കാൾ ലാൻഡ്സ്റ്റൈനർ എന്ന ശാസ്ത്രജ്ഞനാണ് ഏ, ബി, ഓ എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയത്. ചുവന്ന രക്താണുവിന്റെ കോശസ്തരത്തിന് പുറത്ത് ഗ്ളൈക്കോപ്രോട്ടീനുകളും ഗ്ളൈക്കോലിപ്പിഡുകളും ചേർന്നു രൂപപ്പെടുന്ന ഏ, ബി എന്നീ ആന്റിജനുകളുടെ (ഐസോആന്റിജനുകൾ അല്ലെങ്കിൽ അഗ്ളൂട്ടിനോജനുകൾ) സാന്നിധ്യമോ അസാന്നിധ്യമോ ആണ് ഏ.ബി.ഓ രക്തഗ്രൂപ്പിംഗിന് കാരണം. ഈ ആന്റിജനുകൾ ഉമിനീർ ഗ്രന്ഥികളിലും വൃക്കയിലും ശ്വാസകോശത്തിലും അമ്നിയോട്ടിക് ദ്രവത്തിലും ആഗ്നേയഗ്രന്ഥിയിലും വൃഷണങ്ങളിലും കാണപ്പെടുന്നു.

ഏ, ബി എന്നീ ആന്റിജനുകളുടെ സാന്നിധ്യമോ അസാന്നിധ്യമോ ആണ് ഏ.ബി.ഓ രക്തഗ്രൂപ്പിംഗിന് കാരണം.

ആന്റിജനുകൾ

തിരുത്തുക
പ്രധാന ലേഖനം: പ്രതിജനകം

രക്തകോശത്തിന്റെ കോശസ്തരത്തിനുപുറത്ത് ഏ എന്ന ആന്റിജനാണെങ്കിൽ അത് ഏ രക്തഗ്രൂപ്പായും ബി ആന്റിജനാണെങ്കിൽ അത് ബി രക്തഗ്രൂപ്പായും ഏ, ബി ആന്റിജനുകൾ രണ്ടുമുണ്ടെങ്കിൽ അത് ഏബി രക്തഗ്രൂപ്പായും രണ്ട് ആന്റിജനുകളുമില്ലെങ്കിൽ അത് ഓ രക്തഗ്രൂപ്പായും അറിയപ്പെടുന്നു.

രക്തഗ്രൂപ്പിംഗിന്റെ ജനിതകപശ്ചാത്തലം

തിരുത്തുക

ഒരു പ്രികഴ്സർ ഘടകമാണ് രക്തഗ്രൂപ്പ് നിർണ്ണയിക്കുന്ന ആന്റിജനുകളായി മാറുന്നത്. ഈ പ്രീകഴ്സർ ഘടകം എച്ച് ജീനിന്റെ (ജീൻരൂപം HH അല്ലെങ്കിൽ Hh)സ്വാധീനത്താൽ എച്ച് ആന്റിജനാകുന്നു. പിന്നീട് ഈ എച്ച് ആന്റിജൻ ഏ, ബി ജീനുകളുടെ (ജീൻരൂപം AA, Aa അല്ലെങ്കിൽ BB, Bb അല്ലെങ്കിൽ AB) സഹായത്താൽ ഏ, ബി ആന്റിജനുകൾ രൂപപ്പെടുത്തി ഏ അല്ലെങ്കിൽ ബി അല്ലെങ്കിൽ ഏബി രക്തഗ്രൂപ്പുകളാകുന്നു. ഏ, ബി എന്നീ ജീനുകൾ ശരീരത്തിലില്ലെങ്കിൽ എച്ച് ആന്റിജൻ മാറ്റമില്ലാതെ തുടരുകയും ഓ രക്തഗ്രൂപ്പിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ജീൻ hh ആയിനിന്നാൽ പ്രീകഴ്സർ ഘടകം എച്ച് ആന്റിജനാകാതെ വരികയും ഏയോ ബിയോ ആന്റിജനുകൾ രൂപപ്പെടാതിരിക്കുകയും ചെയ്യാം. ഇത്തരത്തിൽ രൂപപ്പെടുന്ന രക്തഗ്രൂപ്പ് ബോംബെ രക്തഗ്രൂപ് എന്നറിയപ്പെടുന്നു. പതിമൂവായിരം ആൾക്കാർക്ക് ഒന്ന് എന്ന ക്രമത്തിലാണ് ഈ രക്തഗ്രൂപ്പ് ഇന്ത്യയിൽ കാണപ്പെടുന്നത്. ലാൻഡ്സ്റ്റൈനറുടെ ഒന്നാം നിയമമനുസരിച്ച് ചുവന്ന രക്താണുവിന്റെ പുറത്ത് ഏത് ആന്റിജനാണോ ഉള്ളത് അതിന് വിരുദ്ധമായ ആന്റിബോഡി (അഗ്ളൂട്ടിനിൻ) രക്തപ്ലാസ്മയിലുമുണ്ടാവും. ആന്റി-ഏ, ആന്റി-ബി, ആന്റി-എച്ച് എന്നിവയാണ് രക്തപ്ലാസ്മയിലുണ്ടാകാവുന്ന ആന്റിബോഡികൾ.

ആന്റിബോഡികൾ

തിരുത്തുക

ആന്റിജനുയോജിച്ച ആന്റിബോഡി പ്ളാസ്മയിലുണ്ടെങ്കിൽ അഗ്ളൂട്ടിനേഷൻ എന്ന പ്രക്രിയ നടന്ന് രക്തകോശങ്ങൾ കട്ടപിടിക്കും. ഗർഭസ്ഥശിശുക്കളിൽ ഈ ആന്റിബോഡികൾ ഇല്ല. എന്നാൽ ജനനശേഷം രണ്ടുമുതൽ എട്ടുവരെ മാസങ്ങൾക്കുശേഷം ഇവ രക്തപ്ലാസ്മയിൽ രൂപപ്പെടുന്നു.

ഇതും കാണുക

തിരുത്തുക

ബോംബെ രക്തഗ്രൂപ്പ്

"https://ml.wikipedia.org/w/index.php?title=രക്തഗ്രൂപ്പുകൾ&oldid=2580918" എന്ന താളിൽനിന്ന് ശേഖരിച്ചത്