ഏകസ്വഭാവവാദം
ക്രൈസ്തവ വിശ്വാസമനുസരിച്ച് നിത്യവചനമായ ദൈവപുത്രന്റെ മനുഷ്യാവതാരമായ യേശുവിൽ, ഒരു പ്രകൃതി, അല്ലെങ്കിൽ സ്വഭാവം മാത്രമേയുള്ളെന്നും അത് ദൈവസ്വഭാവമോ ദൈവ-മനുഷ്യസ്വഭാവങ്ങളുടെ സംശ്ലേഷിതരൂപമോ ആണെന്നും വാദിക്കുന്ന ക്രിസ്തുശാസ്ത്ര നിലപാടാണ് ഏകസ്വഭാവവാദം അഥവാ മോണോഫിസിറ്റിസം(Monophysitism). യേശുവിലെ ദൈവമനുഷ്യസത്തകളുടെ വ്യതിരിക്തതയ്ക്ക് ഊന്നൽ കൊടുക്കുന്ന നെസ്തോറിയൻ പക്ഷത്തോടുള്ള പ്രതികരണമെന്ന നിലയിൽ 5-6 നൂറ്റാണ്ടുകളിൽ പൗരസ്ത്യദേശത്ത് രൂപപ്പെട്ട ഈ സിദ്ധാന്തം ചില പൗരസ്ത്യസഭകളുടെ ക്രിസ്തുശാസ്ത്ര നിലപാടായി പറയപ്പെടുന്നെങ്കിലും മിക്കവാറും ക്രിസ്തുമത വിഭാഗങ്ങൾ ഇതിനെ പാഷണ്ഡതയായി കരുതുന്നു. യേശുവിന്റെ ഏകമായ വ്യക്തിത്വത്തിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ ഊനംതട്ടാതെയിരിക്കുന്നു എന്നാണ് ഇതരസഭകളുടെ വിശ്വാസം.[1]
ചരിത്രം
തിരുത്തുകയൂത്തിക്കീസ്
തിരുത്തുകക്രിസ്തുവിന്റെ ദൈവമനുഷ്യസത്തകളുടെ വ്യതിരിക്തതയെ സംബന്ധിച്ച നെസ്തോറിയൻ സിദ്ധാന്തത്തെ തിരസ്കരിച്ച ഒന്നാം എഫേസൂസ് സൂനഹദോസിനു (പൊതുവർഷം 431) ശേഷം കോൺസ്റ്റാന്റിനോപ്പിളിലെ ഒരു ആശ്രമത്തിന്റെ തലവനായിരുന്ന യൂത്തിക്കീസ് ആണ് യേശുവിൽ ഏകപ്രകൃതി മാത്രമേയുള്ളു എന്ന വാദം അവതരിപ്പിച്ചത്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിൽ മനുഷ്യസ്വഭാവം ദൈവസ്വഭാവത്തിൽ വിലയം പ്രാപിച്ചു എന്നായിരുന്നു യൂത്തിക്കീസിന്റെ വിശദീകരണം.[2] കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസായിരുന്ന ഫ്ലാവിയൻ വിളിച്ചുകൂട്ടിയ പ്രാദേശികസൂനഹദോസ് ഈ വാദത്തെ ശപിച്ചു. തുടർന്ന് യൂത്തിക്കീസ് അലസ്കാണ്ട്രിയയിലെ പാത്രിയർക്കീസ് ദിയസ്കോറോസിന്റേയും റോമിലെ മാർപ്പാപ്പ ലിയോയുടേയും പിന്തുണ അഭ്യർത്ഥിച്ചു. ദിയസ്കോറോസ് പൊതുവർഷം 449-ൽ വിളിച്ചുകൂട്ടിയ എഫേസൂസിലെ രണ്ടാം സൂനഹദോസ് യൂത്തിക്കീസിന്റെ സിദ്ധാന്തത്തെ അംഗീകരിച്ചു. എന്നാൽ ലിയോ മാർപ്പാപ്പ ഈ സൂനഹദോസ് തള്ളിക്കളഞ്ഞു.
