മോശവൽസലം ശാസ്ത്രിയാർ

കേരളത്തിൽ ജീവിച്ചിരുന്ന കവിയും സാമൂഹ്യ പരിഷ്കർത്താവും, സംഗീതജ്ഞനും

കേരളത്തിൽ ജീവിച്ചിരുന്ന കവിയും സാമൂഹ്യ പരിഷ്കർത്താവും, സംഗീതജ്ഞനുമായിരുന്നു മോശവൽസലം ശാസ്ത്രിയാർ (1847 - 20 February 1916). മോസസ് അന്തോണി നാടാർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥനാമം. [1] സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അപാരമായ അറിവാണ് അദ്ദേഹത്തിന് ശാസ്ത്രിയാർ എന്ന വിശേഷണം നേടിക്കൊടുത്തത്.[2] മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. ക്രൈസ്തവഗാനശാഖയിൽ കർണാടക സംഗീതത്തിലെ രാഗങ്ങൾ അനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് മോശവൽസലം ശാസ്ത്രിയാർ ആയിരുന്നു.[3]

മോശവത്സലം

ഇന്ന് കേരളത്തിലെ ക്രൈസ്തവർ ആരാധനകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കുറെ മലയാളകീർത്തനങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളാണ്. നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ, യെരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും, അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക യഹോവായെ, പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്. ക്രൈസ്തവഗാനശാഖയിൽ കർണാടക സംഗീതത്തിലെ രാഗങ്ങൾ അനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് മോശവൽസലം ശാസ്ത്രിയാർ ആയിരുന്നു.[3]

ജനനം, ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

മോശവൽസലത്തിൻറെ പിതാവ്, തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിൻകര താലൂക്കിലുള്ള തിരുപ്പുറം സ്വദേശിയായിരുന്നു. ഒരു റോമൻ കത്തോലിക്ക കുടുംബാംഗമായിരുന്ന അദ്ദേഹം 1837-ൽ ജോൺ നോക്സ് എന്ന പാശ്ചാത്യമിഷനറിയുടെ പ്രേരണയിൽ മിഷണറി സായിപ്പുമാരോടൊപ്പം സുവിശേഷപ്രവർത്തകനായി ചേരുകയും അന്തോണി എന്ന പേരിനു പകരം അരുളാനന്ദം എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒരു എൽ.എം.എസ്. മിഷനറിയായിരുന്ന ജോൺ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്.

അരുളാനന്ദത്തിൻറെ പുത്രനായി 1847-ൽ[4] മോശ ജനിച്ചു. കുട്ടിയുടെ ജ്ഞാനസ്നാനം നടത്തിയ മിഷനറിയാണ് അവനു് ഈ പേരിട്ടത്. മറ്റൊരു മിഷനറിയായിരുന്ന ശമുവേൽ മെറ്റീർ, പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേർത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.

പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് മോശ ഒരദ്ധ്യാപകനായി. ലളിതകലകളിൽ ജന്മവാസനയുണ്ടായിരുന്ന അദ്ദേഹം, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാൽ സ്കൂളിൽ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ൽ 21-ആം വയസ്സിൽ തിരുവനന്തപുരം നെല്ലിക്കുഴിയിൽ മനവേലി കുടുംബത്തിൽ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.

അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദികപഠനത്തിനായി അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗർകോവിലിലുള്ള സെമിനാരിയിൽ നിന്നു് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തിൽ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവർത്തനത്തിനു് സഹായകരമായ വേദകഥകൾ സ്ലൈഡുകളായി നിർമ്മിക്കുവാൻ തുടങ്ങി. അതേകാലത്തു് തന്നെ കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടി.

  1. ഗീതാമഞ്ജരി (1903)
  2. ധ്യാനമാലിക (1916)

മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീർത്തനങ്ങൾ

തിരുത്തുക

കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങൾ രചിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങൾ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളിൽ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകൾ.

  • യരുശലേമിൻ ഇമ്പവീടെ
  • മേൽ വീട്ടിൽ യേശു ഹാ സ്നേഹമായ്

തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവൽ മെറ്റീർ, മോശവത്സലത്തെ എൽ.എം.എസ്. മിഷൻ ഓഫീസിൽ നിയമിക്കുകയും[എന്ന്?] അവിടുത്തെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും, സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂർവ്വഗ്രന്ഥങ്ങളുമായി പരിചയപ്പെടാൻ അദ്ദേഹത്തിനു് അവസരം നൽകി. അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു.

ആരാധനകളിൽ ഉപയോഗിക്കുവാനുള്ള കീർത്തനങ്ങൾ രചിക്കുവാൻ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടർന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീർത്തനങ്ങൾ രചിച്ചു. അദ്ദേഹം രചിച്ചവയിൽ വളരെ പ്രശസ്തിയാർജ്ജിച്ചതും ഇന്നും കേരളത്തിലെ ക്രൈസ്തവർ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീർത്തനങ്ങൾ താഴെ പറയുന്നവ ആണു്.

  • നിൻറെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
  • സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപബന്ധം നീക്കെന്നിൽ
  • യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും
  • വരിക സുരാധിപ പരമപരാ നിൻ കരുണാസനം വഴിയായ് സഭയിൽ
  • ശാലേമിൻ അധിപതി വരുന്നതിനെ കണ്ടു സീയോൻ മലയിൽ ബാലർ
  • അതിശയ കാരുണ്യ മഹാദൈവമായോനേ
  • രാജ രാജ ദൈവ രാജ യേശുമഹാരാജൻ
  • പിന്നാലെ വരിക കുരിശെടുത്തെൻ പിന്നാലെ നീ വരിക
  • സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ ദൈവമക്കളെല്ലാം

അവസാനകാലം

തിരുത്തുക

എൽ.എം.എസ്. മിഷൻ ഓഫീസിൽ കുറച്ചു കാലം പ്രവർത്തിച്ചതിനു ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളിൽ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതൽ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവർത്തനങ്ങളും കാട്ടാക്കടയിൽ കേന്ദ്രീകരിച്ചു. 1916 ഫെബ്രുവരി 20-ആം തീയതി മോശവത്സലം അന്തരിച്ചു.

  1. ഗീതാമഞ്ജരി (1903)
  2. ധ്യാനമാലിക (1916)

അവലംബങ്ങൾ

തിരുത്തുക
  1. റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. pp. 17–27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-23. Retrieved 2019-04-01.
  3. 3.0 3.1 https://www.thehindu.com/entertainment/music/poet-and-missionary-mosa-valsalam-sasthriar-1847-1916-enriched-the-treasure-trove-of-carnatic-music-with-original-compositions-in-sanskrit-and-malayalam-all-of-which-were-in-praise-of-jesus/article25565483.ece
  4. "Mosa Valsalam Sasthriyar മോശ വത്സലം ശാസ്ത്രിയാർ". Archived from the original on 2012-03-22. Retrieved 8 ജനുവരി 2012.

}}

"https://ml.wikipedia.org/w/index.php?title=മോശവൽസലം_ശാസ്ത്രിയാർ&oldid=3917104" എന്ന താളിൽനിന്ന് ശേഖരിച്ചത്