റെബേക്ക ബ്ലെയ്ൻ ഹാർഡിംഗ് ഡേവിസ് (ജീവിതകാലം: ജൂൺ 24, 1831 - സെപ്റ്റംബർ 29, 1910; ജനനം റെബേക്ക ബ്ലെയ്ൻ ഹാർഡിംഗ്) ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്നു. അമേരിക്കൻ സാഹിത്യത്തിലെ സാഹിത്യ റിയലിസത്തിന്റെ തുടക്കക്കാരിയായി അവർ അറിയപ്പെടുന്നു. പെൻ‌സിൽ‌വാനിയയിലെ വാഷിംഗ്ടൺ വനിതാ സെമിനാരിയിൽ നിന്ന് ഉന്നതവിജയത്തോടെ അവർ ബിരുദം നേടി. 1861 ഏപ്രിലിൽ ദി അറ്റ്ലാന്റിക് മാസികയുടെ ഒരു പതിപ്പിൽ പ്രസിദ്ധീകരിച്ച ലൈഫ് ഇൻ ദി അയൺ മിൽസ് എന്ന ചെറുകഥ അവളുടെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകൃതിയായി മാറുകയും അവർ ഒരു സ്ഥാപിത വനിതാ എഴുത്തുകാരിയായി മാറുകയും ചെയ്തു. കറുത്തവർഗ്ഗക്കാർ, വനിതകൾ, തദ്ദേശീയരായ അമേരിക്കൻ വർഗ്ഗക്കാർ, കുടിയേറ്റക്കാർ, തൊഴിലാളിവർഗം എന്നിവർക്കായി സാമൂഹിക മാറ്റം വരുത്താൻ ശ്രമിച്ച അവർ തന്റെ ജീവിതത്തിലുടനീളം പത്തൊൻപതാം നൂറ്റാണ്ടിലെ ഈ പാർശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെ ദുരവസ്ഥയെക്കുറിച്ച് കരുതിക്കൂട്ടി എഴുതി.

റെബേക്ക ഹാർഡിംഗ് ഡേവിസ്
ജനനംRebecca Blaine Harding
(1831-06-24)ജൂൺ 24, 1831
Washington, Pennsylvania
മരണംസെപ്റ്റംബർ 29, 1910(1910-09-29) (പ്രായം 79)
Mount Kisco, New York
GenreFiction, journalism, poetry
ശ്രദ്ധേയമായ രചന(കൾ)Life in the Iron Mills
കയ്യൊപ്പ്

