യുയോമയ മതം

(യുയോമയസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രാഹ്മണ സമുദായത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിക്കുകയും പിന്നീട് ക്രൈസ്തവസഭയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത രാമയ്യൻ എന്നയാളുടെ പഠിപ്പിക്കലുകളിലൂടെ ഉടലെടുത്ത ഒരു മതവിഭാഗമാണ് യുയോമയം. ലോകാവസാനത്തെ സംബന്ധിച്ച് രാമയ്യൻ നടത്തിയ പ്രവചനങ്ങൾ നിവർത്തിയാകാഞ്ഞതിനാൽ പ്രവചനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി ക്രിസ്തുമതത്തിന്റേയും ഹിന്ദുമതത്തിന്റേയും ചില അം‌ശങ്ങൾ കൂട്ടിക്കലർത്തി രാമയ്യൻ രൂപവത്കരിച്ചതാണ്‌ യുയോമയ സഭ. ഇദ്ദേഹത്തിന് യുസ്തുസ് യോസഫ് എന്നും പേരുണ്ട്.

സി.എം.ഐ സഭയിൽ നിന്നു പുറത്തക്കപ്പെട്ടതിനു ശേഷം 1875-ൽ യുസ്തുസ് യോസഫും അനുയായികളും കൂടെ സ്ഥാപിച്ച കന്നീറ്റി ഉണർവ്വു സഭ, അഞ്ചരക്കാർ, അഞ്ചരവേദക്കാർ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നതും, 1875 തൊട്ട് 1881 ഒക്‌ടോബർ വരെ തെക്കൻ കേരളത്തിലെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ, ക്രൈസ്തവസമൂഹത്തെയാകെ ഇളക്കി മറിച്ച സഭയുടെ ബാക്കിപത്രമാണു യുയോമയ സഭ.

1881 ഒക്ടോബറിൽ പിറവിയെടുത്ത യുയോമയ സഭക്ക്, നിത്യ സുവിശേഷ സഭ, ക്രിസ്തുമാർഗ്ഗത്തിന്റെ നിവർത്തിയായ യുയോമയം എന്നിങ്ങനെയുള്ള വിശേഷനാമങ്ങളും ഇവർ ഉപയോഗിക്കുന്നു. യുയോമയാബ്ദം എന്ന നവീനയുഗവും, യുയോമയ ഭാഷ എന്ന പേരിൽ പുതിയൊരു ഭാഷയും തുടങ്ങി. യുയോമയം ഒരു സർവ ജാതി മതൈക്യപ്രതീകമാണെന്നു വെളിപ്പെടുത്തിയ യുസ്തൂസ് യോസഫ്, തന്റെ ക്രൈസ്തവ നാമത്തിലേക്ക് തന്റെ പൂർവ്വ ഹൈന്ദവ നാമമായ രാമയ്യൻ, മൂസ്ലീം നാമമായ് അലി, പാശ്ചാത്യ നാമമായ വൽസൻ എന്നീ പേരും ചേർത്തു. ഇവയുടെയെല്ലാം ആദ്യാക്ഷരങ്ങൾ ഉൾപ്പെടുന്ന യുയോരാലിസൻ എന്ന പുതിയൊരു സ്ഥാനപ്പേരും സ്വീകരിച്ചു [1].

വീടുകളിലും, പൊതുപ്രാർത്ഥന സമയത്തും, അപ്പവും വെള്ളവും വച്ച് പ്രാർത്ഥിച്ച്, പുതിയ രീതിയിൽ കർത്താവിന്റെ അത്താഴത്തിന്റെ സ്മരണ ദിവസേനേ ആചരിച്ചു പോരുന്ന ആ സഭയിൽ ഇപ്പോൾ 150-ൽ താഴെ കുടുംബങ്ങളാണു അവശേഷിച്ചിട്ടുള്ളത്.

