ഫോട്ടോഗ്രഫിയിൽ, സാധാരണയായി വൈഡ്-ആംഗിൾ ലെൻസ് ഉപയോഗിച്ച് ചിത്രം പകർത്തുമ്പോൾ, നേർരേഖകൾ വളഞ്ഞും, കെട്ടിടങ്ങളും മറ്റും ചരിഞ്ഞതു പോലെയും ഒക്കെ തോന്നുന്നത് സാധാരണമാണ്. ലെൻസുകളുടെ ബാരൽ ഡിസ്ടോർഷൻ, പിൻകുഷ്യൻ പ്രതിഭാസം എന്നിവ പോലെയുള്ള ന്യൂനതകൾ (ഒപ്റ്റിക്കൽ അബറേഷൻ) മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അബറേഷൻ മൂലമുള്ള ഇത്തരം വികൃതതകൾ ഒഴിവാക്കി നേർരേഖകൾ അതേ പോലെ പകർത്തുന്ന ഫോട്ടോഗ്രഫി ലെൻസുകൾ ആണ് റെക്റ്റിലീനിയർ ലെൻസുകൾ.

കർവിലീനിയർ (മുകളിൽ), റെക്റ്റിലീനിയർ (ചുവടെ) ചിത്രങ്ങൾ. കർവിലീനിയർ ചിത്രത്തിൽ ഫിഷ്ഐ ലെൻസുകൾക്ക് ഉള്ള ബാരൽ ഡിസ്ടോർഷൻ ശ്രദ്ധിക്കുക. ഡിസ്ടോർഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരുത്തിയതാണ് താഴെയുള്ള ചിത്രത്തിൽ. ഉയർന്ന നിലവാരമുള്ള വൈഡ് ആംഗിൾ ലെൻസുകൾ ഒപ്റ്റിക്കൽ റെക്റ്റിലൈനർ തിരുത്തൽ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.

1866-ൽ ജോൺ ഹെൻ‌റി ഡാൽ‌മെയർ വികസിപ്പിച്ചെടുത്ത റാപ്പിഡ് റെക്റ്റിലീനിയർ ലെൻസാണ് ഏറ്റവും പ്രസിദ്ധമായ റെക്റ്റിലീനിയർ ലെൻസ്. വികൃതമല്ലാത്ത ഫോട്ടോകൾ എടുക്കുന്നത് സാധ്യമാക്കിയ ആദ്യത്തെ ലെൻസ് ആണ് ഇത്. ഏകദേശം 60 വർഷത്തോളം ഈ ആവശ്യത്തിനുള്ള ഒരു സാധാരണ ലെൻസ് രൂപകൽപ്പനയുമായിരുന്നു ഈ ലെൻസ്.[1] 2020 ലെ കണക്കനുസരിച്ച്, ഫുൾ ഫ്രെയിം ക്യാമറകൾക്കായുള്ള ലോകത്തിലെ ഏറ്റവും വൈഡ് ആയ റെക്റ്റിലീനിയർ ലെൻസാണ് ലാവോ 9 മി.മീ. എഫ്/5.6 ലെൻസ്.[2]

നിലവിൽ വീഡിയോ, സ്റ്റിൽ ക്യാമറകളിൽ ഉപയോഗിക്കുന്ന അൾട്രാ വൈഡ് അല്ലാത്ത ഭൂരിഭാഗം ലെൻസുകളും റെക്റ്റിലീനിയറിനോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നവയാണ്. റെക്റ്റി ലീനിയർ ലെൻസിൽ നിന്ന് വിഭിന്നമായി ഡിസ്ടോർഷനോടു കൂടിയ ചിത്രം പകർത്താൻ ഉപയോഗിക്കുന്ന ലെൻസുകളാണ് ഫിഷ്ഐ ലെൻസുകൾ.

ഇതും കാണുക തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. Rudolf Kingslake (1989). A History of the Photographic Lens. Academic Press. pp. 59–. ISBN 978-0-12-408640-1.
  2. Ltd, Magezine Publishing. "New Laowa 9mm Lens Is World's Widest Rectilinear Lens For FF Cameras". ePHOTOzine. Retrieved 2020-08-11.
"https://ml.wikipedia.org/w/index.php?title=റെക്റ്റിലീനിയർ_ലെൻസ്&oldid=3455191" എന്ന താളിൽനിന്ന് ശേഖരിച്ചത്