രാജ്‌കുമാർ
കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാർ (കന്നഡ: ರಾಜ್ ಕುಮಾರ್) (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡിഗർ കണക്കാക്കുന്നു. കർണ്ണാടകത്തിലെ പൊതുസമൂഹം, പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ആരാധകർ ഇദ്ദേഹത്തെ 'പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ' എന്നർത്ഥമുള്ള അണ്ണാവരു എന്നു വിശേഷിപ്പിക്കാറുണ്ട്. പദ്മഭൂഷൺ പുരസ്കാരവും(1983) ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും(1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്.
ഡോ. രാജ്‌കുമാർ Dr. Rajkumar | |
---|---|
ജനനം | സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു ഏപ്രിൽ 24, 1929 |
മരണം | ഏപ്രിൽ 12, 2006 | (പ്രായം 76)
തൊഴിൽ | ചലച്ചിത്രനടൻ, പിന്നണിഗായകൻ |
സജീവ കാലം | 1954 - 2005 |
ജീവിതപങ്കാളി(കൾ) | പാർവതമ്മ രാജ്‌കുമാർ |
കുട്ടികൾ | ശിവ രാജ്‌കുമാർ പുനീത് രാജ്‌കുമാർ രാഘവേന്ദ്ര രാജ്‌കുമാർ പൂർണിമ ലക്ഷ്മി[1] |
വെബ്സൈറ്റ് | Raj-Kumar.com |
ആദ്യകാല ജീവിതം
തിരുത്തുകഅവിഭക്ത മൈസൂർ ജില്ലയിൽ (ഇപ്പോൾ ചാമരാജ് നഗർ ജില്ലയിൽ) ഉൾപ്പെടുന്ന സിങ്കനെല്ലൂരിൽ 1929 ഏപ്രിൽ 24-ന് ഇഡിഗ സമുദായത്തിൽ പെട്ട പുട്ടസ്വാമയ്യയുടെയും ലക്ഷ്മമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം വളർന്നത് ഗജാനൂർ (ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗം) എന്ന സ്ഥലത്തായിരുന്നു. കുടുംബദേവതയായ മുട്ടത്തി രായയോടുള്ള ഭക്തിയിൽ മുത്തുരാജു എന്ന പേരാണ് ഇദ്ദേഹത്തിന്ന് അമ്മ ലക്ഷ്മമ്മ നൽകിയത്. പിതാവ് പുട്ടസ്വാമയ്യ ഒരു നാടക നടനെന്നതിനുപരി നടനകലയെ ഏറെ ഉപാസിച്ചിരുന്ന വ്യക്തിയായിരുന്നു. കംസൻ, രാവണൻ, ഹിരണ്യ കശിപു തുടങ്ങിയ പുട്ടസ്വാമയ്യയുടെ പുരാണവേഷങ്ങൾ പലപ്പോഴും കാഴ്ചക്കാരെ കോൾമയിർ കൊള്ളിച്ചിരുന്നു. പിതാവിനൊപ്പം ഗുബ്ബി വീരണ്ണ എന്ന പ്രതിഭാധനനായ സംവിധായകന്റെ നാടക സംഘത്തിൽ അംഗമായാണ് മുത്തുരാജു അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
ചലച്ചിത്ര ജീവിതം
തിരുത്തുകനടൻ
തിരുത്തുകതാൻ അംഗമായിരുന്ന ഗുബ്ബി വീരണ്ണ നാടക കമ്പനിയുടെ ഒരു നാടകം 1954-ൽ ബേദര കണ്ണപ്പ എന്ന പേരിൽ സിനിമയാക്കപ്പെട്ടപ്പോൾ പ്രധാന വേഷം കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തത് മുത്തുരാജുവിനെ ആയിരുന്നു. ഈ സിനിമയുടെ സംവിധായകനായിരുന്ന എച്ച്.എൽ.എൻ സിംഹയായിരുന്നു ഇദ്ദേഹത്തിന്റെ പേർ 'രാജ്‌കുമാർ' എന്നു മാറ്റിയത്. തുടർന്നുള്ള കാലം ഇദ്ദേഹം അറിയപ്പെട്ടത് ഈ പേരിലായിരുന്നു. പൂർണ്ണമായും കർണ്ണാടകത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരാൽ നിർമ്മിക്കപ്പെട്ട ചിത്രം കന്നഡ ചലച്ചിത്രവേദിയിലും അതുപോലെ തന്നെ രാജ്‌കുമാറിന്റെ അഭിനയജീവിതത്തിലും ഒരു നാഴികക്കല്ലായിരുന്നു. ഈ ചലച്ചിത്രത്തിന്റെ തെലുഗു പതിപ്പായ കാളഹസ്തി മാഹാത്യം മാത്രമാണ് രാജ്‌കുമാർ അഭിനയിച്ച ഏക കന്നഡ ഇതര ചലച്ചിത്രം.
പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ തുടങ്ങി ആധുനികകാല സാമൂഹികവിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്ന ചലച്ചിത്രങ്ങളിൽ വരെ രാജ്‌കുമാർ വേഷമിട്ടിട്ടുണ്ട്. ചിലവയിലൊക്കെ രണ്ടും മൂന്നും റോളുകളും കൈകാര്യം ചെയ്തു. സാമൂഹിക തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്ന നോവലുകളുടെ ചലച്ചിത്രാവിഷ്കാരത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം കേന്ദ്രവിഷയമായ ശബ്ദവേദി അത്തരത്തിലുള്ള ഒരു ചലച്ചിത്രമായിരുന്നു. കാളിദാസ മഹാകവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കവിരത്ന കാളിദാസ പോലുള്ള ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ കർണ്ണാടക ചരിത്രത്തിലെ വീരനായകരായ ഭരണാധിപന്മാരുടെ വേഷങ്ങളാണ് രാജ്‌കുമാറിനെ ഏറെ പ്രശസ്തനാക്കിയതും ഇദ്ദേഹത്തിന് കന്നഡ സംസ്കാരത്തിന്റെ അഭിമാനസ്തംഭം എന്ന പ്രതിഛായ ജനമനസ്സിൽ വളർത്തിയെടുത്തതും.
ഗായകൻ
തിരുത്തുകരാജ്കുമാർ അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയായിരുന്നു. ജീവന ചരിത്ര എന്ന ചിത്രത്തിലെ 'നാദമയ' എന്നു തുടങ്ങുന്ന ഗാനത്തിന് ഇദ്ദേഹത്തിന് ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗുബ്ബി വീരണ്ണ നാടക സംഘത്തിൽ അംഗമായിരുന്നപ്പോഴാണ് രാജ്‌കുമാറിന് ശാസ്ത്രീയ സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചത്. അക്കാലത്ത് എല്ലാ നടീ-നടന്മാരും കുറച്ചെങ്കിലും ശാസ്ത്രീയ സംഗീതം അറിഞ്ഞിരിക്കേണ്ടതുണ്ടായിരുന്നു. മഹിഷാസുര മർദ്ദിനി എന്ന ചിത്രത്തിൽ പാടിത്തുടങ്ങിയെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത് സമ്പത്തിഗേ സവാൽ എന്ന ചിത്രത്തിലെ 'യാരേ കൂഗദല്ലി' എന്ന ഗാനത്തിന്റെ ആലാപനത്തോടെയാണ്. ഈ ഗാനത്തിനു ശേഷം തന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ചലച്ചിത്രേതര അൽബങ്ങളിൽ, പ്രത്യേകിച്ച് ഭക്തിഗാനശേഖരങ്ങളിലും അദ്ദേഹം ഗാനാലാപനം നടത്തിയിട്ടുണ്ട്. തികഞ്ഞ ശാസ്ത്രീയസംഗീത ഗാനങ്ങൾ മുതൽ ഡിസ്കോ ഗാനങ്ങൾ വരെയും തട്ടുപൊളിപ്പൻ ശൈലിയിലുള്ളവ മുതൽ കരുണരസം തുളുമ്പുന്നവ വരെയുമുള്ള വൈവിധ്യമാർന്ന പാട്ടുകൾ ഇദ്ദേഹം പാടിയിട്ടുണ്ട്.
