണ്‌. കൂടാതെ സാമൂഹ്യശക്തികൾക്കിടയിലെ പരസ്പര പോരാട്ടത്തിലൂടെ രൂപംപ്രാപിച്ച ഹിന്ദൂയിസത്തെയും വരച്ചുകാട്ടുന്നു. സോമനാഥിനെ കുറിച്ചുള്ള ഇവരുടെ സമീപകാല കൃതി, പ്രസിദ്ധമായ ഗുജറാത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖീയചരിത്ര പരിണാമം പഠനവിധേയമാക്കുന്നതാണ്‌[2]. 1963 ൽ പ്രസിദ്ധീകരിച്ച ആദ്യ ഗ്രന്ഥം "അശോക ആൻഡ് ഡിക്ലൈൻ ഓഫ് മൗര്യ" വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളെയും വിഭാഗങ്ങളേയും ഒരുമുച്ച് നിറുത്താനുള്ള അശോകന്റെ വിഭാഗീയതയില്ലാത്ത നയങ്ങളെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാതലത്തിൽ പരിശോധിക്കുന്നതാണ്‌. അസാധാരണമായ ഭരണ നൈപുണി പ്രകടിപ്പിച്ച മൗര്യ ഭരണാധികാരികൾ തങ്ങളുടെ ഭരണത്തിന്റെ അമിതമായ കേന്ദ്രീകരണം കാരണം സാമ്രാജ്യത്തെ പതനത്തിലേക്ക് നയിക്കുകയായിരുന്നു എന്ന് ഥാപ്പർ അഭിപ്രായപ്പെടുന്നു. സാമാന്യ ജനത്തെ മുന്നിൽ കണ്ട് എഴുതിയ എ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം ആദ്യകാല ഇന്ത്യാചരിത്രം മുതൽ യൂറോപ്പ്യൻസ് ഇന്ത്യയിലെത്തുന്നത് വരെയുള്ള ചരിത്രം ഉൾകൊള്ളുന്നു." ആൻഷ്യന്റ് ഇന്ത്യൻ സോഷ്യൽ ഹിസ്റ്ററി" എന്ന പുസ്തകം പുരാതന കാലം മുതൽ ആദ്യ മില്ലേനിയത്തിന്റെ ഒടുവ് വരെയുള്ള കാലഘട്ടം കൈകാര്യം ചെയ്യുന്നു. ഹൈന്ദവ-ബുദ്ധ സാമൂഹ്യ-മത വ്യവസ്ഥ താരതമ്യ പഠനം നടത്തുന്ന ഈ ഗ്രന്ഥം ജാതിവ്യവസ്ഥയിൽ ബുദ്ധമതത്തിന്റെ സാമുഹിക പ്രതിഷേധത്തിന്റെയും സാമുഹിക ചലനാത്മകതയുടെയും പങ്കിനെ പരിശോധിക്കുന്നു. ഫ്രം ലിനേജ് ടു സ്റ്റേറ്റ് എന്ന കൃതി ബി.സി ആദ്യ മില്ലേനിയത്തിലെ മധ്യ ഗംഗാ താഴ്‌വരയിലെ സ്റ്റേറ്റിന്റെ രൂപവത്കരണത്തെ വിശകലന വിധേയമാക്കുന്നു[3].