ആദ്യകാലം

തിരുത്തുക

1831 ജൂൺ 24 ന്[1] പെൻ‌സിൽ‌വാനിയയിലെ വാഷിംഗ്ടണിൽ ഡേവിഡ് ബ്രാഡ്‌ഫോർഡ് ഹൌസിൽ[2] റിച്ചാർഡിന്റേയും റേച്ചൽ ലീറ്റ് വിൽ‌സൺ ഹാർഡിംഗിന്റേയും പുത്രിയായി റെബേക്ക ബ്ലെയ്ൻ ഹാർഡിംഗ് ജനിച്ചു. മാതാപിതാക്കളുടെ അഞ്ച് മക്കളിൽ മൂത്തയാളായിരുന്നു റെബേക്ക. അലബാമയിലെ ബിഗ് സ്പ്രിംഗിൽ പരാജയപ്പെട്ട ഒരു വ്യവസായ സംരംഭകത്വത്തിനുശേഷം, കുടുംബം ഒടുവിൽ 1836 ൽ വെസ്റ്റ് വിർജീനിയയിലെ വീലിംഗിൽ താമസമാക്കി. അക്കാലത്ത്, വീലിംഗ് ഇരുമ്പ്, സ്റ്റീൽ തൊഴിൽശാലകൾ കേന്ദ്രീകരിക്കപ്പെട്ട ഒരു ഉൽ‌പാദന ഫാക്ടറി പട്ടണമായി വികസിച്ചുകൊണ്ടിരുന്നു. റെബേക്ക വസിച്ചിരുന്ന നഗരത്തിന്റെ പരിസ്ഥിതി, പിന്നീട് ലൈഫ് ഇൻ അയൺ മിൽസ് പോലെയുള്ള അവളുടെ ഫിക്ഷന്റെ പ്രമേയങ്ങളെയും കാഴ്ചപ്പാടുകളെയും ബാധിക്കുന്ന രീതിയിലായിരുന്നു. വീലിംഗ് പട്ടണത്തിന്റെ ഉൽ‌പാദനക്ഷമതയും അതിന്റെ ഒഹായോ നദിയിലേയ്ക്കു പ്രവേശനം സുസാദ്ധ്യമായ സ്ഥാനവും ഉണ്ടായിരുന്നിട്ടും, ഡേവിസ് തന്റെ ബാല്യകാലത്തെ മന്ദഗതിയിലുള്ളതും ലളിതവുമായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിക്കുകയും 1904 ൽ തന്റെ ആത്മകഥയായ ബിറ്റ്സ് ഓഫ് ഗോസിപ്പിൽ വീലിംഗിനെ “റെയിൽ‌വേ ഇല്ലാത്ത, മോട്ടോർ വാഹനങ്ങളോ ഉന്തുവണ്ടികളോ, ടെലിഗ്രാഫുകളോ, അംബരചുംബികളോ ഇല്ലാത്ത" ഇടമായി എഴുതി. "പ്രദേശത്തെ ഒരു മനുഷ്യൻ പോലും വൻതോതിൽ പണം സ്വരൂപിച്ചിരുന്നില്ല".[3]

വിദ്യാഭ്യാസം

തിരുത്തുക

ഡേവിസിന്റെ ബാല്യകാലത്തിന്റെ ആദ്യഘട്ടത്തിൽ, അവളുടെ ജന്മനാട്ടിൽ പൊതുവിദ്യാലയങ്ങൾ ഇതുവരെ ലഭ്യമായിരുന്നില്ല. അദ്ധ്യാപകരുടെ ഇടയ്ക്കിടെയുള്ള നിർദ്ദേശങ്ങളോടെ അവളുടെ വിദ്യാഭ്യാസം പ്രധാനമായും മാതാവായിരുന്നു ഏറ്റെടുത്തത്.[4] ഗൃഹത്തിലിരുന്നുള്ള വിദ്യാഭ്യാസത്തിൽ, ഹാരിയറ്റ് ബീച്ചർ സ്റ്റോ, സഹോദരിമാരായ അന്ന, സൂസൻ വാർണർ, മരിയ കമ്മിൻസ് തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ റെബേക്ക വായിക്കുകയും അത് സാഹിത്യത്തോടുള്ള അവളുടെ താൽപ്പര്യത്തിന് തുടക്കമിടുകയും ചെയ്തു.[5] ഡേവിസിന് പതിനാലു വയസ് പ്രായമുള്ളപ്പോൾ, മാതാവിന്റെ സഹോദരിയോടൊപ്പം താമസിക്കാനും വാഷിംഗ്ടൺ വനിതാ സെമിനാരിയിൽ ചേരുന്നതിനും പെൻസിൽവാനിയയിലെ വാഷിംഗ്ടണിലേക്ക് അയയ്ക്കപ്പെട്ടു. 1848 ൽ പതിനേഴാമത്തെ വയസ്സിൽ ഉയർ‌ന്ന റാങ്കോടെ അവിടെനിന്നു ബിരുദം നേടി.

