റബർ ടാപ്പിങ്

(റബ്ബർ ടാപ്പിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റബ്ബർ പാൽ ശേഖരിക്കുന്നതിനായി വളർച്ചയെത്തിയ റബ്ബർ മരത്തിന്റെ തൊലിയിൽ നിയന്ത്രിത രീതിയിൽ മുറിവുണ്ടാക്കുന്നതിനെ റബർ ടാപ്പിംഗ് എന്നു പറയുന്നു. ഇതിനെ കറയെടുപ്പ് എന്നും പറയാറുണ്ട്. റബ്ബർ മരത്തൊലിയിൽ മുറിവുണ്ടാക്കിയാണ് റബ്ബർകറ ശേഖരിക്കുന്നത്. ഇതിനായി ആദ്യം തൊലിയുടെ നേരിയ ചീളുകൾ അരിഞ്ഞെടുക്കുന്നു. പുറംതൊലിക്ക് മൃദുവായ അന്തർസ്തരവും കടുപ്പമുള്ള മധ്യസ്തരവും ഇവയെ പരിരക്ഷിക്കുന്ന ആച്ഛാദനസ്തരവും ഉണ്ട്. ആച്ഛാദനസ്തരത്തിൽ ധാരാളം കോർക്കു കോശങ്ങളുണ്ടായിരിക്കും. മൃദുവായ അന്തർസ്തരത്തിലെ കോശങ്ങളിലാണ് റബ്ബർ മരക്കറ അഥവാ റബ്ബർ പാൽ അടങ്ങിയിട്ടുള്ളത്. ഈ കോശങ്ങൾ പരസ്പരബന്ധമുള്ള വാഹികളുടെ നിരവധി സംകേന്ദ്ര വലയങ്ങളായിരിക്കും. മരക്കറവാഹികളുടെ എണ്ണവും വിതരണവും, മരത്തൊലിയുടെ കടുപ്പവും വിവിധ മരങ്ങളിൽ വ്യത്യസ്ത മായിരിക്കും. എന്നാൽ ഒരേ ക്ലോണിൽ നിന്നു ബഡ്ഡുചെയ്തെടുത്ത മരങ്ങളിൽ ഇത്തരം വ്യത്യാസങ്ങൾ താരതമ്യേന വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്.

കറയെടുക്കുന്ന സമയം

തിരുത്തുക

റബ്ബർ തൈകൾ പറിച്ചുനട്ട് ഏഴു വർഷം കഴിഞ്ഞശേഷമേ മരങ്ങൾ ടാപ്പു ചെയ്യാൻ പ്രായമാവുകയുള്ളു. സാധാരണ തൈമരത്തിന്റെ ചുവട്ടിൽ നിന്ന് 100 സെ.മീ. ഉയരത്തിൽ 50 സെ.മീ. ചുറ്റളവ് (വണ്ണം) എത്തുമ്പോഴാണ് ടാപ്പു ചെയ്യാൻ തുടങ്ങുന്നത്. എന്നാൽ ബഡ്ഡുമരങ്ങൾ 125 സെ. മീ. ഉയരത്തിൽ 50 സെ. മീ. വണ്ണം എത്തുമ്പോൾ തന്നെ ടാപ്പിങ് ആരംഭിക്കുന്നു. തോട്ടത്തിലെ 70 ശ. മാ. മരങ്ങൾക്കും ഏതാണ്ട് ഒരേവണ്ണം എത്തിയശേഷം ടാപ്പിങ് ആരംഭിച്ചാൽ മാത്രമേ വിളവെടുപ്പ് ലാഭകരമായിരിക്കുകയുള്ളു. റബ്ബർ പട്ടയിലെ പാൽക്കുഴലുകളിൽ ഏറ്റവുമധികം പാൽ സമ്മർദമുള്ള സമയം പുലർവേള ആയതിനാൽ കഴിവതും ആ സമയത്തു തന്നെ ടാപ്പു ചെയ്യുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും. ഇന്ത്യയിൽ ടാപ്പിങ് ആരംഭിക്കുന്നതിനു പറ്റിയത് മാർച്ച്, സെപ്തംബർ മാസങ്ങളാണ്.

