ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽ പ്രക്ഷിപ്തമായി, നൂറ്റാണ്ടുകളോളം നിലനിന്ന ഒരു വാക്യഖണ്ഡമാണ് യോഹാനിയൻ 'കോമ'(Comma Johanneum) എന്നറിയപ്പെടുന്നത്. ലേഖനത്തിലെ രണ്ടു വാക്യങ്ങളുടെ ആശയത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ ത്രിത്വസങ്കല്പവുമായി തെളിവായി ബന്ധപ്പെടുത്താൻ വേണ്ടി ശുദ്ധപാഠത്തിൽ മദ്ധ്യയുഗങ്ങളിൽ ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡമെന്നു കരുതപ്പെടുന്നു. ലേഖനത്തിലെ അവസാനത്തേതായ അഞ്ചാമദ്ധ്യായത്തിലെ രണ്ടു വാക്യങ്ങളാണ് (5:7-8), അവയ്ക്കിടയിൽ ചേർക്കപ്പെട്ട, "യോഹാനിയൻ കോമ" (Comma Johanneum) മൂലം പ്രസിദ്ധമായത്. ഈ പ്രക്ഷിപ്തഭാഗം, ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി. ആധുനികബൈബിൾ പതിപ്പുകളിൽ മിക്കവയിലും ഇത് ഒഴിവാക്കപ്പെട്ടിരിക്കുന്നു.[1]

പതിനാലാം നൂറ്റാണ്ടിലെ ഒരു പുതിയനിയമപാഠത്തിലെ യോഹാനിയൻ 'കോമ'

ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള ചില കൈയെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും അതിനെ തന്റെ സംശോധനയിൽ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ (Textus Receptus/Received Text) പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോത്ഥാനകാല ചിന്തകൻ ഇറാസ്മസ് സമ്മർദ്ദങ്ങൾക്കു വഴങ്ങി തയ്യാറായതാണ് ജെയിംസ് രാജാവിന്റെ ബൈബിളിൽ അതു കടന്നു കൂടാൻ ഇടയാക്കിയതെന്ന് ബാർട്ട് എർമാൻ കരുതുന്നു. വിവാദപരമായിത്തീർന്ന വാക്യങ്ങളുടെ രണ്ടു പാഠങ്ങൾ താഴെക്കാണും വിധമാണ്.

ശൂദ്ധപാഠം 'കോമ'യോടെ
5:7 സാക്ഷ്യം വഹിക്കുന്നവരായി മൂന്നു പേർ.


5:8 ആത്മാവും ജലവും രക്തവും; ഇവ ഒരുപോലെ സാക്ഷ്യം വഹിക്കുന്നു.
5:7 സാക്ഷ്യം വഹിക്കുന്നവരായി മൂന്നു പേർ സ്വർഗ്ഗത്തിലുണ്ട്: പിതാവ്, വചനം, പരിശുദ്ധാത്മാവ്; ഇവർ ഒന്നാകുന്നു.

5:8 ഭൂമിയിൽ സാക്ഷി പറയുന്നവരായി മൂവരുണ്ട്: ആത്മാവും ജലവും രക്തവും; ഇവ ഒരുപോലെ സാക്ഷ്യം വഹിക്കുന്നു

ബൈബിളിന്റെ ആധുനിക പതിപ്പുകൾ മിക്കവയിലും "യോഹാനിയൻ കോമ" ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:

എല്ലാവശവും പരിഗണിച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവപ്രേരിത ലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്നും ത്രിത്വസങ്കല്പത്തിനു തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.[2]

അവലംബംതിരുത്തുക

  1. Donald L Brake with Shelly Breach: "A visual History of the King James Bible"(പുറങ്ങൾ 139, 264)
  2. Barnes, Albert (2007-02-07). "Albert Barnes New Testament Notes". StudyLight.org. ശേഖരിച്ചത് 2007-02-07.
"https://ml.wikipedia.org/w/index.php?title=യോഹാനിയൻ_%27കോമ%27&oldid=3091580" എന്ന താളിൽനിന്ന് ശേഖരിച്ചത്