രാധാനാഥ് സിക്ദർ
രാധാനാഥ് സിക്ദർ ഒരു ബംഗാളി ഗണിതശാസ്ത്രജ്ഞനായിരുന്നു. ആദ്യമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൃത്യമായി കണക്കാക്കിയതും, ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവത ശിഖരം എവറസ്റ്റ് ആണെന്ന് ആദ്യമായി കണ്ടെത്തിയതും അദ്ദേഹമായിരുന്നു.
രാധാനാഥ് സിക്ദർ | |
---|---|
ജനനം | Oct 1813 ബംഗാൾ, (ബ്രിട്ടീഷ്)ഇൻഡ്യ |
മരണം | 17 മേയ് 1870 | (പ്രായം 56)
ദേശീയത | (ബ്രിട്ടീഷ്) ഇൻഡ്യൻ |
തൊഴിൽ | ഗണിതശാസ്ത്രജ്ഞൻ |
ജീവിതരേഖ
തിരുത്തുക1813-ൽ കൊൽക്കത്തയിൽ ജനിച്ചു. കൊൽക്കത്തയിലെ ഹിന്ദുകോളേജിൽ പഠനം പൂർത്തിയാക്കി. പരമ്പരാഗത വിദ്യാഭ്യാസസമ്പ്രദായത്തിനു പകരം ശാസ്ത്രീയ വീക്ഷണത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടത് എന്ന രാജാറാം മോഹൻറോയിയെ പോലുള്ള നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് 1817-ൽ ഹിന്ദുകോളജ് നിലവിൽ വരുന്നത്. അവിടത്തെ അദ്ധ്യാപകനായ Henry Derozio വിപ്ലവാഭിമുഖ്യവും യുക്തിചിന്തയുമുള്ള വ്യക്തിയായിരുന്നു. സിക്ദറുടെ സ്വഭാവരൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ന്യൂട്ടോണിയൻ ഗണിതവും ഭൗതികശാസ്ത്രവും പഠിച്ച് വൈദഗ്ദ്ധ്യം നേടിയ ആദ്യ ഇന്ത്യക്കാരിലൊരാളായിരുന്നു രാധാനാഥ് സിക്ദർ. അദ്ദേഹം 1832-ൽ Great Triganometrical Survey (GTS) ൽ ചേർന്നു. Great Arc നിരീക്ഷണങ്ങളിൽ എവറെസ്റ്റിന്റെ വലംകയ്യായി പ്രവർത്തിച്ചു. 1862-ൽ സർവേ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചു. പിന്നീട് ഗണിതാദ്ധ്യാപകനായി.1854-ൽ സിക്ദർ മറ്റൊരു Derozio ശിഷ്യനും തന്റെ സുഹൃത്തുമായ Peary Chand Mitra യുമായി ചേർന്ന് വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവ പ്രചരിപ്പിക്കുന്നതിനായി 'മാസിക് പത്രിക' എന്നൊരു ബംഗാളി ജേർണൽ പ്രസിദ്ധീകരിക്കാനാരംഭിച്ചു. ശാസ്ത്രാവബോധവും സ്ത്രീവിദ്യാഭ്യാസവും പ്രചരിപ്പിക്കാൻ യത്‌നിച്ച രാധാനാഥ്, 1862-ൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചശേഷം 1870-ൽ മരിക്കുന്നത് വരെ ശാസ്ത്രപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സ്ത്രീവിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് അദ്ദേഹം പ്രത്യേകം മുൻകൈയെടുത്തു. [1]
തമസ്‌കരണം
തിരുത്തുകസർവ്വേയുടെ ശാസ്ത്രീയമേഖലയ്ക്ക് എവറെസ്റ്റ് കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതുൾപ്പെടെ അനന്യമായ സംഭാവനകൾ ചെയ്തു സിക്ദർ. പക്ഷേ അദ്ദേഹത്തിനർഹമായ അംഗീകാരം കൊടുക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. അന്നുവരെ 'K15' എന്നറിയപ്പെട്ടിരുന്ന കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് സിക്ദറാണ് അന്നത്തെ സർവ്വേ ജനറലായ ആൻഡ്രൂ വോവിനെ അറിയിക്കുന്നത്. എന്നാൽ ആ കൊടുമുടിക്ക് എവറെസ്റ്റിന്റെ പേരിടാമെന്നാണ് സർക്കാരിനോട് വോ ശുപാർശ ചെയ്യുന്നത്. സിക്ദറിന്റെ പേര് തമസ്‌കരിക്കപ്പെട്ട മറ്റൊരു സംഭവം കൂടിയുണ്ടായി. 