കറയെടുക്കുന്ന രീതി

തിരുത്തുക
 
റബ്ബർ ടാപ്പിംഗ്

ഏറെ വ്യത്യസ്തമായതും വൈദഗ്ദ്യം ആവശ്യമുള്ളതുമായ ഒരു വിളവെടുപ്പു രീതിയാണ് റബർ കൄഷിക്കുള്ളത്. മരത്തിനെ ശരിയായ രീതിയിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ചു വേണം ആദായമെടുക്കുന്നത്. മരത്തൊലിയിലെ റബ്ബർ പാൽക്കുഴലുകളിൽ നല്ലൊരുഭാഗം മുറിഞ്ഞാൽ മാത്രമേ കറ കൂടുതൽ ലഭിക്കുകയുള്ളു. ഇതിനായി ഇടതുവശം ഉയർന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധത്തിലാണ് മരങ്ങളിൽ വെട്ടുചാൽ ഇടുന്നത്. പാൽ വഹിക്കുന്ന കുഴലുകൾ 3 1/2° വലത്തേക്കു ചരിഞ്ഞസ്ഥിതിയിലാണ് മരത്തൊലിയിൽ വിന്യസിക്കാറുള്ളത്. ഇതിനാലാണ് ഇപ്രകാരം വെട്ടുചാലിടുന്നത്. ബഡ്ഡു മരങ്ങളുടെ പട്ടയ്ക്ക് കനം കുറവായതിനാൽ 30°ചരിഞ്ഞാണ് വെട്ടുചാൽ ഇടുക. തൈമരങ്ങളുടെ പട്ടയ്ക്ക് കനം കൂടുതലുള്ളതിനാൽ 25° ചരിച്ച് ഇട്ടാൽ മതിയാകും. വെട്ടു ചാൽ മരത്തിന്റെ ചുറ്റളവിന്റെ പകുതിയോളം എത്തേണ്ടതുണ്ട്. തൊലിച്ചീളുകൾ മുറിക്കുന്നത് 20 മി. മീ. -ൽ കൂടുതൽ വീതിയിലാകാതെ ശ്രദ്ധിക്കുകയും വേണം. പാൽ വാഹിക്കുഴലുകൾ കടന്ന് ആഴത്തിലേക്ക് മുറിക്കുന്ന കത്തി ഇറങ്ങാനും പാടില്ല. കൂടുതൽ ആഴത്തിൽ പട്ട മുറിച്ചാൽ തൊലിയും തന്മൂലം കറയും നഷ്ടമാകുന്നു എന്നു മാത്രമല്ല ഇത് തടിയെയും പ്രതികൂലമായി ബാധിക്കും. കേമ്പിയകലകൾക്ക് കേടുവരാതിരിക്കത്തക്കവിധത്തിൽ ടാപ്പുചെയ്താൽ മാത്രമേ ഫലപ്രദമായി വിളവെടുക്കാൻ സാധിക്കുകയുള്ളു. വിദഗ്ദ്ധരായ ടാപ്പർമാരും മൂർച്ചയും വൃത്തിയും ഉള്ള പ്രത്യേകതരം കത്തികളും ഇതിനാവശ്യമാണ്. ഇന്ത്യയിൽ 'മിഷീ ഗോലെജ്' എന്നയിനം കത്തിയാണ് ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഇതുകൂടാതെ 'ജബോങ്ങ്', 'ഗോജ്' തുടങ്ങിയ പലതരം കത്തികളും ഉപയോഗിച്ചുവരുന്നുണ്ട്.

റബ്ബർപട്ടയുടെ വെട്ടുചാൽ അവസാനിക്കുന്ന താഴ്ന്ന ഭാഗത്തുനിന്ന് (വലതുവശത്തു നിന്ന്) മേലുകീഴായി 20 സെ. മീറ്ററോളം നീളത്തിൽ ചെറിയ പൊഴിയുണ്ടാക്കി കറ ത്വരിതഗതിയിൽ ഒഴുകിയെത്തത്തക്ക വിധത്തിൽ ചില്ലും ചിരട്ടയും (കപ്പും) ഉറപ്പിച്ചാണ് പാൽ ശേഖരിക്കുന്നത്.