അംഗീകാരങ്ങൾ ആദരങ്ങൾ

തിരുത്തുക

കോർണൽ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് പെൻസിൽ‌വാനിയ, കോളേജ് ഡി ഫ്രാൻസ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട് റൊമില ഥാപ്പർ. 1983 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റായി ‍ തെരെഞ്ഞെടുക്കപ്പെട്ട ഇവർ 1999 ൽ ബ്രിട്ടീഷ് അക്കാദമിയുടെ കറസ്പോണ്ടിംഗ് ഫെലൊ ആയി[4]. ഓക്സ്ഫോർഡിലെ ലേഡീ മാർഗരറ്റ് ഹാൾ, യൂനിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഹോണററി ഫെലൊ ആയിട്ടുണ്ട്. കൂടാതെ യൂനിവേഴ്സിറ്റി ഓഫ് ചിക്കാഗോ, യൂനിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, യൂനിവേഴ്സിറ്റി ഓഫ് കൽകട്ട, യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് എന്നി സർ‌വ്വകലാശാലകളിലെ ഹോണററി ഡോക്ട്രേറ്റും ഇവർ നേടി[5]. 2004 ൽ ലൈബ്രറി ഓഫ് കോൺഗ്രസ്സ് ഇവരെ ക്ലൂഗ് ചെയറിന്റെ കണ്ട്രീസ് ആൻഡ് കൾചേഴ്സ് ഓഫ് സൗത്തിന്റെ അധ്യക്ഷ്യയായി നിയമിച്ചു. 1992 ൽ പത്മശ്രീ പുര‍സ്കാരവും 2005 ൽ പത്മഭൂഷൺ പുരസ്കാരവും ഇവർ നിരാകരിച്ചു. ഒരു സർക്കാർ പുര‍സ്കാരവും സ്വീകരിക്കില്ല എന്ന അവരുടെ തീരുമാനമാണ്‌ ഈ നിരാകരണത്തിന്റെ പിന്നിൽ[6]. 2008 ൽ മനുഷ്യരാശിയെ കുറിച്ചുള്ള പഠനത്തിന്‌ പ്രസിദ്ധമായ ക്ലൂഗ് പ്രൈസ് (പത്തുലക്ഷം അമേരിക്കൻ ഡോളർ), പീറ്റർ ബ്രഔണുമായി ഇവർ പങ്കിടുകയുണ്ടായി[7].