1851-ൽ പുറത്തിറങ്ങിയ സർവ്വേ മാന്വലിലെ ചില ശാസ്ത്രാദ്ധ്യായങ്ങൾ എഴുതിയത് രാധാനാഥ് സിക്ദാറാണ് എന്ന് അതിന്റെ ആമുഖത്തിൽ എടുത്തു പറയുന്നുണ്ട്. എന്നാൽ ഈ മാന്വലിന്റെ മൂന്നാം ലക്കം സിക്ദറിന്റെ മരണശേഷം 1875-ൽ പുറത്തിറക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ സിക്ദറിന്റെ പേരില്ലായിരുന്നു. ബ്രിട്ടീഷ് സർവ്വേയർമാർ തന്നെ ഈ നടപടിയെ അപലപിച്ചു. Friend of India എന്ന മാസികയിൽ 1876 ജൂൺ 17-നും 24-നും രണ്ടുഭാഗങ്ങളിലായി The Survey of India എന്ന പേരിൽ വന്ന ലേഖനത്തിൽ "ഭീരുത്വം കലർന്ന പാപം" എന്നും "മരിച്ചവരെ കൊള്ളയടിക്കൽ" എന്നുമാണ് ഇതിനെ കേണൽ മക്‌ഡൊണാൾഡ് (Colonel Mac Donald) വിശേഷിപ്പിച്ചത്. അതേ മാസികയുടെ 1876 ആഗസ്‌ററ് 16- ന് ഇറങ്ങിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ സിക്ദർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഈ അനീതിക്കും അവഗണനയ്ക്കുമെതിരെ പോരാടിയേനെ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
സംഭാവനകൾ
തിരുത്തുകഎവറസ്റ്റ് കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായക പ്രവൃത്തികൾ മുഴുവനും ചെയ്തത് ഭാരതീയനായ രാധാനാഥ് സിക്ദർ ആയിരുന്നു. എന്നാൽ പ്രഗല്ഭനായ ആ ശാസ്ത്രജ്ഞന് അദ്ദേഹം അർഹിക്കുന്ന സ്ഥാനവും പ്രശസ്തിയും കിട്ടിയോ എന്ന് സംശയമാണ്. ഹിമാലയത്തിലെ മറ്റു കൊടുമുടികൾ ഭാരതീയ, ടിബറ്റൻ, നേപ്പാളി, ചൈനീസ് പ്രാദേശികപേരുകളിൽ അറിയപ്പെടുമ്പോൾ എവറെസ്റ്റിനു മാത്രം എന്തിനൊരു വിദേശിയുടെ പേര് കൊടുക്കണം എന്ന സന്ദേഹം യൂറോപ്പിലെ ശാസ്ത്രലോകത്തിനുമുണ്ടായിരുന്നു. റോയൽ സൊസൈറ്റിയിലും മറ്റും ഒരുപാട് വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് അന്നത്തെ സർവ്വേയർ ജനറലും എവറെസ്റ്റിന്റെ പിൻഗാമിയുമായ കേണൽ വോയുടെ നിർദ്ദേശം സ്വീകരിച്ച് ബ്രിട്ടീഷ് ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയെ 'എവറെസ്റ്റ് കൊടുമുടി' എന്ന് നാമകരണം ചെയ്തത്. ഇന്ത്യൻ പ്രതിഭകൾ, ബ്രിട്ടീഷ് അധികാരപ്രഭയിൽ മങ്ങിപ്പോയതിന്റെ ഒരുദാഹരണമാണ് രാധാനാഥിന്റേത്.
സിക്ദറുടെ ഇരുനൂറാം ജന്മദിനാഘോഷ സമയത്ത് (2013) എന്തുകൊണ്ട് എവറസ്റ്റ് കൊടുമുടിയെ 'സിക്ദർ കൊടുമുടി' എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നു ചോദിക്കുന്നുണ്ട് പ്രസിദ്ധ എഴുത്തുകാരൻ ആശിശ് ലാഹിരി.
വിവാദം
തിരുത്തുകഎവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കുന്നതിൽ രാധാനാഥ് സിക്ദറുടെ പങ്ക് എപ്പോഴും ചർച്ച വിഷയം ആയിട്ടുണ്ട്. 1870-ൽ അന്തരിച്ച ബംഗാളി ക്രിസ്ത്യാനിയായിരുന്ന സിക്ദറുടെ കല്ലറ ഇപ്പോഴും കൊൽക്കത്തയിൽ നിന്നും 50 കി.മീ അകലെയുള്ള ഫ്രഞ്ച് കോളനിയായിരുന്ന ചന്ദനനഗറിൽ ഉണ്ട്. അവിടെ ഒരു ചെറിയ തെരുവും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എന്ത് തന്നെയായിരുന്നാലും പ്രധാന കണക്കുകൂട്ടലുകൾ നടക്കുമ്പോൾ എസ്ഒഐയുടെ കൽക്കട്ട ഓഫീസിലെ മനുഷ്യ കമ്പ്യൂട്ടറായിരുന്നു സിക്ദാർ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പ്രധാന കണക്കുകൂട്ടലുകൾ ഡെറാഡൂണിലാണ് നടന്നത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സിക്ദാറുടെ പങ്ക് എസ്ഒഐ ചരിത്രകാരന്മാരായ ബി എൽ ഗുലാത്തി, എസ് ജി ബുറാദ്, ആർ എച്ച് ഫിലിമോർ തുടങ്ങിയവർ തള്ളിക്കളയുമ്പോൾ, സമീപകാലത്തിറങ്ങിയ രണ്ട് പുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് കൂടുതൽ തെളിവുകൾ നിരത്തുന്നുണ്ട്. ഇൻടു തിൻ എയർ (1996) എന്ന തന്റെ പ്രസിദ്ധ പുസ്തകത്തിൽ അമേരിക്കൻ മാധ്യമപ്രവർത്തകനും പർവതാരോഹകനുമായ ജോൺ ക്രാകൗർ, സിക്ദാറിന് അനുകൂലമായ നിലപാട് എടുക്കുന്നു. 'എവറസ്റ്റ് എ മൗണ്ടനീയറിംഗ് ഹിസ്റ്ററി' (1981) എന്ന പുസ്തകത്തിൽ വാൾട്ട് അൺസ്‌വർത്ത് 1856-ൽ വോ എഴുതിയ ഒരു കത്ത് ഉദ്ധരിച്ചുകൊണ്ട് സിക്ദാറിന്റെ പങ്ക് ശരിവെക്കുന്നു. [2]