പിസിഫോമസ് (Piciformes) പക്ഷിഗോത്രത്തിലെ പിസിഡേ (Picidae) കുടുംബത്തിൽപ്പെട്ട ഒരിനം മരംകൊത്തിയാണ് റെഡ് ബെല്ലീഡ് വുഡ്പെക്കർ (Red-bellied Woodpecker). ശാസ്ത്രീയ നാമം:മെലാനർപസ് കരോളിനസ് (Melanerpes carolinus). ഉദരഭാഗത്ത് ഏതാനും ചുവപ്പുരോമങ്ങളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. എന്നാൽ ശിരസ്സിലും പിൻ‌കഴുത്തിലുമാണ് പ്രകടമായ ചുവപ്പുനിറമുള്ളത്. റെഡ് ഹെഡഡ് വുഡ്പെക്കർ എന്ന പേരിൽ മറ്റൊരിനം മരംകൊത്തിയുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളും കാനഡയുടെ തെക്കുകിഴക്ക് ഏതാനും പ്രദേശങ്ങളുമാണ് റെഡ് ബെല്ലീഡ് വുഡ്പെക്കറുകളുടെ ആവാസകേന്ദ്രം.

റെഡ് ബെല്ലീഡ് വുഡ്പെക്കർ
ആൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Pici
Family:
Subfamily:
Tribe:
Genus:
Species:
M. carolinus
Binomial name
Melanerpes carolinus
(Linnaeus, 1758)
Synonyms

Centurus carolinus
Picus carolinus Linnaeus, 1758

 
പെൺകിളി.

ഇടത്തരം ഗണത്തിൽപ്പെട്ട ഈ മരംകൊത്തിക്ക് പ്രായപൂർത്തിയാകുമ്പോൾ 24 സെ.മീ വരെ വലിപ്പവും 56 ഗ്രാം വരെ തൂക്കവുമുണ്ടാകും. തലഭാഗത്തെ ചുവപ്പു നിറത്തിലാണ് ആൺകിളിയും പെൺകിളിയും തമ്മിൽ പ്രകടമായ വ്യത്യാസമുള്ളത്. ആൺകിളികൾക്ക് ചുണ്ടുമുതൽ പിൻ‌കഴുത്തുവരെയാണ് ചുവപ്പെങ്കിൽ പെൺ‌കിളിക്ക് ചുണ്ടിനു തൊട്ടുമുകളിലും പിൻ‌കഴുത്തിലും മാത്രമേ ചുവപ്പുനിറമുള്ളൂ. ചിറകുകളും വാലും വെളുത്തപുള്ളികളും വരകളും ചാരക്കറുപ്പും നിറഞ്ഞിരിക്കും. ചുണ്ടിനുതാഴെ മുതൽ ഉദരഭാഗമൊട്ടാകെ മങ്ങിയ വെള്ളനിറം. ഉദരഭാഗത്തെ ചുവപ്പുരോമങ്ങൾ പെൺകിളികളിൽ താരതമ്യേന കുറവായിരിക്കും. കറുത്ത ചുണ്ടുകളും ഇരുണ്ട കണ്ണുകളും. കാലുകൾ കടുത്തചാരനിറം.

മിശ്രഭുക്കുകളാണ് റെഡ് ബെല്ലീഡ് മരംകൊത്തികൾ[1]. മരങ്ങളിൽ കഴിയുന്ന ചെറുജീവികളും പ്രാണികളുമാണ് പ്രധാനഭക്ഷണം. എങ്കിലും ഇടയ്ക്ക് ബെറി, എക്കോൺ, ചെറി തുടങ്ങിയ പഴങ്ങളും, മരങ്ങളുടെ കറയും ആഹിരിക്കാറുണ്ട്. ശൈത്യകാലത്തേക്ക് കരുതലായി പഴങ്ങളും വിത്തുകളും ശേഖരിച്ചു വയ്ക്കുക ഇവയുടെ പ്രത്യേകതയാണ്. പ്രാണികളെ ഇവ പറന്നു പിടിക്കാറുമുണ്ട്.