ചരിത്രം തിരുത്തൽ: ഥാപ്പറുടെ കാഴ്ചപ്പാട്

തിരുത്തുക

ഏകമുഖമായ ഹിന്ദു-മുസ്ലിം പോരാട്ടത്തിന്റെ ചരിത്രമായി കഴിഞ്ഞ ഒരു ആയിരം കൊല്ലത്തെ ഇന്ത്യാ ചരിത്രത്തെ വ്യാഖ്യാനിക്കുന്നത് വർഗീയ വത്കരിക്കപ്പെട്ട ചരിത്രരചനയായിട്ടാണ്‌ റൊമില ഥാപ്പർ കാണുന്നത്. ഈ വർഗീയ ചരിത്രരീതി വസ്തുതകളെ തിരഞ്ഞെടുക്കുന്നതിൽ അങ്ങേയറ്റത്തെ വിഭാഗിയതയും വ്യഖ്യാനത്തിൽ അങ്ങേയറ്റത്തെ പക്ഷപാതവും കാട്ടുന്നതാണ്. അത് സമകാലീന വിശകലന രീതിയായ മുൻ‌ഗണനാക്രമത്തോടെയുള്ള ബഹുകാരണങ്ങളെ പിന്തുടരാത്തതുമാണ്‌[8]. 2002 ൽ ബി.ജെ.പി. നയിച്ച കൂട്ടുകക്ഷി സർക്കാർ, ചരിത്രം, സാമുഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള സ്കൂൾ പാഠ്യഭാഗങ്ങൾ മാറ്റം വരുത്തി[9]. ആറാം തരത്തിലെ പ്രാചീന ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ റൊമില ഥാപ്പർ, തന്റെ അനുമതിയില്ലാതെ പുസ്തകത്തിലെ ചില ഭാഗങ്ങൾ (പ്രാചീന ഭാരതത്തിലെ ജനങ്ങൾ ഗോമാംസം ഭക്ഷിക്കുന്നത്, ജാതിയുടെ രുപീകരണം എന്നീ ഖണ്ഡികകൾ മാറ്റിയത് ഉദാഹരണം)മാറ്റം വരുത്തിയതിനെ എതിർത്തു. മുഖ്യധാരാ ചരിത്രത്തെ ഹിന്ദുത്വപരികല്പനയുള്ള ചരിത്രം കൊണ്ട് മാറ്റിപ്പണിത് തുടർന്ന് വരുന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‌ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് അവർ സംശയമുന്നയിച്ചു[10]. മറ്റു ചരിത്രകാരന്മാരും നിരീക്ഷകരുമായ ബിപിൻ ചന്ദ്ര,സുമിത് സർക്കാർ,ഇർഫാൻ ഹബീബ്,ആർ.എസ്. ശർമ്മ,വീർ സാംഗ്‌വി,ദിലീപ് പദകൊങ്കർ,അമർത്യ സെൻ എന്നിവരും സർക്കാരിന്റെ ഈ തിരുത്തലിൽ പ്രതിഷേധിക്കുകയും അവരുടെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള "വിദ്യാഭ്യാസത്തിന്റെ വർഗീയ വത്കരണം" എന്ന ഒരു സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു[11][12]. ചില മത-ജാതി വിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ്‌ ചരിത്രകാരന്മാരുടെ ഈ നടപടി എന്ന് മറുത്തും ആരോപണങ്ങൾ വന്നു[13]. 2003ൽ ഥാപ്പർ ലൈബ്രറി ഓഫ് കോൺഗ്രസിലെ ക്ലൂഗ് ചെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടായിരത്തിലധികം വരുന്ന ആളുകൾ ഒപ്പിട്ട ഓൺലൈൻ പരാതി വരികയുണ്ടായി[14]. പത്രപ്രവർത്തകനായ പ്രഫുൽ ബിദ്വായ് ഈ പരാതികളെ സംബന്ധിച്ച് പറഞ്ഞത് "റൊമില ഥാപ്പറുടെ രചനയുമായി പ്രാഥമിക പരിചയം പോലുമില്ലാത്ത വർഗീയ വാദികളുടെ ദൂശിത ആക്രമണമാണിത്" എന്നാണ്[15]‌. റൊമില ഥാപ്പറിനെതിരെയുള്ള ഈ ഓൺലൈൻ പരാതിയെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് നിരവധി പണ്ഡിതന്മാർ ലൈബ്രറി ഓഫ് കോൺഗ്രസിന്‌ തങ്ങളുടെ പ്രതിഷേധക്കുറിപ്പുകൾ അയച്ചു[16][17]. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണിത് എന്ന് ഈ പണ്ഡിതർ പ്രഖ്യാപിച്ചു. 2006 ൽ "കാലിഫോർണിയയിലെ ഹിന്ദു പാഠപുസ്തക വിവാദ" സമയത്ത് ,പാഠപുസ്തകങ്ങളിൽ ഇന്ത്യാചരിത്രത്തെകുറിച്ചും ഹിന്ദൂയിസത്തെകുറിച്ചും ഉൾപെടുത്തണമെന്നുള്ള ആവശ്യം മുന്നോട്ടുവെച്ച അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദുഗ്രൂപ്പിനെതിരെ മൈക്കൽ വിറ്റ്സുമായി ചേർന്ന് റൊമില ഥാപ്പർ രംഗത്ത് വരികയുണ്ടായി. അവർ വ്യക്തമാക്കി: "ഹിന്ദുക്കൾക്കും തങ്ങളുടെ ന്യായമായ സാംസ്കാരിക പ്രാതിനിധ്യം അവകാശപ്പെടാമെങ്കിലും നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ അശാസ്സ്ത്രീയവും മതാടിസ്ഥാനത്തിലുള്ളതുമാണ്‌. അത് രാഷ്ട്രീയ അജൻഡയുള്ളതും സത്യത്തെ വളച്ചൊടിച്ചതുമാണ്‌"[18].