സ്വകാര്യജീവിതം

തിരുത്തുക

തന്റെ വ്യാവസായിക ജന്മനഗരമായ വീലിംഗിലേക്ക് മടങ്ങിയെത്തിയ റെബേക്ക ഹാർഡിംഗ് ഡേവിസ് വളരെ കുറച്ച് മാത്രം സാമൂഹ്യബന്ധങ്ങളിലേർപ്പെടുകയും പ്രധാനമായും സ്വന്തം കുടുംബ വലയത്തിനുള്ളിൽത്തന്നെ ഒതുങ്ങിക്കഴിയുകയും ചെയ്തു. 1861 ൽ ലൈഫ് ഇൻ അയൺ മിൽസ് എന്ന കൃതി പ്രസിദ്ധീകൃതമാകുന്നതുവരെ ഏകദേശം പതിമൂന്ന് വർഷത്തോളം അവർ ഈ ഒറ്റപ്പെട്ട ജീവിതരീതി തുടർന്നു.

1861 ഏപ്രിലിൽ ദി അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലൈഫ് ഇൻ ദി അയൺ മിൽസ്, അമേരിക്കൻ സാഹിത്യത്തിൽ യാഥാർത്ഥ്യവാദത്തിനു തുടക്കം കുറിക്കുന്ന ഒരു ആദ്യകാല പ്രമാണമായി പല നിരൂപകരും കണക്കാക്കുന്നു. ചെറുകഥയുടെ വിജയകരമായ പ്രസിദ്ധീകരണം അവരുടെ കാലത്തെ സാഹിത്യ വലയങ്ങളിൽനിന്നു പ്രശംസ നേടുന്നതിനു കാരണമായി. ഇത് പ്രസിദ്ധീകരിച്ച സമയത്ത്, ഹാർഡിംഗിനെ ലൂയിസ മേ അൽകോട്ടും റാൽഫ് വാൾഡോ എമേഴ്സണും ചേർന്ന് "ധീരമായ പുതിയ ശബ്ദമായി" വകവച്ചുകൊടുത്തു. അമേരിക്കൻ പൊതുജീവിതത്തിന്റെ ഉള്ളറകളിലെ അശ്ളിലതകളെ വെളിവാക്കുകയെന്ന രചയിതാവിന്റെ ലക്ഷ്യം അവരിൽ മതിപ്പുളവാക്കിയിരുന്നു. പ്രസാധകൻ‌ ജെയിംസ് തോമസ് ഫീൽഡിന്റെ തന്നെ വ്യക്തിപരമായി കാണുകയെന്ന ചരികാലാഭിലാഷം പൂർത്തികരിക്കാനുള്ള ഒരു യാത്രയ്ക്കിടെ, നഥാനിയേൽ ഹത്തോണിനോടൊപ്പമുള്ള താമസ സമയത്ത് അവൾ എമേഴ്സണുമായി പരിചയപ്പെടുകയും സൌഹൃദത്തിലാകുകയും ചെയ്തു. ഈ രണ്ട് അമേരിക്കൻ എഴുത്തുകാരെയും അവർ ഏറെ പ്രശംസിച്ചു. വ്യക്തിപരമായി കണ്ടുമുട്ടണമെന്നുള്ള പ്രസാധകന്റെ ആഗ്രഹത്തിൽനിന്നുത്ഭവിച്ച വടക്കൻ പ്രദേശങ്ങൾ ചുറ്റിയുള്ള ഈ യാത്രയിൽ, റെബേക്ക ഡേവിസ് തന്റെ പ്രസാധകന്റെ പത്നിയായിരുന്ന ആനി ആഡംസ് ഫീൽഡുമായി അടുത്ത സൌഹൃദത്തിലായി.

