രോഗം

ജീവജാലങ്ങളെ പ്രതികൂലമായി ബാധികുന്ന സ്ഥിതിവിശേഷം
(രോഗബാധ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. കൃത്യമായ രോഗലക്ഷണങ്ങളുള്ള അവസ്ഥയായാണ് സാധാരണഗതിയിൽ രോഗത്തെ വിവക്ഷിക്കുന്നത്[1].

ക്ഷയരോഗമുണ്ടാക്കുന്ന മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന രോഗകാരിയുടെ സ്കാനിംഗ് ഇലക്ട്രോമൈക്രോഗ്രാഫ്.

രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരികകാരണങ്ങളാലോ ആവാം. പകർച്ചവ്യാധികൾ ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖങ്ങൾക്കുദാഹരണമാണ്. ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാവാം. രോഗപ്രർതിരോധവ്യവസ്ഥ ചിലപ്പോൾ സ്വശരീരത്തിനെതിരേ തന്നെ തിരിയുമ്പോഴുണ്ടാകുന്ന ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ ഉദാഹരണം. മനുഷ്യരിൽ വേദനയോ, അസ്വസ്ഥതയോ, ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് തകരാറോ, സാമൂഹികപ്രശ്നങ്ങളോ മരണമോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അസുഖം (രോഗം) എന്ന് പൊതുവിൽ വിവക്ഷിക്കുന്നത്. ഈ നിർവചനമനുസരിച്ച് പരിക്കുകൾ, വൈകല്യങ്ങൾ (കഴിവില്ലായ്മകൾ), സിൻഡ്രോമുകൾ, രോഗാണുബാധകൾ, ഒറ്റയ്ക്കുവരുന്ന രോഗലക്ഷണങ്ങൾ, സ്വഭാവ വ്യതിയാനങ്ങൾ, മനുഷ്യരുടെ ശരീരഘടനയിലെ അസ്വാഭാവിക വ്യതിചലനങ്ങൾ എന്നിവയും രോഗമായി കണക്കാക്കാവുന്നതാണ്. ശാരീരികമായി മാത്രമല്ല, വികാരപരമായും അസുഖങ്ങൾ മനുഷ്യരെ സ്വാധീനിക്കും. അസുഖങ്ങളുമായി ജീവിക്കുന്നത് മനുഷ്യരുടെ വ്യക്തിത്വത്തെത്തന്നെ ബാധിക്കാറുണ്ട്.

രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പാത്തോളജി. രോഗങ്ങളെ ക്രമമായി തരം തിരിക്കുന്ന ശാസ്ത്രശാഖയാണ് നോസോളജി. രോഗങ്ങളെയും അവയുടെ ചികിത്സാവിധികളേയും കുറിച്ചുള്ള പഠനത്തെ വൈദ്യശാസ്ത്രം (മെഡിസിൻ) എന്ന് വിശാലമായി പറയാം. മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം വെറ്റെറിനറി മെഡിസിൻ എന്നും സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം പ്ലാൻറ് പാതോളജി എന്നും അറിയപ്പെടുന്നു.

പരിക്കുകളല്ലാതെയുള്ള രോഗങ്ങൾ മൂലം മരണം സംഭവിക്കുന്നതിനെ സ്വാഭാവികമരണം എന്നാണ് വിവക്ഷിക്കുന്നത്. രോഗങ്ങളെ പൊതുവിൽ നാലായി തരം തിരിക്കാം: രോഗകാരികൾ മൂലമുണ്ടാകുന്ന (പാത്തോജനിക്) രോഗങ്ങൾ, പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങൾ പാരമ്പര്യ രോഗങ്ങൾ, ഫിസിയോളജിക്കൽ രോഗങ്ങൾ എന്നിവയാണ് വിവിധ വർഗ്ഗങ്ങൾ. പകർച്ചവ്യാധികൾ, പകർച്ചവ്യാധിയല്ലാത്തവ എന്നും രോഗങ്ങളെ തരം തിരിക്കാറുണ്ട്.

രോഗലക്ഷണ വർഗൈക്യങ്ങൾ, അസുഖം, രോഗം എന്നിവ

തിരുത്തുക

മൂലകാരണങ്ങളറിയാവുന്നവയെ (രോഗങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് എറ്റിയോളജി) രോഗങ്ങളെന്നും അനേകം രോഗലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുന്നതിനെ സിൻഡ്രോമുകൾ അഥവാ രോഗലക്ഷണ വർഗൈക്യങ്ങളെന്നും വൈദ്യശാസ്ത്രപരമായി തരം തിരിക്കാറുണ്ട്. എന്നിരുന്നാലും കാരണങ്ങൾ കണ്ട് പിടിക്കപ്പെട്ട പല രോഗലക്ഷണ വർഗൈക്യങ്ങളും ഇപ്പോഴും രോഗലക്ഷണ വർഗൈക്യങ്ങൾ എന്നു തന്നെ അറിയപ്പെടുന്നുണ്ട്. അതു പോലെ മൂലകാരണം കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത അസുഖാവസ്ഥകളിൽ പലതും രോഗങ്ങൾ എന്നു തന്നെ അറിയപ്പെടുന്നുണ്ട്.

അസുഖങ്ങളെ പൊതുവേ രോഗങ്ങളായി തന്നെ കണക്കാക്കാറുണ്ടെങ്കിലും, ചിലപ്പോൾ അവ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠകൾ മാത്രമായേക്കാം. എന്നാൽ തികച്ചും ആരോഗ്യവാനെന്ന് വിശ്വസിക്കുന്ന പല വ്യക്തികളിലും ഉയർന്ന രക്ത സമ്മർദ്ദം പോലുള്ള രോഗങ്ങൾ ഒളിഞ്ഞിരിക്കാനും അവ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അത്യന്തം അപകടകരമായ അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
disease എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=രോഗം&oldid=3930145" എന്ന താളിൽനിന്ന് ശേഖരിച്ചത്