  • A History of India: Volume 1, 1966; Penguin, ISBN 0-14-013835-8
  • Asoka and the Decline of the Mauryas, 1961 (revision 1998); Oxford University Press, ISBN 0-19-564445-X
  • Ancient Indian Social History: Some Interpretations, 1978
  • Cultural Pasts: Essays in Early Indian History, 2003; Oxford University Press, ISBN 0-19-566487-6
  • Cultural Transaction and Early India: Tradition and Patronage1994 Art patronage
  • Dissent in the Early Indian Tradition 1979 Indian Renaissance Institute
  • Early India: From Origins to AD 1300, 2002; Penguin, ISBN 0-520-23899-0
  • Exile and the Kingdom: Some Thoughts on the Rāmāyana 1978 Original from the University of California
  • From Lineage to State: Social Formations of the Mid-First Millennium B.C. in the Ganges Valley, 1985; Oxford University Press (OUP)
  • History and Beyond 2000 OUP
  • Interpreting Early India, 1993 (2nd edition 1999); Oxford University Press 1999, ISBN 0-19-563342-3
  • India: Another Millennium? 2000, Viking
  • India: Historical Beginnings and the Concept of the Aryan 2006 National Book Trust
  • Sakuntala: Texts, Readings, Histories, 2002; Anthem, ISBN 1-84331-026-0
  • Somanatha: The Many Voices of History, 2005; Verso, ISBN 1-84467-020-1
  • The Past and Prejudice (Patel Memorial Lectures), 1971
  • The Mauryas Revisited 1987 K.P. Bagchi & Co.
  1. "ദ ഹിന്ദു" (PDF). Reporting_History. ദ ഹിന്ദു. Retrieved 8 മാർച്ച് 2016.
  2. Perspectives of a history Archived 2006-06-26 at the Wayback Machine. - a review of Somanatha: The Many Voices of a History
  3. E. Sreedharan (2004). A Textbook of Historiography, 500 B.C. to A.D. 2000. Orient Longman. pp. 479–480. ISBN 8125026576.
  4. "Penguin publicity page". Archived from the original on 2009-10-25. Retrieved 2009-07-15.
  5. "Romila Thapar Named as First Holder of the Kluge Chair in Countries and Cultures of the South at Library of Congress". Library of Congress. April 17, 2003. Retrieved 2007-04-04.
  6. "Romila rejects Padma award" - Times of India article dated January 27, 2005
  7. Historians Brown and Thapar Will Share $1 Million Kluge Prize
  8. "The Rediff Interview/ Romila Thapar". Rediff. February 4, 1999.
  9. Friese, Kai (2002-12-30). "Hijacking India's History". New York Times. Retrieved 2009-04-07.
  10. Thapar, Romila (2001-12-09). "Propaganda as history won't sell". Hindustan Times. {{cite news}}: |access-date= requires |url= (help)
  11. Mukherji, Mridula and Mukherji, Aditya, ed. (2002). Communalisation of Education: The history textbook controversy (PDF). New Delhi: Delhi Historians’ Group.{{cite book}}: CS1 maint: multiple names: editors list (link)
  12. "Communalisation of Education: Fighting history's textbook war". Indian Express. 2002-01-28. Retrieved 2009-04-07.
  13. Chaudhry, D.R. (2002-04-28). "Critiques galore!". The Tribune. Retrieved 2009-04-07.
  14. "Romila Thapar's appointment to Library of Congress opposed"- Rediff article dated April 25, 2003
  15. Bidwai, Praful (May 13, 2003). "McCarthyism's Indian rebirth". Rediff. Retrieved 2007-04-04.
  16. Gatade, Subhash (June 2003). "Hating Romila Thapar". Himal South Asian. Archived from the original on 2006-12-09. Retrieved 2007-04-04.
  17. (Text) "Letter of Protest by Scholars and Intellectuals Against the Attack on Romila Thapar". South Asia Citizens Web. 7 May 2003. Archived from the original on 2007-07-02. Retrieved 2007-04-04.
  18. Thapar, Romila (February 28, 2006). "Creationism By Any Other Name..." Outlook. Retrieved 2007-04-04.



"https://ml.wikipedia.org/w/index.php?title=റൊമില_ഥാപ്പർ&oldid=4100953" എന്ന താളിൽനിന്ന് ശേഖരിച്ചത്