കൽക്കദോനിയ
തിരുത്തുകലിയോ മാർപ്പാപ്പ എഫേസൂസിലെ രണ്ടാം സൂനഹദോസിൽ പങ്കെടുത്തിരുന്നില്ലെങ്കിലും യൂത്തിക്കീസിന്റെ വാദത്തെ എതിർത്ത് സൂനഹദോസിനു കത്തുകൾ എഴുതിയിരുന്നു. എന്നാൽ ലിയോ മാർപ്പാപ്പയുടെ കത്ത് വായിക്കുവാൻ സൂനഹദോസ് തയ്യാറായില്ല. മാത്രമല്ല യൂത്തീക്കൂസിന്റെ സിദ്ധാന്തം അംഗീകരിക്കുകയും അദ്ദേഹത്തെ അധികാരത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. സൂനഹദൊസിന്റെ തീരുമാനം അംഗീകരിക്കാൻ ലിയോ മാർപ്പാപ്പ വിസമ്മതിച്ചു. അദ്ദേഹം അതിനെ "കൊള്ളക്കാരുടെ സൂനഹദോസ്" (Robber Synod) എന്ന് വിളിച്ചു. പിൽക്കാലചരിത്രത്തിൽ എഫേസൂസിലെ ഈ സഭാസമ്മേളനത്തിന് ആ പേര് കൈവന്നു. ഇതേത്തുടർന്ന് മറ്റൊരു സൂനഹദോസ് വിളിച്ചുചേർക്കാൻ മാർപ്പാപ്പ ബൈസാന്റൈൻ ചക്രവർത്തി തിയോഡോഷ്യസ് രണ്ടാമനോട് നിർദ്ദേശിച്ചു. ക്രിസ്തുവർഷം 451-ൽ ഏഷ്യാമൈനറിലെ കൽക്കദോനിയയിൽ (Chalcedon) ചേർന്ന സൂനഹദോസ് യൂത്തിക്കീസിനെയും കൂട്ടാളികളേയും ശപിച്ച് മുടക്കി. ദൈവമനുഷ്യപ്രകൃതികൾ ഏകവ്യക്തിയായ യേശുവിൽ "നിർമ്മിശ്രവും, അവിഭക്തവും, അവിഘടിതവും ആയി ഒന്നിച്ചിരിക്കുന്നെന്നു" സൂനഹദോസ് വിധിച്ചു.[2] ഈ തീരുമാനത്തിനു പിന്നിലെ മുഖ്യപ്രേരകശക്തി ലിയോ ഒന്നാമൻ മാർപ്പാപ്പ ആയിരുന്നു.[3][൧] ക്രിസ്തീയവിശ്വാസസംഹിതയുടെ നിർവചനത്തിൽ മാർപ്പാപ്പായുടെ പങ്ക് വളരെ നിർണ്ണായകമായ അവസരങ്ങളിൽ ഒന്നായിരുന്നു ഇത്.[4]
പിൽക്കാലം
തിരുത്തുകചരിത്രപരമായ വീക്ഷണത്തിൽ ഏകസ്വഭാവവാദം എന്നത് പൊതുവർഷം 451-ൽ ഏഷ്യാമൈനറിലെ കൽക്കദോനിയയിൽ (Chalcedon) നടന്ന നാലാം എക്യൂമെനിക്കൽ സൂനഹദോസിന്റെ തീരുമാനങ്ങളെ തിരസ്കരിച്ചവരുടെ പക്ഷമാണ്. ഈജിപ്തിലേയും എത്യോപ്യയിലേയും [൨] കോപ്റ്റിക് സഭകൾ ഇതിൽ പെടുന്നു. ആറാം നൂറ്റാണ്ടോടെ പശ്ചിമസിറിയയിലും[൩] അർമേനിയയിലും കൽക്കദോനിയ വിരുദ്ധപക്ഷത്തിനു പിന്തുണ കിട്ടി.[5] പല പ്രാദേശികസഭകളേയും ഈ ന്യൂനപക്ഷ വിശ്വാസധാരയിലെത്തിച്ചത് അവയുടെ ദേശീയവികാരമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ഈജിപ്തിലെ കോപ്റ്റിക് ജനതയെ അതിനു പ്രേരിപ്പിച്ചത് അവരുടെ ബൈസാന്തിയൻ അധിപതികളുടെ വിരുദ്ധചേരിയിൽ നിൽക്കാനുള്ള ആഗ്രഹമായിരുന്നിരിക്കാം.[6][൪]