അമേരിക്കൻ ഐക്യനാടുകളിൽ സൗത്ത് ഡക്കോട്ട മുതൽ കിഴക്കോട്ട് മിക്ക സംസ്ഥാനങ്ങളിലും തെക്ക് ഫ്ലോറിഡവരെയും ഇവയെ കാണാം[2]. തെക്കുകിഴക്കു കാനഡയുടെ ഏതാനും ഭാഗത്തും റെഡ് ബെല്ലീഡ് വുഡ്പെക്കറുണ്ട്. വർഷമുഴുവനും ഒരേ പ്രദേശത്തു കഴിയാനിഷ്ടപ്പെടുന്നെങ്കിലും അതിശൈത്യമെത്തുമ്പോൾ തെക്കൻ പ്രദേശങ്ങളിലേക്കു നീങ്ങാറുണ്ട്. ഇടത്തരം മരങ്ങൾ ധാരാളമുള്ള വനമ്പ്രദേശമാണ് ഇഷ്ടതാവളം. എന്നാൽ നാട്ടുമ്പുറങ്ങളിലും വീടുകൾക്കു പിന്നാമ്പുറങ്ങളിലൊരുക്കുന്ന ഫീഡറുകളിലും ഇവ വന്നെത്താറുണ്ട്.

പ്രജനനം

തിരുത്തുക

വസന്തകാലത്താണു പ്രജനനം തുടങ്ങുന്നത്. ആൺ‌കിളിയും പെൺകിളിയും സംയുക്തമായി കൂടൊരുക്കുന്നു. മരങ്ങളുടെ കേടുവന്ന ഭാഗങ്ങൾ തുരന്നാണ് കൂടൊരുക്കുന്നത്. ഒരു സീസണിൽ ഈ കിളികൾ ഒരിണയെ മാത്രമേ തേടാറുള്ളൂ. ചില ജോഡികൾ ഒന്നിലേറെ വർഷം ഒരുമിച്ചു കഴിയാറുണ്ട്. ഒരു കൂട്ടിൽ സാധാരണയായി നാല് മുട്ടകൾ വരെയുണ്ടാകും. വെള്ള നിറമാണ് മുട്ടയ്ക്ക്. പന്ത്രണ്ടു ദിവസം അടയിരിക്കും. ചെറുകിളികൾ 24-27 ദിവസങ്ങൾക്കുള്ളിൽ കൂടൊഴിയാൻ പ്രാപ്തരാകുന്നു[3].

സ്വഭാവ സവിശേഷതകൾ

തിരുത്തുക

മരത്തടിയിൽ ചുണ്ടുകൾ കൊത്തി ശബ്ദമുണ്ടാക്കിയാണ് ഇവ ഇണയെ ആകർഷിക്കുന്നത്. നാട്ടിൻപ്രദേശങ്ങളിൽ കഴിയുന്ന കിളികൾ അലുമിനിയം മേൽക്കൂരകളിലും ഇലക്ട്രിക് ട്രാൻസ്ഫോമറുകളിലും കൊക്കുരച്ചും ഇപ്രകാരം ശബ്ദമുണ്ടാക്കാറുണ്ട്. കൂടുകയ്യേറാനെത്തുന്ന ഇതര മരംകൊത്തി ഇനങ്ങളെ ഇവ ആക്രമിച്ചോടിക്കും. എന്നാൽ യൂറോപ്യൻ സ്റ്റാർളിങ്ങുകൾ ഇവയുടെ കൂടുകൾ വ്യാപകമായി കയ്യേറാറുണ്ട്. ഇരതേടാനായി മരങ്ങളിൽ അനായാസമായി ആണ്ടുകയറാനും ശാഖകളിൽ തലകീഴായി നിൽക്കാനും ഇവയ്ക്കു കഴിയും.

  1. Tekiela, Stan (2004). Birds of Pennsylvania. Adventure Publications, Inc. ISBN 1-59193-087-1.
  2. "Red-bellied Woodpecker,Range and Habitat" (in ഇംഗ്ലീഷ്). Archived from the original on 2008-08-29. Retrieved 2008-09-13.
  3. "Red-bellied Woodpecker, Reproduction" (in ഇംഗ്ലീഷ്). Retrieved 2008-09-13.