ചരിത്രം

തിരുത്തുക

യുയോമയ സഭയുടെ ചരിത്രം ഇങ്ങനെയാണ്. പാലക്കാട്ടെ തെമ്മലപ്പുറം താലൂക്കിലെ മഞ്ഞപ്പുറ ഗ്രാമത്തിൽനിന്നം ഒരു ബ്രാഹ്‌മണൻ കുടുംബസമേതം ഇന്നത്തെ കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയ്ക്കു അടുത്തുള്ള തേവലക്കരയിലേക്ക് കുടിയേറി. ഇതിനും കുറച്ചുകാലം മുമ്പു തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽനിന്നും കർണഞ്ചുരി രാമപ്പട്ടരും കുടുംബവും തേവലക്കരയിലേക്ക് കുടിയേറിയിരുന്നു. തുണി വ്യാപാരമായിരുന്നു അദേഹത്തിന്റെ ജോലി. പാലക്കാട് നിന്നും കുടിയേറിയ ബ്രാഹ്മണന്റെ പുത്രി അലമേലുവിനെ രാമപ്പട്ടരുടെ മകൻ സുബയ്യൻ വിവാഹം ചെയ്‌തു. സുബയ്യനു രാമനെന്നും വെങ്കിടേശൻ എന്നും രണ്ടു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇതിൽ വെങ്കിടേശ ഭാഗവതരുടെ മൂത്തമകനായ രാമയ്യരാണു യുയോമയ മതത്തിന്റെ സ്‌ഥാപകനായത്‌. രാമയ്യർ യുസ്‌തുസ്‌ യോസഫ്‌ അഥവാ യുയോരാലിസൻ വിദ്വാൻകുട്ടി എന്നാണ്‌ അറിയപ്പെട്ടത്‌. സംസ്‌കൃതത്തിൽ അതീവ പാണ്ഡിത്യമുണ്ടായിരുന്ന രാമയ്യർക്ക്‌ രാജാവിനു മുമ്പിൽ പാണ്ഡിത്യം പ്രകടിപ്പിച്ചതിനാണ്‌ വിദ്വാൻകുട്ടി എന്ന പേരുകിട്ടിയത്‌. ബൈബിളിന്റെ സ്വാധീനവും റവ. ജോസഫ്‌ പീറ്റ് എന്ന ക്രൈസ്‌തവ മിഷനറിയുടെ 'പരദേശി മേക്ഷയാത്ര' എന്ന പുസ്‌തകവും രാമയ്യനെ ക്രിസ്‌തുമതത്തിലേക്ക് അടുപ്പിച്ചു. 1861-ൽ രാമയ്യരുടെ കുടുംബം ക്രിസ്‌തുമതം സ്വീകരിച്ചു. യുസ്‌തുസ്‌ യോസഫ്‌ എന്ന പേരും സ്വീകരിച്ചു. തുടർന്നു പരമ്പരാഗത സഭയിൽനിന്നും മാറി 1881 ൽ കന്നേറ്റി ഉണർവ്‌ സഭ എന്ന പേരിൽ ഒരു പ്രാദേശിക സഭ രൂപീകരിച്ചു. ഇതാണു പിന്നീട്‌ യുയോമയസഭയായി മാറിയത്‌. കൊല്ലം കരുനാഗപ്പള്ളിയായിരുന്നു ആദ്യ ആസ്‌ഥാനം. പിന്നീട് യുയോമയസഭ സ്‌ഥാപിച്ചതോടെ ഇദ്ദേഹം വിദ്വാൻകുട്ടി അച്ചനായി. അദ്ദേഹം രചിച്ച പുസ്‌തകത്തിൽ നിന്നുള്ള ഭാഗങ്ങൾ കർണാടക സംഗീതത്തിൽ ചിട്ടപ്പെടുത്തിയാണ്‌ ഇന്നും ആരാധനയിൽ യുയോമയക്കാർ ആലപിക്കുന്നത്‌.ഇവരുടെ വിശ്വാസപ്രമാനങ്ങൾ ഇപ്രകാരമാണ് മദ്യം, മത്സ്യം, മാംസം, വിലകൂടിയ വസ്‌ത്രങ്ങൾ, ആഭരണങ്ങൾ എല്ലാം ഉപേക്ഷിച്ചു ലളിതജീവിതം നയിച്ചു ജീവിത വിശുദ്ധിയിലൂടെ ദൈവതിലെതാം എന്നാണ് ഒവര് വിശ്വസിക്കുന്നത് . ദേവാലയത്തിന്റെ മഹത്ത്വം കല്ലും മതവും പഞ്ചലോഹങ്ങളുമല്ലെന്നും അതിന്റെ മഹത്ത്വം എല്ലാവർക്കും അവരവരുടെ വിശ്വാസത്താൽ ആരാധന നടത്താനുള്ള സ്വാതന്ത്ര്യമാണെന്നും , ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ദൈവത്തിന്റെ ആലയവും വാഹനവുമാണെന്നും യുയോമയക്കാർ വിശ്വസിക്കുന്നു. അവരവരുടെ സ്വന്തം ഭവനം ദേവാലയമാണെന്നാണു യുയോമയ മതത്തിന്റെ സിദ്ധാന്തം. യുയോമയ മതക്കാർക്കു പള്ളിയോ അമ്പലമോ ഇല്ല. വിവാഹം അവരവരുടെ വീടുകളിൽതന്നെ നടക്കുന്നു. ആരാധനയ്‌ക്ക് അപ്പവും വെള്ളവുമാണ്‌ ഉപയോഗിക്കുന്നത്‌. വീഞ്ഞിന്റെ ലഹരിപോലും പാടില്ല. യേശു വെള്ളത്തെ വീഞ്ഞാക്കി. ദൈവത്തിന്റെ ആത്മാവ്‌ വെള്ളത്തിനു മേലാണ്‌ ആവസിക്കുന്നത്‌. അതിനാൽ വെള്ളത്താൽ ആരാധിക്കുന്നു. മനുഷ്യൻ കഴിക്കുന്ന ആഹാരം അവന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നതിനാൽ സസ്യാഹാരമാണു നല്ലതെന്നും മനുഷ്യരുടെ ആമാശയം മറ്റു ജീവികളെ ദഹിപ്പിക്കുന്നതിനുള്ള ഇടമായി മാറരുതെന്നു ഇവർ പഠിപ്പിക്കുന്നു . മനുഷ്യാ നീ മണ്ണാകുന്നു. മണ്ണ്‌ മണ്ണിനോടു ചേരണം എന്ന തത്ത്വത്തിൽ വിശ്വസിച്ചു യുയോമയ മതസ്‌ഥർ അവരുടെ മരിച്ചവരെ സ്വന്തം ഭൂമിയിൽ അടക്കം ചെയ്യുന്നു; ദൈവത്തിനെക്കാൾ ഉപരി മനുഷ്യൻ എന്തിനെ സ്‌നേഹിച്ചാലും അതു വിഗ്രഹാരാധനയാണെന്നാണ്‌ ഈ മതം പറയുന്നത്‌. കുഞ്ഞുങ്ങളുടെ പേരിടീൽ ചടങിനെ പട്ടാഭിഷേകം എന്നാണു പറയുന്നത് . ആത്മീയജീവിതത്തിനു ലൗകികജീവിതം കീഴ്‌പ്പെട്ടിരിക്കണം എന്ന തത്ത്വമനുസരിചു ആഡംബരവസ്‌ത്രമോ, ആർഭാടമോ ഒന്നുമില്ലാതെയാണ് ഇവരുടെ വിവാഹം .. ദേവാലയ സന്ദര്ഷണവും തീര്തടനവും നടത്തിയത് കൊണ്ട് ദൈവത്തെ കാണാൻ സാധ്യമല്ല എന്നാണ് ഇവരുടെ വിശ്വാസം . മനുഷ്യസ്‌നേഹമില്ലാതെ മനുഷ്യർ കാട്ടിക്കൂട്ടുന്ന ബാഹ്യമായ എല്ലാ ആചാരാനുഷ്‌ഠാനങ്ങളും ദൈവത്തിന്റെ മുന്നില് വൃഥാ ആണെന്നും അവർ വിശ്വസിക്കുന്നു.ക്രിസ്തവർണ്ണ ഗോത്രം എന്നും ക്രിസ്ത ലക്ഷ്മി ഗോത്രം എന്നും രണ്ടായി തിരിച്ചിരിക്കുന്ന ഈ സഭംഗങ്ങല്ക്ക് ഈരന്ജി -ക്വാന എന്നാ ഭാഷയും സ്വന്തമായി ലിപിയുമുണ്ട് .