പ്രസാധകനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങിയെത്തിയ റെബേക്ക ഡേവിസ്, ലൈഫ് ഇൻ അയൺ മിൽസ് പ്രസിദ്ധീകരിച്ചതിനുശേഷം തന്റെ രചനയുടെ ആരാധകനായി മാറുകയും നിരന്തരമായി ബന്ധപ്പെടുകയും ചെയ്ത പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൽ. ക്ലാർക്ക് ഡേവിസിനെ കണ്ടുമുട്ടി. കൂടിക്കാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അവർ വിവാഹനിശ്ചയം നടത്തുകയും 1863 മാർച്ച് 5 ന് വിവാഹിതരാകുകയും ചെയ്തു. ഡേവിസിനേക്കാൾ നാല് വയസ്സ് കുറവായിരുന്ന ക്ലാർക്ക്, അതുവരെ സാമ്പത്തികമായും തൊഴിൽപരമായും വിജയം നേടിയിരുന്നില്ല. അടുത്ത വർഷം റെബേക്ക ആദ്യപുത്രൻ റിച്ചാർഡ് ഹാർഡിംഗ് ഡേവിസിന് ജന്മം നൽകുകയും പിൽക്കാലത്ത് അദ്ദേഹം ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിത്തീരുകയും ചെയ്തു. എഴുത്തുകാരനായിത്തീർന്ന രണ്ടാമത്തെ പുത്രൻ ചാൾസ് ബെൽമോണ്ട് ഡേവിസ് 1866-ലും മകൾ നോറ 1872 ലും ജനിച്ചു.

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ, ക്ലാർക്ക് തന്റെ നിയമജോലിയിലൂടെ ജീവിതത്തിൽ മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിരിക്കെ കുടുംബത്തിന്റെ പ്രാഥമിക വരുമാന ദാതാവ് റെബേക്ക ഡേവിസായിരുന്നു. തന്റെ എഴുത്തിലൂടെയും ന്യൂയോർക്ക് ട്രിബ്യൂണിന്റെ പത്രാധിപരായും ജോലി ചെയ്താണ് അവർ വരുമാനം കണ്ടെത്തിയത്. എന്നിരുന്നാലും, വിവാഹം കഴിഞ്ഞ് പത്തുവർഷത്തിനുശേഷം ഡേവിസ് സാഹിത്യ ലോകത്ത് നിന്ന് ഗണ്യമായി മാഞ്ഞുപോയി. ക്ലാർക്ക് തന്റെ നിയമജോലി ഉപേക്ഷിക്കുകയും ദ ഫിലാഡൽഫിയ ഇൻക്വയറർ എന്ന പത്രത്തിന്റെ പത്രാധിപരായിത്തീരുകയും ചെയ്തു. 1892-ൽ ഡേവിസിന് ‘സിൽ‌ഹൗട്ട്‌സ് ഓഫ് അമേരിക്കൻ ലൈഫ് ‘ എന്ന കൃതിയിലൂടെ വിമർശനാത്മകവും ജനപ്രിയവുമായ ഒരു ചെറു വിജയം നേടാനായെങ്കിലും അത് അവളുടെ അവസാനത്തേതായിരുന്നു. 1910 സെപ്റ്റംബർ 29 ന് 79 ആമത്തെ വയസ്സിൽ അവൾ ഇഹലോകവാഹം വെടിഞ്ഞു.

  1. Ehrlich, Eugene; Carruth, Gorton (1982). The Oxford Illustrated Literary Guide to the United States. New York: Oxford University Press. p. 214. ISBN 0-19-503186-5.
  2. Mansfield, Katherine (June 30, 2013). "Descendant secures state marker for Rebecca Harding Davis". Observer-Reporter. Archived from the original on May 31, 2013. Retrieved May 30, 2013.
  3. Davis, R. H. (1904). Bits of gossip. Cambridge, MA: Houghton, Mifflin & Company. p. 1.
  4. Olsen, Tillie (1972). Life in the Iron Mills: Rebecca Harding Davis with a Biographical Interpretation. New York: The Feminist Press. pp. 47–175. ISBN 0-912670-05-3.
  5. Reuben, Paul P. "A Research and Reference Guide". PAL: Perspectives in American Literature. Archived from the original on 2013-11-10. Retrieved December 6, 2011.