രാജ്‌കുമാർ തന്റെ അവസാന കാലത്ത് മറ്റ് നടന്മാർക്ക് വേണ്ടിയിട്ടും പാടിയിട്ടുണ്ട്. 1993-ൽ മുദ്ദിന മാവ എന്ന ചിത്രത്തിൽ അഭിനയിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിന് വേണ്ടിയും ഇദ്ദേഹം പാടിയിട്ടുണ്ട്. ഒരു പ്രശസ്ത ചലച്ചിത്രപിന്നണിഗായകനു വേണ്ടി ഒരു പ്രശസ്ത ചലച്ചിത്രനടൻ പാടിയിരിക്കുന്നുവെന്നത് ലോക സിനിമാചരിത്രത്തിലെ തന്നെ കൗതുകകരമായ വസ്തുതയാണ്.
നിർമ്മാതാവ്
തിരുത്തുകവജ്രേശ്വരി പ്രൊഡക്ഷൻസ് എന്ന പേരിലുള്ള രാജ്‌കുമാറിന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ദാക്ഷായണി കമ്പെയിൻസ് എന്ന ബാനറിൽ ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വ്യക്തി ജീവിതം
തിരുത്തുകകുടുംബം
തിരുത്തുകമുറെപ്പണ്ണ്പാർവ്വതമ്മയാണ് രാജ്‌കുമാറിന്റെ ഭാര്യ. 24 വയസിൽ 14 കാരിയായ പാർവ തമ്മെയ വിവാഹം െചയ്തു ഇവരുടെ അഞ്ച് മക്കളിൽ ശിവരാജ്‌കുമാർ, പുനീത് രാജ്‌കുമാർ എന്നിവർ കന്നഡ സിനിമയിലെ ഇപ്പോഴത്തെ മുൻനിര നായകരാണ്.
ബന്ദിയാക്കപ്പെടലും മോചനവും
തിരുത്തുക2000 ജൂലൈ 30-ന് രാജ്‌കുമാറിനെയും മരുമകൻ ഗോവിന്ദരാജുവിനെയും മറ്റ് രണ്ടു പേരെയും ഗജാനൂരിലെ ഫാം ഹൗസിൽ നിന്ന് കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന വീരപ്പൻ തട്ടിക്കൊണ്ടു പോയത് കർണ്ണാടക സർക്കാരിനെ തന്നെ വിഷമസന്ധിയിലാക്കിയ ഒരു സംഭവമായിരുന്നു. രാജ്‌കുമാറിന്റെ അടിയന്തരമോചനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്തു ചിലപ്പോഴൊക്കെ ജനജീവിതം സ്തംഭിപ്പിച്ചു. ജയിലിലടക്കപ്പെട്ടിരുന്ന തന്റെ സംഘാംഗങ്ങളുടെ വിടുതലടക്കമുള്ള ഒരു കൂട്ടം ആവശ്യങ്ങൾ രാജ്‌കുമാറിനെ മോചിപ്പിക്കുന്നതിനു പകരമായി വീരപ്പൻ ഉന്നയിച്ചു. കർണ്ണാടക-തമിഴ്‌നാട് സർക്കാരുകൾ വീരപ്പനുമായി മധ്യസ്ഥർ മുഖേനയുള്ള ഒത്തുതീർപ്പു ചർച്ചകൾക്കും തയ്യാറായി. ഒടുവിൽ 108 ദിവസത്തെ വനവാസത്തിനു ശേഷം 2000 നവംബർ 15-ന് രാജ്‌കുമാർ മോചിതനായി.
മരണവും അനന്തരസംഭവങ്ങളും
തിരുത്തുകബാംഗ്ലൂർ നഗരത്തിലെ സദാശിവ നഗറിലുള്ള തന്റെ വസതിയിൽ വിശ്രമജീവിതം നയിച്ചു വന്ന രാജ്‌കുമാർ 2006 ഏപ്രിൽ 12-ന് ഹൃദയസ്തംഭനത്തെ തുടർന്നു അന്തരിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ഠീരവ സ്റ്റുഡിയോയിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തപ്പെട്ടത്.
രാജ്‌കുമാറിന്റെ നിര്യാണ വാർത്ത അദ്ദേഹത്തിന്റെ ആരാധകരും ചലച്ചിത്രപ്രേമികളുമടങ്ങിയ പൊതുസമൂഹത്തിൽ മ്ലാനത പരത്തുകയും സംസ്ഥാനത്ത് അപ്രഖ്യാപിത ബന്ദിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ധാരാളം വാഹങ്ങൾ അഗ്നിക്കിരയാവുകയും പോലീസ് വെടിവെയ്പിൽ എട്ടോളം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.