ഒരു വര്ഷത്തെ ആവിര്മോദം ,എകാത്മം ,കാമ്യദം ,ശുചി ,ചടുലം ,തെജോമയം ,പൈയൂഷം ,യോഗ്യം ,ശൌര്യം ,,മംഗളം മധുരം ,ഋതം എന്നിങ്ങനെ പന്ത്രണ്ടു മാസങ്ങളായും ,ഈ മാസങ്ങളെ ധര്മ്മം ,ശബ്ദം ,യത്നം ഐക്യം ,നിത്യം ,സമം ,പ്രഭ എന്നീ ആഴ്ച ദിവസ ങ്ങളായും തിരിച്ചിരിക്കുന്നു .ഏഴു നിയമങ്ങൽ ,അറുപത്താറു വെളിപാടുകൾ ,നിത്യ സുവിശേഷ വിവരണം ,ഏഴു പകര്ച്ചകൾ ,പ്രകരണ ലെഖനങ്ങൾ ,വിശുദ്ധ വെണ്മഴു ,നിത്യാക്ഷരങ്ങൾ ,(രണ്ടു ഭാഗം) ,ഭാഷാ പുസ്തകം ,യുയോമായ ഗീതം ,ആത്മ ഗീതം , ക്രിസ്തീയആത്മീയ ഗീതം എന്നിങ്ങനെ ആകെ പന്ത്രണ്ടു പുസ്തകങ്ങളാണ് ഇവര്ക്കുള്ളത് .സ്ഥാപകനായ വിദ്വാൻകുട്ടി അച്ചൻ മുതൽ ഇപ്പോഴത്തെ സഭാ മേധാവിയായ യുസ്‌തുസ്‌ എം. സാമുവൽ വരെയുള്ള സഭാ മേധാവികൾ ബോധകർ എന്നാണ്‌ അറിയപ്പെടുന്നത്‌. ക്രൈസ്തവ സഭകളുടെ വിശേഷ ദിനങ്ങളായ ക്രിസ്‌തുമസും ഓശാനയും ദുഃഖവെള്ളിയും ഈസ്‌റ്ററും സാധാരണദിവസം പോലെ കാണുന്ന യുയോമയ സഭയുടെ ഇപ്പോഴത്തെ ആസ്‌ഥാനം കായംകുളമാണ്‌.

  1. റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. p. 15.

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യുയോമയ_മതം&oldid=3977017" എന്ന താളിൽനിന്ന് ശേഖരിച്ചത്