ടാപ്പിംഗ് രീതികൾ

തിരുത്തുക
 
മഴവെള്ളം വീഴാതെയിരിക്കാനായി ഉപയോഗിക്കുന്ന മറകൾ
 
ടാപ്പിംഗ് കത്തികൾ

പുതിയ മരപ്പട്ടയിൽ ടാപ്പു ചെയ്യുന്നത് ആദായകരമല്ലാത്ത അവസരത്തിൽ അതിനും മുകളിൽ പുതിയ വെട്ടുചാൽ തുറന്ന് ഏണിയുടെ സഹായത്തോടെ ടാപ്പു ചെയ്യുന്ന രീതിയും നിലവിലുണ്ട്. ഇതിനെ ലാഡ്ഡർ ടാപ്പിങ് എന്നു പറയുന്നു. വേനൽക്കാലത്തു ടാപ്പു ചെയ്യുമ്പോൾ ഉത്പാദനക്കുറവുണ്ടാകുമെന്നല്ലാതെ മരങ്ങൾക്ക് കേടു സംഭവിക്കുന്നില്ല. മഴക്കാലത്ത് ടാപ്പു ചെയ്യുമ്പോൾ വെട്ടുചാലിലും കറയൊഴുകി വീഴുന്ന ചിരട്ടയിലും മഴവെള്ളം വീഴാതെയിരിക്കാനായി പ്രത്യേകതരം മറകൾ ഉപയോഗിക്കാറുണ്ട്.

ആവർത്തന കൃഷിക്കുവേണ്ടി റബ്ബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനുമുമ്പ് കടുംവെട്ട് (കടുംടാപ്പിങ്) നടത്തി കറ ശേഖരിക്കാറുണ്ട്.[1] വെട്ടുചാലുകളുടെ എണ്ണവും ദൈർഘ്യവും വർധിപ്പിച്ചു തുടരെത്തുടരെ ടാപ്പു ചെയ്യുക, സസ്യഹോർമോണുകൾ പുരട്ടി ഉത്പാദനം വർധിപ്പിക്കുക തുടങ്ങിയ രീതികളാണ് കടുംവെട്ടിൽ അനുവർത്തിക്കുന്നത്.

ടാപ്പിങിന് പൊതുവായി അന്തർദേശീയതലത്തിൽ ഉപയോഗിച്ചു വരുന്ന ചില സംജ്ഞകളുണ്ട്.
റബ്ബർ മരത്തിന്റെ ചുറ്റളവിന്റെ പകുതി നീളത്തിൽ ഒന്നിടവിട്ടദിവസം ടാപ്പു ചെയ്യു ന്നതും, ചുറ്റളവിന്റെ നാലിലൊന്നു നീളത്തിൽ ദിവസവും ടാപ്പു ചെയ്യുന്നതും ഫലത്തിൽ തുല്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 100 ശ. മാ. കടുപ്പമുള്ള രീതി (100% intensity) എന്നറിയപ്പെടുന്നു. s/2 d/2 100% എന്ന ഫോർമുലയിലാണ് ഇതു രേഖപ്പെടുത്തുന്നത്.

(s/2 = 1/2 spiral = ചുറ്റളവിന്റെ പകുതിനീളത്തിൽ‍; d2 = ഒന്നിടവിട്ട ദിവസങ്ങളിൽ‍)

റബ്ബർ മരങ്ങളുടെ 'ചുറ്റളവിന്റെ പകുതി നീളത്തിൽ ടാപ്പു' ചെയ്യുക എന്നതാണ് സാധാരണരീതി. എന്നാൽ സാധാരണ തൈമരങ്ങൾ മൂന്നു ദിവസത്തിലൊരിക്കലും (s/2 d3 67%); ബഡ്ഡു മരങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലും (s/2 d2 100%) ടാപ്പു ചെയ്യുന്നതാണ് ഗുണകരം. ദിവസേന ടാപ്പു ചെയ്യുന്ന (s/2 d1, 200%) രീതിയാണെങ്കിൽ പട്ടമരപ്പുരോഗം ബാധിച്ച് മരങ്ങൾക്ക് നാശം സംഭവിക്കാനും സാധ്യതയുണ്ട്.

മറ്റു ടാപ്പിംഗ്

തിരുത്തുക

റബ്ബർ മരത്തെ കൂടാതെ മറ്റു ചില മരങ്ങളിൽ നിന്നും ടാപ്പിങ്ങിലൂടെ കറ ശേഖരിക്കാറുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണം ബോസ് വെല്ലിയ (Boswellia) മരത്തിലെ ടാപ്പിങ്ങാണ്. ഈ മരങ്ങളുടെ തായ്ത്തടി ടാപ്പു ചെയ്താണ് കുന്തിരിക്കം ലഭ്യമാക്കുന്നത്

ഇതും കാണുക

തിരുത്തുക

അവലം‌ബം

തിരുത്തുക
  1. "rubber". vikaspedia. Archived from the original on 23 April 2021.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ റബർ ടാപ്പിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റബർ_ടാപ്പിങ്&oldid=3643061" എന്ന താളിൽനിന്ന് ശേഖരിച്ചത്