കാലക്രമേണ ഒരു ഐക്യസ്വഭാവ ദൈവശാസ്ത്രം (Miaphysite theology) പിന്തുടർന്ന് ഓറിയന്റൽ ഓർത്തഡോക്സ് സഭകളായ കൽക്കദോനിയ വിരുദ്ധപക്ഷം, നിലനിൽക്കുയും പ്രചരിക്കുകയും വൈവിദ്ധ്യമാർജ്ജിക്കുകയും ചെയ്തു. ആറാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ ഈജിപ്തിൽ മാത്രം ഈ വിഭാഗത്തിൽ പെട്ട ഇരുപതോളം സഭാസമൂഹങ്ങൾ ഉണ്ടായിരുന്നു. അതേ നൂറ്റാണ്ടിൽ സിറിയയിൽ ഇവർക്കിടയിലുണ്ടായ പ്രസിദ്ധ താപസനും വേദപ്രചാരകനുമായിരുന്നു യാക്കോബ് ബുർദാന. പൊതുവർഷം 490-നടുത്തു ജനിച്ച അദ്ദേഹം തന്റെ വേദപ്രചാരപര്യടനങ്ങൾക്കിടെ രണ്ടു പാത്രിയർക്കീസുമാരേയും 89 മെത്രാന്മാരേയും വാഴിച്ചതായും ഒരു ലക്ഷം പേരെ പൗരോഹിത്യത്തിലേക്കുയർത്തിയതായും പറയപ്പെടുന്നു. ക്രിസ്തീയതയിലെ ഈ ന്യൂനപക്ഷത്തെ ശക്തിപ്പെടുത്താനും അവർക്കിടയിൽ സാമാന്യമായ ഐക്യം സൃഷ്ടിക്കാനും അദ്ദേഹത്തിന്റെ ദൗത്യം സഹായിച്ചു. കൽക്കദോനിയ വിരുദ്ധപക്ഷത്തെ ഒരു വലിയവിഭാഗത്തിനു "യാക്കോബായ സഭ" എന്ന പേരുണ്ടായതു തന്നെ യാക്കോബ് ബുർദാനയുടെ സ്മരണയുമായി ബന്ധപ്പെട്ടാണെന്നു കരുതപ്പെടുന്നു. യേശുവിന്റെ സഹോദരനായി പറയപ്പെടുന്ന യാക്കോബുമായുള്ള ബന്ധമാണ് ആ പേരു സൂചിപ്പിക്കുന്നതെന്നും വാദമുണ്ട്.[7] ഏകസ്വഭാവവാദികളായി കരുതപ്പെടുന്നവർക്കിടയിൽ തന്നെ അവരുടെ വിശ്വാസത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് അഭിപ്രായൈക്യമില്ല.
വിലയിരുത്തൽ
തിരുത്തുകഓറിയന്റൽ ഓർത്തഡോക്സ് സഭകളെ ഏകസ്വഭാവവാദി (മോണോഫിസൈറ്റ്) സഭകളായി പരാമർശിക്കാറുണ്ടെങ്കിലും തങ്ങളുടെ ക്രിസ്തുശാസ്ത്രവീക്ഷണത്തിന്റെ വികലചിത്രമാണിതെന്ന് അഭിപ്രായപ്പെടുന്ന ഈ സഭകൾ [8][9] സ്വന്തം വിശ്വാസത്തെ ഐക്യസ്വഭാവ ദൈവശാസ്ത്രം (Miaphysitism) എന്ന് വിശേഷിപ്പിക്കുന്നു. എങ്കിലും, ചരിത്രപരമായ രചനകളിൽ ഒരു പൊതുനിലപാടിന്റെ സൂചകം എന്ന നിലയിൽ 'ഏകസ്വഭാവവാദം' (മോണൊഫിസൈറ്റിസം) എന്ന സംജ്ഞയുടെ പ്രയോഗം വ്യാപകമായി കാണാവുന്നതാണ്. ആധുനികകാലത്തെ ചരിത്രഗവേഷണങ്ങളുടേയും സഭകൾക്കിടയിൽ ഐക്യത്തിനുവേണ്ടി നടക്കുന്ന ആശയവിനിമയങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ കൽക്കദോനിയ സൂനഹദോസിന്റെ തീരുമാനങ്ങളും ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഐക്യസ്വഭാവ ദൈവശാസ്ത്രവും തമ്മിലുള്ള വ്യത്യാസം, ക്രിസ്തുശാസ്ത്രത്തിലെ ഏതെങ്കിലും അടിസ്ഥാനനിലപാടുകളുമായി ബന്ധപ്പെട്ടുള്ളതല്ല; 'പ്രകൃതി' അഥവാ 'സ്വഭാവം' (Nature) എന്ന പദത്തിന്റെ വ്യാഖ്യാനത്തിന്റെ കാര്യത്തിലെ അഭിപ്രായഭിന്നത മാത്രമാണ് എന്ന നിലപാടിലെത്താവുന്നതാണ്. എങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ഇതരക്രിസ്തീയതകളും തമ്മിൽ കൂദാശാപരമായ സംസർഗ്ഗം ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല.
കുറിപ്പുകൾ
തിരുത്തുക൧ ^ ഏകസ്വഭാവവാദത്തെ തിരസ്കരിച്ച് ലിയോ മാർപ്പാപ്പ എഴുതിയ കൽപന ('Leo's Tome') കൽക്കദോനിയ സൂനഹദോസിൽ വായിച്ചപ്പോൾ സൂനഹദോസിലെ സഭാപിതാക്കന്മാർ "അപ്പസ്തോലന്മാരുടെ വിശ്വാസമാണിത്; ലിയോയിൽക്കൂടി പത്രോസ് സംസാരിക്കുന്നു" എന്നു ഘോഷിച്ചതായി കത്തോലിക്കാ ചരിത്രകാരന്മാർ അവകാശപ്പെടുന്നു.[10]
൨ ^ ഇരുപതാം നൂറ്റാണ്ടിൽ എത്യോപ്യ (അബിസീനിയ) ആക്രമിച്ചു കീഴടക്കിയ ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനി അതിനു പറഞ്ഞ ന്യായങ്ങളിലൊന്ന് എത്യോപ്യാക്കാരുടെ 'ശീശ്മ' ആയിരുന്നു.[3]
൩ ^ കിഴക്കൻ സിറിയയിൽ, ഏകസ്വഭാവവാദത്തിന്റെ 'വിപരീതശീശ്മ' എന്നു പറയാവുന്ന നെസ്തോറിയൻ ക്രിസ്തീയതയാണ് പ്രബലമായത്.[5]
൪ ^ "മതയാഥാസ്ഥിതികത ദേശീയതയെ എതിർത്തു; ശീശ്മ അതിനെ പിന്തുണച്ചു." (Orthodoxy opposed nationalism, heresy defended it.)[11]
അവലംബം
തിരുത്തുക- ↑ Credo House Ministries, Theological word of the Day Monophysitism Archived 2012-10-11 at the Wayback Machine.
- ↑ 2.0 2.1 വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി(പുറം 34)
- ↑ 3.0 3.1 ബെർട്രാൻഡ് റസ്സൽ "പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറം 369)
- ↑ ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ് ഓഫ് ദ വെസ്റ്റൺ മൈൻഡ്" (പുറം 262)
- ↑ 5.0 5.1 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറം 49)
- ↑ കെന്നത്ത് സ്കോട്ട് ലട്ടൂറെട്ട്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 276)
- ↑ കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ് (പുറം 282)
- ↑ THE ISSUE BETWEEN MONOPHYSITISM AND DYOPHYSITISM, The Ethiopian Orthodox Tewahedo Church Faith and Order
- ↑ Coptnet - Monophysitism Reconsidered, Fr. Matthias F. Wahba, St. Antonius Coptic Orthodox Church, Hayward, California, Coptnet
- ↑ ഹയർസെക്കണ്ടറി ക്ലാസ്സുകളിലെ വേദോപദേശത്തിനായി, കേരളത്തിലെ പാലാ രൂപതയുടെ പാഠപുസ്തകസമിതി 1966-ൽ പ്രസിദ്ധീകരിച്ച 'തിരുസഭാചരിത്രസംഗ്രഹം' (പുറം 19)
- ↑ വിൽ ഡുറാന്റ് (പുറം 46)